30
Views

സിനിമ എന്നത് തിയേറ്ററിലെ കൂറ്റൻ സ്ക്രീനിൽ കാണുന്ന അഭിനയവും വെളിച്ചവും പാട്ടും കളറുമല്ല; പ്രേക്ഷകനു മുന്നിൽ ആ മാന്ത്രികത സൃഷ്ടിക്കാൻ ഉറക്കമൊഴിഞ്ഞ് പണിയെടുത്ത കുറേ മനുഷ്യരുടെ വിയർപ്പുകൂടിയാണ്. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ തെളിയുന്ന താങ്ക്സ് കാർഡിലെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ പേരുകൾ വെറുമൊരു ഔദ്യോഗികതയല്ല; സിനിമ സ്വപ്നം കാണുന്ന മനുഷ്യരുടെ മാസങ്ങളും വർഷങ്ങളും നീണ്ട കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണ്.

മലയാള സിനിമയിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി (AD) കയറിക്കൂടുക എന്നത് തന്നെ വലിയൊരു കടമ്പയാണ്. പല സിനിമകളുടെയും ഭാഗമായി പ്രവർത്തിക്കാനുള്ള കോൾ ഓഫറുകൾ കണ്ട്, നല്ലൊരു ടീമിന്റെ ഭാഗമാവാൻപ്പെടുന്ന പാട് അനുഭവിച്ചറിഞ്ഞവർക്കേ അറിയൂ. എന്നാൽ, കഷ്ടപ്പെട്ട് അകത്തുകടന്നാൽ പിന്നെ യഥാർത്ഥ ജീവിതത്തിലെ ‘സിനിമ’ തുടങ്ങുകയായി.

എന്താണ് നമ്മുടെ നാട്ടിലെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ അവസ്ഥ? എന്താണ് യഥാർത്ഥത്തിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ ജോലി?

പ്രീ-പ്രൊഡക്ഷൻ, ഷൂട്ട്, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മൂന്ന് ഘട്ടങ്ങളിലും അണിയറയിൽ എ.ഡി ഉണ്ട്.

1.. പ്രീ-പ്രൊഡക്ഷൻ

ഒരു സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ഘട്ടമെന്നത് തികച്ചും ‘തിയററ്റിക്കൽ’ ആയ പണികളാണ്. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുൻപുള്ള ഒന്നര-രണ്ട് മാസങ്ങൾ എ.ഡിമാർക്ക് ഉറക്കമില്ലാത്ത കാലമാണ്. സംവിധായകന്റെയും ചീഫ് അസോസിയേറ്റിന്റെയും നിർദ്ദേശപ്രകാരം സിനിമയുടെ എ ടു സെഡ് കാര്യങ്ങൾ സെറ്റ് ചെയ്യേണ്ടത് ഈ ജൂനിയർ എ.ഡിമാരാണ്.

  • വൺ ലൈൻ പ്രിപ്പറേഷൻ: സ്ക്രിപ്റ്റ് ആഴത്തിൽ വായിച്ച്, ഓരോ സീനിന്റെയും ഏറ്റവും ഷോർട്ടസ്റ്റ് രൂപം അതായത് വൺ ലൈൻ ഉണ്ടാക്കുകയാണ് ആദ്യ പടി. “സീൻ 1: ആതിരയും പ്രകാശും സംസാരിക്കുന്നു. സീൻ 2: ആതിര വീട്ടിലേക്ക് നടന്നു പോകുന്നു.” എന്നിങ്ങനെ സീൻ ബൈ സീൻ ആയി കാര്യങ്ങൾ തയ്യാറാക്കണം.
  • ബ്രേക്ക് ഡൗണുകൾ: ഷൂട്ടിങ് ചാർട്ട്, ആർട്ടിസ്റ്റുകളുടെ ഡേറ്റ്സ്, ലൊക്കേഷൻ ബ്രേക്ക് ഡൗൺ, ക്യാരക്ടർ ബ്രേക്ക് ഡൗൺ എന്നിവയെല്ലാം ചെയ്യേണ്ടതും എ.ഡിമാരാണ്. ഒരു സിനിമയിൽ ഒരു ആർട്ടിസ്റ്റിന് എത്ര സീക്വൻസുകൾ ഉണ്ടെന്ന് കൃത്യമായി നോക്കേണ്ടതും എ.ഡിയുടെ ഉത്തരവാദിത്തമാണ്.

സർവ്വീസ് ജോലികൾ: പ്രീ-പ്രൊഡക്ഷൻ സമയത്ത് എ.ഡിമാരുടെ ജോലിക്ക് കൃത്യമായൊരു നിർവചനം പോലുമില്ല. ആർട്ടിസ്റ്റിനെ പിക്ക് ചെയ്യാൻ പോകുന്നത് മുതൽ ബോക്സ് പർച്ചേസ് ചെയ്യുന്നത് വരെ എല്ലാ തൊഴിലും അവർ ചെയ്യും. ലൊക്കേഷൻ സെറ്റ് ചെയ്യുക, കാസ്റ്റിങ് ലിസ്റ്റ് തയ്യാറാക്കുക, ഓഡിഷനുകൾ കോർഡിനേറ്റ് ചെയ്യുക തുടങ്ങി എല്ലാ ഭാരവും ഇവരുടെ ചുമലിലാണ്.

2.. ഷൂട്ടിങ്

ഷൂട്ട് തുടങ്ങി ലൊക്കേഷനിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഉത്തരവാദിത്തം ഇരട്ടിക്കും. ഒരു സിനിമയിൽ ചിലപ്പോൾ മൂന്നോ അതിലധികമോ എ.ഡിമാരുണ്ടാകും. ടീമിലെ ഓരോ എ.ഡിമാർക്കും ഓരോ ചുമതലകളാണ്.

  • ഫസ്റ്റ് എ.ഡി: ക്ലാപ്പ് ബോർഡ് അടിക്കുക, ഷോട്ട് കഴിഞ്ഞാൽ ക്ലിപ്പ് നമ്പറും ഫ്രെയിമും നോക്കി കൃത്യമായി ക്ലാപ്പ് റിപ്പോർട്ട് എഴുതുക, ഡിസ്ക്രിപ്ഷൻ കൊടുക്കുക എന്നിവയെല്ലാം ഫസ്റ്റ് എ.ഡിയുടെ ജോലിയാണ്. ആർട്ടിസ്റ്റുകൾക്കുള്ള സ്ക്രിപ്റ്റ് കോപ്പികൾ കൈകാര്യം ചെയ്യുന്നതും ഇവരാണ്.
  • ആർട്ട് എ.ഡി: സ്ക്രിപ്റ്റ് വായിച്ച് ഓരോ സീനും ആവശ്യമായ പ്രോപ്പർട്ടികൾ എന്തൊക്കെയാണെന്ന് ആർട്ട് ഡയറക്ടറുമായി ചർച്ച ചെയ്ത് സെറ്റ് ചെയ്യുന്നത് ഈ എ.ഡിയാണ്. ചരിത്രം പറയുന്ന സിനിമ ആണെങ്കിൽ ആ കാലഘട്ടത്തിന് ചേരുന്ന പ്രോപ്പർട്ടികൾ കണ്ടെത്തുക, ലൊക്കേഷനിലെ ഗ്ലാസിന്റെയോ മേശയുടെയോ പൊസിഷൻ മുതൽ കറക്റ്റ് ആയി സീനുകളുടെ ‘കണ്ടിന്യുവിറ്റി’ നോക്കുന്നത് ഇയാളാണ്.
  • കോസ്റ്റ്യൂം & മേക്കപ്പ് എ.ഡി: ആർട്ടിസ്റ്റുകളുടെ ലുക്ക് ഫിക്സ് ചെയ്യുന്നത് മുതൽ കോസ്റ്റ്യൂമും മേക്കപ്പും കൃത്യമാണോ എന്ന് നോക്കുന്നത് വരെ ഇവരുടെ ചുമതലയാണ്. നാളെ എടുക്കുന്ന സീനിലെ വസ്ത്രം ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമാണോ, നെയിൽ പോളിഷും ഷൂവും കറക്റ്റ് ആണോ എന്നൊക്കെയുള്ള സൂക്ഷ്മ പരിശോധനകൾ ഈ എ.ഡിമാരാണ് നടത്തുക.
  • ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി (ജൂനിയർ പാസിങ്): കോടതി രംഗമോ പൊലീസ് സ്റ്റേഷനോ ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ, ബാക്ക്ഗ്രൗണ്ടിൽ നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ വെറുതെ നടന്നുപോയാൽ പോരാ. അവർക്ക് കൃത്യമായ ഒരു ബാക്ക്ഗ്രൗണ്ട് സ്റ്റോറിയും ആക്ടിവിറ്റിയും നൽകി ആ ഫ്രെയിമിന് ജീവൻ നൽകുന്നത് എ.ഡിമാരുടെ ക്രിയേറ്റിവിറ്റിയാണ്.

3.. പോസ്റ്റ് പ്രൊഡക്ഷൻ

ഷൂട്ട് കഴിഞ്ഞാലും എ.ഡിമാരുടെ പണി തീരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ സിനിമയുടെ ഓരോ അണിയറ പ്രവർത്തനങ്ങളിലും ഇവർ ഒപ്പമുണ്ടായിരിക്കണം.

  • ആർട്ടിസ്റ്റുകളുടെ ഡബ്ബിങ് കോർഡിനേറ്റ് ചെയ്യുക.
  • വി.എഫ്.എക്സ്, സി.ജി ഷോർട്ടുകൾ മാർക്ക് ചെയ്ത് വിഎഫ്എക്സ് ടീമിന് കൈമാറുക.
  • സൗണ്ട് ഡിസൈൻ, മ്യൂസിക് ഡിപ്പാർട്ട്മെന്റ് എന്നിവരുമായുള്ള ആശയവിനിമയം.
  • കളർ ഗ്രേഡിങ് സമയത്ത് ഒപ്പം നിൽക്കുക.
  • ഒടുവിൽ, വിവിധ ഭാഷകളിലെ സെൻസറിംഗിനായി പടം ലോക്ക് ചെയ്ത് കൃത്യസമയത്ത് എത്തിക്കുക.
A blurred view of a music studio featuring a mixing console, speakers, and soundproofing panels on the walls.

ഫെഫ്കയുടെ പുതിയ റൂൾ പ്രകാരം ഷൂട്ട് 12 മണിക്കൂറാണെങ്കിലും, അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ഈ നിബന്ധനകൾ ഒന്നും തന്നെയും ബാധകമല്ല. ലൊക്കേഷനിൽ ഏറ്റവും ആദ്യം എത്തുന്നതും ഷൂട്ട് കഴിഞ്ഞ് ഏറ്റവും ഒടുവിൽ ഉറങ്ങാൻ പോകുന്നതും ഈ എ.ഡിമാരാണ്. രാത്രി റൂമിൽ എത്തിയാൽ അന്നത്തെ ഷൂട്ടിന്റെ വിവരങ്ങൾ ഫയൽ ചെയ്യണം. അടുത്ത ദിവസത്തെ കോൾഷീറ്റ് പ്രിപ്പയർ ചെയ്ത് ആർട്ടിസ്റ്റുകൾക്കും ഡയറക്ടർക്കും അയക്കണം. ഏഴു മണിക്ക് കോൾ ടൈം ആണെങ്കിൽ അതിനുമുമ്പ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കണം.

എന്തിനു ഈ അടുത്ത കാലത്താണ് മെച്ചപ്പെട്ട വിവേചനമില്ലാത്ത താമസ സൗകര്യം പോലും ലഭിച്ചു തുടങ്ങിയത്. പ്രതിഫലത്തിന്റെ കാര്യത്തിലും ഈ വിവേചനമുണ്ട്. അന്യഭാഷാ ചിത്രങ്ങളിൽ മെച്ചപ്പെട്ട പ്രതിഫലവും പരിഗണനയും ലഭിക്കുമ്പോൾ ഇവിടെ മൂന്നും നാലും മാസം ജോലി ചെയ്താൽ 40,000 – 50,000 വരെയാണ് ലഭിക്കുക.

– പരീക്ഷിത് ആർ.എസ്, അസിസ്റ്റന്റ് ഡയറക്ടർ, മോളിവുഡ്

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Love, Lust & Beyond

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading