Veeramani Prank Online Harassment Story
61
Views

ദീപാവലിക്ക് ഒരു പെട്ടി മധുരം വേണമെന്ന് മാത്രമായിരുന്നു തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വീരമണിയുടെ ആഗ്രഹം. എന്നാൽ, സോഷ്യൽ മീഡിയയിലെ ആരാധകർ അത് അക്ഷരാർഥത്തിൽ ഏറ്റെടുത്തതോടെ സംഗതി കൈവിട്ടു.

മധുരം ചോദിച്ച് സ്വന്തം ഫോൺ നമ്പറും വീട്ടുവിലാസവും പങ്കുവച്ച വീരമണിയുടെ വീട്ടിലേക്ക് പിന്നാലെ എത്തിയത് ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും ഉൾപ്പെടെയുള്ള വിലകൂടിയ സാധനങ്ങളുടെ നിര. ആദ്യം മധുരപ്പൊതികൾ എത്തിയപ്പോൾ സന്തോഷിച്ച വീരമണി പിന്നീട് ഓരോ ഡെലിവറി വരുമ്പോഴും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

കാരണം, സമ്മാനമെന്നു കരുതി സ്വീകരിക്കാവുന്നവയായിരുന്നില്ല അവയൊന്നും.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മറ്റുള്ളവർ ഓർഡർ ചെയ്ത സാധനങ്ങൾ ക്യാഷ് ഓൺ ഡെലിവറി (COD) രീതിയിലാണ് വീട്ടിലെത്തിയത്. അതായത്, സാധനം സ്വീകരിക്കണമെങ്കിൽ പണം നൽകണം. താൻ ഓർഡർ ചെയ്യാത്ത സാധനങ്ങൾക്ക് പണം നൽകേണ്ടിവന്നതോടെ വീരമണിയുടെ ദീപാവലി ആഘോഷം തലവേദനയായി മാറി.

ഒരു ടെലിവിഷന് 1.69 ലക്ഷം രൂപ വിലയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വീരമണിയുടെ വീട്ടിലേക്ക് എത്തിയ ഓർഡറുകളുടെ പട്ടിക പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും ഒരുപോലെ. പഴം, പാൽ, പച്ചക്കറി, ഭക്ഷണപ്പൊതികൾ എന്നിവയ്ക്കു പിന്നാലെ വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും എത്തി. എന്നാൽ, വൈറൽ ചർച്ചകൾക്ക് തീപിടിച്ചത് 70 കോടി രൂപ വിലവരുന്ന സൈനിക ടാങ്കർ ഓർഡർ ചെയ്തെന്ന തരത്തിലുള്ള പോസ്റ്റുകളും വിഡിയോകളും പ്രചരിച്ചതോടെയാണ്. ജെസിബി പോലുള്ള വലിയ യന്ത്രങ്ങളുടെ ഓർഡറുകളെക്കുറിച്ചും റിപ്പോർട്ടുകളുണ്ടായി.

ഒരു പെട്ടി മധുരം ചോദിച്ചയാൾക്ക് ടാങ്കർ വരെ എത്തിച്ചുകൊടുക്കുന്ന ഇന്റർനെറ്റ് തമാശയെക്കുറിച്ച് പലരും പരിഹസിച്ചപ്പോൾ, ചിലർക്ക് ഇത് സോഷ്യൽ മീഡിയ പ്രാങ്കിന്റെ അതിരുവിട്ട രൂപമായി തോന്നി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സേവനങ്ങളിലൂടെ ഭക്ഷണ ഓർഡറുകളും എത്തിയതോടെ പ്രശ്നം കൂടുതൽ വഷളായെന്നാണ് റിപ്പോർട്ടുകൾ.

ഓർഡർ ചെയ്യുന്നവർക്ക് ഏതാനും നിമിഷത്തെ വിനോദമായിരിക്കാം ഇത്. എന്നാൽ സാധനങ്ങളുമായി വീട്ടിലെത്തുന്ന ഡെലിവറി ജീവനക്കാർക്കും ഓർഡർ നൽകിയിട്ടില്ലെന്ന് വിശദീകരിക്കേണ്ടിവരുന്ന വീരമണിക്കും ഇത് ആവർത്തിച്ചുള്ള ബുദ്ധിമുട്ടായി മാറി. ടാങ്കറിന്റെ കഥ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയെങ്കിലും അതിനു പിന്നിലെ യഥാർഥ പ്രശ്നം മറ്റൊന്നായിരുന്നു.

ഇതോടെ വീരമണി തന്നെ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് ഓർഡറുകൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചു. “ഞാൻ നിങ്ങളുടെ കാൽക്കൽ വീണ് അപേക്ഷിക്കുകയാണ്, ദയവായി ഓർഡറുകൾ നിർത്തൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ അഭ്യർഥനയുടെ അർഥം. ഫോൺ ഓഫ് ചെയ്താലും ഓൺ ചെയ്താലും പ്രശ്നമാണെന്നായിരുന്നു മറ്റൊരു പ്രതികരണം. ഓർഡറുകൾ സ്വീകരിക്കാൻ പണമില്ലെന്നും താൻ ആവശ്യപ്പെടാത്ത സാധനങ്ങൾക്കായി പണം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമേ, തന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് വൃക്കദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിച്ചതായും അതിന്റെ പേരിൽ വിളികൾ വന്നതായും റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ഡെലിവറികളും ഫോൺവിളികളും കാരണം വീരമണി താമസസ്ഥലം വിട്ടുപോയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരിക്കൽ ആരാധകരുടെ സ്നേഹവും പിന്തുണയും തേടി വിലാസം പങ്കുവച്ച വ്യക്തിക്ക് പിന്നീട് സ്വന്തം വീട്ടിൽ സമാധാനത്തോടെ കഴിയാൻ പോലും കഴിയാത്ത സാഹചര്യമാണുണ്ടായത്. ഇതോടെ ‘മധുരം ചോദിച്ച വീരമണി’ എന്ന സംഭവം വെറുമൊരു തമാശയിൽനിന്ന് ഓൺലൈൻ പീഡനത്തെക്കുറിച്ചുള്ള ചർച്ചയായി മാറി.

വീരമണിയുടെ വൈറൽ കഥയ്ക്ക് പിന്നിൽ സോഷ്യൽ മീഡിയയിലെ ആരാധകപിന്തുണയുടെ മറ്റൊരു മുഖവുമുണ്ട്. നേരത്തേ യാത്രയ്ക്കായി സഹായം അഭ്യർഥിച്ചപ്പോൾ ആരാധകർ ചേർന്ന് ഏകദേശം 6,000 രൂപ സമാഹരിച്ചുനൽകിയതായും ആ പണം ഉപയോഗിച്ച് കേരളത്തിലേക്ക് യാത്ര ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആ അനുഭവം നൽകിയ ആത്മവിശ്വാസത്തിലാണ് ദീപാവലിക്ക് മധുരം ആവശ്യപ്പെട്ടതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പിന്തുണയും പ്രാങ്കും തമ്മിലുള്ള അതിർവരമ്പ് മങ്ങിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. ഏകദേശം രണ്ട് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള വീരമണിയുടെ വിഡിയോകൾ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

‘നൻബർഗളേ…’ എന്ന വിളിയോടെ ആരാധകരോട് സംസാരിക്കുന്ന അദ്ദേഹത്തിന്റെ പ്രാദേശിക ഭാഷാശൈലിയും തമാശ നിറഞ്ഞ അവതരണവുമാണ് പലരെയും ആകർഷിക്കുന്നത്. പക്ഷേ, ഒരു വ്യക്തിയുടെ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് വ്യാജ ഓർഡറുകൾ നൽകുന്നത് തമാശ മാത്രമല്ല; ഡെലിവറി ജീവനക്കാരുടെയും വ്യാപാരികളുടെയും സമയവും അധ്വാനവും പാഴാക്കുന്ന പ്രവൃത്തിയാണ്. ഒരു പെട്ടി മധുരത്തിൽ തുടങ്ങിയത് 70 കോടിയുടെ ടാങ്കറിന്റെ വൈറൽ കഥയിൽവരെ എത്തിയപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഓർമിപ്പിക്കുന്നത് ഇതാണ്. വൈറലാകാനുള്ള ആവേശത്തിൽ മറ്റൊരാളുടെ ജീവിതം തന്നെ പ്രയാസത്തിലാക്കരുത്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Whats Happening Around

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading