ചായ എല്ലാവര്‍ക്കും ഇഷ്ടമാണ്. യുവതലമുറയുടെ കാര്യം പിന്നെ പറയുകയും വേണ്ട. ചായ കുടിച്ചാണ് അവർ ജീവിതകഥകൾ പോലും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറ്. ചായ കുടിക്കാൻ സുഹൃത്തിനെ വന്ന് വിളിച്ച് ബൈക്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് തിരിച്ച് വരുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുമില്ലേ? രണ്ട് പേരെ കണക്ട് ചെയ്യുന്ന മീഡിയമായി മാറുന്നു ചായ അവിടെ. ഒരു ഗ്ലാസ് ചായ കുടിച്ചുകൊണ്ട് അവര്‍ പരസ്പരം പങ്കുവയ്ക്കുന്നത് ഒരായിരം കാര്യങ്ങളാണ്. 200 മുതൽ 250ml വരെ മാത്രമാണ് സാധാരണ ഗ്ലാസിലെ ചായയുടെ അളവ്. പക്ഷേ, എന്തുകൊണ്ടാകാം ആയിരം കാര്യങ്ങള്‍ സംസാരിക്കാനുള്ള മീഡിയമായി ചായ മാറുന്നത്?
ചായ കുടിയോടുള്ള സമീപനം തന്നെ ഇന്ന് മാറി. മാനസിക പ്രയാസങ്ങളും സമ്മർദ്ദങ്ങളും നേരിടുന്ന ഇന്നത്തെ തലമുറയ്ക്ക് ചായ നല്ലൊരു എൻജോയ്മെന്റാണ്. വീട്ടിൽ നിന്നും പുറത്തു നിന്ന് ചായ ടൈം സെറ്റ് ചെയ്യുന്നതിന് കാരണവും ഇത് തന്നെ. ചായ ആസ്വദിച്ച് കുടിക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. ലൈറ്റ്, സ്ട്രോങ്, എന്നിങ്ങനെ വേണ്ട രീതിയിൽ ചോദിച്ച് മേടിച്ച് കുടിക്കുന്നവരും ചെറുതല്ല.
ചായ സ്പെഷൽ
ചായ എപ്പോഴും സ്പെഷലാണ്. ഇഷ്ടമുള്ളവർക്ക് ഇരട്ടി സ്പെഷൽ. കുടിക്കുന്നയാളെ പിടിച്ചിരുത്തുമെന്നതാണ് ചായയുടെ ഒരു ഗുണം. വേഗം കുടിച്ച് സ്ഥലം വിടാതെ, കുറച്ച് നേരം ചൂട് ഊതി ഊതി കുടിക്കുമ്പോൾ കിട്ടുന്ന സമയം ക്വാളിറ്റി ടൈം ആണ്. തിരക്കുപിടിച്ച ജീവിതത്തിൽ കിട്ടുന്ന ഈ സമയം നമ്മൾ ഷെയർ ചെയ്യുന്നത് പ്രിയപ്പെട്ടവരോടൊപ്പമായിരിക്കും. അതുകൊണ്ട് ഒരു ഗ്ലാസ് ചായ കുടിച്ച് തീരുന്നതിനുള്ളിൽ പല കാര്യങ്ങളും സംസാരിക്കാം, ചർച്ച ചെയ്യാം. ചായ സ്പെഷ്യലായി മാറുന്നതും ഇങ്ങനെയാണ്. രാവിലെയും വൈകുന്നേരവും ചായ കുടിച്ചുകൊണ്ടിരുന്ന പതിവ് സംസ്കാരത്തിൽ നിന്ന് കൊടുംചൂടിലും ഉച്ചസമയത്തും ചായ തിരഞ്ഞെടുക്കുന്നതും ഇക്കാരണത്താലാണ്. പുതിയ ഏത് വിഭവം ഇറങ്ങിയാലും ഒരു നിശ്ചിത കാലയളവിന് ശേഷം മടുക്കുന്നതാണ് സാധാരണ കാഴ്ച. എന്നാല്‍ ചായയ്ക്ക് അന്നും ഇന്നും ജനപ്രീതി വർധിച്ചിട്ടേയുള്ളു.
യാത്രയിലെ ചായ
“നമുക്ക് വഴി ചോദിച്ച്, ചോദിച്ച് പോകാം…” എന്ന് സിനിമയിൽ പറയുന്നത് പോലെ “നമുക്ക് ചായ കുടിച്ച് കുടിച്ച് പോകാം…” എന്നതാണ് ഇന്നത്തെ മാറ്റം. ബൈക്കിൽ ഒരു റൈഡ് പ്ലാൻ ചെയ്താൽ ഇതിൽ പ്രഥമസ്ഥാനം ചായയ്ക്കുണ്ട്. ഏത് നല്ല സ്ഥലം കണ്ടാലും അവിടെയിറങ്ങി ചായ കുടിച്ച് സൊറ പറഞ്ഞിരുന്നില്ലെങ്കിൽ ഒരു സുഖമില്ലായ്മയാണ്. ചായ തീർത്തും ഒഴിവാക്കാനാവാത്തത് ഹൈറേഞ്ച് യാത്രകളിലാണ്. ജീവിതത്തിന്റെ ഭാഗമായി ചായ മാറിയതാണ് കാരണം.

ശീലത്തിനൊപ്പം
യുവാക്കളിലെ ശീലത്തിനൊപ്പമാണ് ഇന്ന് സമൂഹം. കേരളത്തിൽ ദിനംതോറും ആരംഭിക്കുന്ന തനിനാടൻ ചായക്കടകൾ ഇതിന് ഉദാഹരണമാണ്. ചായ പോലെ തന്നെ കടയുടെ ആംപിയൻസും പ്രധാനമാണ്. സംസാരിക്കുന്നതിന് ഇടവും കുടിക്കാൻ ചായയും എന്നുള്ളതാണ് കോൺസെപ്റ്റ്. തനിനാടൻ സ്റ്റൈലിലാണ് ഇതിലേറെയും. മനസ്സ് തുറന്ന് സംസാരിക്കുന്നതിനുള്ള സാഹചര്യമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. ഇന്ന് വെറൈറ്റി ചായകളുടെ കൂമ്പാരം പല ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഇതിനെല്ലാം ആവശ്യക്കാര്‍ യുവാക്കളാണ്.
ടീ സ്പോട്ടുകളെന്നാണ് കടകളെ വിശേഷിപ്പിക്കുന്നത്. മോഡേൺ രീതിയിൽ പല സ്പോട്ടുകളും നടത്തുന്നത് ചെറുപ്പക്കാർ തന്നെയാണ്. പലരും സ്റ്റാർട്ട് അപ്പായാണ് ഇതെല്ലാം ചെയ്യുന്നത്. ചായ അത്രമാത്രം സ്പെഷലാകുമ്പോൾ അവരുടെ ഒപ്പം ഇവരും യാത്ര ചെയ്യുകയാണ്. പണ്ട് കാലത്ത് ചായക്കടകളിലായിരുന്നു രാഷ്ട്രീയ ചർച്ചകൾ പ്രധാനമായും നടന്നിരുന്നത്. എന്നാൽ ഇന്ന് രാഷ്ട്രീയത്തിനപ്പുറമായി ബന്ധങ്ങളുടെ കഥയാണ് ചായക്കടകൾക്ക് പറയാനുള്ളത്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




