sian young couple having mess in their heads |istock
13
Views

∙ ഞാൻ എന്റെ പങ്കാളിയെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?
∙ എനിക്ക് അനുയോജ്യമായ ആളിനെ തന്നെയാണോ ഞാൻ കണ്ടെത്തിയത്?
∙ ഞങ്ങൾ തമ്മിലുള്ള ബന്ധം ശരിയായ ദിശയിലാണോ പോകുന്നത്?
∙ ഈ ബന്ധത്തിൽ ഞാൻ സംതൃപ്ത / സംതൃപ്തൻ ആണോ?
∙ എന്റെ പങ്കാളിക്ക് ഭംഗി കുറവാണോ?
∙ ബ്രേക്കപ്പ് ആയാൽ ഒറ്റയ്ക്കിരിക്കാൻ എനിക്ക് ഭയമാണ്
∙ ഞാൻ ശരിക്കും അവനെ / അവളെ സ്നേഹിക്കുന്നുണ്ടോ?
∙ ഇന്നു പരിചയപ്പെട്ടയാൾ പൊളിയാണ്. പക്ഷേ ഞാൻ അങ്ങനെ ചിന്തിച്ചാൽ പങ്കാളിയെ ചതിക്കുകയാണോ?
∙ ഇന്ന് പങ്കാളി എന്നോട് പ്രണയാതുരമായി സംസാരിച്ചപ്പോൾ വികാരമൊന്നും തോന്നിയില്ല. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?

ഇതെന്താണ് പരീക്ഷ പേപ്പറിലേതു പോലെ ചോദ്യങ്ങളെന്ന് ചിന്തിച്ചോ? പലരുടെയും ഉള്ളിലെ ആധികളും വ്യാധികളുമാണിത്. ഇത്തരം ചോദ്യങ്ങൾ നിങ്ങളിലും ഉണ്ടായിട്ടുണ്ടാകാം–സ്വാഭാവികം. പക്ഷേ ബന്ധത്തെക്കുറിച്ച് തുടർച്ചയായി അനാവശ്യ ചിന്തകളും ഭയവും വരുന്നുണ്ടോ? മുൻപ് ഉണ്ടായിരുന്ന റിലേഷൻഷിപ്പുമായി താരതമ്യം ചെയ്യാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് റിലേഷന്‍ഷിപ്പ് OCD അഥവാ ROCD ഉണ്ടാകാം. സംഗതിയെന്താണെന്ന് നോക്കിയാലോ..

ഓസിഡി അഥവാ ഒബ്സെസീവ് കംപൾസീവ് ഡിസോർഡറിനെ കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. മനസ്സിനെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ് ഓസിഡി. ഒരാൾക്ക് തടയാൻ കഴിയാത്ത വിധം മനസ്സിലേക്ക് കടന്നുവരുന്ന അനാവശ്യ ചിന്തകൾ, ഭയം അല്ലെങ്കിൽ ചിത്രങ്ങളാണ് ഓസിഡിയുടെ കാരണക്കാർ. കയ്യിൽ അഴുക്കോ അണുക്കളോ പുരണ്ടിട്ടുണ്ടെന്ന ഭയം, ഗ്യാസോ വാതിലോ പൂട്ടിയില്ലേ എന്ന സംശയം, കാര്യങ്ങൾ കൃത്യമായ ക്രമത്തിൽ വേണമെന്ന നിർബന്ധമൊക്കെ ഓസിഡിയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

റിലേഷൻഷിപ്പ് ഓസിഡിയിലേക്ക് വരുമ്പോൾ ഒരാൾക്ക് തന്റെ പ്രണയബന്ധത്തെക്കുറിച്ചോ പങ്കാളിയെക്കുറിച്ചോ അടങ്ങാത്ത സംശയങ്ങളും ഭയങ്ങളും ഉത്കണ്ഠയും ഉണ്ടാകുന്ന അവസ്ഥയാണ്. സാധാരണയുണ്ടാകുന്ന സംശയങ്ങളല്ലിത്. മറിച്ച് ആ വ്യക്തിയുടെ ചിന്തകളെ സദാസമയവും വേട്ടയാടുകയും ദൈനംദിന ജീവിതത്തെയും സമാധാനത്തെയും സാരമായി ബാധിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഈ ചിന്തകൾ മാറും. ബന്ധത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും ഇത്തരക്കാരെ എപ്പോഴും ഒരു ഭയം വേട്ടയാടും. യുക്തിക്ക് നിരക്കാത്തതാണെന്ന് അറിയാമെങ്കിലും ചിന്തകളെ നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല.

ROCD ചികിത്സിച്ച് ഭേദമാക്കാനാകുമോ?

ROCD പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് ഉത്തരം. കൗൺസിലിങ്ങും തെറാപ്പിയുമാണ് ആർഒസിഡിയിൽ നിന്ന് രക്ഷതേടാനുള്ള പ്രധാന വഴി. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ കൗൺസിലറുടെയോ സഹായം തേടുന്നത് ജീവിതനിലവാരം കൂട്ടാൻ സഹായിക്കും. ചിന്താരീതികളെ മാറ്റിയെടുക്കാനായി സിബിടി (Cognitive Behavioral Therapy) ചെയ്യാവുന്നതാണ്. CBT വഴി ഒരു വ്യക്തി തനിക്ക് ഉണ്ടാകുന്ന ഈ നിഷേധാത്മക ചിന്തകളെ സ്വയം തിരിച്ചറിയാനും, അവയ്ക്ക് പകരം കൂടുതൽ യഥാർത്ഥവും പ്രായോഗികവുമായ ചിന്തകൾ രൂപപ്പെടുത്താനും പഠിക്കുന്നു. സാധാരണയായി എട്ട് മുതൽ 20 സെഷനുകൾ കൊണ്ട് മാറ്റങ്ങൾ ഉണ്ടാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ആകുലപ്പെടുത്തുന്ന ചിന്തകൾ വരുമ്പോൾ, ഭയമില്ലാതെ പ്രതികരിക്കാൻ പരിശീലിക്കുന്ന ഇആര്‍പി ((Exposure and Response Prevention) രീതി. ഓസിഡി ഉള്ള ഒരാൾക്ക് അനാവശ്യ ചിന്തകൾ വരുമ്പോൾ കടുത്ത ഉത്കണ്ഠ ഉണ്ടാകുന്നു. ആ ഉത്കണ്ഠ കുറയ്ക്കാൻ അവർ വീണ്ടും വീണ്ടും ചില പ്രവൃത്തികൾ ചെയ്യും. ഇതു ഇല്ലാതാക്കുകയാണ് ഇആർപി വഴി. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുമ്പോള്‍, ക്രമേണ തലച്ചോറ് ആ ഭയത്തെ സാധാരണ കാര്യമായിയെടുക്കാൻ തുടങ്ങും.

പിന്തുണയാണ് പ്രധാനം

പങ്കാളിക്ക് റിലേഷൻഷിപ്പ് ഓസിഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ കുറ്റപ്പെടുത്തലുകളല്ല, മറിച്ച് പിന്തുണയാണ് പ്രധാനം. “നിനക്ക് എന്നോട് സ്നേഹമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്” എന്ന് കുറ്റപ്പെടുത്തുന്നതിന് പകരം ഇത് ഒസിഡിയുടെ ഭാഗമാണെന്ന് മനസ്സിലാക്കണം. “ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്”, “നമ്മുടെ ബന്ധത്തിന് കുഴപ്പമൊന്നുമില്ല” എന്ന് നൂറുവട്ടം പറഞ്ഞ് ആശ്വസിപ്പിക്കുന്നത് താത്കാലിക ആശ്വാസമേ തരൂ. പകരം പ്രൊഫഷണൽ സഹായം തേടാൻ പ്രോത്സാഹിപ്പിക്കുക.

സാധാരണ പ്രണയത്തിലെ സംശയങ്ങൾ
∙ ബന്ധത്തിൽ എന്തെങ്കിലും യഥാര്‍ഥ പ്രശ്നങ്ങൾ വരുമ്പോൾ മാത്രം തോന്നുന്നത്
∙ പ്രശ്നം സംസാരിച്ചു തീർക്കുമ്പോൾ ചിന്തകൾ ശമിക്കുന്നു
∙ ദൈനംദിന ജോലിയെയോ ഉറക്കത്തെയോ സാരമായി ബാധിക്കില്ല

റിലേഷൻഷിപ്പ് ഓസിഡി
∙ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും മനസ്സ് സദാസമയവും സങ്കീർണ്ണമായ ചിന്തകൾ ഉണ്ടാക്കുന്നു
∙ ഉത്തരം ലഭിച്ചാലും ആശ്വാസം ലഭിക്കില്ല, പുതിയ സംശയങ്ങൾ വരും
∙ മണിക്കൂറുകളോളം ഈ ചിന്തകൾ കാരണം ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല

പ്രണയത്തിൽ ആകുലതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആ ആകുലതകൾ നിങ്ങളുടെ സന്തോഷം കവരാൻ തുടങ്ങിയാൽ, അതിനെ അവഗണിക്കാതിരിക്കുക. തെറാപ്പിയിലൂടെയും പങ്കാളിയുടെ പിന്തുണയിലൂടെയും റിലേഷൻഷിപ്പ് ഒസിഡിയെ മറികടന്ന് സുന്ദരമായ ഒരു പ്രണയജീവിതം നയിക്കാൻ ഏവർക്കും സാധിക്കും..


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Love, Lust & Beyond

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading