പ്രിയപ്പെട്ട നുജൂദ്,
നിന്റെ ജീവിതം അറിഞ്ഞു, അല്ല വായിച്ചു. നിന്നോളം നിന്റെ ജീവിതം അറിയാൻ മറ്റാർക്കും സാധിക്കില്ലല്ലോ. നിന്റെ അതിജീവനം ഒരു അദ്ഭുതമാണ്.
അന്ന് നിനക്ക് വിവാഹ ജീവിതത്തെ കുറിച്ച് ഒന്നുമറിയില്ല. ഒൻപതാം വയസ്സിൽ നിന്നേക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളുമായി വിവാഹം കഴിയുമ്പോൾ നിനക്ക് നിന്റെ അബ്ബായോടും ഉമ്മയോടും ദേഷ്യം തോന്നിയിരുന്നുവോ? ഋതുമതിയാകുന്നത് വരെ ഭർത്താവ് നിന്നെ സ്പർശിക്കില്ലെന്ന വാക്കിന്റെ പുറത്തുള്ള ഒരു വിവാഹം. ശരിക്കും അങ്ങനെ ഒരു ഉറപ്പ് അയാൾ നൽകിയിരുന്നോ?
ആ ഉറപ്പ് വിശ്വസിച്ചിരുന്ന നിന്നെ തേടി വിവാഹ രാത്രിയിൽത്തന്നെ അയാളുടെ ക്രൂരത. ‘പേടിച്ച് ചുരുണ്ടു കിടന്നിരുന്ന എന്റെ വസ്ത്രങ്ങൾ വലിച്ച് കീറി, എന്റെ ഉള്ളിന്റെ ഉള്ളിലേക്ക് അയാൾ കയറി’ എന്ന് നീ തുറന്ന് പറഞ്ഞപ്പോൾ, നിന്നെ ഒരിക്കൽപോലും കാണാത്ത അറിയാത്ത എന്റെ ഉള്ളവും പിടഞ്ഞു. പകൽ മുഴുവൻ വീട്ടുജോലികൾ. രാത്രികളിൽ ഭർത്താവിന്റെ പീഡനവും മർദനവും. ഈ പീഡനങ്ങളിൽ നിന്ന് രക്ഷതേടി ഒരു ഒൻപതു വയസ്സുകാരി വീടിനു ചുറ്റും കിടന്ന് ഓടുമ്പോൾ ബലമായി പിടിച്ച് മർദിച്ച് കിടപ്പു മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതു പതിവായി.
രണ്ടാനമ്മയുടെ വാക്കുകളിൽ നിന്നും നീ അറിഞ്ഞ ‘രക്ഷ’യിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. ഒന്ന് കരയാൻ പോലും കഴിയാത്ത വിധം തകർന്ന മനസ്സും ശരീരവുമായി, ഏതോ ഒരു നിമിഷത്തിൽ കിട്ടിയ ധൈര്യത്തിൽ നീ കോടതി അന്വേഷിച്ച് യാത്രയായി. ‘നീ ഇപ്പോഴും കന്യകയാണോ?’ എന്ന് ജഡ്ജിയുടെ ചോദ്യത്തിന് ‘അല്ല രക്തമൊലിക്കുന്നുണ്ട് ‘ എന്ന മറുപടി ഒരു നടക്കുമാണ് ഉണ്ടാക്കിയത്.
നിന്റെ ഇരുണ്ട ജീവിതത്തിലേക്ക് കടന്നുവന്ന ഷാദ നാസർ എന്ന അഭിഭാഷക നൽകിയത് ഒരു അമ്മയുടെ സ്‌നേഹവും പിന്തുണയുമാണ്. നീയും ഷാദയും ഒരുമിച്ച് നടത്തിയ പോരാട്ടം ചെറുതായിരുന്നില്ല. ആ നിയമയുദ്ധത്തിനൊടുവിൽ തേടിയെത്തിയ വിവാഹമോചനം പത്തുവയസ്സുകാരിക്ക് നൽകിയത് മിഠായിയുടെ മധുരമായിരിക്കാം.
നുജൂദ്, ആത്മധൈര്യത്തിന്റെ പ്രതീകമായി ലോകം വാഴ്ത്തിയ നീ ഇന്ന് എവിടെയാണ്? വലുതാകുമ്പോൾ പഠിച്ച് ഒരു വക്കീൽ ആകണം എന്ന ആഗ്രഹം സഫലമായോ?
വാൽക്കഷണം: നുജൂദ് അലിയുടെ ജീവിതം അറിയാൻ താൽപര്യമുള്ളവർക്ക് അവളും ഡെൽഫിൻ മിനായിയും ചേർന്ന് എഴുതിയ ‘ഞാൻ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത’ എന്ന ആത്മകഥ വായിക്കാം.




