mohanlal-bodyshaming-athimanoharam
444
Views

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടില്‍ റിലീസാകാൻ പോകുന്ന ചിത്രമാണ് ‘അതിമനോഹരം’. അതിലെ ആദ്യ ഗാനമായ ‘സുന്ദര രാവണൻ‘ ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിലെ പ്രധാന ചർച്ചയുമാണ്. എന്നാൽ, ഗാനത്തിന്റെ വരികളേക്കാളും ശ്രദ്ധ നേടിയ ഈണത്തേക്കാളും സാമൂഹമാധ്യമങ്ങളിൽ ചർച്ചയായതോ, മോഹൻലാലിന്റെ വേഷവും ശരീരപ്രകൃതിയും!

ടി. എസ്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഗാനം പുറത്തിറങ്ങിയതോടെ അതിലെ രംഗങ്ങളിൽ പൊലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിന്റെ വേഷവും ശരീരപ്രകൃതിയും ചൂണ്ടിക്കാട്ടി പരിഹസിച്ചും ബോഡി ഷെയ്മിങ് നടത്തിയും നിരവധി പോസ്റ്റുകളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

മലയാളത്തിന്റെ ‘സൂപ്പർതാര’ത്തിന് ശരീരത്തിന്റെ പേരിൽ പരിഹാസം നേരിടേണ്ടി വരുമ്പോൾ ഉയരുന്നത് ഒരു ചോദ്യമാണ്: നടനെയോ അഭിനയത്തെയോ വിലയിരുത്തേണ്ടത് ശരീരത്തിന്റെ അളവുകോൽ വെച്ചാണോ? അതോ കഥാപാത്രത്തിന്റെ വിശ്വാസ്യത വെച്ചോ?

പരിഹാസങ്ങൾ

‘വയറുള്ള പൊലീസുകാരൻ’, ‘മലയാള സിനിമയിൽ യൂണിഫോം ചേരാത്ത പൊലീസ് ഉദ്യോഗസ്ഥൻ’. ‘മോഹൻലാൽനെ പോലെ പൊലീസ് റോളിൽ ഇത്രയും അൺഫിറ്റ് ആയിട്ടുള്ള വേറൊരു മെയ്ൻസ്ട്രീം നടനും നിലവിൽ മലയാള സിനിമയിൽ ഇല്ല’ എന്നിങ്ങനെയുള്ള പരിഹാസങ്ങളാണ് ചിലർ ഉയർത്തിയത്. കഥാപാത്രത്തിന്റെ വേഷവിധാനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ തുടങ്ങി വ്യക്തിയുടെ ശരീരത്തെ ലക്ഷ്യമിടുന്ന അധിക്ഷേപങ്ങളിലേക്കും പല പ്രതികരണങ്ങളും നീണ്ടു.

എന്നാൽ, മോഹൻലാൽ ആദ്യമായല്ല പൊലീസ് യൂണിഫോമിൽ എത്തുന്നത്. ആക്ഷനുള്ളതും ശാരീരിക പ്രകടനത്തേക്കാൾ ബുദ്ധിയും നിരീക്ഷണശേഷിയും വൈകാരികമായ അഭിനയവുമെല്ലാം ഉള്ളതുമായ പൊലീസ് കഥാപാത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യൂണിഫോമിലും അല്ലാതെയും പൊലീസ് കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ കഥാപാത്രത്തിനനുസരിച്ചുള്ള വ്യത്യസ്ത ഇൻപുട്ടുകളും നടൻ നൽകിയിട്ടുണ്ട്.

സിനിമയിലെ പൊലീസിന്റെ ശരീരഘടനയ്ക്ക് നിശ്ചിത അളവുകോലുകളുണ്ടോ?

യഥാർഥ ജീവിതത്തിൽ പൊലീസ് സേനയിലുള്ളവരുടെ ശരീരപ്രകൃതിയും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണ്. സാധാരണക്കാരനായ ഒരു സബ് ഇൻസ്പെക്ടറുടെ ജീവിതവും കുടുംബബന്ധങ്ങളും ജോലിസമ്മർദങ്ങളും അവതരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നതെങ്കിൽ അതിന് ആവശ്യമായ ശരീരഭാഷയും വേഷവിധാനവും സ്വാഭാവികമായി മാറാം. അതിനെ ഒരു നടന്റെ ശരീരത്തെ അധിക്ഷേപിക്കാനുള്ള അവസരമാക്കേണ്ടതുണ്ടോ?

കഥാപാത്രത്തിന് ആവശ്യമായ ശരീരഭാഷയും അഭിനയശേഷിയും തമ്മിലുള്ള വ്യത്യാസമാണ് ഇത് ചർച്ച ചെയ്യുമ്പോൾ മനസ്സിലാക്കേണ്ടത്.

സിനിമയിൽ കഥാപാത്രങ്ങളെ വിമർശിക്കാം. വേഷവിധാനത്തെയും അഭിനയത്തെയും തിരക്കഥയെയും സംവിധാനത്തെയും ചോദ്യം ചെയ്യാം. കഥാപാത്രത്തിന് അനുസരിച്ച കാസ്റ്റിംഗ് അല്ല എങ്കിൽ അതും. എന്നാൽ, അതിനപ്പുറം ഒരു വ്യക്തിയുടെ ശരീരത്തെ പരിഹസിക്കുന്നത് ആരോഗ്യകരമായ സിനിമാ ചർച്ചയല്ല. മോഹൻലാലിന്റെ അഭിനയത്തെ വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ശരീരത്തിന്റെ പേരിൽ മാത്രമാകുന്നത് ശരിയല്ല. അത് ബോഡിഷെയ്മിംഗാണ്. ക്രിട്ടിസിസമല്ല.

സിനിമകളിലെ രൂപമാറ്റങ്ങളും ശരീരഭാരത്തിലെ വ്യത്യാസങ്ങളും കാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. കഥാപാത്രത്തിനനുസരിച്ച് രൂപം മാറ്റിയെടുത്ത ചരിത്രമുള്ള നടനാണ് മോഹൻലാൽ. അന്നും ശരീരത്തിന്റെ പേരിൽ പല വിമർശനങ്ങളുണ്ടായി. അങ്ങനെ നോക്കുമ്പോൾ മോഹൻലാൽ എന്ന നടനെ സംബന്ധിച്ച് ഇത്തരം പരിഹാസങ്ങൾ പുതിയതുമല്ല.

ലൗലജനെ വിലയിരുത്തുമ്പോൾ

കാലം മാറുമ്പോൾ സിനിമയും കഥാപാത്രങ്ങളും മാറുന്നു. ഒരിക്കൽ മലയാള സിനിമയിൽ പൊലീസ് വേഷങ്ങൾക്ക് ഒരു പ്രത്യേക രൂപവും ഭാവവുമുണ്ടായിരുന്നെങ്കിൽ ഇന്ന് കൂടുതൽ സ്വാഭാവികമായ കഥാപാത്രങ്ങൾക്കും ഇടമുണ്ട്. അതുകൊണ്ടുതന്നെ ലൗലജൻ എങ്ങനെയായിരിക്കും എന്നത് സിനിമ കണ്ടശേഷം വിലയിരുത്തേണ്ട കാര്യമാണ്. ‘മുഖം’ മുതൽ ‘ബാബ കല്യാണി’, ‘ഗ്രാൻഡ്മാസ്റ്റർ’ മുതൽ ’12th മാൻ’ വരെയുള്ള കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയവൈവിധ്യം തെളിയിച്ച മോഹൻലാലിന് മുന്നിൽ ഇനിയും എത്രയോ കഥാപാത്രങ്ങളുണ്ട്.

ഈ ട്രോളുകൾക്ക് കുറച്ചുദിവസത്തെ ആയുസ്സുണ്ടാകാം. എന്നാൽ നല്ല കഥാപാത്രങ്ങൾ കാലം കഴിഞ്ഞാലും പ്രേക്ഷകരുടെ ഓർമയിൽ നിലനിൽക്കും. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അതാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം ഇതിനകം തെളിയിച്ചിട്ടുള്ളത്.

ലൗലജനും അത്തരത്തിൽ ഓർമിക്കപ്പെടുന്നൊരു കഥാപാത്രമാകുമോ എന്നറിയാൻ ഇനി സിനിമയുടെ റിലീസ് വരെ കാത്തിരിക്കാം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Prime Time

Leave your thought