പരശുരാമന് മഴു എറിഞ്ഞുണ്ടായതാണോ കേരളം?
അങ്ങനെയൊരു ഐതിഹ്യമുണ്ട്. പക്ഷേ, ഇന്നത്തെ കേരളം കേരളം പോലെയാകുന്നതിന് വേറെ കഥയുണ്ട്. ചരിത്രം പൂർണമായല്ലെങ്കിലും ചുരുക്കിപ്പറഞ്ഞ് തുടങ്ങാം.
വർഷങ്ങൾക്ക് മുൻപേ ഇവിടെയൊരു മലയാളക്കരയുണ്ടായിരുന്നു. ഭരിക്കാൻ ആരോരുമില്ലാത്ത കാലവും രാജഭരണവും “സായിപ്പിന്റെ” അടക്കിവാഴലും ഒക്കെയുള്ള കാലം ഈ നാടിലുണ്ടായിരുന്നു. കാലങ്ങൾ കടന്ന് അതിർത്തികൾ ഉയരേണ്ടി വന്നപ്പോൾ അളന്ന് തിട്ടപ്പെടുത്തി രേഖപ്പെടുത്തിയതാണ് ഇന്നത്തെ കേരളം, അതും 1956ൽ.
മലയാളികളുടെ നാടങ്ങനെ കേരളമായിട്ട് ഇന്നേക്ക് 70 ആണ്ട്.
കേരളപ്പിറവി ആശംസകൾ!
1956നിപ്പുറം മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. ഭൂപടത്തിൽ രൂപം മാറി. വികസനമുണ്ടായി. ഭരണമാറ്റങ്ങളുണ്ടായി. കലാപങ്ങളും ദുരന്തങ്ങളും അതിജീവനവുമുണ്ടായി. ഭൂപ്രദേശങ്ങൾ മാറി. ആളുകളും ജീവിതരീതികളും മാറി…..
അങ്ങനെ ഇന്നും മാറ്റങ്ങൾക്ക് ഒടുക്കമില്ലാതെ തുടരുന്നു.
അതിന് നിലവിലെ സാഹചര്യത്തിൽ എന്തൊക്കെയാണ് ഇനി വേണ്ടതെന്ന് ഇന്നത്തെ യുവതലമുറയ്ക്കൊരു കാഴ്ചപ്പാടുണ്ട്. കേരളത്തിന്റെ ഭാവിയായ അവർക്ക് ആവശ്യങ്ങളുണ്ട് താൽപര്യങ്ങളുണ്ട്.
ഒന്നറിഞ്ഞുവരാം?
വേണം നല്ല പഠനം, നല്ല ജോലി
വിദ്യാഭ്യാസ സമ്പ്രദായം തീർച്ചയായും മെച്ചപ്പെടുത്തണമത്രേ. അടിസ്ഥാന ആവശ്യം തന്നെയാണത്, അല്ലേ?. അവരുടെ അഭിപ്രായത്തിൽ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണം.
പിന്നെ ജോലി! പഠിച്ചിറങ്ങുന്നവർക്ക് നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ വേണം. സംസ്ഥാനത്തിന് അതിൽ പങ്കുണ്ടെന്നത് നിസ്സംശയമാണ്. ഫുൾ ടൈം ജോബ് മാത്രമല്ല, പാർട്ട് ടൈം ജോബിനുള്ള അവസരങ്ങളും വേണം. ആ കൾച്ചറും നാട്ടിൽ വരണം.
അല്ലാ… തൊഴിൽ മാത്രം പോര, ഉയർന്ന വേതനവും അർഹിക്കുന്ന ബഹുമാനവും ലഭിക്കണം. ആർട്സ് ആയാലും സ്പോർട്സ് ആയാലും ഏതു ജോലിക്കും അതിന്റേതായ വിലയുണ്ടെന്ന് മാതാപിതാക്കൾ ഇനിയും മനസ്സിലാക്കണം.
സ്പോർട്സ് മേഖല ഉഷാറാക്കണം
കായികമേഖല ഇനിയും മെച്ചപ്പെടാനുണ്ടെന്നതാണ് ഇതോടൊപ്പം പറയാനുള്ള മറ്റൊരു കാര്യം. കായികമേഖലയെ രാഷ്ട്രീയവത്കരിച്ച് നശിപ്പിക്കരുത് എന്നാണ് അവർ പറയുന്നേ.
രാഷ്ട്രീയത്തെക്കുറിച്ച് ഇനിയും അവർക്ക് പറയാനുണ്ട്. ജാതിയും മതവും ഇന്നും സമൂഹത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതിന് മാറ്റമുണ്ടാകണമെന്നുമാണ് അവരുടെ അഭിപ്രായം. പി.എസ്.സി.യിലാണെങ്കിലും മറ്റേതെങ്കിലും തൊഴിലവസര മേഖലയിലാണെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ ‘അരുത് അബു അരുത്’.
പിന്നെ വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ നിയമങ്ങൾ നടപ്പാക്കണം. നടപടികൾ സ്വീകരിക്കുമ്പോഴും എല്ലാവരോടും ഒരേ സമീപനമാകണം. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകണം. പ്രിവിലേജൊന്നും ഇക്കാര്യത്തിൽ വേണ്ടേ വേണ്ട.
ഇതുകൂടെ നോക്കണേ…
ആളുകളുടെ സ്വഭാവം മാറണം. നാട്ടിലെ വൃത്തിയുമായി ബന്ധപ്പെടുത്തിയാണത് പറയുന്നത്. സിവിക് സെൻസും ഹൈ ലിറ്ററസി റേറ്റുമൊക്കെയുണ്ടെന്ന് പറയുമ്പോഴും പൊതുയിടങ്ങളിൽ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനുമൊന്നും ഇപ്പോഴും വലിയ മാറ്റമില്ല. ആ വൃത്തിബോധം വരണം. പിന്നെ അതിനും മറ്റ് വേസ്റ്റ് മാനേജ്മെന്റിനും വേണ്ടുന്ന കൃത്യമായ സംവിധാനങ്ങളും നാട്ടിൽ വേണേ!
ഇനി അതൊക്കെ മാറ്റിവച്ച് മറ്റൊരു അടിസ്ഥാന കാര്യത്തെക്കുറിച്ചും അവർക്ക് പറയാനുണ്ട്– ഭക്ഷണവും വിലക്കയറ്റവും. വിലക്കയറ്റത്തിന് തടയിടണമെന്നും അതിന് ഒരു പരിഹാരമെന്നോണം കാർഷികമേഖല മെച്ചപ്പെടുത്തണമെന്നും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അവർക്ക് ചിന്തകളുണ്ട്. മരങ്ങൾ മുറിക്കരുതെന്നും കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും നിലനിർത്തണമെന്നും അവർ പറയുന്നു.
നൈറ്റ് ലൈഫ് വേണം ലഹരി വേണ്ട
നൈറ്റ് ലൈഫിനെക്കുറിച്ചും ചിലർക്ക് ആശങ്കയുണ്ട്. നൈറ്റ് ലൈഫ് സജീവമാകുന്നതിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ അവർ ‘അസ്വസ്ഥരാണ്’. അതിനൊരു മാറ്റം വേണം!
ലഹരിയുടെ വിപത്തും മറന്നിട്ടില്ല. മാറ്റത്തിൽ മുഖ്യമായി ‘ലഹരിവിമുക്ത കേരളം’ എന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങൾ കേരളം മീറ്റ് ചെയ്താൽ, യുവതലമുറ കടൽ കടന്ന് പോകാതെ നാട്ടിൽ തന്നെ തുടരും. ഇതും അവർ തന്നെയാണ് പറയുന്നത്.
മാറ്റങ്ങളുണ്ടാകട്ടെ. ജനങ്ങളുടെ ആവശ്യമാണ്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




