ടാറ്റാ ഇന്ത്യൻ പ്രീമിയർ ലീഗ് 2026… ഫൈനലിനായുള്ള സമയം അടുത്തുവരുന്നു. ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്.
സ്റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് ആളുകൾ കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്നു. കടകളിൽ അവസാന നിമിഷത്തെ ജേഴ്സി വിൽപ്പന തകൃതിയായി നടക്കുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ തങ്ങളുടെ ഏറ്റവും മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ആരാധകരുടെ ആവേശത്തിനൊപ്പം കൂടിക്കഴിഞ്ഞു. വീടുകളിൽ ഒറ്റയ്ക്കോ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒത്തുകൂടിയോ കളി കാണാനുള്ള ഒരുക്കത്തിലാണ് കുറേപേർ. മറുവശത്ത്, താരങ്ങളും തങ്ങളുടെ അവസാനവട്ട തന്ത്രങ്ങൾ മെനഞ്ഞ് മൈതാനത്തിറങ്ങാൻ പൂർണ്ണ സജ്ജരായിക്കഴിഞ്ഞു.
വേദിയായി ‘മാറിയ’ അഹമ്മദാബാദ്
നിരവധി ആളുകളാണ് കളി കാണാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. കർണാടക അസോസിയേഷന്റെ ചില നിബന്ധനകൾ അംഗീകരിക്കാൻ പറ്റാത്തതു കാരണവും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കി കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനുമായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് പിന്നീട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ചിന്നസ്വാമിയിൽ കളി കാണാനിരുന്ന ലക്ഷക്കണക്കിന് ആർസിബി ആരാധകർക്ക് ഇത് വലിയ നിരാശയാണ് സമ്മാനിച്ചത്.
കഴിഞ്ഞ അഞ്ച് സീസണിൽ നാലാം തവണയാണ് അഹമ്മദാബാദ് ഫൈനലിന് വേദിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കനത്ത സുരക്ഷയൊരുക്കിയാണ് ഗുജറാത്ത് ഒരുങ്ങിയിരിക്കുന്നത്.
കിരീടപ്പോരാട്ടം
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും (RCB) ഗുജറാത്ത് ടൈറ്റൻസും (GT) തമ്മിലാണ് ഇത്തവണത്തെ കിരീടപ്പോരാട്ടം.
ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തകർത്ത് നേരിട്ടാണ് ആർസിബി ഫൈനലിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്തുക എന്ന വലിയ ലക്ഷ്യവുമായാണ് അവർ ഇറങ്ങുന്നത്.
രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് (215 റൺസ്) നടത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആർസിബിയോട് കഴിഞ്ഞ കളിയിൽ തോറ്റതിനുള്ള പകരം ചോദിക്കൽ കൂടിയാകും സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് ഇവർ വിജയിച്ചാൽ.

ഫൈനലിൽ ഇല്ലെങ്കിലും 15-കാരനായ വൈഭവ് സൂര്യവംശിയുടെ കൈകളിലാണ് (776 റൺസ്) നിലവിൽ ഓറഞ്ച് ക്യാപ്പ്. എന്നാൽ, ഫൈനലിൽ കളിക്കുന്ന ശുഭ്മാൻ ഗില്ലും (722), സായ് സുദർശനും (710) ഈ റെക്കോർഡ് തകർക്കാൻ തൊട്ടുപിന്നിലുണ്ട്.
പർപ്പിൾ ക്യാപ്പ് പോരാട്ടത്തിൽ 28 വിക്കറ്റുകളുമായി ഗുജറാത്തിന്റെ കാഗിസോ റബാഡയാണ് ഒന്നാമത്. തൊട്ടുപിന്നിൽ 26 വിക്കറ്റുകളുമായി ആർസിബിയുടെ ഭുവനേശ്വർ കുമാറുണ്ട്. അതുകൊണ്ട് തന്നെ ഓറഞ്ച്-പർപ്പിൾ ക്യാപ്പുകൾക്കായുള്ള നേരിട്ടുള്ള പോരാട്ടവും ഇന്നത്തെ ഫൈനലിൽ കാണാം.





Pingback: ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക് എന്ന്? | Vaibhav Suryavanshi, who broke