വ്യക്തി ശുചിത്വത്തിലും ആരോഗ്യ സംരക്ഷണത്തിലും അതിയായ ശ്രദ്ധപുലർത്തുമ്പോഴും മലയാളികൾ ഇന്നും അമാന്തത്തോടെ സമീപിക്കുന്ന ആരോഗ്യ മേഖലയാണ് മാനസികാരോഗ്യ മേഖല. ഇക്കാര്യത്തിൽ മാത്രം ദ്വന്ദങ്ങളിൽ നിൽക്കുന്ന മലയാളി മനസ്സിന് ഇക്കാലത്തും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. ഡിപ്രഷൻ അഥവാ ‘വിഷാദരോഗ’ത്തെക്കുറിച്ച് നമ്മൾ കാര്യമായി ചർച്ച ചെയ്യാൻ ആരംഭിച്ചിട്ട് എത്ര കാലമായി എന്ന് നിരീക്ഷിച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.
വിഷാദരോഗത്തിൽ തന്നെ മലയാളികൾ അധികം ചർച്ച ചെയ്തിട്ടില്ലാത്ത ഒരുതരം വിഷാദത്തെയാണ് ‘ഇവിടെ’ പ്രതിപാദിക്കുന്നത്, പറ്റേണൽ ഡിപ്രഷൻ. പറ്റേണൽ ഡിപ്രഷൻ അഥവാ പിതൃവിഷാദം പത്തിൽ ഒരു പുരുഷൻ അനുഭവിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പങ്കാളിയുടെ ഗർഭ കാലത്തും കുഞ്ഞ് ജനിച്ചതിന് ശേഷവും പുരുഷന്മാരിൽ ഉണ്ടാകുന്ന മാനസിക സമ്മർദത്തെയാണ് പറ്റേണൽ ഡിപ്രഷൻ എന്ന് വിളിക്കുന്നത്. ഗർഭ കാലത്തും കുഞ്ഞുണ്ടായതിനുശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദത്തിന് സമാനമാണ് ഇതും. പങ്കാളി ഗർഭാവസ്ഥയിലായിരിക്കുന്ന സമയത്ത് പുരുഷൻമാരിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സമയം ടെസ്റ്റോസ്റ്റിറോൺ ഉൾപ്പെടെയുള്ള പുരുഷ ഹോർമോണാന്റെ അളവ് കുറയും. ഇത് വിഷാദത്തിലേക്ക് നയിക്കാൻ കാരണമാകും.

കാരണങ്ങൾ പലവിധം
പുരുഷന്മാരെ സംബന്ധിച്ച് പലവിധ സാഹചര്യങ്ങളാണ് പറ്റേണൽ ഡിപ്രഷനിലേക്ക് തള്ളിവിടുന്നത്. കുഞ്ഞുണ്ടായിക്കഴിയുമ്പോൾ അമ്മയെയും കുഞ്ഞിനെയും പിതാവിൽ നിന്ന് അകറ്റുന്ന രീതി പൊതുവെ കേരളത്തിലുണ്ട്. ഇത് വലിയ അപകടമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പിതാവിന് കുഞ്ഞിനോടും പങ്കാളിയോടുമുള്ള അടുപ്പം കുറയാൻ ഇത് കാരണമാകും. ഈ പ്രവണത പിതാവിനെ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്. അച്ഛൻ എന്ന, തീർത്തും പുതിയൊരു ഉത്തരവാദിത്തത്തെ സ്വീകരിക്കാനുള്ള അങ്കലാപ്പും പുരുഷൻമാരെ സമ്മർദത്തിലാക്കും. മറ്റൊരു കാരണം സാമ്പത്തികം സംബന്ധിച്ചുള്ള ആവലാതികളാണ്. അപ്രതീക്ഷിതമായ ഗർഭധാരണങ്ങളിൽ ഈ അങ്കലാപ്പ് പുരുഷൻമാരിൽ കൂടുതലായിരിക്കും. ഇതും മാനസികമായ സമ്മർദത്തിലേക്ക് പുരുഷനെ തള്ളിവിടുന്ന കാരണങ്ങളിലൊന്നാണ്.

പറ്റേണൽ ഡിപ്രഷൻ ഉണ്ടാകാൻ സാധ്യതയുള്ളവർ
മുൻപ് വിഷാദ രോഗം പിടിപെട്ട പുരുഷന് പിതാവായതിന് ശേഷം വിഷാദമുണ്ടാകാൻ സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് ഉള്ളവർക്കും വിഷാദം പിടിപെടാനുള്ള സാധ്യതയുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവർക്കും ഈ അവസ്ഥ പിടിപെടാം.

വേണം അവബോധം
പറ്റേണൽ ഡിപ്രഷനിൽ അടിയന്തരമായി ഉണ്ടാവേണ്ടത് അവബോധമാണ്. വിഷാദരോഗത്തെക്കുറിച്ച് അവബോധരായാൽ മാത്രമേ സഹായമോ ചികിത്സയോ തേടാനാകൂ. ഇന്റർനാഷ്ണൽ ഫാദേഴ്സ് മെന്റൽ ഹെൽത്ത് ഡേയൊക്കെ ഇന്ന് നിലവിലുണ്ട്. നമ്മളിൽ എത്രപേർ ഇതിനെക്കുറിച്ച് അറിവുള്ളവരാണ് എന്നത് ചോദ്യമായി നിൽക്കുന്നു. മറ്റേണൽ ക്ലിനിക്കുകൾ വഴി പറ്റേണൽ ഡിപ്രഷനെക്കുറിച്ചുള്ള അവബോധവും എളുപ്പത്തിൽ നൽകാൻ കഴിയും. ഇത്തരം ക്യാമ്പയിനുകൾ സജീവമാക്കുക വഴിയും അവബോധം സൃഷ്ടിക്കാനാകും. രോഗലക്ഷണങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ മാത്രമേ ചികിത്സ തേടാൻ കഴിയുകയുള്ളൂ. ബിപി കൂടുന്നത് തിരിച്ചറിയുന്നതുപോലെ, മാനസികാരോഗ്യ പ്രശ്നങ്ങളും തിരിച്ചറിയപ്പെടാൻ നാം പ്രാപ്തരാകണം.
പറ്റേണൽ ഡിപ്രഷന്റെ ലക്ഷണങ്ങൾ
മറ്റേണൽ ഡിപ്രഷനും പറ്റേണൽ ഡിപ്രഷനും പുറമെ പ്രകടമാകുന്നത് വ്യത്യസ്ത രീതിയിലാണ്. പുരുഷന്മാരിൽ അമിതമായ ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ഓർമക്കുറവ്, ചെറിയ കാര്യങ്ങളിൽ പോലും അസ്വസ്ഥരാവുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. വിഷാദം പുറമെ പ്രകടിപ്പിക്കുകയോ വിഷമങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യാത്തത് പുരുഷൻമാരിൽ വിഷാദത്തിന്റെ വ്യാപ്തി കൂട്ടുന്നു എന്നതും വസ്തുതയാണ്.

പറ്റേണൽ ഡിപ്രഷൻ ബാധിക്കുക വ്യക്തിയെ മാത്രമല്ല
ഒരു കുഞ്ഞിന്റെ ആരോഗ്യപൂർണമായ വളർച്ചയ്ക്ക് അമ്മയുടെയും അച്ഛന്റെയും ശരിയായ പരിചരണം ആവശ്യമാണ്. മറ്റേണൽ ഡിപ്രഷൻ ഏത് രീതിയിൽ കുഞ്ഞിന്റെ വികാസത്തെ ബാധിക്കുമോ അതേയളവിൽ പറ്റേണൽ ഡിപ്രഷനും ബാധിക്കും. പറ്റേണൽ ഡിപ്രഷൻ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ ഉൾപ്പെടെ ബാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പാരന്റൽ ഡിപ്രഷൻ ഉള്ള വീടുകളിൽ വളരുന്ന കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കുട്ടിയുടെ വൈകാരിക വികാസത്തെയും ഇത് ബാധിക്കാം. കൃത്യമായ പരിചരണം കിട്ടാതെ വളരുന്ന കുട്ടികൾ സമൂഹത്തിന്റെ ഭാഗമാകുമ്പോൾ പലവിധ പ്രശ്നങ്ങളുമുണ്ടാകും. പറ്റേണൽ ഡിപ്രഷൻ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് ആ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും കുട്ടിയുടെ ഭാവിയെയും ബാധിക്കുന്ന ഒന്നാണ് എന്ന് വ്യക്തം.

ചികിത്സ തേടാത്ത വിഷാദരോഗം ഭാവിയിൽ പല മാനസിക പ്രശ്നങ്ങളിേലക്കും നയിക്കും. ലഹരി ഉപയോഗത്തിലേക്കും ഇത് നയിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുടുംബം തന്നെ ശിഥിലമാക്കിയേക്കാം.
എന്താണ് ചികിത്സ?
പറ്റേണൽ ഡിപ്രഷന് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഫാമിലി തെറാപ്പി പോലുള്ള ചികിത്സാ രീതികളുണ്ട്. അവബോധ പെരുമാറ്റ ചികിത്സ എന്നാണ് ഇതിന് പറയുക. ചില ഘട്ടങ്ങളിൽ മരുന്നുകളും ആവശ്യമായി വന്നേക്കാം. പുരുഷമേധാവിത്വ സമൂഹത്തിന്റെ ഇരകൾ പുരുഷന്മാർ കൂടിയാണ്. മാനസികാരോഗ്യത്തെ ശരിയാംവണ്ണം തിരിച്ചറിയാത്തതും പുറത്തുപറയാത്തതും പുരുഷമേധാവിത്വം അടിച്ചേൽപ്പിച്ച ഈ അമിതഭാരം കൊണ്ടുകൂടിയാണ്. ഈ സ്റ്റിഗ്മകളെക്കൂടെ തകർത്താൽ മാത്രമേ പൂർണമായും മാനസിക സ്വസ്ഥത നേടാനാകൂ എന്നതാണ് വസ്തുത. വിഷാദം പറയാനും പങ്കുവയ്ക്കാനും പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല. തുറന്നു പറയുന്നതോടെ സഹായവും പിന്തുണയും അധികരിക്കുകയേയൂള്ളൂ. കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് പങ്കാളിയോടോ അടുത്ത സുഹൃത്തുക്കളോടോ മാതാപിതാക്കളോടോ തുറന്നു പറയണം. തുടർ സഹയങ്ങൾക്കും ശരിയായ ചികിത്സയ്ക്കും ഇത് സഹായിക്കും.

Credits:
Dr. Mohan Roy G
Professor and HOD of Psychiatry
Govt Medical College Kollam





Pingback: സ്ത്രീശരീരത്തിലെ വിപ്ലവങ്ങളും ഗ്രീൻ ഫ്ലാഗ് അച്ഛന്മാരും | The Trap of Divine Motherhood | Motherhood | Patriarchy | Women’s Autonomy | Feminism | Love, Lu