“എടോ… ചില സമയത്തൊക്കെ ഞാൻ ഫെമിനിസ്റ്റാകും. അപ്പോഴൊക്കെ ഞാനങ്ങ് പ്രതികരിക്കും.”
“എന്നിട്ട്?”
“എന്നിട്ടെന്താ? ഞാനങ്ങ് റിയാക്ട് ചെയ്യും. അന്നേരം തോന്നും ഞാനൊരു ഫെമിനിസ്റ്റാണെന്ന്.“
“അല്ലാത്തപ്പോഴോ?”
“അല്ലാത്തപ്പോൾ അങ്ങനെയങ്ങ് പോകും, ഒരു കുഴപ്പവുമില്ലാതെ.”

“ആഹാ! പ്രതികരിക്കണമെന്ന് തോന്നുന്ന കാര്യത്തിൽ പ്രതികരിക്കുന്നത് ഫെമിനിസമാ? അല്ല, അതാണോ ഫെമിനിസം?”
“സ്ത്രീകൾ അവരുടെ ആവശ്യങ്ങൾക്കു വേണ്ടി പ്രതികരിക്കുന്നതാണല്ലോ ഫെമിനിസം.”
“ആവശ്യങ്ങളും അവകാശങ്ങളും- രണ്ടും തമ്മിൽ വ്യത്യാസമുണ്ടെടോ! പിന്നെ… ആവശ്യമുള്ളപ്പോൾ ഓണാക്കാനും ഓഫ് ചെയ്യാനും ഫെമിനിസം എന്നതേ സ്വിച്ചിട്ടാൽ കത്തുന്ന ലൈറ്റല്ല. അത് ഇൻ എ വേ ഒരു പ്രാക്ടീസാണ്. പാർട്ട് ഓഫ് യുവർ ഡെയ്ലി ലൈഫ്.”
“എന്നുവച്ചാൽ? അതെങ്ങനെയാ വരുന്നേ, എനിക്ക് മനസ്സിലായില്ല.”
“താൻ എപ്പോഴൊക്കെയാ ‘ഞാൻ ഫെമിനിസ്റ്റായി’ എന്ന് തനിക്ക് തോന്നിയിട്ടുള്ളത്? ഒരു ഉദാഹരണം മതി.”
“അത്… കഴിഞ്ഞ ദിവസം ഞാൻ ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകട്ടെ എന്നു പറഞ്ഞപ്പോൾ വീട്ടുകാർ ഓരോ കാരണങ്ങൾ പറഞ്ഞ് വേണ്ടാ എന്ന് പറഞ്ഞു. അന്നേരം ഞാൻ അവരായിട്ട് എനിക്കുവേണ്ടി സംസാരിച്ചു. വഴക്കിട്ടു.”

“ഓക്കേ… മനസ്സിലായി. യഥാർഥത്തിൽ, സ്വന്തം ആവശ്യങ്ങൾക്കായി മാത്രം പ്രതികരിച്ച് അവിടത്തേക്ക് മാത്രം ഫെമിനിസ്റ്റായി ഉത്തരവാദിത്തം ഒഴിവാക്കുന്നത് ഫെമിനിസം അല്ലട്ടോ. അത് ഒരു തരത്തിൽ കപട ഫെമിനിസമാണ്. തെറ്റിദ്ധരിക്കരുത്.”
“ആണോ?”
“അതുപോലെ ഫെമിനിസം എന്നത് തനിക്ക് ബാധകമാകുമ്പോൾ റിയാക്ട് ചെയ്യുന്നത് മാത്രമല്ല, മറ്റുള്ളവരെയും അവരുടെ അവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയെ ഒക്കെ ബഹുമാനിക്കുന്നത് കൂടിയാണ്. അല്ലാത്തപക്ഷം അത് സ്വന്തം കാര്യം നടത്താനും താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ഒരു ആയുധം മാത്രമായി മാറും. മറ്റുള്ളവരുടെ അവകാശങ്ങളും, സ്വാതന്ത്ര്യവും, അനീതികളും തനിക്ക് നേരിട്ട് ബാധിക്കാത്തപ്പോൾ പോലും കാണാനും അംഗീകരിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകുന്നതാണ് ജീവിതത്തിലെ യഥാർഥ ഫെമിനിസം.
തിയറിയായി പറഞ്ഞാൽ ഫെമിനിസം ഒരു ഐഡിയോളജിയാണ്. പക്ഷേ, ജീവിതത്തിൽ അത് പ്രാക്ടിക്കലി നടപ്പാക്കേണ്ടതാ. പോകണ്ടാ എന്നതിന് വീട്ടുകാർ പറഞ്ഞ കാരണമാണ് ഇവിടെ പ്രധാനം. സുരക്ഷ പ്രശ്നങ്ങളെന്തെങ്കിലും ആണേൽ മനസ്സിലാക്കാം. ‘പെൺകുട്ടിയല്ലേ, വേണ്ട’, ‘കറങ്ങി നടക്കണ്ട’ പോലുള്ള കാരണങ്ങൾ ആണ് പറയുന്നതെങ്കിൽ അത് അവകാശ ലംഘനമാണ്. അതുപോലെ, വീട്ടിലെ ആൺകുട്ടികൾക്ക് താൽപര്യമില്ലെങ്കിലും ‘ആൺകുട്ടിയല്ലേ’ എന്ന് പറഞ്ഞു പ്രത്യേക ഉത്തരവാദിത്തങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതും ഇതേ പ്രശ്നമാണ്.”
“അവർക്കെന്താ ഇപ്പോൾ പ്രശ്നം?”
“ഇത് സ്ത്രീകളുടെ മാത്രം വിഷയം അല്ല, ഇത് ഒരു മനുഷ്യാവകാശ ആശയമാണ്. സ്ത്രീകൾക്ക് വേണ്ടി മാത്രമായിരുന്നെങ്കിൽ ഫെമിനിസം മനുഷ്യാവകാശ ആശയമാകില്ലായിരുന്നു. “ഇത് സ്ത്രീകൾ ചെയ്യേണ്ട പണിയല്ലേ?” എന്നതുപോലത്തെ ചിന്തയെ ചോദ്യം ചെയ്യണം എന്ന ബോധോദയം പോലെ “പുരുഷനല്ലേ, സഹിക്കണം” എന്ന നോർമലൈസേഷനും റിജക്ട് ചെയ്യേണ്ടതുണ്ട്. അവിടെയും ഫെമിനിസ്റ്റ് ആശയം നിലനിൽക്കും.

ഒരു കാര്യം കൂടി… ഫെമിനിസം മറ്റുള്ളവരെ തിരുത്തുന്നതിൽ മാത്രം അല്ല. തന്റെ ഉള്ളിലെ തെറ്റായ ചിന്തകൾ ചോദ്യം ചെയ്യുന്നതിലും ആണ്. ഇതിലും വ്യത്യസ്ത പ്രദേശങ്ങളിൽ ഓരോരുത്തർ നേരിടുന്ന വെല്ലുവിളികൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കാതെ ഒരു ടൈപ്പ് റിയാക്ഷനെ മാത്രം ഫെമിനിസമെന്ന് വിളിക്കുന്നത് ആശയത്തെ തന്നെ ചുരുക്കി കളയുന്നതാണ്.”
“അപ്പോ… ഫെമിനിസം പ്രതികരണം മാത്രമല്ലല്ലേ?”
“അല്ല, തുല്യത അല്ലെങ്കിൽ സമത്വം എന്ന കണ്ടീഷനിലേക്കുള്ള യാത്രയാണത്. അത് ഒരു തരത്തിൽ നീതി എല്ലാവർക്കും എപ്പോഴും ഒരേ കണ്ണോടെ കാണാനുള്ള തയ്യാറെടുപ്പാണ്. അണ്ടർസ്റ്റാന്റിങ്, ലേർണിങ്, അൺലേർണിങ്, അഡാപ്റ്റിങ് ആൻഡ് ഇംപ്ലിമെന്റിങ്.”
“അതേല്ലേ…”
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




