Michael Jackson Life
68
Views

പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി ‘മൈക്കിൾ’ എന്ന പേരിൽ ജാഫർ ജാക്സൺ അഭിനയിച്ച സിനിമ റിലീസ് ചെയ്തതിനു പിന്നാലെ മൈക്കിൾ ജാക്സൻ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വളരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അദ്ദേഹത്തിന്റെ ജീവിതവും സംഗീതവും എല്ലാ കാലത്തും ലോകമെമ്പാടും ചർച്ചാവിഷയമായിരുന്നു. ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം ലോക ജനതയുമായി സംഗീതത്തിലൂടെ സംവദിക്കാൻ മൈക്കിൾ ജാക്സന് കഴിഞ്ഞു എന്നതാണ് പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായി അദ്ദേഹത്തെ മാറ്റിയത്. വർണ, വർഗ, ജാതി വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള ജനങ്ങൾ ജാക്സന്റെ ആരാധകരായി മാറി.

പ്രശസ്തിക്കൊപ്പം വിവാദങ്ങളും ജാക്സനെ നിരന്തരം വേട്ടയാടിയിരുന്നു. ബാലപീഡകൻ, സ്വവർഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവൻ തുടങ്ങി ഒരു ഗായകന്റെ കരിയറിനെ തകർക്കാൻ കഴിയുന്ന ആരോപണങ്ങളാണ് മൈക്കിൾ ജാക്സനുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ഇതിനിടെ ജാക്സന്റെ ബാഹ്യസൗന്ദര്യവും ചർമ്മത്തിന്റെ നിറം മാറ്റവും വരെ വലിയ വിവാദമായി. വിറ്റിലിഗോ (Vitiligo) എന്ന ചർമ്മരോഗ ബാധിതനായ മൈക്കിൾ ജാക്സൻ അത് മറയ്ക്കാൻ വേണ്ടിയാണ് മേക്കപ്പ് ചെയ്തിരുന്നു. എന്നാൽ, ഇത് കറുത്ത വർഗക്കാരനാണെന്ന അപകർഷതാബോധം മൂലം നിറം മാറ്റുന്നതിനു വേണ്ടി ശസ്ത്രക്രിയകൾ നടത്തി എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങൾക്ക് കാരണമായി. നിറം മാറ്റുന്നതിനു വേണ്ടി താൻ യാതൊരുവിധ ശസ്ത്രക്രിയകളും നടത്തിയിട്ടില്ലെന്ന് മൈക്കിൾ ജാക്സൻ അഭിമുഖങ്ങളിലൂടെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

ഒടുവിൽ 2009 ജൂൺ 25ന്, തന്റെ 50-ാം വയസ്സിൽ വിവാദങ്ങളെല്ലാം ബാക്കിയാക്കി ജാക്സൻ ഈ ലോകത്തോട് വിടപറഞ്ഞു. ഒരിക്കലും മരിക്കരുതെന്ന് ലോകം ആഗ്രഹിച്ച ഒരു വിസ്മയത്തിന്റെ അകാലത്തിലുള്ള മടക്കയാത്രയായിരുന്നു അത്.

ആക്ഷേപങ്ങൾക്കും ക്രൂരതകൾക്കും ഇടയിലെ ബാല്യം

കറുത്തവനെന്ന ആക്ഷേപങ്ങൾക്കും പിതാവിന്റെ ക്രൂരതകൾക്കും ഇടയിലായിരുന്നു മൈക്കിളിന്റെ ബാല്യം. സമപ്രായക്കാരായ കുട്ടികൾ പുറത്ത് കളിക്കുന്നത് ജനലിലൂടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് കുഞ്ഞു മൈക്കിളിന്. അച്ഛൻ ജോ ജാക്സന്റെ കർശനമായ ശിക്ഷണത്തിൽ ജാക്സൺ സഹോദരൻമാർ (ജാക്കി, ടിറ്റോ, ജെർമെയിൻ, മാർലോൺ, മൈക്കിൾ) ചേർന്ന് രൂപീകരിച്ച ‘ജാക്സൺ 5’ (The Jackson 5) എന്ന ബാൻഡിലെ ഏറ്റവും മികച്ച ഗായകൻ മൈക്കിളായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് കുട്ടികളെപ്പോലെ കളിക്കാൻ പോലും ജാക്സനെ പിതാവ് അനുവദിച്ചിരുന്നില്ല. സമാനതകളില്ലാത്ത ഒരു കലാജീവിതത്തിലേക്ക് മൈക്കിൾ ജാക്സൻ ഉയർന്നുനിന്നപ്പോഴും, അതിൽ ലഹരികൊള്ളാൻ അദ്ദേഹത്തിനു സാധിച്ചില്ല.

ജാക്സൻ 5 പ്രശസ്തിയിൽ നിന്നും പ്രശസ്തിയിലേക്ക് കുതിക്കുമ്പോഴും അതിന്റെ ആഴം മനസ്സിലാക്കാൻ, അന്നത്തെ പ്രഗത്ഭരായ പാട്ടുകാരെപ്പോലും ആകർഷിച്ചിരുന്ന കുഞ്ഞു ജാക്സന് കഴിഞ്ഞിരുന്നില്ല.

പിന്നീട് മോട്ടൗൺ റെക്കോർഡ്സുമായുള്ള (Motown Records) റോയൽടി തർക്കവും കുടുംബത്തിലെ അസ്വാരസ്യങ്ങളും പതിയെ ജാക്സൻ 5 ബാൻഡിനെ തകർച്ചയിലേക്ക് നയിച്ചു. എന്നാൽ, അപ്പോഴേക്കും ലോകം കീഴടക്കിയ ‘ത്രില്ലർ’ (Thriller) എന്ന ആൽബം, മൈക്കിളിന്റെ നിലനിൽപ്പിന് ഒരു ബാൻഡിന്റെയും ആവശ്യമില്ലെന്ന് അടിവരയിട്ടു. ത്രില്ലറിലെ ‘ബീറ്റ് ഇറ്റ്’ (Beat It), ‘ബില്ലി ജീൻ’ (Billie Jean) തുടങ്ങിയ ഗാനങ്ങൾ ലോകം ഒരേപോലെ ഏറ്റെടുത്തു. 1987-ൽ പുറത്തിറങ്ങിയ ‘ബാഡ്’ (Bad) എന്ന ആൽബത്തിലെ ‘ഡർട്ടി ഡയാന’ (Dirty Diana), ‘ബാഡ്’ (Bad) അടക്കം അഞ്ചു ഗാനങ്ങൾ ഒന്നിനുപിറകെ ഒന്നായി ചാർട്ട്ബസ്റ്ററുകളായപ്പോൾ മൈക്കിൾ ലോകപ്രശസ്തിയുടെ നെറുകയിലെത്തി.

ത്രില്ലർ എന്ന സിനിമാറ്റിക് വിപ്ലവം

ഇന്ന് ബിടിഎസും (BTS) ബ്ലാക് പിങ്കും (Black Pink) ഒക്കെ കേരളത്തിലെ യുവതലമുറയിൽ പോലും വലിയ ഓളം സൃഷ്ടിക്കുന്നതിനു പിന്നിൽ മൈക്കിൾ ജാക്സന്റെ ‘ത്രില്ലർ’ എന്ന ഗാനത്തിന് വലിയൊരു പങ്കുണ്ട്. ത്രില്ലറിലൂടെ സംഗീത ആൽബങ്ങളുടെ ഒരു പുതിയ യുഗം തന്നെയായിരുന്നു ലോകത്ത് പിറവിയെടുത്തത്. ത്രില്ലറിന് ഒരു വിഡിയോ ചെയ്താലോ എന്ന് ചോദിച്ച് വിളിച്ച മൈക്കിൾ ജാക്സനോട്, അതൊരു ഷോർട് ഫിലിം ശൈലിയിലാണെങ്കിൽ ചെയ്യാമെന്ന് പറഞ്ഞ സംവിധായകൻ ജോൺ ലാൻഡിസ് അതിനൊരു നിയോഗമാവുകയും ചരിത്രത്തിന്റെ ഭാഗമാവുകയുമായിരുന്നു. ഇവരുടെ 14 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ‘ത്രില്ലർ‘ മ്യൂസിക് വിഡിയോ വിഭാഗത്തിൽ എന്നെന്നേക്കുമായി വിപ്ലവം സൃഷ്ടിച്ചു.

1980കളുടെ തുടക്കത്തിൽ പാട്ടുകൾ വിറ്റഴിക്കാനുള്ള ഒരു പ്രമോഷണൽ ടൂൾ മാത്രമായിരുന്നു മ്യൂസിക് ആൽബങ്ങൾ. ഗായകൻ പാടുന്നതോ നടക്കുന്നതോ ആയ സാധാരണ ദൃശ്യങ്ങൾ മാത്രമാണ് അതുവരെ മ്യൂസിക് വിഡിയോകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇതിൽ നിന്നു തികച്ചും വ്യത്യസ്തമായി വ്യക്തമായ ഒരു കഥയും, സിനിമാറ്റിക് നൃത്തവും, ഹൊറർ എലമെന്റും ചേർത്ത് പ്രോസ്തെറ്റിക് മേക്കപ്പോടെ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രമായി തന്നെ മ്യൂസിക് ആൽബങ്ങളെ മാറ്റുന്നത് എംജെയുടെ ത്രില്ലർ ആണ്. അതുവരെ പശ്ചാത്തലത്തിൽ മാത്രം നിന്നിരുന്ന നൃത്തത്തെ പാട്ടിന്റെ ആത്മാവാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഇത് ഒരു ആഗോള ട്രെൻഡായി മാറുന്നതിനാണ് ലോകം പിന്നീട് സാക്ഷിയായത്. അതായത് ഇന്ന് ലോകമൊട്ടാകെ തരംഗമായ ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന്റെ വിഡിയോകളുടെ അടിത്തറ കിടക്കുന്നത് മൈക്കിൾ ജാക്സൻ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ ‘ത്രില്ലർ’ ഫോർമുലയിലാണ് എന്ന് പറയാം.

ബിടിഎസിന്റെ ഓരോ മ്യൂസിക് വി‍ഡിയോകളും വെറും പാട്ടുകളല്ല. അവരുടെ ‘‍ഡൈനമൈറ്റ്’ (Dynamite), ‘ബ്ലഡ് സ്വറ്റ് ആൻഡ് ടിയർസ്’ (Blood, Sweat & Tears), ‘ഓൺ’ (ON) തുടങ്ങിയവയെല്ലാം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന, കൃത്യമായ കഥ പറയുന്ന ദൃശ്യാവിഷ്കാരങ്ങളാണ്. എംജെ ത്രില്ലറിലൂടെ കാണിച്ചുതന്ന അതേ സിനിമാറ്റിക് നിലവാരമാണ് ബിടിഎസ് തങ്ങളുടെ വിഡിയോകളിൽ ഇന്നും പിന്തുടരുന്നത്. എംജെയുടേത് പോലെ ബിടിഎസിന്റെ പെർഫെക്റ്റ് ആയ ഗ്രൂപ്പ് ഡാൻസുകളാണ് അവരെ ലോകപ്രശസ്തരാക്കിയത്. ഭാഷാ ഭേദമില്ലാതെ എംജെയെ ലോകപ്രശസ്തനാക്കാൻ അദ്ദേഹത്തിന്റെ ദൃശ്യവിസ്മയങ്ങൾ സഹായിച്ചതു പോലെ, ഇംഗ്ലിഷ് ഇതര ഭാഷയായിട്ടും ബിടിഎസിന് ലോകത്തിന്റെ നെറുകയിലെത്താനായത് ദൃശ്യഭംഗി ചോരാത്ത ഇത്തരം മികച്ച വിഡിയോകളിലൂടെയാണ്.

നിരന്തരം പിന്തുടർന്ന വിവാദങ്ങൾ

വളർച്ചയ്ക്കൊപ്പം മൈക്കിൾ ജാക്സനെ വിടാതെ പിന്തുടർന്ന ഒന്നായിരുന്നു വിവാദങ്ങൾ. മൈക്കിളിനെതിരെ ഉയർന്ന ബാലപീഡന കേസ് ലോകത്തിന് മുന്നിൽ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കി. 1993ലാണ് ആദ്യമായി മൈക്കിൾ ജാക്സനെതിരെ ശിശു പീഡന ആരോപണം ഉയരുന്നത്. 13 വയസ്സുള്ള ജോർഡൻ ചാൻഡലർ എന്ന കുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് കുടുംബം രംഗത്തുവന്നു. എന്നാൽ, പിന്നീട് വലിയൊരു തുക നൽകി ഈ കേസ് കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. ജാക്സൻ പണം നൽകിയത് അദ്ദേഹം തെറ്റുകാരനായതുകൊണ്ടാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കും ഇത് കാരണമായി.

2003–2005 കാലഘട്ടത്തിൽ വീണ്ടും മറ്റൊരു ശിശു പീഡന പരാതി ഉയരുകയും ജാക്സന് കോടതിയിൽ വിചാരണ നേരിടേണ്ടി വരികയും ചെയ്തു. എന്നാൽ, ദീർഘമായ വിചാരണയ്ക്ക് ശേഷം കേസിൽ നിന്ന് മൈക്കിൾ ജാക്സനെ കോടതി പൂർണ്ണമായി കുറ്റവിമുക്തനാക്കി. അതിനുശേഷം ജാക്സൻ അമേരിക്ക വിട്ട് കുറച്ചുകാലം ബഹ്റൈനിലേക്ക് താമസം മാറുകയും ചെയ്തു. എന്നിരുന്നാലും വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടേയിരുന്നു.

2019ൽ പുറത്തിറങ്ങിയ ‘ലീവിങ് നെവെർലാൻഡ്’ (Leaving Neverland) എന്ന വിവാദ ഡോക്യുമെന്ററിയിൽ രണ്ട് യുവാക്കൾ അവരുടെ ബാല്യകാലത്ത് മൈക്കിൾ ജാക്സൻ തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ചു. എന്നാൽ, അതിനു വിപരീതമായി അദ്ദേഹത്തിനൊപ്പം നെവർലൻഡ് റാഞ്ചിൽ താമസിച്ച മറ്റ് പല കുട്ടികളും ലോകത്ത് അവർക്ക് ഏറ്റവും സുരക്ഷിതമായി തോന്നിയ ഇടം അതായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. മുൻപ്, കാലിഫോർണിയയിലെ സാന്റാ ബാർബറ കൗണ്ടിയിൽ മൈക്കിൾ ജാക്‌സന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2,700 ഏക്കർ വിസ്തൃതിയുള്ള വിശാലമായ ഒരു എസ്റ്റേറ്റാണ് നെവർലാൻഡ് റാഞ്ച്. ഈ ആരോപണങ്ങൾ കേട്ടപ്പോൾ താൻ മാനസികമായി തകർന്നു പോയി എന്നാണ് ഇതെക്കുറിച്ച് മൈക്കിൾ പ്രതികരിച്ചിട്ടുള്ളത്.

ഏതൊരു കലാകാരന്റെയും കരിയറിന് അന്ത്യം കുറിക്കാൻ കഴിയുമായിരുന്ന ഇത്തരം കടുത്ത ആരോപണങ്ങൾക്കൊന്നും മൈക്കിളിന്റെ ജനപ്രീതിയെ തകർക്കാനായില്ല. “Michael, I am with you” എന്ന പ്ലക്കാർഡുകളുമുയർത്തി ദശലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു. പരാതികൾക്കും ആരോപണങ്ങൾക്കുമപ്പുറത്ത് മൈക്കിൾ ജാക്സനെ ഒരു കോടതിയും തെറ്റുകാരനായി കണ്ടെത്തിയില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച അത്ര വലിയ ജനപിന്തുണയ്ക്ക് കാരണം.

വെറും 5 വയസ്സുള്ളപ്പോൾ പോപ് സംഗീതത്തിലൂടെ പൊതുവേദികളിലേക്ക് എത്തിപ്പെട്ട മൈക്കിൾ ജാക്സന് സമാനതകളില്ലാത്ത വളർച്ചയ്ക്കൊപ്പം തന്റെ വ്യക്തി ജീവിതവും സ്വകാര്യതയും പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. മാധ്യമങ്ങളിൽ നിന്ന് അങ്ങേയറ്റം വേദനിപ്പിക്കുന്ന ചോദ്യങ്ങൾ പോലും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. തന്റെ തന്നെ പ്രശസ്തിയുടെ ഭാരം താങ്ങാനാവാതെ തളർന്നുപോയ ഒരു വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം.

വിടപറഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ടിലേറെ പിന്നിടുമ്പോഴും ലോകം മൈക്കിൾ ജാക്സനെ കുറിച്ച് വീണ്ടും വീണ്ടും ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വിവാദങ്ങൾക്കിടയിലും തലമുറകളുടെ വ്യത്യാസമില്ലാതെ ആളുകൾ ഇപ്പോഴും ജാക്സനെ കേൾക്കുന്നു എന്നതുതന്നെയാണ് അദ്ദേഹത്തെ പോപ് സംഗീതത്തിന്റെ നിത്യഹരിത ചക്രവർത്തിയാക്കുന്നത്. മൈക്കിൾ ജാക്സന്റെ അമ്മ പറഞ്ഞതു പോലെ, ലോകത്തോടും മനുഷ്യരോടും അദ്ദേഹം കാണിച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പേരിൽ കൂടിയാണ് മൈക്കിൾ എന്നും ഓർമിക്കപ്പെടുന്നത്.

Article Categories:
Homepage Spotlights · Prime Time

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading