ഓൺലൈൻ കാമുകിയെ നേരിൽ കാണാനും വിവാഹം കഴിക്കാനും വേണ്ടി തന്റെ സമ്പാദ്യമെല്ലാം വിറ്റുപെറുക്കി 1,200 മൈൽ ദൂരം സഞ്ചരിച്ച ബ്രസീൽ സ്വദേശി എഡിമർ മാർട്ടിൻസിന്റെ കഥ അടുത്തിടെയാണ് നമ്മൾ വായിച്ചത്. കെട്ടിട നിർമാണ തൊഴിലാളിക്ക് സംഭവിച്ച ഈ അമളി അറിഞ്ഞവരും ചിരിച്ചു, കാരണം അയാളുടെ കാമുകി ‘എഐ’ ആയിരുന്നു! പക്ഷേ, വെറുതെ ചിരിച്ചു തള്ളാനുള്ളതല്ല, ബ്രസീലിലെ ഈ വാർത്ത, മറിച്ച് ഇതൊരു
മുന്നറിയിപ്പാണ്.
ഡേറ്റിംഗ് ആപ്പുകൾ സജീവമാകുന്ന കാലമാണിത്. മിക്കവര്‍ക്കും ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ടും ഉണ്ടാകും. എന്നാൽ, വ്യാജ ഫോട്ടോയും വിവരങ്ങളും ഉപയോഗിച്ച് നിർമിച്ചതോ അല്ലെങ്കിൽ എഐ ചാറ്റ്ബോട്ടിനോടോ ആണ് നമ്മൾ സംസാരിക്കുന്നതെങ്കിലോ? വൈകാരികമായി അടുത്തു കഴിഞ്ഞാണ് എഐ കമിതാവിനെക്കുറിച്ച് അറിയുന്നതെങ്കിലോ? ചിലപ്പോൾ സമനില വരെ തെറ്റിയേക്കാം അല്ലേ…
അതുകൊണ്ട് ചാറ്റ്ഫിഷിങ്ങിൽ തലവച്ചുകൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
അപ്പോൾ എന്താണ് ചാറ്റ്ഫിഷിംഗ് എന്ന സംശയം ഉദിച്ചോ?
ഉത്തരമിതാ…
ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളിലോ സോഷ്യൽ മീഡിയയിലോ ചാറ്റ് ചെയ്യുമ്പോൾ, സ്വന്തമല്ലാത്ത വ്യാജ ചിത്രങ്ങളും ഫാബ്രിക്കേറ്റഡ് പ്രൊഫൈലും ഉപയോഗിച്ച് ഒരാളുമായി സൗഹൃദത്തിലാവുകയും പിന്നീട് തുടർച്ചയായ ചാറ്റുകളിലൂടെ അവരെ പ്രണയക്കെണിയിൽ വീഴ്ത്തുകയും ചെയ്യുന്ന രീതിക്കാണ് ചാറ്റ്ഫിഷിംഗ് അല്ലെങ്കിൽ ചാറ്റിഫിഷിംഗ് എന്നുപറയുന്നത്. ഇതിനു പുറമേ സംഭാഷണത്തിനായി എഐ ഉപയോഗിക്കുമ്പോഴും ചാറ്റ്ഫിഷിംഗ് എന്നുപറയാറുണ്ട്.
ചാറ്റിഫിഷിംഗ് നടത്തുന്നവർ, എത്ര കാലം സംസാരിച്ചാലും നേരിട്ട് കാണാനോ വിഡിയോ കോൾ ചെയ്യാനോ സമ്മതിക്കില്ല. ക്യാമറ കേടാണെന്നോ, നെറ്റ്വർക്ക് ഇല്ലെന്നോ പറഞ്ഞ് തടിതപ്പുന്നതാണ് പതിവ്. ചുരുങ്ങിയ സമയത്തെ ചാറ്റിംഗ് കൊണ്ടുതന്നെ അതിരറ്റ സ്നേഹവും വിശ്വാസവും നൽകും. അങ്ങനെയാണ് ഇരയെ കെണിയിൽ വീഴ്ത്തുന്നത്. ഇങ്ങനെ ചതിയുടെ വഴിയിലൂടെ പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. വിശ്വാസം നേടി കഴിഞ്ഞാൽ സാമ്പത്തിക സഹായം ചോദിക്കുകയോ, വ്യാജ ക്രിപ്റ്റോ/ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയോ ചെയ്യും.
2025-ൽ ഡേറ്റിംഗ് പ്ലാറ്റ്ഫോമായ മാച്ചും കിൻസി ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠന റിപ്പോർട്ടുകൾ പ്രകാരം, ഡേറ്റിംഗ് രംഗത്ത് എഐ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അവിവാഹിതരായ 26 ശതമാനം പേരും ഡേറ്റിംഗ് ഭാഷ മെച്ചപ്പെടുത്താനായി എഐ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തി. മുൻ വർഷത്തേക്കാൾ 300 ശതമാനത്തിലധികമാണ് ഈ കണക്ക്! നോർട്ടൺ നടത്തിയ സർവേയിൽ, ഡേറ്റിംഗ് ആപ്പിലെ 60 ശതമാനം പേർക്കും എഐ നിർമിത സന്ദേശങ്ങൾ ലഭിച്ചെന്ന സംശയം
പ്രകടിപ്പിച്ചിട്ടുണ്ട്.
ചാറ്റ്ഫിഷിംഗ് എങ്ങനെ തിരിച്ചറിയാം?
എഐ നിർമിത സന്ദേശങ്ങൾ കണ്ടെത്താൻ വഴികളില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം മനസിലാക്കാം.
∙ നേരിട്ട് സംസാരിക്കുന്നതും ചാറ്റിലെ ടോണും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക.
∙ എല്ലാ മറുപടികളും മുൻകൂട്ടി തയ്യാറാക്കിയതോ മിനുക്കിയെടുത്തതോ പോലെ തോന്നാം.
. മനോഹരമായ ഉപദേശങ്ങൾ നൽകുമെങ്കിലും, തങ്ങളുടേതായി പറയുന്ന അനുഭവങ്ങളെയോ താല്പര്യങ്ങളെയോ കുറിച്ച് ചോദിച്ചാൽ വ്യക്തതയില്ലാതെ ഒഴിഞ്ഞുമാറും.
∙ ഓൺലൈനിൽ ചാറ്റിംഗ് തുടരുമെങ്കിലും, ഫോൺ കോളുകളോ സുരക്ഷിതമായ നേരിട്ടുള്ള കൂടിക്കാഴ്ചകളോ വരുമ്പോൾ അതിനെ ശക്തമായി പ്രതിരോധിക്കും.
മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാ സാഹചര്യത്തിലും ചാറ്റ്ഫിഷിംഗ് ആകണമെന്നില്ല. ഈ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിൽ ചാറ്റ്ഫിഷിങ്ങിന് ഇരയാണോയെന്ന് സംശയിക്കണം.
ഇന്ത്യയിൽ ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ എവിടെ ബന്ധപ്പെടണം? 1930 സൈബർ ഹെൽപ്പ്ലൈൻ നമ്പർ അല്ലെങ്കിൽ cybercrime.gov.in
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




