റിലേഷന്‍ഷിപ് എന്നത് ചിലർക്ക് മനോഹരവും മറ്റു ചിലർക്ക് സങ്കീര്‍ണ്ണവുമായിരിക്കും. പലപ്പോഴും വലിയ ആശയക്കുഴപ്പങ്ങളും ഉണ്ടാക്കാറുണ്ട്. ഇന്നത്തെ കാലത്ത് നമ്മുടെ പാർട്ണറിലോ സുഹൃത്തുക്കളിലോ കാണുന്നതോ അല്ലെങ്കിൽ സ്വയം നമ്മളിലോ കാണുന്നതായ പെരുമാറ്റങ്ങളെ വിലയിരുത്താന്‍ ‘റെഡ് ഫ്ലാഗ്’, അല്ലെങ്കില്‍ ‘ഗ്രീൻ ഫ്ലാഗ്’ എന്നീ വാക്കുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
എന്നാൽ, റെഡ് ഫ്ലാഗ് എന്ന വാക്കിന്റെ ഉറവിടം എന്താണെന്ന് അറിയുമോ?
പണ്ടുകാലത്തെ ‘റെഡ് ഫ്ലാഗ്’
‘റെഡ് ഫ്ലാഗ്’ എന്ന പദം ഒരു മുന്നറിയിപ്പായി ഉപയോഗിക്കുന്നതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ചരിത്രപരമായി നോക്കുമ്പോൾ, യുദ്ധങ്ങളിലും പോരാട്ടങ്ങളിലും അപകടം സൂചിപ്പിക്കാനോ അവ നിര്‍ത്താന്‍ ആവശ്യപ്പെടാനോ ചുവന്ന കൊടികള്‍ ഉപയോഗിച്ചിരുന്നതായാണ് പറയപ്പെടുന്നത്. ചുവന്ന കൊടി പാറുന്ന ഒരു കപ്പല്‍ കണ്ടാല്‍, അതിനര്‍ത്ഥം ഒരു ദാക്ഷിണ്യവുമില്ലാതെ മരണം വരെ യുദ്ധം എന്നായിരുന്നു.
ഇതുകൂടാതെ, കടല്‍ യാത്രകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍, മോശം കാലാവസ്ഥയെയോ കപ്പലിൽ പകർച്ചവ്യാധി പടർന്നാല്‍ ക്വാറന്റൈന്‍ സാഹചര്യത്തെയോ സൂചിപ്പിക്കാന്‍ ചുവന്നകൊടി ഉപയോഗിച്ചിരുന്നു. കപ്പലിൽ ഗൺപൗഡർ പോലെയുള്ള സ്ഫോടന വസ്തുക്കളുണ്ടെങ്കിലോ മറ്റെന്തെങ്കിലും അപകട സാഹചര്യമുണ്ടെങ്കിലോ ‘അടുത്തേക്ക് വരണ്ട’ എന്ന് മുന്നറിയിപ്പ് നൽകാനും ഉപയോഗിച്ചിരുന്നത് ചുവന്ന നിറത്തിലുള്ള കൊടികളാണ്.
റെയില്‍വേയ്‌സിലാകട്ടെ, ട്രെയിൻ നിര്‍ത്താനാണ് ഈ കൊടി ഉപയോഗിച്ചിരുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ‘റെഡ് ഫ്ലാഗ്’ എപ്പോഴും ഒരു മുന്നറിയിപ്പ് ചിഹ്നമായാണ് കണ്ടിരുന്നത്. കാലക്രമേണ ഈ പദത്തിന്റെ പ്രയോഗം വ്യക്തിബന്ധങ്ങളിലെ മുന്നറിയിപ്പിനായും ഉപയോഗിച്ചു തുടങ്ങി, അത് ഡിജിറ്റല്‍ യുഗത്തിലേക്ക് എത്തിയപ്പോൾ പദത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അതിലെ പ്രധാന പങ്കുവഹിച്ചത് ടിക് ടോക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്.
റെഡ് ഫ്ലാഗും ഗ്രീന്‍ ഫ്ലാഗും
ഒരു ബന്ധം ആരോഗ്യകരമല്ല, അത് അപകടകരമാകാം എന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പാണ് റെഡ് ഫ്ലാഗ്. ഇവയെ അവഗണിച്ചാല്‍ അത് വലിയ മാനസിക വിഷമങ്ങളിലേക്കോ ചൂഷണങ്ങളിലേക്കോ നമ്മെ തള്ളിയിടാൻ സാധ്യതയുണ്ട്.
ശാരീരികമോ, മാനസികമോ, വാക്കുകള്‍ കൊണ്ടുള്ളതോ ആയ ഏത് തരം അതിക്രമങ്ങളും റെഡ് ഫ്ലാഗായി പറയാം. അതേസമയം, ഒരു ഹെല്‍ത്തിയായ റിലേഷൻഷിപ്പിനെ കാണിക്കുന്ന സൂചനയാണ് ഗ്രീന്‍ ഫ്ലാഗ്. പരസ്പര ബഹുമാനം, വിശ്വസ്തത, വൈകാരിക പിന്തുണ എന്നിവ ഇതിന് ഉദാഹരണമായി പറയാം.
ഇതുകൂടാതെ ബന്ധങ്ങളുടെ ഗതിയും ദിശയും മനസ്സിലാക്കാൻ ഇനിയും ഒരുപാട് ഫ്ലാഗുകളുണ്ട്. ഭാവിയിൽ പണി കിട്ടാൻ സാധ്യതയുണ്ട്, എന്നാൽ ഇപ്പോൾ വല്ല്യ പ്രശ്നങ്ങളില്ലെന്ന് കാണിക്കുന്നതാണ് യെല്ലോ ഫ്ലാഗ്. എന്നാൽ, ചില സ്വഭാവങ്ങൾ മാറ്റിയില്ലെങ്കിൽ റെഡ് ഫ്ലാഗ് ആയി നിറം മാറാൻ സാധ്യതയുണ്ടെന്ന് കാണിക്കുന്നതാണ് ഓറഞ്ച് ഫ്ലാഗ്. പിങ്ക്, ബ്ലൂ, പർപ്പിൾ, ബ്ലാക്ക് , വൈറ്റ് തുടങ്ങി ഒത്തിരി ഫ്ലാഗുകളുണ്ടെങ്കിലും റെഡ് ഫ്ലാഗും ഗ്രീന്‍ ഫ്ലാഗുമാണ് പോപ്പുലർ.
എന്തുകൊണ്ട് നാം ഫ്ലാഗുകൾ തിരയുന്നു?
ബന്ധങ്ങളിലോ ജോലിസ്ഥലങ്ങളിലോ ഒരു വ്യക്തിയുടെ പെരുമാറ്റം വിലയിരുത്താനും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് നമ്മൾ സാധാരണയായി റെഡ് ഫ്ലാഗുകളും ഗ്രീൻ ഫ്ലാഗുകളും തിരയുന്നത്. അമിതമായ ദേഷ്യം കാണിക്കുക, കള്ളം പറയുക, മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുക, ബഹുമാനം കാണിക്കാതിരിക്കുക എന്നിവയെല്ലാം റെഡ് ഫ്ലാഗുകളാണ്.
അതുകൊണ്ടുതന്നെ ഭാവിയിൽ നമുക്ക് മാനസികമായോ ശാരീരികമായോ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് സ്വയം രക്ഷിക്കാനാണ് ഈ ഫ്ലാഗുകൾ തിരിച്ചറിയേണ്ടത് ആവശ്യമായി വരുന്നത്.
അതുപോലെത്തന്നെ, പഴയ ബന്ധങ്ങളില്‍ നിന്നുണ്ടായ വേദനകളോ നിരാശകളോ കാരണം സ്വയം സംരക്ഷിക്കാന്‍ ഇന്ന് പല മനുഷ്യരും ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ ഇത്തരം വേദനകളുണ്ടാകരുതെന്ന് സ്വയം തിരിച്ചറിഞ്ഞ് ആരെ വിശ്വസിക്കണം, ആർക്ക് വാല്യൂ കൊടുക്കണം, ആരുമായി സമയം ചെലവഴിക്കണം എന്ന് തീരുമാനിക്കാനും ഫ്ലാഗുകള്‍ തിരയാറുണ്ട്. ഇതിന്റെ ലക്ഷ്യം വൈകാരിമായ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്.
റെഡ് ഫ്ലാഗ്: നിങ്ങളുടെ പങ്കാളിയിൽ ഇത്തരം സൂചനകളുണ്ടോ?
- നിങ്ങളുടെ പ്രവൃത്തികളില്‍ എപ്പോഴും സംശയവും ആശങ്കയും കാണിക്കുക.
- നിങ്ങളുടെ സൗഹൃദങ്ങള്‍, തീരുമാനങ്ങള്‍, ജീവിത ശൈലി എന്നിവ നിയന്ത്രിക്കാന്‍ നോക്കുക.
- പ്രധാന വിഷയങ്ങളില്‍ നിന്ന് പങ്കാളി ഒളിച്ചോടുകയോ മനഃപൂര്‍വ്വം മിണ്ടാതിരിക്കുകയോ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാതിരിക്കുകയോ ചെയ്യുക.
- സത്യങ്ങളെ വളച്ചൊടിച്ച് തെറ്റ് നിങ്ങളുടേതാണെന്ന് വരുത്തിതീര്‍ക്കുക.
- നിങ്ങളുടെ സ്വന്തം ചിന്തകളെപ്പോലും സംശയിപ്പിക്കുന്ന രീതിയില്‍ പെരുമാറുക.
- തെറ്റുകള്‍ പറ്റിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കുറ്റം മുഴുവന്‍ നിങ്ങളിലേക്ക് തള്ളിയിടുക.

ഗ്രീൻ ഫ്ലാഗ്: റിലേഷൻഷിപ് മനോഹരമാകും
- പരസ്പരമുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും അതിരുകളെയും മാനിക്കുന്നത്.
- പരസ്പരം തുറന്നു പറയേണ്ടതായ കാര്യങ്ങൾ സംസാരിക്കുന്നത്.
- അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പരസ്പരം വികാരങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.
- തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് ഏറ്റെടുത്ത് സമ്മതിക്കുന്നത്.
- പരസ്പരമുള്ള വളര്‍ച്ചയ്ക്കും ലക്ഷ്യങ്ങള്‍ക്കും പിന്തുണയ്ക്കുന്നത്.
- ചെറിയ കാര്യങ്ങളില്‍ പോലും പരസ്പരം ശ്രദ്ധ നല്‍കാനും കേൾക്കാനും തയ്യാറാകുന്നത്.
- പരസ്പരം വിലയിരുത്തപ്പെടുമെന്ന് പേടിക്കാതെ സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിയുന്നത്.
- പരസ്പരം നല്ല കാര്യങ്ങളെ പ്രശംസിക്കാനും തുല്യമായി സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നത്.
റെഡ് ഫ്ലാഗുകളോട് എങ്ങനെ പ്രതികരിക്കാം
- ഇത് എപ്പോഴെങ്കിലും സംഭവിക്കുന്നതാണോ അതോ സ്ഥിരം സ്വഭാവമാണോ എന്ന് ശ്രദ്ധിക്കുക.
- നിങ്ങളുടെ ആശങ്കകള്‍ തുറന്നു പറയുക.
- അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വ്യക്തമാക്കുക.
- പ്രശ്നങ്ങള്‍ മാറുന്നില്ലെങ്കില്‍ സ്വന്തം സുരക്ഷയ്ക്കും സന്തോഷത്തിനുമായി പിന്മാറുക.
ഫ്ലാഗുകള്‍ക്കും അപ്പുറം ചിന്തിക്കേണ്ട കാര്യങ്ങള്‍
മനുഷ്യരെ എപ്പോഴും ഒരു പർട്ടിക്കുലർ ഫ്ലാഗുകളിലാണ് ഉള്ളതെന്ന് വിലയിരുത്താൻ സാധിക്കില്ല. മനുഷ്യര്‍ മാറുന്നവരാണ്. പണ്ട് നന്നായി സംസാരിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് പിന്നീട് വൈകാരികമായി മാറാനും വളരാനും സാധിക്കും.
ഫ്ലാഗുകള്‍ മാത്രം നോക്കാതെ നിങ്ങളുടെ ആവശ്യങ്ങളും അതിരുകളും തുറന്നു സംസാരിക്കുക എന്നതാണ് ബന്ധങ്ങളിൽ പ്രധാനം. നല്ല ബന്ധങ്ങള്‍ മാനസിക ആരോഗ്യവും സന്തോഷവും വർധിപ്പിക്കുമ്പോൾ അപകടകരമായ ബന്ധങ്ങള്‍ അതെല്ലാം തകര്‍ക്കും. പരസ്പര ബഹുമാനവും വിശ്വാസവുംകൊണ്ട് നല്ല ബന്ധം കെട്ടിപ്പടുക്കാന്‍ ശ്രമിക്കണം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: യുവതലമുറയുടെ ചായഭ്രമം | The Evolving Tea Culture: Why Chaya is More Than a Drink for Kerala's Youth | tea culture| Kerala tea| chaya| chayakada| youth and tea| tea shops| Kerala| friendship| travel | Whats Happ
Pingback: ബന്ധങ്ങളിൽ അമിതമായ സംശയവും ഭയവും അലട്ടുന്നുണ്ടോ? | Relationship OCD Symptoms and Treatment | Love, Lust and beyond | Ivide Live