രാത്രി പതിനൊന്നര… വിളക്കുകളണച്ച മുറിയിൽ ഫോൺ സ്ക്രീനിന്റെ വെളിച്ചം മാത്രം. വിരലുകൾ സ്‌ക്രീനിൻ മേൽ നിരന്തരം സ്ലൈഡ് ചെയ്യുന്നു… റീലുകൾ, സ്റ്റാറ്റസുകൾ, സ്റ്റോറികൾ, വീഡിയോകൾ അങ്ങനെ ഞൊടിയിടയിൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ചാട്ടം.ചിരികൾ നിറഞ്ഞ മുഖങ്ങൾ,കരഞ്ഞു കലങ്ങിയ കണ്ണുകൾ,ട്രാവൽ ഫോട്ടോകൾ, ഡേ ടുഡേ ആക്ടിവിറ്റികൾ അങ്ങനെ തുടങ്ങി കൺമുന്നിൽ നിരവധി കണ്ടന്റുകൾ..
“Living my best life” എന്ന ക്യാപ്ഷനിൽ കണ്ട ഒരു റീലിനു ശേഷം അടുത്ത സ്ലൈഡിൽ സ്ക്രീൻ തെന്നിമാറിയത് ഒരു പരസ്യത്തിലേക്കാണ്.. “ഉറക്കം വരാതെ ബോറടിച്ചിരിക്കുകയാണോ..” എങ്കിൽ ഇതാ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സൗഹൃദം കണ്ടെത്താം..…യെസ്…
ഈ പോയന്റിലെങ്കിലും നാം നമ്മളെക്കുറിച്ച് അൽപസമയം ചിന്തിക്കണം. നമ്മുടെ ഏകാന്തതയും ഇന്ന് ബിസിനസാണെഡോ…
ഈ സോഷ്യൽ യുഗത്തിലും നാം എന്തുമാത്രം ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ആ മുത്തശ്ശിക്കാലം…

പണ്ട് മുത്തശ്ശിയുടെ മടിയിൽ ഇരുന്ന് അമ്പിളിമാമനെ നോക്കി കഥകൾ പറഞ്ഞിരുന്ന ആ കുട്ടിക്കാലവും, നാട്ടിൻപുറത്തെ സൗഹൃദങ്ങളും, വിദ്യാലയങ്ങളിൽ നിന്നാരംഭിച്ച നല്ല ബന്ധങ്ങളും എല്ലാം ഇന്ന് അന്യമാണെന്നത് ഒരു യാഥാർത്ഥ്യമായിരിക്കെ, എല്ലാവരും സന്തോഷത്തിലാണെന്നൊരു തോന്നൽ മാത്രം ചുറ്റിലും നിറയുന്നു.
സോഷ്യൽ മീഡിയയിലെ ലൈക്ക് ബട്ടണിൽ വിരൽ അമർത്തുമ്പോൾ ചിലപ്പോൾ ഒരു നിമിഷം മനസ്സ് നിറയും.പിന്നെ വീണ്ടും ഒരു ശൂന്യതയിലേക്ക് കൂപ്പുകുത്തും. ആ ശൂന്യത ആരും കാണുന്നില്ലെന്ന് മാത്രം..സ്ക്രീനിൽ എല്ലാം പർഫെക്ടാണ് പക്ഷേ നെഞ്ചിനുള്ളിൽ എന്തോ ഒരു ഒഴിവ്. സ്വതന്ത്ര ജീവിതം ആഗ്രഹിച്ച് ഹോസ്റ്റലുകളിലേക്ക് മാറുന്ന കൗമാരക്കാരും, ജീവിത പ്രാരാബ്ദങ്ങളിൽ നാടുവിട്ടു ജോലിക്ക് പോകേണ്ടി വരുന്ന പ്രവാസികളും, നാട്ടിലുണ്ടായിട്ടും ജോലിക്കുവേണ്ടി മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന വ്യക്തികളുമെല്ലാം പ്രായഭേദമന്യേ ഈ ഏകാന്തതയുടെ തടവിലാണ്..
എന്തിനേറെ… നിങ്ങൾ ഒരുപക്ഷെ ഹോസ്റ്റൽ മുറികളിൽ മാത്രമല്ല വീടുകളിലും ഏകാന്തത അനുഭവിക്കുന്നുണ്ടാവും… യുവാക്കൾ ”മീ ടൈമി”ലേക്ക് ഒതുങ്ങാൻ തുടങ്ങിയപ്പോൾ ഒറ്റപ്പെട്ടുപോയത് വീട്ടിലെ മാതാപിതാക്കളും പ്രായമായവരുമാണ്.ഒരിക്കൽ ആളുകൾ വന്നു ഇരുന്ന് സംസാരിച്ചിരുന്ന മുറികളിൽ ഇന്ന് നിശബ്ദത മാത്രമായി.കണ്ണുകളോട് കണ്ണു നോക്കി പറഞ്ഞ വാക്കുകൾ ഇന്ന് ടൈപ്പിങ്ങായി മാറി. നാളുകൾ നീങ്ങുമ്പോൾ സോഷ്യൽ ലോകത്തും.. ഇനി എന്നും കാണുന്നവർ പോലും പരസ്പരം ഒന്നു താമശ പറയുകയോ എല്ലാം ഷെയർ ചെയ്യുകയോ ചെയ്യാറില്ലെന്നതാണ്.
‘Scene’ ആണ് ഈ ‘Seen‘

ഇനി സോഷ്യൽ മീഡിയയിൽ സൗഹൃദം കണ്ടെത്തിയിരുന്നവർ, “Seen” ആയി Reply ഇല്ല എന്ന അവസ്ഥയിലും.അപ്പുറത്ത് ആരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഫോൺ വീണ്ടും തുറക്കുന്നു.പക്ഷെ Notification ഇല്ല. ഇനി ഒരു ചിരിയുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ മനസ്സിനുള്ളിലെ കരച്ചിൽ ക്രോപ്പ് ചെയ്ത് മാറ്റപ്പെടുകയാണെന്ന് നമ്മൾ പോലും അറിയുന്നില്ല.ഒറ്റയ്ക്കിരിക്കുമ്പോൾ മാത്രമല്ല ഒറ്റപ്പെടൽ….. ആയിരങ്ങൾ ചുറ്റും ഉള്ളപ്പോഴും,ആരും മനസ്സിലാക്കാത്തപ്പോഴും ആണ്.
ഈ കാലത്ത് ഡിപ്രഷൻ എന്നത് ഒരു സസർവ്വസാധാരണ പ്രയോഗം ആയി മാറുന്നതിന് കാരണവും നാം തന്നെ നമ്മെ തടവിലിടുന്നതുകൊണ്ടാണ്. ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും ഇന്ന് യുവാക്കളാണെന്ന് ഡോക്ടർമാരും പറയുന്നു. Loneliness ആണ് അവരുടെ പ്രശ്നവും..

ഇടയ്ക്ക് ഫോണിൽ നിന്ന് തല ഉയർത്തി മുറിയിലെ നിശബ്ദത കേൾക്കുമ്പോൾ സ്വയം ഒരു ചോദ്യമുയരും…“എനിക്ക് ശരിക്കും ആരോടാണ് പറയാനുള്ളത്?”… അപ്പോഴെങ്കിലും ഒന്ന് പുറത്തേക്കിറങ്ങണം.. ചുറ്റിനും നോക്കണം..പ്രകൃതിയെ അറിയണം ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം, കൂട്ടുകാരോടല്ല വീട്ടുകാരോട് അൽപം സംസാരിക്കണം, ഇത്തിരി നേരം വെറുതെ ഇരിക്കണം, ചിരിക്കണം…
ഈ സോഷ്യൽ മീഡിയയുടെ കാലത്ത് നമ്മൾ എല്ലാവരും ഒരുമിച്ച്…ഒറ്റപ്പെട്ടവരായി മാറിയിരിക്കുന്നു...
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




