ഐടി കമ്പനിയിലെ ജീവനക്കാരായ ദേവികയും ശ്രീരാഗും ഏറെ നാളായി പ്രണയത്തിലാണ്. ദിവസവും നേരിട്ട് കണ്ടു സംസാരിക്കുന്ന പതിവ് ഇരുവർക്കിടയിലുണ്ട്. അവരുടെ സംഭാഷണത്തിൽ നിന്ന്…
ശ്രീരാഗ്: “ദേവികേ, നീ എന്താ ഇത്രയും നേരം ഫോൺ എടുക്കാതിരുന്നത്? ഞാൻ വല്ലാതെ പേടിച്ചുപോയി… നീ എന്നോട് പിണക്കമാണോ? എന്നെ ഒഴിവാക്കാൻ നോക്കുകയാണോ?“
ദേവിക: “ഞാൻ ഫോൺ സൈലന്റ് മോഡില് വച്ച് കിടക്കുകയായിരുന്നു. നിനക്ക് എപ്പോഴും ഞാൻ എവിടെയാണെന്നും എന്തുചെയ്യുകയാണെന്നും അറിയണമല്ലേ? എനിക്ക് സ്വാതന്ത്ര്യം തരാൻ താല്പര്യമില്ല നിനക്ക്. എന്നെ നീ ശ്വാസം മുട്ടിക്കുകയാണ്. നമ്മൾ തമ്മിലുള്ള ബന്ധം അധികനാൾ പോകില്ലെന്നു എനിക്ക് തോന്നുന്നുണ്ട്.“
ശ്രീരാഗ് (ഭയത്തോടെ, സ്വയം കുറ്റപ്പെടുത്തി): “അയ്യോ, അങ്ങനെ ഒരിക്കലും വിചരിക്കല്ലേ ദേവികേ.. എന്റെ തെറ്റാണ്. ഞാൻ വെറുതെ ടെൻഷനടിച്ചതാണ്. നീ പറയുന്നതുപോലെ ഇനി ഞാൻ ചെയ്യാം. പ്ലീസ് എന്നോട് ദേഷ്യപ്പെടരുത്, നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.“
ദേവിക (പെട്ടെന്ന് മനസ്സ് മാറി, കുറ്റബോധത്തോടെ): “സോറി ശ്രീരാഗ്… ഞാൻ നിന്നോട് വല്ലാതെ കയർത്തു സംസാരിച്ചു. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. നീയാണ് ലോകത്തിൽ എന്നെ ഏറ്റവും നന്നായി സ്നേഹിക്കുന്നത് എന്ന് എനിക്കറിയാം. നീ എന്നെ വിട്ട് പോകില്ലലോ അല്ലേ...”
ശ്രീരാഗ്: “ഇല്ല ദേവിക, ഞാൻ എങ്ങോട്ടുമില്ല. നീ കൂടെയുണ്ടായാൽ മതി, എനിക്ക് വേറെ ഒന്നും വേണ്ട.“

ഒരു സന്ദേശത്തിന് മറുപടി വൈകിയാൽ കടുത്ത ആശങ്ക. പങ്കാളി അകന്നുപോകുമോ എന്ന ഭയം. ചെറിയൊരു തർക്കം പോലും ബന്ധം അവസാനിക്കുമെന്ന തോന്നലിലേക്ക് നയിക്കുന്നു. ചിലപ്പോൾ അമിതമായ സ്നേഹം, അടുത്ത നിമിഷം കടുത്ത ദേഷ്യം. മറ്റുചിലപ്പോൾ പങ്കാളിയെ നഷ്ടപ്പെടാതിരിക്കാൻ സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും വ്യക്തിത്വം പോലുമെല്ലാം മാറ്റിവയ്ക്കുന്ന അവസ്ഥ.
പ്രണയബന്ധങ്ങളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ടാകാം. എന്നാൽ, ചിലരിൽ ഈ വൈകാരിക പ്രതികരണങ്ങളും പെരുമാറ്റരീതികളും ദൈനംദിന ജീവിതത്തെയും ബന്ധങ്ങളെയും കാര്യമായി ബാധിക്കുന്ന തരത്തിൽ ആവർത്തിക്കാറുണ്ട്.
ഈ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന രണ്ട് മാനസികാരോഗ്യ അവസ്ഥകളാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (BPD), ഡിപെൻഡന്റ് പേഴ്സണാലിറ്റി ഡിസോർഡർ (DPD) എന്നിവ. BPD ഉള്ള വ്യക്തിയിൽ പെട്ടെന്നുള്ള മൂഡ് സ്വിങ്സും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയവും ദേഷ്യവും പ്രകടമാകുന്നു. അതേസമയം ഒറ്റയ്ക്കാകുമോയെന്ന ഭയവും പങ്കാളിയെ പ്രീതിപ്പെടുത്താനുള്ള അമിത ശ്രമവുമാണ് DPD ഉള്ള വ്യക്തിയിൽ പ്രകടമാകുന്നത്. ഇവിടെ ദേവികയ്ക്ക് BPD ലക്ഷണങ്ങളും ശ്രീരാഗിന് DPD ലക്ഷണങ്ങളുമാണ് ഉള്ളത്.
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിന്റെ ലക്ഷണങ്ങൾ
- സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
- ബന്ധങ്ങളിൽ കടുത്ത അസ്ഥിരത പ്രകടമാകുക.
- ഉപേക്ഷിക്കപ്പെടുമെന്ന തീവ്രമായ ഭയം.
- സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാനസികാവസ്ഥയിലും പെട്ടെന്നുള്ള മാറ്റങ്ങളും അനുഭവപ്പെടാം.
BPD പ്രണയബന്ധത്തിൽ
- പങ്കാളി ഉപേക്ഷിക്കുമെന്ന ഭയം.
- ഒരു ഘട്ടത്തിൽ പങ്കാളിയെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി കാണുകയും മറ്റൊരു ഘട്ടത്തിൽ കടുത്ത നിരാശയോ ദേഷ്യമോ അനുഭവപ്പെടുകയും ചെയ്യാം.
- മെസേജിന് മറുപടി വൈകുന്നതോ ഫോൺ എടുക്കാത്തതോ ബന്ധം അവസാനിക്കാൻ ഇടയുണ്ടെന്ന തോന്നലിലേക്ക് നയിച്ചേക്കാം.
- തർക്കത്തിനിടെ ബന്ധം അവസാനിപ്പിക്കുമെന്ന് പറയുക.
- പങ്കാളിയുടെ സ്നേഹത്തെക്കുറിച്ച് ഉറപ്പില്ലാത്ത അവസ്ഥ.

ഇത്തരം ലക്ഷണങ്ങൾ എല്ലാവരിലും ഒരേ രീതിയിലായിരിക്കില്ല. BPD ഉള്ള ഒരാൾക്ക് സ്നേഹിക്കാനോ ആരോഗ്യകരമായ ബന്ധം നിലനിർത്താനോ കഴിയില്ലെന്ന് അർഥവുമില്ല. ശരിയായ ചികിത്സയും പിന്തുണയും ലഭിക്കുമ്പോൾ ലക്ഷണങ്ങൾ കൈകാര്യം ചെയ്യാനും ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കഴിയും.
ഡിപെൻഡന്റ് പേഴ്സണാലിറ്റി ഡിസോർഡർ ലക്ഷണങ്ങൾ
- പങ്കാളിയുടെ വൈകാരിക, പ്രായോഗിക പിന്തുണയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന തോന്നൽ.
- സ്വന്തം തീരുമാനങ്ങളെടുക്കാനും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും ഒറ്റയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടാം.
- പിന്തുണയും പരിചരണവും നഷ്ടപ്പെടുമെന്ന ഭയം.
- തർക്കം ഒഴിവാക്കാൻ സ്വന്തം അഭിപ്രായം അടിച്ചമർത്തിയേക്കാം.
- പങ്കാളിയുടെ തീരുമാനങ്ങളെ അമിതമായി ആശ്രയിക്കുന്നു.
DPD പ്രണയബന്ധത്തില്‍
- ചെറിയ കാര്യങ്ങളിൽപ്പോലും പങ്കാളിയുടെ അഭിപ്രായമോ ഉറപ്പോ തേടുക.
- പങ്കാളി ഉപേക്ഷിക്കുമെന്ന ആശങ്കയിൽ സ്വന്തം നിലപാട് പറയാതിരിക്കുക.
- പങ്കാളി ഒപ്പമില്ലാത്തപ്പോൾ നിരാശയോ നിസാഹയതയോ തോന്നുക.
- ബന്ധം നിലനിർത്താനായി സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും അവഗണിക്കുക.
- വേർപിരിഞ്ഞാൽ ബന്ധം മുന്നോട്ടു പോകുമോയെന്ന ഭയം.
DPD ഉള്ള ആളുകൾ പുറമെ കാണുമ്പോൾ അവർ വളരെ ശാന്തരോ, അനുസരണയുള്ളവരോ, മറ്റുള്ളവരെ സഹായിക്കുന്നവരോ ആയി തോന്നാം. എന്നാൽ അവരുടെ മാനസികമായ പ്രവർത്തനരീതിയിലും വ്യക്തിബന്ധങ്ങളിലും ചില പ്രത്യേകതകൾ പ്രകടമായിരിക്കും. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവിന്റെ കുറവും, മറ്റുള്ളവരെ അമിതമായി ആശ്രയിച്ചുകൊണ്ട് മാത്രം ജീവിക്കാനുള്ള മാനസികാവസ്ഥയുമാണ് ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.
ഇത്തരം ബന്ധങ്ങൾ ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോകാൻ എന്തുചെയ്യാം?

- കുറ്റപ്പെടുത്തുന്നതിനുപകരം സ്വന്തം വികാരങ്ങളും ആവശ്യങ്ങളും വ്യക്തമാക്കുക.
- സ്നേഹിക്കുന്നു എന്നതുകൊണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നില്ല. ഇരുവർക്കും സ്വന്തം സുഹൃത്തുക്കളും താൽപര്യങ്ങളും വ്യക്തിപരമായ സമയവും ഉണ്ടായിരിക്കണമെന്നത് പരസ്പരം സംസാരിക്കുക
- വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കേണ്ടത് അനിവാര്യമാണ്. കടുത്ത ദേഷ്യമോ ഭയമോ അനുഭവപ്പെടുമ്പോൾ ഉടൻ പ്രതികരിക്കുന്നതിനുപകരം ശാന്തമായശേഷം സംസാരിക്കുക
- പങ്കാളിയെ മാത്രം ആശ്രയിക്കാതിരിക്കുക. സുഹൃത്തുക്കൾ, കുടുംബം, സ്വന്തം താൽപര്യങ്ങൾ, സ്വതന്ത്രമായ തീരുമാനങ്ങൾ എന്നിവയ്ക്കും ജീവിതത്തിൽ ഇടം നൽകാൻ ശ്രദ്ധിക്കണം
ബന്ധത്തിലെ പ്രശ്നങ്ങൾ തുടർച്ചയായി മാനസിക സമ്മർദമുണ്ടാക്കുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാം. ആരോഗ്യകരമായ ബന്ധം എന്നത് ഒരാൾ മറ്റൊരാളില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയല്ല; പരസ്പരം പിന്തുണയ്ക്കുമ്പോഴും രണ്ടുപേർക്കും വ്യക്തികളായി വളരാൻ കഴിയുന്ന ഇടമാണെന്ന കാര്യം ഓർക്കുക.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




