Neelakuyil-Malayalam-Movie
24
Views

“നീലക്കുയിൽ“… വാർത്തമാന കാലത്ത് ഈ പേര് കേൾക്കുമ്പോൾ ചിലർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായേക്കാം. അതിനെ സോഷ്യൽ മീഡിയ കാലത്തിന്റെ ശാപം എന്നല്ലാതെ എന്ത് പറയാൻ!

എന്നാൽ, നീലക്കുയിൽ എന്ന പേരിനു കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ സിനിമ ചെലുത്തിയ സ്വാധീനത്തിന്റെ ആരംഭത്തോളം പഴക്കമുണ്ട്. നാടക വേദികളിൽ നിന്ന് മനുഷ്യരിലേക്കും പച്ചയായ ഗ്രാമീണ ജീവിതത്തിലേക്കും സിനിമാ ക്യാമറയെ ഇറക്കിനടത്തിയത് നീലക്കുയിൽ എന്ന സിനിമയാണ്.

ഇവിടെ കഥ പറയുന്നില്ല. പക്ഷേ, ഒന്ന് പറയാം…

എന്തുകൊണ്ട് ഈ സിനിമ കാണണം?

വെറുമൊരു പഴയ സിനിമ എന്ന ലേബലിൽ ഒതുക്കാവുന്നതല്ല നീലക്കുയിൽ, അത് മലയാളിയുടെ സംസ്കാരത്തിന്റെയും സിനിമയുടെയും പരിണാമത്തിന്റെ കഥയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ ആ ഒരു ക്ലാസിക് വിഷ്വൽ ഭംഗി ഈ സിനിമയിൽ ആസ്വദിക്കാം. ഇന്നത്തെ റിയലിസ്റ്റിക് മലയാളം സിനിമകളുടെ വേരുകൾ എവിടെയാണെന്ന് നീലക്കുയിലിൽ നിന്ന് മനസ്സിലാക്കാം.

രാമു കാര്യാട്ട് – പി ഭാസ്കരൻ എന്നീ ഇതിഹാസ സംവിധായകർ ചേർന്ന് സംവിധാനം ചെയ്ത ഈ സിനിമ സ്റ്റുഡിയോ സെറ്റുകൾക്ക് പുറത്ത്, പ്രകൃതിയുടെ സ്വാഭാവിക ഭംഗിയിൽ ഷൂട്ട് ചെയ്ത ആദ്യകാല മലയാള സിനിമകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ സിനിമയുടെ ഓരോ ഫ്രെയിമിനും ഒരു പ്രത്യേക റോ ഏസ്തെറ്റിക് വൈബ് ഉണ്ട്.

മാത്രമല്ല, മലയാള സിനിമയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം (പ്രസിഡന്റിന്റെ വെള്ളിപ്പതക്കം) നേടിക്കൊടുത്ത സിനിമ കൂടിയാണ് നീലക്കുയിൽ.

  • Neelakuyil-malayalam-movie-info
  • Neelakuyil-malayalam-movie-info
  • Neelakuyil-malayalam-movie-info
  • Neelakuyil-malayalam-movie-info

കാലം മാറി ഐഡന്റിറ്റി മാറിയില്ല: പ്രസക്തമായ രാഷ്ട്രീയം

1950-കളിൽ റിലീസ് ചെയ്ത ഒരു സിനിമ ഇന്ന് 2026-ൽ ഇരുന്ന് കാണുമ്പോൾ എങ്ങനെ കണക്ട് ആകും എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ, ജാതി വ്യവസ്ഥ, സ്ത്രീധനം, പ്രണയത്തിലെ വഞ്ചന, സാമൂഹികമായ ഒറ്റപ്പെടുത്തലുകൾ തുടങ്ങി ഈ സിനിമ ചർച്ച ചെയ്യുന്ന വിവിധ വിഷയങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ രൂപം മാറി നിലനിൽക്കുന്നുണ്ട്.

തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കുമെതിരെ ശബ്ദമുയർത്തിയ നീലക്കുയിൽ കേവലം ഒരു പ്രണയകഥയല്ല, ശക്തമായ ഒരു സോഷ്യൽ ക്രിട്ടിസിസം കൂടിയാണ്. കപട സദാചാരത്തെയും മനുഷ്യത്വമില്ലായ്മയെയും ഈ സിനിമ ചോദ്യം ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ സിനിമ എന്ന മാധ്യമത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചുതന്ന മികച്ച ഉദാഹരണമായിരുന്നു നീലക്കുയിൽ.

പാട്ട് ട്രെൻഡിംഗ്, അന്നും ഇന്നും…

ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായ ഒരുപാട് ട്രാക്കുകൾ ഇന്നുണ്ട്. അതിൽ ആറ് മാസം മുൻപ് ട്രെൻഡ് ആയ ഒരു പാട്ട് ഇന്ന് നിങ്ങളുടെ ഓർമയിലുണ്ടാവുമോ?

എന്നാൽ, 72 വർഷം മുൻപ് ഇറങ്ങിയ ഒരു സിനിമയിലെ ഒൻപത് പാട്ടുകളിൽ മിക്കതും നിങ്ങളറിയും എന്ന് ഞാൻ പറഞ്ഞാലോ?

പി. ഭാസ്കരൻ – കെ. രാഘവൻ കോമ്പോ സൃഷ്ടിച്ച 9 പാട്ടുകൾ നീലക്കുയിലിലുണ്ട്. ഈ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ പ്ലേലിസ്റ്റുകളിൽ ടോപ്പിലാണ്.

“കായലരികത്ത് വലയെറിഞ്ഞപ്പോൾ…” എന്ന പാട്ട് കേൾക്കുമ്പോൾ തന്നെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും  മനസ്സിലൊരു താളവും വരാത്തവരുണ്ടാകില്ല. “എല്ലാരും ചൊല്ലണ്‌ എല്ലാരും ചൊല്ലണ്‌ കല്ലാണീ നെഞ്ചിലെന്ന്…” എന്ന വിരഹഗാനം ഇൻസ്റ്റ റീലുകളിൽ ഇന്നും ട്രെൻഡിംഗ് അല്ലേ? ‘കുയിലിനെ തേടി…’, ‘മാനെന്നും വിളിക്കില്ല…’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഈ സിനിമയിലേതാണ്.

പെർഫോമൻസ് അറ്റ് ഇറ്റ്സ് ബെസ്റ്റ്

സത്യൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് ചിത്രത്തിലെ ‘ശങ്കരൻ നായർ’ വിലയിരുത്തപ്പെടുന്നത്. ശങ്കരൻ നായരെ “നായകൻ” എന്ന് വിളിക്കാൻ ഇന്ന് ഈ സിനിമ കാണുന്നവർ മടിച്ചേക്കും. കാലം മാറ്റിയ മനസ്സിന്റെ പ്രതിഫലനമാണത്. സിനിമ കഴിഞ്ഞാലും മിസ് കുമാരി അവതരിപ്പിച്ച ‘നീലി’ എന്ന കഥാപാത്രം നിങ്ങളുടെ ഉള്ളിൽ നിന്ന് ഇറങ്ങിപ്പോവില്ലെന്ന് ഉറപ്പ്.

പി. ഭാസ്കരന്റെ ‘ശങ്കരൻ’ എന്ന കഥാപാത്രമാകും നമ്മുടെ ‘നായകൻ’. പരുക്കൻ ഡയലോഗുകളോ അമിതമായ ആക്ഷനുകളോ ഇല്ലാതെ, കണ്ണുകൾകൊണ്ടും ഭാവങ്ങൾകൊണ്ടും കഥ പറഞ്ഞ വിന്റേജ് ആക്ടിംഗ് സ്റ്റൈൽ ആദ്യമായി ഈ സിനിമ കാണുന്നവർക്ക് പുതിയ അനുഭവമായിരിക്കും.

കുറച്ച് പോപ്കോണും എടുത്ത്, ലൈറ്റൊക്കെ ഓഫ് ചെയ്ത്, ഫോൺ സൈലന്റാക്കി ഈ വിന്റേജ് ക്ലാസിക് വൈബിലേക്ക് ഒന്ന് ഇറങ്ങിച്ചെന്നുനോക്കൂ… ടൈം ട്രാവൽ ചെയ്യാൻ ഇതിലും മികച്ചൊരു ഓപ്ഷൻ വേറെയില്ല!

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Prime Time

Leave your thought