240
Views

ഓരോ മാസവും വിവിധ ആവശ്യങ്ങൾക്ക് പണം തികയാതെ ബുദ്ധിമുട്ടുന്നവർ നമുക്കിടയിലുണ്ട്. “കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല” എന്ന സ്ഥിരം പരാതിക്ക് ഒടുവിൽ, മാസാവസാനമാകുമ്പോൾ സുഹൃത്തുക്കളോടോ മറ്റോ കടം വാങ്ങേണ്ട സാഹചര്യവും നേരിടേണ്ടി വരാം.

എങ്ങനെ ഈ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാം? കിട്ടുന്ന പണം കൈയിൽ നിൽക്കാതെ ചിലവായി പോകുന്നതാകാം ഒരു റീസൺ. ചിലവ് ചുരുക്കൽ അതിന് ഒരു പരിഹാരമാണ് തീർച്ച. പക്ഷേ, നമുക്ക് സന്തോഷവും വേണ്ടേ?

സോഷ്യൽ മീഡിയയിലൂടെ തരംഗമായ ‘നോ സ്പെൻഡ് ചലഞ്ച്’ (No Spend Challenge) എന്ന വഴി ഒന്ന് പരിചയപ്പെട്ടാലോ?

എന്താണ് നോ സ്പെൻഡ് ചലഞ്ച്?

പണം തീരെ ചിലവാക്കാതിരിക്കാനുള്ള ഒരു വഴിയല്ല ഇത്. പകരം, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചിലവഴിച്ച്, അനാവശ്യ ഷോപ്പിംഗും മറ്റ് ചെലവുകളും സ്വയം നിയന്ത്രിക്കുന്ന ഒരു രീതിയാണിത്.

സാധാരണയായി ഒരു മാസത്തേക്കാണ് ഈ ചലഞ്ച് പരീക്ഷിക്കുന്നത്. സംഗതി വിജയിച്ചിട്ട് ഒരു വർഷം വരെ ഇത് തുടർന്നിട്ടുള്ളവരുമുണ്ട്.

അപ്പോൾ എങ്ങനാ, ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

ചലഞ്ച് തുടങ്ങുന്നതിന് മുൻപായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

  • വരവ്-ചെലവുകൾ വിലയിരുത്തുക: കഴിഞ്ഞ മാസങ്ങളിൽ എവിടെയൊക്കെയാണ് പണം കൂടുതൽ ചെലവായതെന്ന് പഠിക്കുക.
  • ഡിജിറ്റൽ സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുക: നിങ്ങളുടെ യു.പി.ഐ ഇടപാടുകളും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും പരിശോധിച്ചാൽ അനാവശ്യ ചെലവുകൾ എവിടെയൊക്കെയാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.
  • നിയന്ത്രിക്കേണ്ട മേഖലകൾ കണ്ടെത്തുക: ഏതൊക്കെ കാര്യങ്ങളിൽ ചെലവ് കുറയ്ക്കാമെന്ന് കൃത്യമായി പ്ലാൻ ചെയ്യുക.

സന്തോഷങ്ങൾ മാറ്റിവെച്ചല്ല ഈ ചലഞ്ച്!

നോ സ്പെൻഡ് ചലഞ്ച് എന്ന് കേൾക്കുമ്പോൾ എല്ലാ ആഗ്രഹങ്ങളും സന്തോഷങ്ങളും മാറ്റിവെക്കണമെന്ന് കരുതരുത്.

മുൻഗണന നൽകുക: ആരോഗ്യം, ജോലി, മറ്റ് അത്യന്താപേക്ഷിതമായ കാര്യങ്ങൾ എന്നിവയ്ക്ക് എപ്പോഴും മുഖ്യപരിഗണന നൽകണം.

ദൈനംദിന ജീവിതം സുഗമമായിരിക്കണം: ദിവസേനയുള്ള ആവശ്യങ്ങൾക്ക് മുടക്കം വരാത്ത രീതിയിലാകണം ബജറ്റ് ക്രമീകരിക്കേണ്ടത്.

ചെറിയ ചെലവുകളും പ്രധാനം: “ചെറിയ തുകയല്ലേ, കുഴപ്പമില്ല” എന്ന് വിചാരിക്കുന്നത് വലിയ അമളിയാണ്. ഒരു രൂപ ചെലവാക്കിയാൽ പോലും അത് കൃത്യമായി ഡയറിയിലോ ഫോണിലോ കുറിച്ച് വെക്കാൻ ശ്രദ്ധിക്കുക.

അനാവശ്യ ചെലവുകൾ കുറയ്ക്കാൻ 5 സൂപ്പർ ടിപ്സ്

  • ആപ്പ് നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക / അൺഇൻസ്റ്റാൾ ചെയ്യുക: ഫോണിലെ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുകയോ, ആവശ്യമില്ലാത്തപ്പോൾ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുക. ഓഫറുകൾ കാണുമ്പോൾ മാത്രം തോന്നുന്ന അനാവശ്യ ആഗ്രഹങ്ങളെ ഇതുവഴി ഒരു പരിധി വരെ തടയാം.
  • 48-മണിക്കൂർ റൂൾ പാലിക്കുക: അത്യാവശ്യമല്ലാത്ത എന്തെങ്കിലും ഓൺലൈനിൽ വാങ്ങാൻ തോന്നിയാൽ, ഉടൻ തന്നെ ഓർഡർ ചെയ്യാതെ കുറഞ്ഞത് 48 മണിക്കൂർ കാത്തിരിക്കുക. ഈ രണ്ട് ദിവസങ്ങൾക്ക് ശേഷം ചിന്തിക്കുമ്പോൾ ആ സാധനം വാസ്തവത്തിൽ ആവശ്യമുള്ളതാണോ ഇല്ലയോ എന്ന് നിങ്ങൾക്ക് താനെ മനസ്സിലാകും. വാങ്ങിക്കുന്ന വസ്തുവിന്റെ മൂല്യവും ​ഗുണമേന്മയും ഒപ്പം വിലയിരുത്തുക.
  • പുറത്തുനിന്നുള്ള ഭക്ഷണവും കോഫിയും കുറയ്ക്കുക: അടിക്കടിയുള്ള റെസ്റ്റോറന്റ് സന്ദർശനങ്ങളും, ഓൺലൈൻ ഫുഡ് ഡെലിവറികളും കഴിവതും ഒഴിവാക്കുക.
  • വീട്ടിലെ പാചകം ശീലമാക്കുക: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം വീട്ടിൽ തന്നെ രുചികരമായ ഭക്ഷണം പാചകം ചെയ്യുക. ഇത് ആരോഗ്യത്തിനും പോക്കറ്റിനും ഒരുപോലെ ഗുണം ചെയ്യും.
  • ഹാങ്ഔട്ടുകൾ സ്മാർട്ടാക്കുക: സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ചെലവേറിയ കഫേകൾക്കും റെസ്റ്റോറന്റുകൾക്കും പകരം ബജറ്റ് ഫ്രണ്ട്ലിയായ ചെറിയ കടകളോ ഔട്ട്ഡോർ സ്പോട്ടുകളോ തിരഞ്ഞെടുക്കുക. പണം ചിലവില്ലാത്ത എന്റർടെയ്ൻമെന്റുകൾ തിരഞ്ഞെടുക്കാം.

“ഇതൊക്കെ ചെയ്താൽ ശരിക്കും പണം ലാഭിക്കാൻ പറ്റുമോ?”

ഇങ്ങനെ സംശയിക്കുന്നവർക്കായി എല്ലാവരിലും ഇത് തുല്യമായിരിക്കല്ല എന്ന മുന്നറിയിപ്പോടെ ഒരു ചെറിയ കണക്ക് നോക്കാം.

ഓൺലൈൻ ഫുഡ് ഡെലിവറികൾ & കഫേകൾ: ആഴ്ചയിൽ 3 തവണ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും ഇടയ്ക്ക് കാപ്പി കുടിക്കുന്നതുമായി ഏകദേശം ₹2,000 രൂപ ചെലവാകുന്നു എന്ന് കരുതുക. ഇത് വീട്ടിലെ ഭക്ഷണത്തിലേക്കും ലളിതമായ ഒത്തുചേരലിലേക്കും മാറ്റിയാൽ പ്രതിമാസം കുറഞ്ഞത് ₹1000 ലാഭിക്കാൻ പറ്റുമായിരിക്കും.

അനാവശ്യ ഓൺലൈൻ ഷോപ്പിംഗ്: കൃത്യമായ പ്ലാനിങ് ഇല്ലാതെ വാങ്ങുന്ന വസ്ത്രങ്ങളും ഗാഡ്‌ജെറ്റുകളും മറ്റ് സാധനങ്ങളും വഴി മാസത്തിൽ കുറഞ്ഞത് ₹2,000 എങ്കിലും വെറുതെ കളയുന്ന ആളാണെങ്കിൽ. അത്രയും ലാഭിക്കാം.

ചെറിയ തുകകളുടെ ചോർച്ച: ദിവസവും വാങ്ങുന്ന ചെറിയ സ്നാക്കുകൾ, അനാവശ്യ സബ്‌സ്‌ക്രിപ്ഷനുകൾ എന്നിവയിലൂടെ ഏകദേശം ₹1,000 രൂപയോളം നഷ്ടപ്പെടുന്നുണ്ടെങ്കിൽ, കണ്ട്രോൾ ചെയ്താൽ അതും ലാഭം!

ഇത്തരം ചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ, ഒരു മാസം ₹4,000 മുതൽ ₹5,000 വരെ വളരെ അനായാസം നിങ്ങൾക്ക് സേവ് ചെയ്യാൻ സാധിക്കും!

നോ സ്പെൻഡ് ചലഞ്ച് ശീലമാക്കിയാൽ ഈ ചെറിയ സമ്പാദ്യം വലിയൊരു തുകയായി മാറുന്നത് നിങ്ങൾക്ക് കാണാം!

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
·
Article Categories:
Featured Posts · Utility

Leave your thought