സിനിമാ താരങ്ങളെ പോലെയും മോഡലുകളെ പോലെയും വസ്ത്രത്തിന് പ്രാധാന്യം നൽകുന്നവരാണ് രാഷ്ട്രീയ നേതാക്കൾ. ഭംഗിക്ക് അപ്പുറത്തേക്ക് അധികാരം, ലാളിത്യം, രാജ്യസ്നേഹം, അല്ലെങ്കിൽ നയം എന്നിവയെക്കുറിച്ച് വ്യക്തമായ സന്ദേശങ്ങളാണ് വസ്ത്രധാരണത്തിലൂടെ നേതാക്കൾ നൽകുന്നത്. ‘ഫാഷൻ ഡിപ്ലോമസി’, ‘പവർ ഡ്രസിംഗ്’ എന്നിങ്ങനെയൊക്കെയാണ് ഫാഷൻ ലോകത്ത് ഇതിനെ വിശേഷിപ്പിക്കുന്നത്.
സ്വദേശി–വിദേശി നേതാക്കളുടെ വസ്ത്രധാരണ രീതികളെ കുറിച്ചുള്ള ചർച്ചകൾ ഏറെ കാലമായി സജീവമാണ്. സമീപകാലത്ത് അമേരിക്കയിലെ സ്ത്രീകളെയും പ്രസിഡന്റിന്റെ കുടുംബത്തെയും സ്വാധീനിക്കുന്ന ഇറുകിയ ‘ഗാലക്സി ഡ്രസ്’ ചർച്ചകളിൽ ഇടം നേടിയിരുന്നു. പവർ ഡ്രസ്സിംഗിൽ ഒരു പ്രധാനിയാണ് ഗാലക്സി ഡ്രസ്സും അതിന്റെ അപരന്മാരും.
നിർമാണം നിലച്ചെങ്കിലും അമേരിക്കൻ സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെ അടയാളമാകുന്ന ഈ വസ്ത്രത്തെക്കുറിച്ചും പവർ ഡ്രസ്സിംഗിൽ അതിനുള്ള പങ്കിനെക്കുറിച്ചും നോക്കാം.
ഇത് ‘ഓൾഡ് ജെൻ’!
സ്ത്രീകളുടെ ശരീരഘടനയെ ഏറ്റവും മനോഹരമായി എടുത്തു കാണിക്കുന്ന ‘ബോഡി കോൺ’ ട്രെൻഡിന് അടിത്തറയിട്ട വസ്ത്രങ്ങളിലൊന്നാണ് ഗാലക്സി ഡ്രസ്. ഫ്രഞ്ച് ഫാഷൻ ഡിസൈനറായ റോലൻഡ് മൗറേ 2005ലാണ് ഗ്യാലക്സി ഡ്രസ് ലോകത്തിന് പരിചയപ്പെടുത്തിയത്.
ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന രീതിയും പുറകിലത്തെ സിപ്പും ‘ലഞ്ച് നെക്ക് ലൈനു’മായിരുന്നു ഗ്യാലക്സിയുടെ പ്രത്യേകത. ചിലർ വസ്ത്രത്തിന്റെ പിന്നിലെ സിപ് ഒഴിവാക്കിയും ഇത് ധരിച്ചിരുന്നു. കട്ടിയുണ്ടെങ്കിലും നന്നായി വലിഞ്ഞുനിൽക്കുന്ന തുണിയാണ് ഗാലക്സി ഡ്രസിനായി ഉപയോഗിച്ചത്. അതിനാൽ പ്രത്യേക ഷെയ്പ് വെയറുകളുടെ ആവശ്യമില്ലാതെ തന്നെ ശരീരത്തിന് കൃത്യമായ ഭംഗി നൽകുന്നു. ഇത് 1950-കളിലെ ഹോളിവുഡ് നടിമാരുടെ ശരീരവടിവിനെ ഓർമിപ്പിക്കും വിധത്തിലുള്ള ഇടുങ്ങിയ അരക്കെട്ടും ബോഡി ഷേപും ക്ലാസിക് ലുക്കും നൽകി.

പുരുഷന്മാരുടെ സ്യൂട്ടുകൾ പോലെ തന്നെ സ്ത്രീകൾക്ക് ഓഫിസുകളിലും ഔദ്യോഗിക ചടങ്ങുകളിലും ആത്മവിശ്വാസത്തോടെ ധരിക്കാൻ കഴിയുന്ന പവർ ഔട്ട്ഫിറ്റ് നിർമിക്കുകയായിരുന്നു റോലൻഡ് മൗറേയുടെ ലക്ഷ്യം. വൈകാതെ അദ്ദേഹത്തിന്റെ ഗാലക്സി ഫാഷൻ ലോകത്തെ കീഴ്പ്പെടുത്തി.

2005ൽ ഈ വസ്ത്രം വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെ വിക്ടോറിയ ബെക്കാം, കാമറൂൺ ഡയസ്, ഹാൾ ബെറി, ഡിറ്റ വോൺ ടീസെ, സ്കാർലറ്റ് ജോഹാൻസൺ തുടങ്ങിയ പ്രമുഖ താരങ്ങൾ റെഡ് കാർപറ്റിലും പൊതുപരിപാടികളിലും തുടർച്ചയായി ഇത് അണിഞ്ഞെത്തി. അതിനുശേഷമുള്ള മാസങ്ങളിൽ ഒരു പത്രമോ ഫാഷൻ മാഗസിനോ തുറന്നാൽ ഗാലക്സി ഡ്രസ് ധരിച്ച ഏതെങ്കിലും ഒരു ഹോളിവുഡ് താരത്തിന്റെ ചിത്രം കാണാം എന്ന അവസ്ഥയുണ്ടായി.
ഇന്നും സ്വാധീനം ഉറപ്പിച്ച് ഗാലക്സി ‘മോഡൽ’ ഡ്രസ്
വർഷങ്ങൾക്കിപ്പുറം ഇന്ന് പുതിയ ഗാലക്സി ഡ്രസുകൾ വിപണിയിൽ ലഭ്യമല്ലെങ്കിലും അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഷീത്ത് ഡ്രസുകളും ബോഡികോൺ ഡ്രസുകളും പ്രചാരത്തിലുണ്ട്. ഗാലക്സി ഡ്രസിന്റെ മാതൃകയിലുള്ള ഷീത്ത് വസ്ത്രങ്ങളാണ് അധികംപേരും ഇഷ്ടപ്പെടുന്നത്.
ട്രംപ് കുടുംബത്തിലെ സ്ത്രീകളായ മെലാനിയ, ഇവാങ്ക, ലാറ ട്രംപ് എന്നിവർ ഇത്തരം ഡ്രസുകൾ ധരിക്കാറുണ്ട്. 50കളിലെ സ്ത്രീകളുടെ ശരീരവടിവും ഗാലക്സി ഡ്രസും ട്രംപ് കുടുംബത്തിനെയും സ്വാധീനിക്കുന്നുവെന്നാണ് മൗറേ പറയുന്നത്. ഫാഷൻ എന്നത് എക്കാലത്തും അതത് കാലത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്ന് മൗറേ വിശ്വസിക്കുകയും ചെയ്യുന്നു.



പവർ ഡ്രസിംഗിന്റെ ‘പവർ’
തൊഴിലിടങ്ങളിലോ ബിസിനസ്സ് രംഗത്തോ ഒരാളുടെ ആത്മവിശ്വാസവും ആധികാരികതയും പദവിയും പ്രകടമാക്കുന്ന രീതിയിലുള്ള പ്രൊഫഷണൽ വസ്ത്രധാരണ ശൈലി എന്ന് പവർ ഡ്രസിംഗിനെ വിശേഷിപ്പിക്കാം. ഇത് കേവലം ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതല്ല, മറിച്ച് മറ്റുള്ളവരിൽ ബഹുമാനവും ഗൗരവവും ജനിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ്.
ഗാലക്സി ഡ്രസ് അതിന് മികച്ചൊരു തിരഞ്ഞെടുപ്പായി വന്നു. സെലിബ്രിറ്റികളും പ്രമുഖരും മാത്രം അണിഞ്ഞിരുന്ന ഒരു ഹൈ-എൻഡ് ലക്ഷ്വറി വസ്ത്രമായിരുന്നു ഗാലക്സി ഡ്രസ്. ബ്രിട്ടീഷ് രാജകുടുംബാംഗം മെഗൻ മാക്കൾ, വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടൺ, മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമ തുടങ്ങിയവർ ഗാലക്സി ഡ്രസ് ധരിച്ച് ലോകശ്രദ്ധ നേടിയിട്ടുണ്ട്.
പ്രീമിയം മെറ്റീരിയലും, ‘പവർ മെഷ്’ സ്ട്രെച്ച് ലൈനിംഗും ഉപയോഗിക്കുന്നതിനാൽ ധരിക്കുന്നയാളുടെ ശരീരത്തിലെ അധിക കൊഴുപ്പുകളെ മറച്ച് ഇടുങ്ങിയ അരക്കെട്ടോടെ ഷേപ്പ് നൽകി സ്ത്രീകൾക്ക് അസാധ്യമായ ആത്മവിശ്വാസമാണ് ഗാലക്സി ഡ്രസ് നൽകുന്നത്. ഇത് തന്നെയാണ് ഗാലക്സി ഡ്രസിനെ എക്കാലത്തെയും വലിയ ഐക്കണിക് പവർ ഡ്രസ് ഡിസൈനുകളിൽ ഒന്നാക്കി മാറ്റിയതും.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




