‘നിയമസഭയിലേക്കു മത്സരിക്കാഞ്ഞതെന്തേ?’
നടൻ സലിം കുമാറിനോടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘എനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടായിരുന്നെങ്കിൽ ഞാൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽതന്നെ മത്സരിക്കുമായിരുന്നില്ലേ’ എന്ന് സലിമിന്റെ മറുചോദ്യം. നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒരു പാർട്ടി വിട്ട് അടുത്ത പാർട്ടിയിലേക്കു ചേക്കേറുന്നവരെ വിമർശിക്കുമ്പോഴും ഇപ്പോൾ നിരന്തരം കേൾക്കുന്ന ഒരു വാചകമുണ്ട്– ‘അവർക്ക് പാർലമെന്ററി വ്യാമോഹമാണ്, അതാണു പാർട്ടി വിട്ടത്…!’ എന്ന്.
നിയമസഭാ തിരഞ്ഞെടുപ്പിനെപ്പറ്റി ചോദിക്കുമ്പോൾ പാർലമെന്റിനെപ്പറ്റി പറയുന്നോ എന്നു ചെറിയൊരു സംശയം തോന്നിയേക്കാം (പൊളിറ്റിക്സ് അരച്ചുകലക്കി കുടിച്ചവർക്ക് ആ സംശയം ഒരിക്കലും വരില്ല, പക്ഷേ…) എന്താണ് നിയമസഭാ തിരഞ്ഞെടുപ്പും പാർലമെന്ററി വ്യാമോഹവും തമ്മിലുള്ള ബന്ധം? നിയമസഭയുമായി മാത്രമല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലും ഒരാൾക്കു പാർലമെന്ററി വ്യാമോഹം ഉണ്ടായേക്കാം. അതെങ്ങനെയാണെന്നല്ലേ?
∙ മാർക്സും ക്രെറ്റിൻസും

ചരിത്രമന്വേഷിച്ചു പോയാൽ 1800കളിലെ കാൾ മാർക്സിന്റെ കാലത്തേക്കായിരിക്കും നമ്മളെത്തുക. 1852ൽ അദ്ദേഹം ‘The Eighteenth Brumaire of Louis Bonaparte’ എന്നൊരു പുസ്തകമെഴുതി. അതിലൊരു വാക്കുണ്ടായിരുന്നു– പാർലമെന്ററി ക്രെറ്റിനിസം (Parliamentary Cretinism). അന്ന് യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലും മാർക്സിന്റെ ജന്മനാടായ ജർമനിയിലും, നിലനിന്നിരുന്ന പാർലമെന്ററി സംവിധാനങ്ങളെ പരിഹസിക്കാനായിരുന്നു അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചത്. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ തെരുവിൽ പരിഹരിക്കപ്പെടുന്നതിന് പകരം, പാർലമെന്റിനുള്ളിലെ ചർച്ചകളിലൂടെ മാത്രമേ മാറ്റം വരൂ എന്ന് വിശ്വസിക്കുന്നവരെ അദ്ദേഹം ബുദ്ധിശൂന്യർ അഥവാ ക്രെറ്റിൻസ് (Cretins) എന്നാണ് തന്റെ പുസ്തകത്തിലൂടെ വിശേഷിപ്പിച്ചത്. അന്നത് വലിയ ചർച്ചയാവാതെ പോയി. ഇനി നമുക്ക് റഷ്യയിലേക്കു പോകാം. കമ്യൂണിസ്റ്റ് ആചാര്യനായ മാർക്സിന്റെ പുസ്തകം റഷ്യൻ വിപ്ലവനേതാവായ വ്ളാഡിമിർ ലെനിനും വായിച്ചിരുന്നു. പാർലമെന്ററി ക്രെറ്റിനിസം എന്ന വാക്ക് അദ്ദേഹം അന്നേ മനസ്സിലിട്ടു വച്ചു. അതിനു കാരണവുമുണ്ടായിരുന്നു.
∙ പേരൊക്കെ കൊള്ളാം, പക്ഷേ…
സാർ ചക്രവർത്തിക്കെതിരെ 1917ൽ നടന്ന വമ്പൻ വിപ്ലവത്തിന് മുൻപുതന്നെ, 1905ൽ റഷ്യയിൽ ഒരു ജനകീയ പ്രക്ഷോഭം നടന്നിരുന്നു. സാറിന്റെ പരമാധികാരത്തെ എതിർത്തായിരുന്നു പ്രക്ഷോഭം. ഇതിനെത്തുടർന്ന് ജനരോഷം തണുപ്പിക്കാനായി സാർ നിക്കോളാസ് രണ്ടാമൻ ചക്രവർത്തി ചില വിട്ടുവീഴ്ചകൾക്ക് തയാറായി. അങ്ങനെയാണ് റഷ്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി സഭയായ ‘സ്റ്റേറ്റ് ഡ്യൂമ’ നിലവിൽ വന്നത്. പക്ഷേ, ‘സ്റ്റൈലൻ’ പേരു മാത്രമേയുള്ളൂ, ഡ്യൂമയ്ക്കു കാര്യമായ അധികാരമൊന്നുമുണ്ടായിരുന്നില്ല; അധികാരം സാർ ചക്രവർത്തിയുടെ കൈപ്പിടിയിൽതന്നെ തുടർന്നു.
ഡ്യൂമ ഏതെങ്കിലും നിയമം പാസാക്കിയാൽ അത് റദ്ദാക്കാൻ വരെ ചക്രവർത്തിക്ക് അധികാരമുണ്ടായിരുന്നു. ഇനിയിപ്പോൾ തനിക്ക് തോന്നിയ സമയത്ത് ഡ്യൂമ പിരിച്ചു വിടാനും ചക്രവർത്തിക്ക് സാധിച്ചു. ആദ്യത്തെ രണ്ടു ഡ്യൂമകളും ചക്രവർത്തി പെട്ടെന്നുതന്നെ പിരിച്ചുവിടുകയും ചെയ്തു. കാരണം, അതിലെ അംഗങ്ങൾ ചക്രവർത്തിയുടെ അധികാരത്തെ ചോദ്യം ചെയ്തത്രേ! ഈ സമയത്താണ് കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഒരു വിഭാഗം നിർണായക ചോദ്യമുന്നയിച്ചത്– ‘രാജാവിനു കീഴിൽ യാതൊരു അധികാരവുമില്ലാതെ ഡ്യൂമയിൽ തുടരണോ? ഡ്യൂമയിൽ പങ്കെടുക്കുന്നത് വിപ്ലവത്തെ തകർക്കും’ എന്നായിരുന്നു അവരുടെ പരാതി.
എന്നാൽ, ലെനിൻ പറഞ്ഞത് മറ്റൊന്നായിരുന്നു– ‘നമ്മൾ ഡ്യൂമയിൽ പങ്കെടുക്കണം. പക്ഷേ അവിടെ ഭരിക്കാനല്ല, മറിച്ച് സാർ ചക്രവർത്തിയുടെ കൊള്ളരുതായ്മകൾ ജനങ്ങളോട് വിളിച്ചു പറയാൻ ആ വേദി ഉപയോഗിക്കണം’. അതായത്, ഡ്യൂമയെ ഒരു വിപ്ലവ ഉപകരണമായി കാണണം എന്നതായിരുന്നു ലെനിന്റെ പക്ഷം. പക്ഷേ, ഇതിന് വിപരീതമായി, ഡ്യൂമയിലേക്ക് മത്സരിക്കാനും അതിലെ അംഗങ്ങളായി കസേരയിൽ ഞെളിഞ്ഞിരിക്കാനും ചക്രവർത്തിയുമായി ഒത്തുതീർപ്പിലെത്താനും ചിലരെങ്കിലും ആഗ്രഹിച്ചു. അവരുടെ ആ നീക്കത്തെ ‘നാശത്തിലേക്കാണു നിങ്ങളുടെ പോക്ക്’ എന്ന മട്ടിൽ ലെനിൻ മനസ്സിൽ കുറിച്ചിട്ടിരുന്നു.
എന്തായാലും വൈകാതെ സാർ ചക്രവർത്തിയെ അട്ടിമറിച്ച് 1917ൽ റഷ്യയിൽ കമ്യൂണിസ്റ്റ് ഭരണമെത്തി. റഷ്യയിൽ വിപ്ലവം വിജയിച്ചെങ്കിലും ജർമനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വിപ്ലവങ്ങൾ പരാജയപ്പെടുകയോ പാതിവഴിയിൽ എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുകയോ ആയിരുന്നു. മാത്രവുമല്ല ചിലർക്കെങ്കിലും വിപ്ലവത്തേക്കാളും അധികാരമോഹം പിടികൂടിത്തുടങ്ങിയിരുന്നോ എന്ന സംശയവും ലെനിനുണ്ടായി. ഇതെല്ലാം മുൻകൂട്ടിക്കണ്ട അദ്ദേഹം അവിടെയുള്ള കമ്യൂണിസ്റ്റ് പാർട്ടികളോട് സംസാരിക്കാനും, അധികാരസ്നേഹികളായ നേതാക്കളെ തിരുത്താനും ഒരു പുസ്തകം എഴുതി– ‘Left-Wing Communism: An Infantile Disorder’ അഥവാ ‘ഇടതുപക്ഷ കമ്യൂണിസം: ഒരു ബാലാരിഷ്ടത’ എന്നായിരുന്നു പേര്. പുസ്തകത്തില് അധികാരമോഹത്തെ വിശേഷിപ്പിക്കാൻ ഒരു വാക്ക് തേടി ലെനിന് അധികം ചിന്തിക്കേണ്ടി വന്നില്ല; പണ്ട് മാർക്സ് എഴുതിവച്ചിരുന്ന ‘പാർലമെന്ററി ക്രെറ്റിനിസം’ എന്ന വാക്ക് കൃത്യമായിത്തന്നെ പ്രയോഗിച്ചു. വിപ്ലവം മറന്ന് അധികാരത്തിനു പിന്നാലെ പോകുന്നത് ബുദ്ധിശൂന്യത ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ആ വാക്കു കൊള്ളേണ്ടയിടങ്ങളിലെല്ലാം കൊണ്ടു. പക്ഷേ റഷ്യയിൽനിന്ന് കേരളത്തിലേക്കെത്തിയപ്പോൾ ആ വാക്കിന്റെ ‘ലെവൽ’തന്നെ മാറിപ്പോവുകയായിരുന്നു.
∙ ബുദ്ധിമാന്ദ്യം വ്യാമോഹമായി!
1930കളിൽ കേരളത്തിലെ കോൺഗ്രസിനുള്ളിൽതന്നെ രൂപപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്പി) വിഭാഗമാണ് മാർക്സിയൻ ആശയങ്ങൾ കേരളത്തിൽ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയത്. കമ്യൂണിസ്റ്റ് ആചാര്യന്മാരായ ഇഎംഎസ്, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ തുടങ്ങിയവരായിരുന്നു ഇതിന്റെ മുൻനിരയിൽ. ലെനിന്റെയും മാർക്സിന്റെയും കൃതികൾ ഇംഗ്ലിഷിൽ വായിച്ചിരുന്ന ഇവർ, മലയാളത്തിലേക്കും വ്യാപകമായി തർജമ ചെയ്തു. അങ്ങനെയിരിക്കെ, 1957ൽ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത് ആ തിരഞ്ഞെടുപ്പിലൂടെയായിരുന്നു.
വിപ്ലവത്തിലൂടെ അധികാരം പിടിക്കണം എന്നതായിരുന്നു കമ്യൂണിസ്റ്റ് ലക്ഷ്യം. എന്നാൽ, ജനാധിപത്യത്തിന്റെ ഭാഗമായി ഭരണം നടത്തണമെന്ന് ഒരുവിഭാഗം വാദിച്ചു തുടങ്ങിയിരുന്നു. ഇതു പാർട്ടിയിൽ വലിയ തർക്കങ്ങളുണ്ടാക്കി. ഭരണത്തിന്റെ സുഖസൗകര്യങ്ങളിൽ മയങ്ങി വിപ്ലവ ലക്ഷ്യങ്ങൾ പ്രവർത്തകർ മറന്നുപോകുമോ എന്നായിരുന്നു നേതാക്കളുടെ ആശങ്ക. ഈ ആശങ്ക പ്രവർത്തകരിലേക്കു കൃത്യമായി പങ്കുവയ്ക്കാൻ ഒരു വാക്കു തേടി നടന്ന നേതാക്കളുടെ കണ്ണിൽ ലെനിന്റെ പുസ്തകവും അതിനകത്തെ ‘പാർലമെന്ററി ക്രെറ്റിനിസം’ എന്ന വാക്കും പെട്ടു.
വിപ്ലവകാരികൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിന് പകരം അധികാരക്കസേരയ്ക്കു പിന്നാലെ പോകുന്നത് ഒരുതരം ‘ബുദ്ധിമാന്ദ്യം’ ആണെന്നായിരുന്നു ‘ക്രെറ്റിനിസം’ എന്ന വാക്കിലൂടെ ലെനിൻ വിമർശിച്ചത്. എന്നാൽ, ലെനിന്റെ കൃതി മലയാളത്തിലേക്കു മാറ്റിയപ്പോൾ വിവർത്തനം ചെയ്തവർക്ക് ഒരു സംശയം. ‘പാർലമെന്ററി ബുദ്ധിമാന്ദ്യം’ എന്നു പറഞ്ഞാൽ അതിന്റെ അർഥം കൃത്യമായി മറ്റുള്ളവർക്കു മനസ്സിലാകുമോ? അങ്ങനെയാണ് നേരിട്ടുള്ള വിവർത്തനത്തിനു പകരം ആ വാക്ക് പ്രയോഗിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി വിവർത്തകർ ആലോചിച്ചത്. പാർലമെന്ററി ഭ്രമം അല്ലെങ്കിൽ വ്യാമോഹം എന്ന വാക്ക് അവർക്കു മികച്ചതായി തോന്നി. ഒരാൾ യാഥാർത്ഥ്യം മറന്ന് ഒരു കാര്യത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നതിനെയാണല്ലോ നമ്മൾ ‘വ്യാമോഹം’ എന്ന് വിളിക്കുന്നത്. വിപ്ലവത്തെ മറന്ന് അധികാരത്തിനു പിന്നാലെ പായുന്നതിനെ വ്യാമോഹം എന്നല്ലാതെ മറ്റെന്തു വിളിക്കാൻ!
അങ്ങനെ മാർക്സിന്റെയും ലെനിന്റെ കൃതികളുടെ തര്ജമയിലൂടെ മലയാളത്തിലേക്ക് പുതിയൊരു വാക്കു കടന്നു വന്നു– ‘പാർലമെന്ററി വ്യാമോഹം’. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം, സിപിഎ ആയതോടെ ഈ വാക്ക് കേരളത്തിലങ്ങോളമിങ്ങോളം ആദ്യമായി നിരന്തരം മുഴങ്ങാൻ തുടങ്ങി. പാർട്ടിക്ക് വിപ്ലവവീര്യം നഷ്ടപ്പെട്ടുവെന്നും പാർലമെന്ററി വ്യാമോഹത്തിന് പാർട്ടി അടിപ്പെട്ടുവെന്നുമായിരുന്നു ഇരുവിഭാഗത്തിന്റെയും നിരന്തര വിമർശനം. അതിനു പിന്നാലെ പാർട്ടി ക്ലാസുകളിലൂടെയും പൊതുസമ്മേളനങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ഈ വാക്ക് പടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു യോഗങ്ങളിലൂടെയും വാര്ത്താ സമ്മേളനങ്ങളിലൂടെയും ദിവസവും ഒരു തവണയെങ്കിലും നമ്മൾ ഈ വാക്കു കേൾക്കുന്നില്ലേ! ‘വ്യാമോഹം’ എങ്ങനെയാണു ‘പാർലമെന്ററിയിലേക്കു’ വന്നതെന്നു മനസ്സിലായില്ലേ? ഇനി നിയമസഭാ തിരഞ്ഞെടുപ്പും പാർലമെന്ററിയും തമ്മിലുള്ള ബന്ധം കൂടി നോക്കാം.
∙ പാര്ലമെന്റും പാര്ലമെന്ററിയും!
ലണ്ടനിലെ ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിന്റെ പേരാണ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം (Palace of Westminster). അവിടെ നിന്നാണ് പാർലമെന്ററി ഭരണക്രമം (Parliamentary System of Government) എന്ന രീതി ലോകമെമ്പാടും പ്രചരിച്ചത്. ഇന്ത്യ പണ്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതുകൊണ്ട്, സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നമ്മൾ സ്വീകരിച്ചതും ഇതേ ഭരണരീതിയായിരുന്നു. അമേരിക്കയിലൊക്കെ പ്രസിഡൻഷ്യൽ രീതിയിൽ പ്രസിഡന്റിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുകയാണ്. എന്നാൽ, വെസ്റ്റ്മിൻസ്റ്റർ രീതിയിൽ ജനം ആദ്യം തിരഞ്ഞെടുക്കുന്നത് എംപിമാർ, എംഎൽഎമാർ തുടങ്ങിയ അംഗങ്ങളെയാണ്. ഈ അംഗങ്ങളില് ഭൂരിപക്ഷമുള്ള പാർട്ടിയിൽനിന്നാണ് ഭരണത്തലവന് അഥവാ പ്രധാനമന്ത്രി/മുഖ്യമന്ത്രിയുടെ വരവ്.
ഈ സംവിധാനത്തിന് രണ്ട് തലവന്മാരുണ്ടാകും. പേരിനു മാത്രം അധികാരം ഉള്ള ഒരാൾ– ബ്രിട്ടനിൽ അത് രാജാവ് അല്ലെങ്കില് രാജ്ഞിയാണ്. ഇന്ത്യയിൽ അത് രാഷ്ട്രപതി, സംസ്ഥാനങ്ങളിൽ ഗവർണറും. പക്ഷേ രാജ്യത്തും സംസ്ഥാനങ്ങളിലും ഭരണം നടത്താൻ തക്ക ‘പവർ’ യഥാക്രമം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ്. ഇവരാണ് ഭരണകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ഭരണഘടനയനുസരിച്ചുള്ള അധികാരം രാഷ്ട്രപതി/ ഗവർണർക്കാണെങ്കിലും, യഥാർഥ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി/മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണെന്നു ചുരുക്കം. കേന്ദ്രത്തിലെ പാർലമെന്റും കേരളത്തിലെ നിയമസഭയും പ്രവർത്തിക്കുന്നത് ഒരേ ‘വെസ്റ്റ്മിൻസ്റ്റർ’ രീതിയിലാണ്. പാർലമെന്റിൽ എങ്ങനെയാണോ കാര്യങ്ങൾ നടക്കുന്നത്, അതിന്റെ അതേ കോപ്പിയാണ് നിയമസഭയിലും നടക്കുന്നത്.
എംഎൽഎ ആകാൻ ഒരാൾ ആഗ്രഹിക്കുമ്പോഴും അയാൾ ഈ ‘പാർലമെന്ററി സിസ്റ്റത്തിന്റെ’ ഭാഗമാകാനാണ് ശ്രമിക്കുന്നത്. എംപിയായാലും എംഎൽഎ ആയാലും ഇരുകൂട്ടർക്കും പാർലമെന്റേറിയൻ എന്നാണു വിശേഷണം. അതുകൊണ്ടാണ് നിയമസഭയിലേക്കു മത്സരിക്കാൻ ആഗ്രഹിച്ചാലും അതിനെ പാർലമെന്ററി വ്യാമോഹം എന്നു വിളിക്കുന്നത്. പാർട്ടികളിൽ മാത്രമല്ല വിവിധ സംഘടനകളുടെയോ കൂട്ടായ്മകളുടെയോ കോളജുകളിലെയോ തിരഞ്ഞെടുപ്പുകളിൽ പോലും ഇന്ന് മറുകണ്ടം ചാടുന്നവരെ സൂചിപ്പിക്കാൻ ‘പാർലമെന്ററി വ്യാമോഹി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്നുണ്ട്. അത് അവർ പാർലമെന്റേറിയൻ ആയതുകൊണ്ടല്ല, അധികാരത്തോടുള്ള കൊതി സൂചിപ്പിക്കാൻ ഇന്ന് സർവത്ര പ്രയോഗിക്കുന്ന ഒരു വാക്കായി ഇതു മാറിയതുകൊണ്ടാണ്. ഒരു വാക്ക് പോയ പോക്കേ…!
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




