ഒരു ബന്ധത്തിലായിരിക്കുമ്പോൾ നമ്മൾ പലപ്പോഴും പങ്കാളിയുടെ ചില സ്വഭാവങ്ങൾ കണ്ട് “ഇത് ശരിയല്ലല്ലോ” എന്നോ “ഇത് കൊള്ളാമല്ലോ” എന്നുമൊക്കെ വിചാരിക്കാറുണ്ട്. പങ്കാളികളിലെ ഈ സ്വഭാവങ്ങൾ പുത്തൻ പുതുക്കാലത്ത് പല കളറുകളായി തരംതിരിച്ചിട്ടുണ്ട്. പോപുലര്‍ ഡേറ്റിംഗ് സൈക്കോളജി, സോഷ്യൽ മീഡിയ ട്രെൻഡിൽ ‘ഫ്ലാഗ്’ എന്ന് വിളിക്കുന്ന ഈ നിറങ്ങൾ നിങ്ങളുടെ ബന്ധം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കും.
ഗ്രീൻ ഫ്ലാഗ് (Green Flag): ഹാപ്പി ജേർണി!
നിങ്ങളുടെ ബന്ധം സുരക്ഷിതമാണെന്നും നിങ്ങൾ ശരിയായ ആൾക്കൊപ്പമാണെന്നും ഉള്ളതിന്റെ തെളിവാണ് ഗ്രീൻ ഫ്ലാഗുകൾ. റെഡ് ഫ്ലാഗിന്റെ നേരെ എതിർവശത്തായിരിക്കും ഗ്രീൻ ഫ്ലാഗുകൾ. വ്യക്തി ബന്ധങ്ങളുടെ അതിർവരമ്പുകളും മൂല്യങ്ങളും ഇക്കൂട്ടർക്ക് നല്ല ബോധ്യം ഉണ്ടാകും. നിങ്ങൾക്ക് ഒരു സങ്കടം വരുമ്പോൾ അത് കേൾക്കാൻ കൂടെയുണ്ടാകുന്ന പങ്കാളി, നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ വിജയങ്ങളിൽ നിങ്ങളോടൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന പങ്കാളി ഗ്രീൻ ഫ്ലാഗ് ആയിരിക്കും.
വ്യക്തി ബന്ധങ്ങളുടെ അതിർവരമ്പുകളും മൂല്യങ്ങളും ഇക്കൂട്ടർക്ക് നല്ല ബോധ്യം ഉണ്ടാകും. നിങ്ങൾക്ക് ഒരു സങ്കടം വരുമ്പോൾ അത് കേൾക്കാൻ കൂടെയുണ്ടാകുന്ന പങ്കാളി, നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ വിജയങ്ങളിൽ നിങ്ങളോടൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന പങ്കാളി ഗ്രീൻ ഫ്ലാഗ് ആയിരിക്കും.
റെഡ് ഫ്ലാഗ് (Red Flag): വണ്ടി നിർത്തിക്കോളൂ, അപകടമാണ്!
റെഡ് ഫ്ലാഗ് ഒരു വലിയ മുന്നറിയിപ്പാണ്. ഇത് കണ്ടില്ലെന്ന് നടിച്ചാൽ ജീവിതം തന്നെ കൈവിട്ടുപോകാൻ സാധ്യതയുണ്ട്.
പങ്കാളിയുടെ ജീവിതത്തെ അമിതമായി നിയന്ത്രിക്കാൻ ശ്രമിക്കുക, നിങ്ങളുടെ സ്വകാര്യതയും വ്യക്തിപരമായ മൂല്യങ്ങളും മാനിക്കാതിരിക്കുക, ഗ്യാസ്‌ലൈറ്റിംഗ് (Gaslighting) ചെയ്യുക, അതായത് ഒരാളെ മാനസികമായി തളർത്തുന്ന രീതിയുള്ള പെരുമാറ്റവും സംസാരവും നടത്തുക, സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും നിങ്ങളെ അകറ്റാൻ ശ്രമിക്കുക തുടങ്ങിയ പ്രവണതകൾ പങ്കാളിയിൽ കാണുന്നുണ്ടെങ്കിൽ അവിടെയൊരു ചുവപ്പുലൈറ്റ് കത്തുന്നുണ്ടെന്ന് മനസ്സിലാക്കുക. പറഞ്ഞതൊക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. At the end of the day നിങ്ങൾക്ക് സമാധാനം ഉണ്ടോ എന്ന് നോക്കുക, അതില്ലെങ്കിൽ ഇറങ്ങി നടന്നേക്കുക.
യെല്ലോ ഫ്ലാഗ് (Yellow Flag): ഒന്ന് ശ്രദ്ധിക്കണേ!
ഉടൻ പ്രശ്നമില്ലെങ്കിലും ഭാവിയിൽ പണി കിട്ടാൻ സാധ്യതയുള്ള കാര്യങ്ങളാണ് യെല്ലോ ഫ്ലാഗിൽ. ഉദാഹരണത്തിനു മെസ്സേജ് അയച്ചാൽ മറുപടി തരാൻ മനപ്പൂർവം മണിക്കൂറുകൾ എടുക്കുന്നത്, അല്ലെങ്കിൽ ചില കാര്യങ്ങളിൽ കാണിക്കുന്ന മടിയൊക്കെ യെല്ലോ ഫ്ലാഗിൽ പെടുത്താം. ഇത് കൃത്യമായി സംസാരിച്ച് പരിഹരിക്കാവുന്നതേയുള്ളൂ എന്നതാണ് പ്രത്യേകത.
ഓറഞ്ച് ഫ്ലാഗ് (Orange Flag): കളി കാര്യമാകുന്നു
യെല്ലോ ഫ്ലാഗിനേക്കാൾ അല്പം കൂടി ഗൗരവമുള്ളതാണ് ഓറഞ്ച് ഫ്ലാഗ്. ഇത് മാറ്റിയില്ലെങ്കിൽ റെഡ് ഫ്ലാഗ് ആയി നിറം മാറാൻ സാധ്യതയുണ്ട്. ഉദാഹരണത്തിനു ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യം വരുന്നത് (Anger issues), അല്ലെങ്കിൽ വീട്ടുകാർ പറയുന്നതിനപ്പുറം ഒരു തീരുമാനവും സ്വന്തമായി എടുക്കാൻ കഴിയാത്ത അവസ്ഥ എന്നിവയൊക്കെ ഓറഞ്ച് ഫ്ലാഗിൽ പെടുത്താം.
പിങ്ക് ഫ്ലാഗ് (Pink Flag): ചെറിയൊരു കല്ലുകടി
ചെറിയ തോതിലുള്ള അസൂയ, ചില കാര്യങ്ങളിലുള്ള അമിതമായ താല്പര്യം എന്നിവയൊക്കെ പിങ്ക് ഫ്ലാഗിൽ പെടുത്താം. ഇത് റെഡ് ഫ്ലാഗ് അല്ല, പക്ഷേ ഒരു ‘ഇറിറ്റേഷൻ’ ഉണ്ടാക്കാം. ഉദാഹരണത്തിന്, ഷോപ്പിംഗിന് പോകുമ്പോൾ അമിതമായി പണം ചിലവാക്കുന്നത്, അല്ലെങ്കിൽ ചെറിയ കാര്യങ്ങൾക്ക് പോലും അനാവശ്യമായി പിണങ്ങുന്നത് ഒക്കെ പിങ്ക് ഫ്ലാഗ് ആണ്. കൃത്യമായ ആശയവിനിമയവും അണ്ടർസ്റ്റാന്റിംഗുമാണ് റിലേഷനെ മുന്നോട്ടുപോകേണ്ടതെന്ന് പറയേണ്ടതില്ലല്ലോ.
ബീജ് ഫ്ലാഗ് (Beige Flag): ഈ മനുഷ്യൻ ഇതെന്താ ഇങ്ങനെ?
ഇത് ദോഷമൊന്നുമില്ലാത്ത, എന്നാൽ, കുറച്ച് വിചിത്രമായ സ്വഭാവങ്ങളാണ്. ഉദാഹരണത്തിനു ഒന്നിച്ച് സിനിമ കാണുമ്പോൾ ഉറങ്ങിപ്പോവുക, അല്ലെങ്കിൽ എല്ലാ ഭക്ഷണത്തിലും എരിവ് കൂടുതൽ വേണമെന്ന് നിർബന്ധം പിടിക്കുക തുടങ്ങിയ ‘ക്യൂട്ട്’ ആയ പ്രത്യേകതകളാണിത്. ഇവിടെയും കമ്മ്യൂണിക്കേഷൻ തന്നെയാണ് പ്രധാനം.
ബ്ലൂ ഫ്ലാഗ് (Blue Flag): നമുക്ക് ഒരുമിച്ച് വളരാം
ഇത് നെഗറ്റീവ് സൂചനകളല്ല, മറിച്ച് പങ്കാളികൾക്ക് ഒരുമിച്ച് വളരാൻ കഴിയുന്ന മേഖലകളാണ്. ഉദാഹരണത്തിന്, കരിയറിലെ അനിശ്ചിതത്വം അല്ലെങ്കിൽ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ഉണ്ടാകുന്ന വെല്ലുവിളികൾ എന്നിവയൊക്കെ തരണം ചെയ്യുന്ന രീതി. ഇവിടെ പരസ്പരം താങ്ങായി നിൽക്കുകയാണ് വേണ്ടത്.
പർപ്പിൾ ഫ്ലാഗ് (Purple Flag): ഇന്നലെ സ്നേഹം, ഇന്ന് പുച്ഛം!
മൂഡ് മാറുന്നത് അനുസരിച്ച് പെരുമാറുന്ന രീതിയാണിത്. ഒരു ദിവസം ലോകത്തിലെ ഏറ്റവും വലിയ സ്നേഹം പ്രകടിപ്പിക്കും, തൊട്ടടുത്ത ദിവസം കണ്ട ഭാവം പോലും നടിക്കില്ല. ഈ ‘ഹോട്ട് ആൻഡ് കോൾഡ്’ കളി പങ്കാളിയെ മാനസികമായി തളർത്തും.
ബ്ലാക്ക് ഫ്ലാഗ് (Black Flag): ഇനിയൊരു തിരിച്ചുപോക്കില്ല!
ഇതൊരു ‘ഡീൽ ബ്രേക്കർ’ ആണ്. ബന്ധം ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത്. ശാരീരികമായ ഉപദ്രവം, അല്ലെങ്കിൽ ആവർത്തിച്ചുള്ള വഞ്ചന, നിങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തികൾ എന്നിവയൊക്കെ ‘കരിങ്കൊടികൾ’ ആണ്.
വൈറ്റ് ഫ്ലാഗ് (White Flag): തോൽവി സമ്മതിക്കൽ
ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ രണ്ടുപേർക്കും താല്പര്യമില്ലാത്ത അവസ്ഥയാണിത്. വഴക്ക് പോലും ഉണ്ടാക്കാൻ വയ്യാത്ത വിധം മടുപ്പ് തോന്നുന്ന അവസ്ഥയിലേക്ക് ചിലർ എത്താറുണ്ട്. ഇതിനെ വൈറ്റ് ഫ്ലാഗിന് കീഴിൽ നിർത്താം.
ചുരുക്കി പറഞ്ഞാൽ പച്ചക്കൊടികൾ ആഘോഷിക്കാം, മഞ്ഞയും ഓറഞ്ചും സംസാരിച്ച് തീർക്കാം, ചുവപ്പും കറുപ്പും വെള്ളയും കണ്ടാൽ സ്വയം സ്നേഹിക്കാൻ പഠിച്ച് അവിടെനിന്ന് മാറിനിൽക്കാം. തീരുമാനം നിങ്ങളുടേത് മാത്രമാണ് എന്നേയുള്ളൂ. എന്നിരുന്നാലും മേൽപറഞ്ഞ സിസ്റ്റം ഫോർമൽ സൈക്കോളജി പേപ്പറുകളിൽ നിന്നല്ല മറിച്ച് സമൂഹമാധ്യമങ്ങളിലെ കോണ്ടന്റുകളിലൂടെയെല്ലാം ഉരുത്തിരിഞ്ഞുവന്നതാണ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




