IPL Brother Duos
71
Views

വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുനാൽ, ദേഷ്യപ്പെട്ട് ഹാർദിക്

വൈറലായി പാണ്ഡ്യ ബ്രദേഴ്സിന്റെ വിഡിയോ, ഇരുവരും തമ്മിൽ പിണക്കത്തിലോ?

ഹാർദിക്കുമായി പ്രശ്നങ്ങളുണ്ടോ? മറുപടി നൽകി ക്രുനാൽ പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റിലെ ‘പാണ്ഡ്യ’ സഹോരന്മാരുടെ ഇത്തരത്തിലുള്ള എത്രയെത്ര വാർത്തകളാണ് ഒരു ദിവസം കണ്ണിലുടക്കുന്നത്. എന്നാൽ, പ്ലേ ഓഫിനോടടുക്കുന്ന നിലവിലെ സീസണിൽ ഐപിഎല്ലിൽ‍ കളിക്കുന്ന സഹോദരന്മാർ ഇവർ മാത്രമാണോ? ഇവർക്കു മുൻപ് ഐപിഎല്ലിൽ സഹോദരന്മാർ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടോ?

ഇതുവരെ ഐപിഎല്ലിൽ കളിച്ച സഹോദരന്മാർ ആരെല്ലാമെന്ന് നോക്കാം.

ഇർഫാൻ പഠാൻ & യൂസുഫ് പഠാൻ | Irfan Pathan & Yusuf Pathan

ഓൾറൗണ്ട് മികവുകൊണ്ട് ഐപിഎല്ലിൽ തിളങ്ങി ശ്രദ്ധ നേടിയ ആദ്യകാല സഹോദരങ്ങളാണ് ഇർഫാൻ പഠാനും യൂസുഫ് പഠാനും. ഇടംകൈയ്യൻ പേസറും സ്വിങ് ബൗളറുമായ ഇർഫാൻ പഠാൻ 2008-ൽ കിങ്സ് ഇലവൻ പഞ്ചാബിലൂടെയാണ് ഐപിഎല്ലിൽ അരങ്ങേറിയത്. പിന്നീട്, ഡൽഹി ഡെയർഡെവിൾസ് (‍ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്), സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ് എന്നീ എന്നീ ടീമുകൾക്കായി 2017 വരെയുള്ള വിവിധ സീസണുകളിൽ ക്രീസിലെത്തി. ഐപിഎല്ലിൽ 2016, 2017 സീസണുകളിൽ മാത്രം കളിച്ച പൂനെ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമായിരുന്ന റൈസിങ് പൂനെ സൂപ്പർജയന്റിനു വേണ്ടിയും ഇർഫാൻ കളിച്ചിട്ടുണ്ട്.

എന്നാൽ, ബാറ്ററായും ഓഫ് സ്പിന്നറായുമാണ് യൂസുഫ് പഠാനെ ക്രിക്കറ്റ് ലോകം അറിഞ്ഞത്. 2008-ൽ രാജസ്ഥാൻ റോയൽസിനൊപ്പം ആദ്യ ഐപിഎൽ കിരീടം നേടിയതോടെയാണ് യൂസുഫ് ശ്രദ്ധ നേടിയത്. പിന്നീട്, ഏഴ് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 2012, 2014 വർഷങ്ങളിലെ ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. 2019-ൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് അവസാനമായി ഐപിഎൽ ജഴ്സി അണിഞ്ഞത്.

IPL Brother Duos
The Pathan brothers

മൈക്കൽ ഹസി & ഡേവിഡ് ഹസി | Michael Hussey & David Hussey

ഓസ്‌ട്രേലിയയിൽ നിന്നുള്ള ഹസി ബ്രദേഴ്സ് തങ്ങളുടെ ബാറ്റിങ് ശൈലികൊണ്ടാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘‘മിസ്റ്റർ ക്രിക്കറ്റ്’’ എന്ന് വിളിക്കപ്പെടുന്ന മൈക്കൽ ഹസി 2008-ൽ ചെന്നൈ സൂപ്പർ കിങ്സിലൂടെയാണ് ഐപിഎല്ലിലേക്കെത്തുന്നത്. മുൻനിരയിലെ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെ 2010, 2011 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. 2014-ൽ മുംബൈ ഇന്ത്യൻസിനെയും അദ്ദേഹം പ്രതിനിധീകരിച്ചു. 2015-ൽ അദ്ദേഹം വീണ്ടും ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തി. നിലവിൽ മൈക്കൽ അവരുടെ കോച്ചാണ്.

മിഡിൽ ഓർഡർ ബാറ്ററും പാർട്ട് ടൈം ഓഫ് സ്പിന്നറുമായിരുന്ന ഡേവിഡ് ഹസി 2008-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് ഐപിഎല്ലിൽ അരങ്ങേറിയത്. പിന്നീട്, കിങ്സ് ഇലവൻ പഞ്ചാബിനും ചെന്നൈ സൂപ്പർ കിങ്സിനുമായി 2014 വരെ അദ്ദേഹം കളത്തിലിറങ്ങി.

IPL Brother Duos
The Hussey Brothers

ആൽബി മോർക്കൽ & മോർനേ മോർക്കൽ | Albie Morkel & Morne Morkel

ദക്ഷിണാഫ്രിക്കൻ സഹോദരങ്ങളായ ആൽബി ഓൾറൗണ്ടറായും മോർനേ ഫാസ്റ്റ് ബൗളറായുമാണ് ഐപിഎല്ലിന്റെ ഭാഗമാകുന്നത്. ഓൾറൗണ്ടറായ ആൽബി മോർക്കൽ 2008-ൽ ചെന്നൈ സൂപ്പർ കിങ്സിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സിക്സറുകൾ പറത്താനുള്ള കഴിവും മീഡിയം പേസ് ബൗളിങ്ങും കൊണ്ട് 2010, 2011 വർഷങ്ങളിൽ ടീമിന്റെ വിജയങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, റൈസിങ് പൂനെ സൂപ്പർജയന്റ്സ് എന്നീ ടീമുകൾക്കായും കളിച്ചു.

ഫാസ്റ്റ് ബൗളറായ മോർനേ മോർക്കൽ 2009-ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് തുടങ്ങിയത്. പിന്നീട്, ഡൽഹി ഡെയർഡെവിൾസിന്റേയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും ഭാഗമായി. 2014-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കിരീടം നേടി.

IPL Brother Duos
The Morkel brothers

ഡ്വെയ്ൻ ബ്രാവോ & ഡാരൻ ബ്രാവോ | Dwayne Bravo & Darren Bravo

കരീബിയൻ കരുത്തന്മാർ എന്ന ടാഗ്‌ലൈനുമായി ഐപിഎല്ലിലേക്കെത്തിയ ബ്രാവോ സഹോദരന്മാർക്ക് ഐപിഎൽ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. ടി20 ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വെയ്ൻ ബ്രാവോ 2008–ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഐപിഎല്ലിൽ അരങ്ങേറിയത്. പിന്നീട്, ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലേക്ക് ചുവടുമാറിയ താരം, സിഎസ്കെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. 2011, 2018, 2021 വർഷങ്ങളിൽ സിഎസ്‌കെയുടെ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. ഒരു കാലത്ത് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡും ബ്രാവോയുടെ പേരിലുണ്ടായിരുന്നു. താരം ലീഗിൽ നിന്ന് വിരമിക്കുകയും ചെയ്തു.

എന്നാൽ, ഇടംകൈയ്യൻ ബാറ്ററായിരുന്ന ഡാരൻ ബ്രാവോയ്ക്ക് സഹോദരനെ പോലെ ഐപിഎല്ലിൽ തിളങ്ങാനായില്ല. ഹൈദരാബാദിനെ പ്രതിനിധീകരിച്ച് മുൻപുണ്ടായിരുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീം ഡെക്കാൻ ചാർജേഴ്‌സിനായി 2012ൽ ഒരു മത്സരവും 2017-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും കളിച്ചെങ്കിലും ക്രീസിൽ നിരാശയായിരുന്നു ഫലം.

IPL Brother Duos
The Bravo brothers

ബ്രണ്ടൻ മക്കല്ലം & നഥാൻ മക്കല്ലം | Brendon McCullum & Nathan McCullum

ന്യൂസിലൻഡ് സ്വദേശികളായ ബ്രണ്ടൻ മക്കല്ലവും നഥാൻ മക്കല്ലവും ഐപിഎല്ലിൽ കളിച്ച സഹോദരന്മാരിൽ ശ്രദ്ധേയരാണ്. 2008-ൽ ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ബ്രണ്ടൻ മക്കല്ലം പുറത്താകാതെ 158 റൺസ് നേടിയാണ് തന്റെ വരവറിയിച്ചത്. 2010 വരെ അതേ ടീമിൽ തുടർന്നു. പിന്നീട് 2011ൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ ടീമംഗമായി. 2012-ൽ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ അദ്ദേഹം, ആ വർഷം ടീമിന്റെ കിരീടനേട്ടത്തിന്റെ ഭാഗവുമായി. ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾക്കായും അദ്ദേഹം പാഡണിഞ്ഞിട്ടുണ്ട്.

എന്നാൽ, ഓഫ് സ്പിന്നറായ നഥാൻ മക്കല്ലം പൂനെ വാരിയേഴ്സ് ഇന്ത്യ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടി രണ്ടു മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. നേടിയതാകട്ടെ ഒരു വിക്കറ്റും.

IPL Brother Duos
The McCullum Brothers

സിദ്ധാർത്ഥ് കൗൾ & ഉദയ് കൗൾ | Siddarth Kaul & Uday Kaul

വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ സിദ്ധാർത്ഥ് കൗൾ 2008-ൽ ഡൽഹി ഡെയർഡെവിൾസിലൂടെയാണ് (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) അരങ്ങേറിയത്. പിന്നീട്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾക്കായി കളിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പമുള്ള കാലഘട്ടത്തിലാണ് താരം ഐപിഎല്ലിൽ തിളങ്ങിയത്. കൃത്യതയാർന്ന ബൗളിങ് അദ്ദേഹത്തെ ടീമുകളുടെ വിശ്വസ്ത ബൗളറാക്കി മാറ്റി.

അതേസമയം, ഇടംകൈയ്യൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഉദയ് കൗൾ പഞ്ചാബ് നിരയിൽ ഇടംപിടിച്ചെങ്കിലും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാനായില്ല.

IPL Brother Duos
The Kaul brothers

ഷോൺ മാർഷ് & മിച്ചൽ മാർഷ് | Shaun Marsh & Mitchell Marsh

2008–ൽ കിങ്സ് ഇലവൻ പഞ്ചാബിനൊപ്പം ഐപിഎല്ലിൽ അരങ്ങേറിയ ഷോൺ മാർഷ്, പ്രഥമ സീസണിൽ തന്നെ 616 റൺസ് നേടി ‘ഓറഞ്ച് ക്യാപ്’ സ്വന്തമാക്കി. പിന്നീട് അദ്ദേഹത്തിന്റെ ഫോം മങ്ങി. ആദ്യ സീസണിലേതുപോലുള്ള സ്ഥിരത പിന്നീട് നിലനിർത്താനായില്ല.

ഓൾറൗണ്ടറായ മിച്ചൽ മാർഷ് മികച്ച വേഗതയിൽ പന്ത് എറിയാനും ബിഗ് ഷോട്ടുകൾ പായിക്കാനും കഴിവുള്ള താരമാണ്. ഡൽഹി ക്യാപിറ്റൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ്, പൂനെ വാരിയേഴ്സ് ഇന്ത്യ തുടങ്ങി നിരവധി ടീമുകൾക്കുവേണ്ടി കളിച്ച അദ്ദേഹം നിലവിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമാണ്.

IPL Brother Duos
The Marsh Brothers

ഹാർദിക് പാണ്ഡ്യ & ക്രുണാൽ പാണ്ഡ്യ | Hardik Pandya & Krunal Pandya

ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും 2015 മുതൽ ഐപിഎല്ലിലെ സജീവസാന്നിധ്യമാണ്. മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരുമിച്ച് കളിച്ച ശേഷം ഇരുവരും രണ്ടു വ്യത്യസ്ത ടീമുകളിലേക്ക് മാറി. മുംബൈയിൽ നിന്നു പിരിഞ്ഞ ശേഷം ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനായും ക്രുണാൽ ലക്നൗ സൂപ്പർ ജയന്റ്സിനായും കളിച്ചു.

നിലവിലെ സീസണിൽ ഹാർദിക് മുംബൈ ഇന്ത്യൻസിനെ നയിക്കുമ്പോൾ, ക്രുണാൽ പാണ്ഡ്യ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടിയാണ് കളിക്കുന്നത്.

IPL Brother Duos
The Pandya brothers

സാം കറൻ & ടോം കറൻ | Sam Curran & Tom Curran

ഇംഗ്ലീഷ് ഓൾറൗണ്ടർമാരായ സാം കറനും ടോം കറനും യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഐപിഎല്ലിലേക്ക് ചുവടുവച്ചത്. ഇടംകൈയ്യൻ പേസറും ബാറ്ററുമായ സാം കറൻ 2019-ൽ കിങ്സ് ഇലെവൻ പഞ്ചാബിലൂടെയാണ് അരങ്ങേറിയത്. പിന്നീട്, 2020-21 സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിനായും 2023-ൽ വീണ്ടും പഞ്ചാബ് കിങ്സിനായും കളിച്ചു.

ഫാസ്റ്റ് ബൗളറായ ടോം കറൻ 2018 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

IPL Brother Duos
The Curran brothers

മാർക്കോ ജാൻസൻ & ഡുവാൻ ജാൻസൻ | Marco Jansen & Duan Jansen

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഇരട്ടസഹോദരന്മാരായ മാർക്കോയും ഡുവാനും ഐപിഎൽ ചരിത്രത്തിൽ ഇടം നേടിയത് ലീഗിന്റെ ഭാഗമായ ആദ്യ ട്വിൻസ് എന്ന വിശേഷണത്തോടെയാണ്. ഇടംകൈയ്യൻ പേസറായ മാർക്കോ ജാൻസൻ 2021-ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് അരങ്ങേറിയത്. പിന്നീട് 2022-ൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം കൂടി ശ്രദ്ധേയ പ്രകടനങ്ങൾ പുറത്തെടുത്ത അദ്ദേഹം തന്റെ വേഗതയും ബൗൺസും കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടി

ഇടംകൈയ്യൻ ബൗളറായ ഡുവാൻ ജാൻസനും മുംബൈ ഇന്ത്യൻസിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2023-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ആദ്യ മത്സരം. 2023 ഏപ്രിൽ 18ന്, സൺറൈസേഴ്‌സ് ഹൈദരാബാദ് vs. മുംബൈ ഇന്ത്യൻസ് മാച്ചോടെ ഒരു ലീഗ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ ഇരട്ടകളായി ജാൻസെൻ സഹോദരന്മാർ ഐപിഎൽ ചരിത്രം സൃഷ്ടിച്ചു.

IPL Brother Duos
The Jansen Brothers

സർഫറാസ് ഖാൻ & മുഷീർ ഖാൻ | Sarfaraz Khan & Musheer Khan

ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയരായ സഹോദരന്മാരാണ് സർഫറാസ് ഖാനും മുഷീർ ഖാനും. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി കളിക്കുന്നവരാണ് ഇരുവരും. അച്ഛൻ നൗഷാദ് ഖാന്റെ കീഴിലാണ് പരിശീലനം. സർഫറാസ് ഖാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. മുഷീർ ഖാൻ യുവതാരമായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ഈ സീസണിൽ സർഫറാസ് ഖാൻ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും മുഷീർ ഖാൻ കിങ്സ് ഇലെവൻ പഞ്ചാബിനു വേണ്ടിയുമാണ് കളിക്കുന്നത്.

IPL Brother Duos
The Khan Brothers
Article Tags:
· · · ·
Article Categories:
Homepage Spotlights · Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading