ഇരുണ്ട രാത്രികള്‍… മരച്ചില്ലകളില്‍ നിന്ന് കാറ്റ് മൂളിയെത്തുന്നു… വീടുകള്‍ക്ക് മുന്നില്‍ തിളങ്ങുന്ന മത്തങ്ങവിളക്കുകള്‍… മിന്നിമറയുന്ന നിഴലുകള്‍… ലോകത്തെ പലയിടങ്ങളും ഒരു പുതിയ രൂപത്തിലേക്ക് മാറുന്നു. ഹാലോവീന്‍… അഥവാ മരിച്ചവരുടെ ഓര്‍മ്മയ്ക്കായുള്ള ഒരു രാത്രി…
ഹാലോവീന്‍ കേവലമൊരു ആഘോഷം എന്നതിനപ്പുറം ഭയത്തിന്റെയും കൗതുകത്തിന്റെയും വിസ്മയലോകമാണ്. തെരുവുകളില്‍ കൗതുകകരവും ചിലപ്പോൾ ഭീതിപ്പെടുത്തുന്നതുമായ ഫാന്റസി വേഷധാരികള്‍… സാധാരണ വീടുകളും കടകളുമൊക്കെ ഒരു ഹോണ്ടിങ് ഹൗസായി മാറുന്ന കാഴ്ച.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആഘോഷങ്ങളില്‍ ഒന്നായ ഹാലോവീന്‍, വളരെ കൗതുകകരവും രസകരവുമായ നിരവധി ആചാരങ്ങളോടെയാണ് ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്തെ കെല്‍റ്റിക് ആഘോഷമായ ‘സാംഹെയ്‌നില്‍’ നിന്നാണ് ഈ ആഘോഷം രൂപംകൊള്ളുന്നത്.19ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇത് വടക്കേ അമേരിക്കയില്‍ പ്രചാരത്തിലായത്. അന്ന് ഇതൊരു വലിയ ആഘോഷമായിരുന്നില്ല.
എന്നാല്‍, ഇന്ന് അങ്ങനെയല്ല. അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായി മാറിയ ഹാലോവീന്‍, മറ്റ് പല രാജ്യങ്ങളിലും വ്യാപിച്ചിട്ടുള്ളതുപോലെതന്നെ നമ്മുടെ ഇന്ത്യയിലും വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മാള്‍, ക്ലബ്, കഫേ, റസ്റ്ററന്റ് എന്നിവിടങ്ങളിലെല്ലാം ഹാലോവീന്‍ തീമില്‍ ഇവന്റുകള്‍ നടത്തി വരുന്നു.

ഹാലോവീന്‍ ആഘോഷിക്കുന്ന ചില രീതികള്‍
1. ട്രിക്ക് ഓര്‍ ട്രീറ്റ് (Trick or Treat)
ഹാലോവീനില്‍ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ആചാരമാണിത്. മനോഹരവും വിചിത്രവുമായ വേഷങ്ങള്‍ ധരിച്ച് കുട്ടികള്‍ തൊട്ടടുത്തുള്ള വീടുകളില്‍ ചെന്ന് കതകില്‍ മുട്ടും. എന്നിട്ട് “ട്രിക്ക് ഓര്‍ ട്രീറ്റ്” എന്ന് ചോദിക്കും. അപ്പോള്‍ വീട്ടുകാര്‍ അവര്‍ക്ക് മിഠായികളോ പലഹാരങ്ങളോ നല്‍കും

2. ജാക്ക്-ഓ-ലാന്റേണ്‍ (Jack-o’-lantern) – മത്തങ്ങ വിളക്കുകള്‍
ഹാലോവീന്‍ എന്ന് പറയുമ്പോഴേ നമുക്ക് ഓര്‍മ്മ വരുന്നത് മുഖമുള്ള മത്തങ്ങകളെ ആണ്. വലിയ ഓറഞ്ച് നിറത്തിലുള്ള മത്തങ്ങകളില്‍ നിന്നും ഉള്ളിലുള്ളതെല്ലാം തുരന്നെടുത്ത്, അതിന് ഭയപ്പെടുത്തുന്നതോ ചിരിക്കുന്നതോ ആയ കണ്ണുകളും വായയും ഉണ്ടാക്കിയെടുക്കുന്നു. ശേഷം അതിനുള്ളില്‍ മെഴുകുതിരിയോ ലൈറ്റോ കത്തിച്ചുവെച്ച് വീടുകളുടെ മുന്‍വശത്ത് വെക്കുന്നു.
3. ഹാലോവീന്‍ കോസ്റ്റ്യൂംസ് (Costume Parties)
ഹാലോവീനെ വിചിത്രമാക്കുന്നത് വേഷങ്ങളാണ്. മുതിര്‍ന്നവരും കുട്ടികളുമെല്ലാം വ്യത്യസ്ത വേഷങ്ങള്‍ ധരിച്ച് തെരുവിനെ പ്രേതാലയങ്ങള്‍ പോലെയാക്കി മാറ്റുന്നു. പ്രധാനമായും പ്രേതങ്ങള്‍, മന്ത്രവാദിനികള്‍, രാക്ഷസന്മാര്‍, സിനിമാ കഥാപാത്രങ്ങള്‍, സൂപ്പര്‍ ഹീറോകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തുടങ്ങി പലതരം വേഷങ്ങള്‍ ധരിച്ച് ആളുകള്‍ പാര്‍ട്ടി നടത്തുകയും തെരുവുകളില്‍ പരേഡ് നടത്തുകയും ചെയ്യുന്നു.

4. വീടുകള്‍ അലങ്കരിക്കല്‍ (Haunted Decorations)
വീടുകളെ ഒരു ഹോണ്ടഡ് ഹൗസുപോലെ ആക്കി മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന അലങ്കാരം. മാറാലകള്‍, അസ്ഥികൂടങ്ങള്‍, പ്രേതങ്ങളുടെ രൂപങ്ങള്‍, വവ്വാലുകള്‍, ലൈറ്റുകള്‍, മത്തങ്ങാ തലകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് വീടുകള്‍ ഒരു ഭയനാകമായ അന്തരീക്ഷമാക്കി മാറ്റുന്നു.
5. പേടിപ്പിക്കുന്ന സിനിമകളും കഥകളും (Spooky Movies & Stories)
അന്നത്തെ പ്രധാന ആക്ടിവിറ്റികളിലൊന്ന് സുഹൃത്തുക്കളുമൊത്തോ വീട്ടുകാരുമൊത്തോ ഹൊറര്‍ സിനിമകള്‍ കാണുന്നതോ ലൈറ്റുകള്‍ ഓഫാക്കിവെച്ച് പ്രേതകഥകള്‍ പറയുന്നതോ ആണ്.

6. ആപ്പിള്‍ ബോബിങ് (Apple Bobbing)
ആപ്പിള്‍ ബോബിങ് ഒരു ഗെയിം പോലെ തോന്നാം. ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ആപ്പിളുകള്‍ ഇടുന്നു. ശേഷം കൈകള്‍ ഉപയോഗിക്കാതെ വായകൊണ്ട് വെള്ളത്തില്‍ നിന്നും ആപ്പിള്‍ കടിച്ചെടുക്കുന്ന ഒരു കളിയാണിത്.
7. ഹാലോവീന്‍ സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍
മത്തങ്ങ ഉപയോഗിച്ചുള്ള പൈ, ആപ്പിള്‍ കെയര്‍മല്‍ ചെയ്തത്, പ്രേതങ്ങളുടെയും മത്തങ്ങകളുടെയും രൂപത്തിലുള്ള കേക്കുകളും കുക്കീസുമാണ് സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




