ഡൽഹി ജന്തർ മന്തറിൽ ജൂൺ 28ന് നിരാഹാര സമരം തുടങ്ങിയതാണ് സോനം വാങ്ചുക്ക്. നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള നിരാഹാര സമരം പതിനെട്ടാം ദിവസം കടന്നു. കോക്ക്രോച്ച് ജനതാ പാർട്ടി എന്ന സിജെപിയുടെ ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് സോനം വാങ്‌ചുക്ക് നിരാഹാരമിരുന്നത്. 8 കിലോഗ്രാമിലധികം ശരീരഭാരം നഷ്ടമായി, ശബ്ദം നേർത്തു മർമരം മാത്രമായി… എന്നിട്ടും ആ മനുഷ്യന്റെ സമരത്തിന് നിശബ്ദത മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
ആരാണ് സോനം വാങ്ചുക്ക്?
18 ദിവസം പിന്നിട്ട നിരാഹാര സമരമിരിക്കുന്ന സോനം വാങ്ചുക്കിന് 59 വയസുണ്ട്. 1966 സെപ്റ്റംബർ 1ന് ലഡാക്കിലെ ഉലെയ്‌ടോക്‌പോ (Uleytokpo) എന്ന ഗ്രാമത്തിലാണ് വാങ്ചുക്ക് ജനിച്ചത്. വെറും അഞ്ചു വീടുകൾ മാത്രമുള്ള ഗ്രാമം. സ്കൂളുകളില്ലാത്ത ഈ കുഞ്ഞു ഗ്രാമത്തിൽ 9 വർഷം ഹോം സ്കൂളിങ്ങായിരുന്നു സോനം ചെയ്തത്. അതും അമ്മയിൽ നിന്ന്. നാളിതുവരെ സ്കൂളിന്റെ പടി പോലും ചവിട്ടാത്ത, എന്നാൽ ഉയർന്ന വിദ്യാഭ്യാസമുള്ള അമ്മയിൽ നിന്നാണ് വാങ്ചുക്ക് പഠിച്ചത്.
9 വയസിനുശേഷം ശ്രീനഗറിലേക്ക് പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കും കുടുംബവും ചേക്കേറി. ഒമ്പതാം വയസിൽ ആദ്യമായി സോനം വാങ്ചുക്ക് സ്കൂളിൽ ചേർന്നു. ഉർദു ആയിരുന്നു സ്കൂളിന്റെ പഠനഭാഷ. ഇതോടെ സോനത്തിന് ഭാഷയും സ്കൂളിന് ആ ഒമ്പതുവയസുകാരനെയും മനസ്സിലാകാതെ വന്നതോടെ സ്കൂളിൽ നിന്നിറങ്ങി.
പിന്നീട് ഡൽഹിയിലെ വിശേഷ് കേന്ദ്രീയ വിദ്യാലയ എന്ന സ്ഥാപനത്തിൽ പഠിച്ചു. ശ്രീനഗറിലെ നാഷ്‌ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിടെക്, ഫ്രാൻസിലെ ഗ്രെനോബിളിലുള്ള ക്രേറ്റർ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്നും എർത്തേണ്‍ ആർകിടെക്ചറിൽ ബിരുദം എന്നിവ നേടി നാട്ടിലേക്ക് മടങ്ങി.

3 ഇഡിയറ്റ്സിലെ ‘ഫുന്‍സുക് വാങ്‌ഡു ’
വന്ന വഴി മറക്കാതെ ലഡാക്കി ജനതയ്ക്കായി സോനം വാങ്ചുക്ക് മുന്നിട്ടിറങ്ങി. സ്റ്റുഡന്റ്സ് എഡ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (Students’ Educational and Cultural Movement of Ladakh) എന്ന സ്ഥാപനം തുടങ്ങി. ‘3 ഇഡിയറ്റ്സി’ന്റെ ക്ലൈമാക്സിലെ സ്കൂളില്ലേ..? അതുതന്നെ…ഒപ്പം, ‘ഓപ്പറേഷൻ ന്യൂ ഹോപ്പും’ (Operation New Hope) ആയിരുന്നു ലഡാക്കിലെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഒരുക്കിയത്.
ലഡാക്കിൽ ആരംഭിച്ച ‘സ്തൂപ പ്രൊജക്ടാ’യിരുന്നു വാങ്ചുക്കിന്റെ മറ്റൊരു നാഴികക്കല്ല്. ഗ്ലേസിയറുകളിൽ നിന്നും കൃഷിക്കായി വെള്ളം ശേഖരിക്കുന്ന ഒരു സയൻസ് ബുദ്ധിയായിരുന്നു അത്. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് എന്ന സ്ഥാപനവും വാങ്ചുക്ക് ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തും പരിസ്ഥിതിക്കായും ഒരുക്കിയ നൂതന പരീക്ഷണങ്ങള്‍ക്ക് രാമൻ മാഗ്സസെ പുരസ്കാരം 2018ൽ വാങ്ചുക്കിന്റെ കൈകളിലെത്തി. ‘3 ഇഡിയറ്റ്സ്’ എന്ന ഹിറ്റ് സിനിമയിലെ ആ ജീനിയസ് നായക കഥാപാത്രമായ ‘ഫുന്‍സുക് വാങ്‌ഡു’ സോനം വാങ്ചുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കഥാപാത്രമാണ്.
വിവാദങ്ങളും സമരവും ജയിലും സജീവമാക്കിയ ജീവിതം
വിദ്യാഭ്യാസം എന്നത് പേരിനു മുന്നിലെ ഡിഗ്രികളല്ല എന്ന ബോധ്യമാണ് സോനം വാങ്ചുക്കിന്റെ ജീവിതം. അതിനാൽ അവകാശങ്ങൾക്കായുള്ള പ്രതിഷേധത്തിന്റെ മുന്നിൽ സോനം വാങ്ചുക്ക് എന്ന പർവതമനുഷ്യനെന്നും നിലകൊണ്ടു.
ലഡാക്കിന്റെ ഭരണഘടനാപദവിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ സോനം വാങ്ചുക്ക് 2021മുതൽ സജീവമായിരുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടുള്ള ആ സമരത്തിന് ഒടുവിൽ സോനം വാങ്ചുക്ക് ജയിലിലായി. ദേശീയ സുരക്ഷ നിയമത്തിന്റെ പേരിൽ വാങ്ചുക്ക് 2025 സെപ്റ്റംബറിൽ അറസ്റ്റിലായി. 170 ദിവസത്തോളം ജയിലിൽ കഴിഞ്ഞു. മാർച്ച് 2026ലാണ് ജയിൽ മോചിതനായത്.
നീറ്റ് പരീക്ഷാപേപ്പർ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമരത്തിന്റെ മുൻ പന്തിയിൽ വാങ്ചുക്കിനല്ലാതെ മറ്റാർക്കാണ് ഇടം നൽകുക. ജൂണിലെ സിജെപി സമരത്തിന്റെ ഒപ്പം വാങ്ചുക്കും അണിചേർന്നു. പരീക്ഷയിലെ ആവർത്തിക്കുന്ന പിഴവുകളിൽ ഭാവി തുലാസിലായ നിരവധി കുട്ടികൾക്കായി. വീണ്ടുമൊരു പരീക്ഷയെ അഭിമുഖീകരിക്കാൻ ഭയന്നു ജീവനൊടുക്കിയ വിദ്യാർത്ഥികൾക്കായി സോനം വാങ്ചുക്ക് നിരാഹാര സമരമിരുന്നു.

പതിനെട്ടു ദിവസം പിന്നിട്ട് ബിപിയും ഷുഗർ ലെവലും താഴ്ന്ന് 8 കിലോയിലധികം ഭാരം കുറഞ്ഞിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. പുറമേ ഞാൻ പരിക്ഷീണിതനാണ്, അകമേ ശക്തനുമെന്നു പറഞ്ഞു സമരം തുടരുകയാണ് സോനം വാങ്ചുക്ക് എന്ന ലഡാക്കി മനുഷ്യൻ. ഏത് കൊടിയ തണുപ്പിനോടും പടവെട്ടി ശീലിച്ച പർവതമനുഷ്യരുടെ ജീന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട് “ഞാൻ അല്ലാതെ മറ്റാര്?” എന്ന്… സ്കൂളില്ലാത്ത ഒരു പർവത ഗ്രാമത്തിൽ നിന്നും അമ്മ നൽകിയ ആദ്യപാഠങ്ങൾ അടിത്തറ പാകിയ മനുഷ്യന് നീറ്റ് പരീക്ഷയുടെ പേരിൽ നടന്ന അനീതികളെ, അവകാശങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികളെ എങ്ങനെ കണ്ടില്ലെന്ന് വയ്ക്കാനാകും.
അങ്ങേയറ്റം മൗനം മാത്രമാണ് ഭരണസിരാകേന്ദ്രത്തിന് തൊട്ടരികിൽ നടക്കുന്ന ഈ പ്രതിഷേധങ്ങളോട്, പട്ടിണി സമരത്തോട് കേന്ദ്രം പ്രതികരിക്കുന്നത്. ആ ശബ്ദം നേര്‍ത്തുവന്നെങ്കിലും ഉൾക്കരുത്തിനെ എത്രനാൾ കേന്ദ്രം കേൾക്കാതിരിക്കും, അല്ലേ?
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on all things life—from relationships and health to psychology and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




