ചില വിഷയങ്ങൾ വളരെ പഴയതാണെന്നു തോന്നും. പക്ഷേ, അത് സാമൂഹിക ആവശ്യമായി മാറുന്ന സാഹചര്യങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് ഒരാള് പറയുകയാണ്, “പണ്ട് കാലത്ത് പെണ്ണുങ്ങൾ വളരെ എൻജോയ് ചെയ്ത് ചെയ്തുകൊണ്ടിരുന്നതാണ് പ്രസവം. ഇപ്പോൾ ഹോസ്പിറ്റലായി, മരുന്നായി, ആൾക്കാരായി, കുട്ടികളുടെ ജനന നിരക്ക് കൂടുതലായി എന്തൊക്കെയാണിവിടെ നടക്കുന്നത്” എന്നൊക്കെ.
എന്താ ഇപ്പോ അതിനോടൊക്കെ പറയേണ്ടത്!
എന്തുകൊണ്ടാണ് അങ്ങനെയുള്ള ഡിസ്കഷൻസ് ഉണ്ടാകുന്നത്. കേവലം ഒരാളുടെ ബുദ്ധിമോശംകൊണ്ട് അല്ലെങ്കിൽ അറിവില്ലായ്മകൊണ്ട്, വിഡ്ഢിത്തരംകൊണ്ട് സംഭവിക്കുന്നതു മാത്രമാണോ? അങ്ങനെയല്ല. ഇതിനെ നമ്മൾ സാമൂഹികമായിട്ടാണ് കാണേണ്ടത് അല്ലേ?
‘Autonomy over the body’– ഇതാണിതിന്റെ മെയിൻ പ്രശ്നം. എന്നുവച്ചാൽ, ശരീരത്തിൽ ഉള്ള അധികാരം. ഗർഭം ധരിക്കുന്നത് സ്ത്രീയുടെ ശരീരം ആണെങ്കിലും അതിൽ തീരുമാനം എടുക്കുന്നത് പുറത്തുള്ള ആൾക്കാരാണ്. ചിലപ്പോൾ ഭർത്താവ് ആവാം. വീട്ടുകാരാവാം. സ്ത്രീയുടെ വീട്ടുകാരാവാം. അങ്ങനെ ആരുമാവാം. കാരണം ഇതൊരു സോഷ്യൽ പരിപാടിയാണ്. നിങ്ങൾക്ക് കുട്ടിയുണ്ടാവണം, ആ സ്റ്റിഗ്മയെ നമുക്ക് ബ്രേക്ക് ചെയ്യാൻ പറ്റാത്തിടത്തോളം സ്വീകാര്യതയുണ്ടാവില്ല. ബേസിക്കലി ഒരു സമൂഹജീവിയായിട്ടുള്ള മനുഷ്യൻ എത്രയും പെട്ടെന്ന് ആ സ്ട്രക്ചറിലേക്ക് കേറി നിൽക്കാനായിരിക്കും ഇഷ്ടപ്പെടുക. അതല്ലാതെ അതിൽ നിന്നൊക്കെ സമരം ചെയ്ത് മാറി നിൽക്കുന്ന ആളുകൾ നമ്മളുടെ ഇടയിൽ ചുരുക്കമല്ലേ.
ശരിക്കും ‘my body my rules’ എന്നുള്ളത് ഗർഭകാലത്ത് പലപ്പോഴും നിഷേധിക്കപ്പെടാറുണ്ട്. പെണ്ണുങ്ങളോടു ചോദിച്ചാൽ അറിയാൻ പറ്റുമത്. എന്തു കഴിക്കണം, എങ്ങനെ കഴിക്കണം, എങ്ങനെ നടക്കണം എന്നതു മുതൽ സിസേറിയൻ വേണോ? അതുവരെ ചിലപ്പോൾ ഈ സ്ട്രക്ചറിന്റെ ഭാഗമായിരിക്കും. “സിസേറിയനൊക്കെ ചെയ്യണോ. ഓ! എന്താവശ്യത്തിനാ? പിന്നെ നട്ടെല്ല്! ഏഹ്! എന്തെങ്കിലുമൊക്കെ പണി എടുക്കാതെ പറ്റ്വോ?” അങ്ങനെയുള്ള ചോദ്യങ്ങൾ പോലും നേരിടുന്ന സ്ത്രീകളെ ഈ പുതിയകാലത്തുപോലും നമുക്ക് നേരിട്ട് പരിചയമുണ്ടാവും.

പിന്നെ എന്തുകൊണ്ടാണ് സ്ത്രീകൾ ഇത്രയും ഡെയറിങ് ആയിട്ടുള്ള പരിപാടികൾ ഏറ്റെടുക്കേണ്ടി വരുന്നത്? ചിലർക്ക് കുട്ടികൾ വേണമെന്നുള്ള ഇഷ്ടം കൊണ്ടാവാം. അതല്ലെങ്കിലോ സോഷ്യൽ കൺസ്ട്രക്ഷൻ അല്ലേ? ചില ക്രൈറ്റീരിയ മീറ്റ് ചെയ്തു കഴിഞ്ഞാൽ, കല്യാണം കഴിഞ്ഞാൽ അല്ലെങ്കിൽ ഒരുമിച്ചു ജീവിച്ചിട്ട് ഇത്ര വർഷമായാൽ ഒക്കെ കുട്ടികൾ നിർബന്ധമാണ്. അല്ലെങ്കിൽ എന്തോ ഭയങ്കര പ്രശ്നം പോലെയാണ്. ഇതിന് പ്രതിഫലമായിട്ട് എന്താണ് കൊടുക്കുക. ‘അമ്മ ദൈവം’ എന്നുള്ളൊരു കെണിയാണ്. ‘The classic trap of divine mother’ സ്ത്രീയെ അമ്മ എന്ന നിലയിൽ ദൈവമാക്കുന്നതിലൂടെ അവള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായിട്ടുള്ള ബുദ്ധിമുട്ടുകളെയൊക്കെ സമൂഹം നിസ്സാരവൽക്കരിക്കും.
ദൈവം എന്നുപറഞ്ഞിട്ടുള്ള ഇമേജിന് വേദനയില്ല, വിശ്രമം വേണ്ട. ആ സങ്കൽപത്തിലൂടെ സ്ത്രീയുടെ സ്വാഭാവികമായിട്ടുള്ള ആവശ്യങ്ങളെയും പുരുഷാധിപത്യം അടിച്ചമർത്തും. റെസ്റ്റും മെന്റൽഹെൽത്തും ഒന്നും ആവശ്യമില്ല. ഇതിന്റെയാവശ്യമെന്താണ്? നീ മെയിനല്ലേ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നുള്ള ചോദ്യം അല്ലേ? പ്രസവം എന്നു പറയുന്നത്, അതൊരു സേവനമല്ല. അധ്വാനം കൂടിയാണ് അല്ലേ? ഗർഭാവസ്ഥയെ വെറുമൊരു കുടുംബപരമായ കടമയായി മാത്രം കാണുന്നത് പുരുഷാധിപത്യമനോഭാവം ആണ്. ഒരു ജീവനെ വളർത്തിയെടുക്കാൻ ഒരു സ്ത്രീ ചെയ്യുന്ന ഇൻവിസിബിൾ ലേബർ ആണ് ഈ പരിപാടി എന്നുള്ളത് സമൂഹം തിരിച്ചറിയുന്നില്ല.
‘പുരുഷന്മാരും ഇതിന്റെ കൂടെ നിൽക്കുന്നുണ്ട്. എന്താപ്പോതില്! നിങ്ങളിങ്ങനെ അങ്ങു പറഞ്ഞാലോ’ എന്നൊക്കെ തോന്നുകയാണെങ്കിൽ പുരുഷനെപ്പോഴും ഒരു സഹായി ആണ്. ഒരു ഹെൽപ്പറാണല്ലേ? ആ ഹെൽപ്പർ എന്നുള്ള സിറ്റുവേഷൻ മാറിയിട്ട് ഒരു പ്രോപ്പർ പാർട്ണർ എന്നുള്ള പൊസിഷനിലേക്ക് പുരുഷന്മാർ കടന്നു വരാതെ അല്ലെങ്കിൽ സമൂഹം അതിന് അനുവദിക്കാതെ ഇതിനൊരു മാറ്റമുണ്ടാകാൻ പോകുന്നില്ല.

അഡ്രിയാൻ റിച്ച്, ‘ഓഫ് വിമൻ ബോൺ‘ എന്നുള്ള എഴുത്തിൽ പറയുന്നത് മാതൃത്വം അല്ലെങ്കിൽ മദർഹുഡ് എന്നു പറയുന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്. എന്നാൽ, മാതൃത്വ വ്യവസ്ഥ (institution of motherhood) അത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒന്നാണ്. സിമോൺ ഡി ബുവേ, ‘ദി സെക്കൻഡ് സെക്സ്’ എന്ന പുസ്തകത്തിൽ, “ഒരു സ്ത്രീ ജനിക്കുന്നില്ല മറിച്ച് ഒരു സ്ത്രീയായി മാറ്റപ്പെടുകയാണ്” എന്നാണ് അവർ നിരീക്ഷിച്ചിരിക്കുന്നത്. അതൊക്കെ ഇതിന്റെ ഭാഗമാണ്. ഒരു ഗർഭാവസ്ഥയിൽ ഒരു സ്ത്രീ വെറുമൊരു റിപ്രൊഡക്റ്റീവ് ടൂൾ മാത്രമായി മാറുന്നുണ്ടെങ്കിൽ അത് പുരുഷാധിപത്യ സമൂഹത്തിന്റെ പ്രശ്നമാണ്.
അമേരിക്കൻ ഫെമിനിസ്റ്റും എഴുത്തുകാരിയുമൊക്കെ ആയിട്ടുള്ള ഗ്ലോറിയ സ്റ്റീനം പറഞ്ഞിട്ടുള്ള കാര്യം “a woman’s body is the sight of her own revolution” എന്നാണ്. ഒരു സ്ത്രീയുടെ ശരീരം എന്നാൽ വിപ്ലവത്തിന്റെ ആദ്യത്തെ വേദി ആണെന്നാണ് അവരു പറയുന്നത്. അത് എത്ര ശരിയാണെന്ന് ഈ പുതിയ കാലത്തുപോലും നമുക്ക് തോന്നും അല്ലേ?
അച്ഛൻ വന്നൊരു ഡയപ്പർ മാറ്റിയാലോ കുഞ്ഞിനെ ഉറക്കിയാലോ ‘Oh what a wonderful dad! green flag‘ എന്നെല്ലാം ആളുകൾ പറയും. പക്ഷേ, അതിനെ നമ്മൾ അങ്ങനെ കാണേണ്ട കാര്യമില്ലെന്നേ. അതൊക്കെ അത്യാവശ്യമായിട്ട്, ബേസിക് ആയിട്ട് ഒരു മനുഷ്യൻ ചെയ്യേണ്ട കാര്യമാണന്ന് കരുതി ഈക്വൽ വിതാനത്തിൽ പരിഗണിക്കേണ്ട കാര്യമായി മാറുമ്പോൾ വലിയ പ്രശ്നങ്ങളില്ലാതെ തട്ടുകേടില്ലാതെ സമൂഹമങ്ങനെ പോകും. ആർക്കും ആർക്കും ബുദ്ധിമുട്ടില്ലാതെ. അതല്ലേ വേണ്ടത്.




