കേപ് ഹോൺ വലം വെക്കാൻ തയ്യാറെടുക്കുന്ന ഒരു പായ് വഞ്ചിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവാവിന്റെ മുന്നിലേക്ക് 50 നോട്ടിക്കൽ മൈൽ വേഗത്തിലധികം കാറ്റ് വീശിയാൽ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല ഒറ്റ കാര്യം മാത്രം പായ് വഞ്ചി തലകീഴായി മറിയും. മറിഞ്ഞിട്ടും തിരിച്ചു വന്നാലോ… തിരിച്ചുവരാം പക്ഷേ എല്ലാ യാത്ര സംവിധാനങ്ങളും തകർന്നടിഞ്ഞാലോ? പായ് വഞ്ചിയെ മുന്നോട്ട് നയിക്കുന്ന വിൻഡ് വെയ്ൻ അടക്കം. അങ്ങനെയായാൽ മുന്നിൽ രണ്ടു വഴികളാണ് ബാക്കി ഉണ്ടാവുക.
സഹായത്തിന് മറ്റാരെയെങ്കിലും കടലിന്റെ നടുക്ക് കിട്ടുമോ എന്ന് നോക്കുക, അല്ലെങ്കിൽ എങ്ങനെയെങ്കിലും കരയിലേക്ക് എത്താനുള്ള മറ്റു മാർഗം കണ്ടെത്തുക. യാത്ര തുടരാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കുകയില്ല…..

എന്നാൽ ബയാനത്ത് എന്ന പായി വഞ്ചിയിലെ നാവികൻ ഇതിന് രണ്ടിനും തയ്യാറല്ല… അയാൾക്കൊരു ലക്ഷ്യമുണ്ട് അത് നേടിയെടുക്കാതെ അയാൾ പിൻവാങ്ങുകയില്ല….
എങ്കിൽ അയാൾ എന്ത് ചെയ്യണം?
വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ ഹോട്ടൽ റിസപ്ഷനിൽ ഓടിപ്പോയി ചോദിച്ചതുപോലെ ഒരു ഉലക്ക കിട്ടുമോയെന്ന് നോക്കിയില്ല മറിച്ച് ഒറ്റ കാര്യം ചെയ്തു, പായ് വഞ്ചിയിലെ ടോയ്‌ലറ്റിന്റെ ഡോർ അഴിച്ചുമാറ്റി നാലഞ്ചു ദിവസമെടുത്ത് അറത്ത് അതൊരു വിൻഡ് വെയ്ൻനാക്കി മാറ്റി.
ഇനി ആരാണ് യുവാവ് പ്രശസ്ത നാവികൻ കമാൻഡർ അഭിലാഷ് ടോമി.

ഇപ്പൊ നിങ്ങളുടെ മനസ്സിൽ വേറെ ചോദ്യമുണ്ടാകും.. ഈ ബാത്റൂം ഡോർ കൊണ്ടുണ്ടാക്കിയ വിൻഡ് വെയ്ൻ കൊണ്ട് അയാൾ അയാളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്നാണോ ആ ചോദ്യം?
എങ്കിൽ അതിനുള്ള ഉത്തരം അഭിലാഷ് ടോമി തന്നെ നമ്മളോട് പറയും “ആഴിയും തിരയും കാറ്റും” മഹാസമുദ്രങ്ങളിലൂടെ ഒരു ഏകാന്ത നാവികന്റെ സാഹസിക യാത്രജീവിതം എന്ന പുസ്തകത്തിലൂടെ. 1968 ഒരു പായ് വഞ്ചിയിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രണ്ടുതവണ കടലിലൂടെ ഒറ്റയ്ക്ക് യാത്രചെയ്ത് പ്രതിസന്ധികളെയും പ്രതികൂലതകളെയും തരണം ചെയ്തു, വിജയം വരിച്ച ഹൃദയം നിറയുന്ന അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകം.

25 അധ്യായങ്ങളിലായി കരയിൽ നിന്ന് കടലിനെയും കടലിൽ നിന്ന് കരയെയും പ്രണയിക്കുന്ന ഈ നാവികന്റെ ജീവിതാനുഭവങ്ങൾ ഇതിൽ ഒരു തവണയെങ്കിലും അക്ഷരങ്ങളിലൂടെ നാം വായിച്ചിരിക്കേണ്ടതാണ്.
ബോട്ട് കീഴ്മയിൽ മറിഞ്ഞ് യാത്രക്കിടയിൽ കഴിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ഭക്ഷണത്തിൽ, ബോട്ടിന്റെ ഡീസൽ ടാങ്ക് ലീക്ക് ആയി ഡീസൽ നിറയുമ്പോഴും, കടലിൽ ഒരു മനുഷ്യനോടും സംസാരിക്കാതെ ഏകാന്തമായി കാറ്റിനെയും തിരയെയും എണ്ണി കഴിയുമ്പോഴും അയാളുടെ മനസ്സിൽ എന്തായിരിക്കും ആടിയുലഞ്ഞു കൊണ്ടിരിക്കുക. ആദ്യ യാത്രയ്ക്ക് ശേഷം ഉണ്ടായ അപകടത്തിലൂടെ, നട്ടും ബോൾട്ടും ഇട്ടു മുറുക്കിയ ഒരു നട്ടെല്ലുമായി വീണ്ടും കടലിലേക്ക് ഇറങ്ങി ചെല്ലാൻ ധൈര്യം കൊടുത്തത് എന്തായിരിക്കും. രാജ്യത്തിന്റെ നാവികസേനയിൽ ഒരു ഉദ്യോഗസ്ഥനായി തുടർന്നുകൊണ്ട് ശിഷ്ടകാലം സുഖമായി ജീവിക്കാം എന്ന് തീരുമാനിക്കാതെ, ഉള്ള പണം എല്ലാം സ്വരുക്കൂട്ടി ഈ യാത്ര നടത്തിയത്.
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രസകരമായ അനുഭവത്തിലൂടെയാണ് അഭിലാഷ് പുസ്തകത്തിൽ വിവരിക്കുന്നത്.
ഡിഫിക്കൽട്ടായ ലാംഗ്വേജ് ഉപയോഗിക്കാതെ ആർക്കും ഒറ്റ വായനയിൽ തന്നെ വായിച്ച് അറിയാൻ സാധിക്കുന്ന രീതിയിൽ എഴുതിയിരിക്കുന്ന ഈ പുസ്തകം, നമ്മൾ ആദ്യം പറഞ്ഞ കഥ പോലെ തന്നെ ഒരുപാട് കഥകളുടെ സംയോജനം കൂടിയാണ്. ഏകദേശം 225 പേജുകൾ വരുന്ന ഈ പുസ്തകം ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന തന്നെയാണ്.
ബൈക്കോ സൈക്കിളോ എടുത്ത് ഹിമാലയത്തിലേക്കോ മണാലിയിലേക്ക് യാത്ര ചെയ്യാൻ ആവേശം കാണിക്കുന്ന ജെൻസികൾക്ക്, കടലിലേക്ക് യാത്ര ചെയ്യാൻ പ്രചോദനം തരുന്ന അഭിലാഷിന്റെ ഈ പുസ്തകം, ആരംഭിക്കുന്നത്, വാൾട്ട് ഡിസ്നിയുടെ വാക്കുകൾ കൊണ്ടാണ്
All our dreams can come true if we have the courage to pursue them
ധൈര്യപൂർവ്വം താൻ എടുത്ത തീരുമാനങ്ങളിൽ കൂടി എത്ര പ്രതിസന്ധികൾ ഉണ്ടായിട്ടും അതിനെ തരണം ചെയ്ത് വിജയം നേടാൻ സാധിച്ചത് ഇതുപോലെ കടലിൽ നിന്നും അഭിലാഷിന് കിട്ടിയ പ്രചോദനങ്ങളിൽ നിന്നാണ് ഇന്ന് പുസ്തകത്തിലെ ഓരോ അധ്യായത്തിൽ നിന്ന് വ്യക്തമാകും. രണ്ടുതവണ പൂർണമായി കടലിനു ചുറ്റി സഞ്ചരിച്ച ഈ നാവികൻ, പുസ്തകത്തിന്റെ ആരംഭത്തിൽ തന്നെ എന്നിട്ടും പറയുകയാണ്

ഇന്നുവരെ ഒരു നാവികനും പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ് കടൽ….
എങ്കിൽ കടലിന്റെ അടിത്തട്ടിനെ ഒരിക്കലും തൊട്ടറിയാത്ത ധാരാളം മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും
അഭിലാഷ് പുസ്തകം അവസാനിപ്പിക്കുന്നത് ഈ വാചകങ്ങളിലൂടെയാണ്
കടൽ പോലെ അതിരുകളില്ലാതെ സ്വപ്നങ്ങൾ കാണുക, എത്ര വലിയ പ്രതിസന്ധി മറികടന്ന് ജേതാവാകാൻ നിങ്ങൾക്ക് സാധിക്കും.
വായിച്ച് മനസ്സു നിറയാൻ തയ്യാറാണെങ്കിൽ ധൈര്യമായി ഒരു കോപ്പി മേടിക്കു…..
ഇനി ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം, അയാൾ ബാത്റൂം ഡോർ കൊണ്ടുണ്ടാക്കിയ വിൻഡ് വെയ്നുമായി അയാൾ ഫിനിഷിംഗ് പോയിന്റ് എത്തിയോ,…….
ഉത്തരം വാൾട്ട് ഡിസ്നിയുടെ വാചകത്തിൽ ഉണ്ട്




