AI workplace surveillance
16
Views

സാങ്കേതികതവിദ്യ അനുദിനം വളരുന്ന ലോകത്ത് എ.ഐ കൂടെ ചുവടുറപ്പിച്ചതോടെ ‘പണി കിട്ടി’ എന്ന് പലർക്കും ബോധ്യമായതാണ്. കിട്ടാൻ പോകുന്ന ‘പണി’യെക്കുറിച്ച് അന്തമില്ലാത്തവരുമുണ്ട്. ‘പണികിട്ടിയവരും’ കിട്ടാൻ പോകുന്നവരും എ.ഐയെ ഒരുപോലെ ശപിക്കുന്നതിനിടയിൽ, ‘ഇതൊക്കെ  എന്ത്….’ എന്ന ഭാവത്തിലിരുന്ന് ജോലി ചെയ്യുന്നവരും നമുക്കിടയിലുണ്ട്.

AI workplace surveillance

എ.ഐ ഞങ്ങളുടെ ഓഫീസിലേക്ക് വന്ന് ‘പണി തരില്ല’ എന്ന ആത്മവിശ്വാസമാണ് ആ കാണുന്നത്. അങ്ങനെ ആശ്വസിച്ചിരിക്കുന്നവരും ഞെട്ടാൻ റെഡ‍ിയായിക്കോളൂ…

ഐ.ടി കമ്പനികളും ടെക് ലോകവും കടന്ന്, ‘പണി കളയുന്ന’ പരിപാടികൾ എഐ എന്നേ ആരംഭിച്ചുകഴിഞ്ഞു. പറഞ്ഞുവന്നത് തൊഴിലിടങ്ങളിലെ എ.ഐ സർവേയ്‌ലെൻസിനെക്കുറിച്ചാണ് (AI Surveillance). പണിയെടുത്തില്ലെങ്കിലും സാരമില്ല, പണിയെടുക്കുന്നതുപോലെ അഭിനയിച്ചാൽ മതി എന്ന തൊഴിലിടങ്ങളിലെ തമാശവർത്തമാനത്തെ ഇല്ലാതാക്കാൻ കെൽപ്പുള്ള സാങ്കേതിക വിദ്യയാണ് എ.ഐ സർവേയ്‌ലെൻസ്.

റിമോട്ട് ജോലികളും (Work from Home) ഡിജിറ്റൽ സംവിധാനങ്ങളും വർധിച്ചതോടെയാണ് കമ്പനികൾ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.

എന്താണ് എ.ഐ സർവേയ്‌ലെൻസ്?

സിസിടിവി ക്യാമറകളും ബയോമെട്രിക് പഞ്ചിങ്ങുമെല്ലാം ഉപയോഗിച്ച് ജീവനക്കാരെ നിരീക്ഷിക്കുന്നതിനു പകരം, ജീവനക്കാരുടെ ഓരോ ചലനങ്ങളെയും കൃത്യമായി വിശകലനം ചെയ്യാൻ എ.ഐ സർവേയ്‌ലെൻസ് ഉപയോഗിക്കുന്ന രീതിയാണിത്. ജീവനക്കാരുടെ കമ്പ്യൂട്ടറിലെ കീബോർഡ് ചലനങ്ങൾ (Keystroke logging), മൗസ് ക്ലിക്കുകൾ, അവർ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ എന്നിവ ഈ എ.ഐ സോഫ്റ്റ്‌വെയറുകൾ തത്സമയം നിരീക്ഷിക്കുന്നു.

ഓഫീസിലെ ക്യാമറകളിലൂടെ ജീവനക്കാരുടെ മുഖഭാവങ്ങൾ (Emotion AI) വായിച്ചെടുക്കാനും ജീവനക്കാർ എത്ര സമയം ജോലിയിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്താനും ഇതിന് കഴിയും എന്നതാണ് സവിശേഷത. അടുത്തിടെ മെറ്റ ജീവനക്കാരെ നിരീക്ഷിക്കാൻ ഇത്തരത്തിൽ എ.ഐ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത് വലിയ വാർത്തയായിരുന്നു. എ.ഐ സർവേയ്‌ലെൻസിനെതിരെ മെറ്റയിലെ തന്നെ എൻജിനീയർ രംഗത്തുവന്നതും ചർച്ചയായിരുന്നു.

എ.ഐ സർവേയ്‌ലെൻസ് എല്ലാത്തരം തൊഴിലിടങ്ങളിലേക്കും കൊണ്ടുവരാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡേറ്റ എൻട്രി ജോലികളിലും സെയിൽസിലും തുടങ്ങി ഫാക്ടറികളിലെ തൊഴിലാളികളെപ്പോലും എ.ഐ സർവേയ്‌ലെൻസിൽ നിരീക്ഷിക്കാനാകും. ആർക്കും രക്ഷയില്ലെന്ന് സാരം.

AI workplace surveillance
Representative Image | AI Image Generator/Gemini

എ.ഐ സർവേയ്‌ലെൻസിന്റെ പ്രധാന ഉപയോഗങ്ങൾ

ജീവനക്കാർ തങ്ങളുടെ ജോലി സമയം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് കൃത്യമായി കണക്കാക്കാൻ എ.ഐ സർവേയ്‌ലെൻസ് കമ്പനികളെ സഹായിക്കും. അപകടകരമായ ജോലിയും മറ്റും ചെയ്യുന്ന ജീവനക്കാർ കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ക്യാമറകളിലൂടെ എ.ഐക്ക് സ്വയം തിരിച്ചറിയാനാകും. ഒരു കമ്പനിയുടെ രഹസ്യ വിവരങ്ങൾ പുറത്തുപോകുന്നത് തടയാനും എ.ഐ സഹായിക്കും.

അതേസമയം വില്ലനും

എ.ഐ സർവേയ്‌ലെൻസ് സാങ്കേതികവിദ്യ കമ്പനികൾക്ക് ലാഭകരമാണെങ്കിലും ജീവനക്കാർക്കിടയിൽ ഇത് വലിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും പൂർണ്ണമായും നഷ്ടപ്പെടുന്നു എന്നതാണ് ഇതിൽ പ്രധാനം. താൻ എപ്പോഴും നിരീക്ഷിക്കപ്പെടുകയാണ് എന്ന ചിന്ത ജീവനക്കാരിൽ അമിതമായ മാനസിക സമ്മർദ്ദമുണ്ടാക്കും. ജോലിയിലുള്ള താല്പര്യവും ആത്മാർത്ഥതയും ഇതുമൂലം നഷ്ടമാകാൻ സാധ്യതയുണ്ട്.

A young man wearing glasses and a blue shirt sitting at a desk, working on a laptop in a modern office environment.

ജീവനക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങളോ അവരുടെ വികാരങ്ങൾക്ക് പിന്നിലെ കാരണമോ മനസ്സിലാക്കാൻ എ.ഐക്ക് കഴിയില്ല. അസുഖം ബാധിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും ബുദ്ധിമുട്ടുകൾകൊണ്ടോ ജോലിയിൽ ശ്രദ്ധിക്കാനായില്ലെങ്കിൽ ബാക്കി എ.ഐ നോക്കിക്കോളുമെന്ന് ചുരുക്കം! ജീവനക്കാരുടെ മാനസികാവസ്ഥ കൃത്യമായി മനസിലാക്കാതെയുള്ള വിലയിരുത്തലുകൾ അനീതിയാകും.

അതേസമയം, എ.ഐയെ കബളിപ്പിക്കാൻ ജീവനക്കാർ തന്നെ മുന്നിട്ടിറങ്ങുന്ന ഒരു സാഹചര്യവും ഇതിലൂടെ ഉണ്ടാകാൻ സാധ്യതയുണ്ട്. ആദ്യം പറഞ്ഞ, പണിയെടുക്കുന്നതുപോലെയുള്ള അഭിനയം, ജീവനക്കാർ കൂടുതലായി പുറത്തെടുക്കാൻ സാധ്യതയുണ്ട്. സോഫ്റ്റ്‌വെയറിനെ പറ്റിക്കാൻ വേണ്ടി മാത്രം ജീവനക്കാർ നിരന്തരം മൗസ് ചലിപ്പിക്കുകയോ സ്ക്രീൻ ഓൺ ചെയ്തു വയ്ക്കുകയോ ചെയ്യുന്ന പ്രവണത ഇതിലൂടെ വർധിക്കാം.

പരിഹാരമുണ്ടോ?

AI workplace surveillance

തൊഴിലിടങ്ങളിൽ എ.ഐ നിരീക്ഷണം പൂർണമായി ഒഴിവാക്കുക എളുപ്പമല്ല. എന്നാൽ, ഇത് നടപ്പിലാക്കുമ്പോൾ കമ്പനികൾ ചില മര്യാദകൾ പുലർത്തണം. തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ജീവനക്കാരെ മുൻകൂട്ടി അറിയിക്കുകയും എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് വ്യക്തമാക്കുകയും വേണം. എ.ഐ നൽകുന്ന ഡേറ്റ മാത്രം അടിസ്ഥാനമാക്കി ജീവനക്കാരെ പിരിച്ചുവിടുന്നതോ അവർക്കെതിരെ നടപടി എടുക്കുന്നതോ ഉചിതമാവില്ല. അന്തിമ തീരുമാനത്തിൽ മനുഷ്യ ഇടപെടൽ കൂടിയേ തീരൂ.

സാങ്കേതികവിദ്യയുടെ ഉപയോഗം ഉൽപ്പാദനക്ഷമത കൂട്ടുമെങ്കിലും അത് ജീവനക്കാരുടെ സ്വാതന്ത്ര്യത്തെയും മാനസികാരോഗ്യത്തെയും ഹനിക്കുന്നതാകരുത്. പരസ്പര വിശ്വാസത്തിലൂന്നിയ തൊഴിൽ സംസ്കാരമാണ് ഏത് കമ്പനിയുടെയും വിജയത്തിന് ആവശ്യം.

Article Categories:
Featured Posts · Utility

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading