57
Views

അതിദരിദ്രരാജ്യങ്ങളുടെ പട്ടികയിലെ ആദ്യവരികളിൽ ഇടം പിടിച്ചുഴലുന്ന രാജ്യമാണ് കോംഗോ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്ന ആഫ്രിക്കൻ രാജ്യം വീണ്ടും വാര്‍ത്തകളിൽ ഇടം നേടുകയാണ്. നല്ല കാരണത്താലല്ല. അതിമാരകമായ എബോളയെന്ന രോഗത്തിന്റെ ഏറ്റവും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നതിനാലാണത്. ‘ബൂൻഡിബുഗ്യോ’ എന്ന വകഭേദമാണ് കോംഗോയെ വരിഞ്ഞുമുറുക്കിയിരിക്കുന്നത്. അയൽരാജ്യമായ ഉഗാണ്ടയിലേക്കും എബോള കടന്നെത്തിയിട്ടുണ്ട്.

ഇതാദ്യമായല്ല എബോള കോംഗോയുടെ കഴുത്തു‍ഞെരിക്കുന്നത്. 2018–2020 കാലത്തും 2014–2016 കാലയളവിലും ഭീതിതമായ എബോളയെ രാജ്യം അഭിമുഖീകരിച്ചിട്ടുണ്ട്. കിവു വ്യാപനത്തിൽ എബോള 2200ലധികം പേരെയാണ് 2018–20 കാലത്ത് കവർന്നെടുത്തത്. പുതിയ വൈറസ് വകഭേദമായ ‘ബൂൻഡിബുഗ്യോ’ 700 ലേറെപ്പേരെ ഇതുവരെ രോഗക്കിടക്കിയിലെത്തിച്ചിട്ടുണ്ട്. ആലങ്കാരികമായി രോഗക്കിടക്ക എന്നുപറഞ്ഞാലും അടിസ്ഥാന സൗകര്യമൊന്നുമില്ലാത്ത കോംഗോ വീണ്ടും അതിഭീകരമായ ഒരു രോഗമുഖത്താണ്. അതിദാരിദ്ര്യത്തേക്കാൾ കഠിനമായത്.

കോംഗോയെ വരിഞ്ഞുമുറുക്കുന്ന എബോള

വൈറസ് രോഗമായ എബോള 1976കളിൽ സുഡാനിലും കോംഗോയിലുമാണ് ആദ്യമായി കാണപ്പെട്ടത്. എബോള വൈറസ് ഡിസീസ് അല്ലെങ്കിൽ എബോള ഹെമൊറേജിക് ഫീവർ എന്നറിയപ്പെടുന്ന എബോള കോംഗോയിലെ എബോള നദിക്കരയിലെ ഗ്രാമത്തിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷമാണ് ഈ രോഗം എബോള എന്ന് അറിയപ്പെടുന്നത്. അക്ഷരാർത്ഥത്തിൽ കോംഗോയെ ഈ മാരകരോഗം വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ.

നിലവിൽ പടരുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് പ്രത്യേക ചികിത്സയോ വാക്സിനോ നിലവിലില്ല. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ. മുൻപ് 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയ ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു അത്. കോംഗോയിൽ റിപ്പോർട്ട് ചെയ്യുന്ന പതിനേഴാമത്തെ എബോള വ്യാപനമാണിത്.

രോഗവ്യാപനവും ലക്ഷണങ്ങളും

രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ തുടങ്ങിയ മൃഗങ്ങളിലും ഈ രോഗം കാണപ്പെടുന്നുണ്ട്. ഇവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്ക് പകരാം.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരമാകുന്ന സാഹചര്യത്തിൽ 5 മുതൽ 7 ദിവസത്തിനകം ശരീരത്തിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയും കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യാം.

പോഷകാഹാരക്കുറവ്, കരൾരോഗം, മദ്യപാനം എന്നിവയുള്ളവരിലും എൻഎസ്എഐഡി (NSAID) വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കുന്നവരിലും രോഗാവസ്ഥ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. മുൻകരുതലും ഐസോലേഷനുമല്ലാതെ മറ്റുമരുന്നുകൾ എബോളയ്ക്കില്ല.

എബോള വിട്ടൊഴിയാത്ത കോംഗോ

കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് എബോള പോലുള്ള ജന്തുജന്യ രോഗങ്ങൾ കോംഗോയെ വിട്ടൊഴിയാത്തത്. വിശപ്പോ രോഗങ്ങളോ എന്നു ചോദിച്ചാൽ ഏതെടുക്കാനും ഉപായമില്ലാത്ത ജനത. മലേറിയ, മീസൽസ് ഉൾപ്പെടെയുള്ള രോഗങ്ങൾ പോഷകഹാരക്കുറവുമൂലമുള്ള രോഗാവസ്ഥകൾ അങ്ങനെ അരക്ഷിതമായ ഒരു അന്തരീക്ഷത്തിലാണ് ഇവർ ജീവിക്കുന്നതും. ജീവനെടുക്കുന്ന ഈ രോഗങ്ങൾക്കും പട്ടിണിക്കുമൊപ്പം അടിസ്ഥാനപരമായ ആരോഗ്യ സംവിധാനങ്ങൾ പോലും ആ പട്ടിണി രാജ്യത്തിന് അപ്രാപ്യമാണ്.

ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, റെഡ് ക്രോസ് പോലുള്ള സംഘടനകളും ലോകാരോഗ്യ സംഘടനയുമെല്ലാമാണ് എല്ലാ അവസ്ഥകളിലും ഒറ്റപ്പെട്ടുപോയ ഈ രാജ്യത്തിന് അഭയം. 17 ടണ്ണിലധികം മെഡിക്കൽ ഉപകരണങ്ങൾ രാജ്യത്തേക്കെത്തിക്കഴിഞ്ഞു. രോഗം കണ്ടെത്തിയത് മേയ് മാസത്തിലാണെങ്കിലും അതിനുമേറെ നാളുകൾ മുന്നേ ഈ രോഗം ആ ജനതയെ തേടിയെത്തിയിട്ടുണ്ടെന്നാണ് ഉയരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗത്തോട് മാത്രമല്ല ഈ രാജ്യം പൊരുതുന്നത്. കിഴക്കൻ കോംഗോ യുദ്ധമുഖത്താണിപ്പോഴും. ഐസിസിസ് അടക്കമുള്ള ഭീകരസംഘടനകൾ വരുത്തിവച്ച യുദ്ധവും നിരന്തര സംഘർഷവും കോംഗോ ജനതയെ സ്ഥാനഭ്രംശരാക്കി കഴിഞ്ഞു. രോഗം ഒരു വശത്തും ആഭ്യന്തര കലഹവും യുദ്ധ സംഘർഷങ്ങളും മറുവശത്തും. പരിഗണന എല്ലാ രീതിയിലും അർഹിക്കുന്ന കോംഗോയെ തേടിയെത്തുന്ന അപൂര്‍വ സഹായങ്ങളെയും ആരോഗ്യപ്രവർത്തകരെയും യുദ്ധം ബാധിക്കുന്നുണ്ട്. എബോളയാണോ വെടിച്ചില്ലുകളാണോ ജീവനെടുക്കുകയെന്ന ആശങ്കയിലാണ് കോംഗോയുടെ കിഴക്കൻ മേഖല.

Screenshot of a tweet by Dr. Tedros Adhanom Ghebreyesus dated May 28, 2026, addressing the Ebola outbreak in Ituri province, DRC, and emphasizing the importance of collaborative efforts to combat the disease.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന

എബോള വ്യാപനത്തിനു പിന്നാലെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന. Public Health Emergency of International Concern എന്ന ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ ജാഗ്രതാ നിര്‍ദേശമാണിത്. ഗുരുതരമായൊരു ആരോഗ്യ അടിയന്തരാവസ്ഥിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് അർഥം.

കടുത്ത സ്ക്രീനിങ് മാർഗങ്ങളും യാത്രാ നിരോധനങ്ങളും ഏർപ്പെടുത്തി മറ്റ് ലോകരാഷ്ട്രങ്ങളെല്ലാം വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. രോഗവ്യാപനം അതീവവേഗതയിലായതിനാൽ കൂടുതൽ ധനസഹായം കോംഗോ അർഹിക്കുന്നുണ്ട്. അതിദരിദ്രരുള്ള അതിദരിദ്ര രാജ്യമായതിനാലും ‘ബൂൻഡിബുഗ്യോ’ എന്ന പുതിയ വൈറസ് വകഭേദത്തിന് വാക്സിനില്ലാത്തതിനാലും കോവിഡ് 19 പോലെ ഒരു അടച്ചുപൂട്ടൽ ഭീഷണി എബോള ഉയർത്തുന്നില്ലെങ്കിലും ജാഗ്രത വേണം. ഒപ്പം, ലോകം മുഴുവൻ കൈപിടിച്ചാൽ മാത്രമേ ഈ രോഗക്കിടക്കയിൽ നിന്നും കോംഗോയെ രക്ഷിക്കാൻ കഴിയൂ.

ഞങ്ങൾ ഒപ്പമുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന തലവൻ കോംഗോയോട് പറഞ്ഞത്. ചേർത്തുപിടിച്ചു തന്നെ വേണം കോംഗോയിലെ ജനതയെയും രക്ഷിക്കാൻ.

Article Categories:
Featured Posts · Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading