വടക്കൻ മലബാറിലെ രാത്രികൾക്ക് ഒരു പ്രത്യേകതയുണ്ട്. അവിടെ ദൈവങ്ങൾ ആകാശത്തല്ല, മറിച്ച് ചൂട്ടു വെളിച്ചത്തിൽ നമുക്കിടയിൽ ചുവടുവെക്കുന്ന മനുഷ്യരാണ്.
ഉത്തരകേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന രണ്ട് കലാരൂപമാണ് തെയ്യവും തിറയും. കേവലം ഒരു കലാരൂപമെന്നതിലുപരി വടക്കൻ മലബാറുകാരോട് ചേർന്ന് നിൽക്കുന്ന ഒരു വികാരമാണിത്. തലമുറകൾ കൈമാറിവന്ന ഈ പാരമ്പര്യം അവർ ഇപ്പോഴും അതിന്റെ തനിമയോടുകൂടെ തന്നെ കാത്തുസൂക്ഷിക്കപ്പെടുന്നത് അത്ഭുതകരമായ ഒരു കാര്യമാണ്. ഇന്നത്തെ ഈ ഡിജിറ്റൽ യുഗത്തിൽ ഇൻസ്റ്റഗ്രാം റീലുകൾക്കിടയിൽ ജീവിക്കുന്ന തലമുറയ്ക്ക് ഈ കലാരൂപം നൽകുന്ന ആവേശം ചെറുതല്ല.
വേരുകളിലേക്കുള്ള ഒരു തിരിച്ചുപോക്ക്
വെറുമൊരു കാഴ്ച എന്നതിലുപരി, നമ്മുടെ വേരുകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓരോ കളിയാട്ടവും. കാവുകളിൽ പ്രായഭേദമന്യേ എല്ലാവരും ഒത്തുകൂടുന്നത് വെറുമൊരു വിശ്വാസം കൊണ്ടല്ല, മറിച്ച് അത് നമ്മുടെ വേരുകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. തെയ്യവും തിറയും രണ്ടും വ്യത്യസ്തമായ കലാരൂപങ്ങളാണ്. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ ‘തിറ’ ആഘോഷിക്കുമ്പോൾ കണ്ണൂരും കാസർഗോഡും തെയ്യങ്ങളുടെ മണ്ണാണ്. വടക്കൻ മലബാറിൻ്റെ ചരിത്രത്തിൽ ഈ കലാരൂപങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ട്. പഴയകാലത്തെ ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള ഒരു നിശബ്ദ പ്രതിഷേധം കൂടിയായിരുന്നു തെയ്യം എന്ന് പറയുന്നതിൽ തെറ്റില്ല.
തെയ്യത്തിന്റെ വേഷപ്പകർച്ച തുടങ്ങുന്നത് കാവുകളിലെ അണിയറയിൽ നിന്നാണ്. ഓരോ തെയ്യത്തിനും ഓരോ തരത്തിലുള്ള മുഖത്തെഴുത്താണ് ഉള്ളത്. വേഷം പൂർണ്ണമായിക്കഴിഞ്ഞ് കണ്ണാടി നോക്കുന്ന ആ നിമിഷത്തിൽ, മനുഷ്യൻ തന്റെ വ്യക്തിത്വം വെടിഞ്ഞ് ദൈവമായി മാറുന്നു എന്നാണ് വിശ്വാസം. രാത്രികാലങ്ങളിൽ എരിയുന്ന ചൂട്ടുവെളിച്ചത്തിൽ തെയ്യം ഇറങ്ങുമ്പോൾ ചുറ്റുമുള്ളവരുടെ മനസ്സിൽ അതൊരു പുതിയ വെളിച്ചം നിറയ്ക്കുന്നു.
ഓരോ തെയ്യക്കാലവും വടക്കൻ മലബാറുകാർക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് നാടിന്റെ ഒത്തുചേരലാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും, നാട്ടിൽ കളിയാട്ടം തുടങ്ങിയാൽ മനസ്സ് കാവുകളിലേക്ക് ഓടിയെത്തും. പ്രായമായവർ പറഞ്ഞു കൊടുക്കുന്ന ഓരോ തെയ്യക്കോലത്തിന്റെയും കഥകൾ കേട്ടാണ് അവിടെ ഓരോ തലമുറയും വളരുന്നത്. അതുകൊണ്ടുതന്നെ ഓരോ മലബാറുകാരന്റെയും ഉള്ളിൽ ചെറുപ്പം മുതലേ തെയ്യക്കാലങ്ങൾ ഒരു വലിയ വികാരം തന്നെയാണ്.

മുച്ചിലോട്ട് ഭഗവതിയും കതിവനൂർ വീരനും പൊട്ടൻ തെയ്യവും മുത്തപ്പനും എല്ലാം മലബാറുകാർക്ക് വെറും ദൈവങ്ങളല്ല, മറിച്ച് അവരുടെ വഴികാട്ടികളാണ്. തെയ്യത്തോട് അവർ തങ്ങളുടെ സങ്കടങ്ങൾ പറയുന്നതും, അതിന് മറുപടി നൽകുന്നതും മലബാറിലെ പതിവ് കാഴ്ച്ചകളാണ്. പുലർച്ചെ വരെ കാവുകളിൽ പോയിരുന്ന് തെയ്യം കാണുന്നത് ഒരു വല്ലാത്ത ഫീൽ തന്നെയാണ്. മലയാളികൾ മാത്രമല്ല വിദേശികൾ പോലും ഈ വിസ്മയം തേടി വടക്കൻ മലബാറിലേയ്ക്ക് എത്തുന്നുണ്ട്. പാരീസിലോ ന്യൂയോർക്കിലോ കാണാൻ കഴിയാത്ത ഒരു ‘റോ എനർജി’ (Raw Energy) നമ്മുടെ കാവുകളിലുണ്ടെന്ന് അവർ തിരിച്ചറിയുന്നു.
തിറയാട്ടത്തിലേക്ക് വരുമ്പോൾ അതിന്റെ ഭാവത്തിൽ ചെറിയ മാറ്റങ്ങൾ കാണാം. തെയ്യത്തേക്കാൾ കൂടുതൽ ആട്ടത്തിനും ചുവടുകൾക്കും പ്രാധാന്യം നൽകുന്ന തിറ, വടക്കൻ മലബാറിന്റെ തെക്കൻ അതിർത്തികളിൽ ഇന്നും സജീവമാണ്. വടക്കൻ മലബാറിന്റെ ഈ രണ്ട് കലാരൂപങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണെന്ന് പറയാം. ഈ തലമുറ സോഷ്യൽ മീഡിയയിൽ സ്റ്റോറികൾ ഇടുന്നതിനപ്പുറം, ഈ കലാരൂപത്തെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. പഴമയും പുതുമയും ഒരുപോലെ ചേരുന്ന ഒരിടമായി ഇന്ന് കാവുകൾ മാറുകയാണ്. ഓരോ തെയ്യക്കാലം കഴിയുമ്പോഴും അടുത്ത സീസണിനായി കാത്തിരിക്കുന്നത് ഈ ഒരു അനുഭവം ഉള്ളതുകൊണ്ടാണ്.

മാറുന്ന കാലത്തിനനുസരിച്ച് തെയ്യത്തിന്റെയും തിറയുടെയും കഥകൾ ഇന്ന് ലോകം മുഴുവൻ എത്തുന്നുണ്ട്. എങ്കിലും കാവിനുള്ളിലെ ആ ചൂട്ടുവെളിച്ചത്തിൽ നേരിട്ട് തെയ്യം കാണുന്ന അനുഭവം മറ്റൊന്നിനും നൽകാനാവില്ല. ഡിജിറ്റൽ യുഗത്തിന്റെ ഈ ലോകത്തും തലമുറകൾ കൈമാറി വന്ന ഈ പൈതൃകം മാറ്റമില്ലാതെ നിലനിൽക്കുന്നത് വടക്കൻ മലബാറിനു ഒരു അടയാളം തന്നെയാണ്. ഇത് ഒരു നാടിൻറെ സംസ്കാരമാണ്, കാലമെത്ര കഴിഞ്ഞാലും ഇവിടുത്തെ കാവുകളിൽ തെയ്യക്കോലങ്ങൾ മലബാറുകാരുടെ മനസ്സിൽ ഒരു വലിയ വികാരമായി തന്നെ നിലനിൽക്കും.




