143
Views

ലോക ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ഫ്രാഞ്ചൈസി ലീഗായ ഐപിഎൽ അതിന്റെ 19-ാം സീസണിന്റെ പകുതി പിന്നിടുമ്പോൾ, മൈതാനത്തെ പോരാട്ടങ്ങളേക്കാൾ നായകത്വത്തിലെ പാളിച്ചകളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കപ്പുറം, ഓരോ ടീമിനെയും നയിക്കുന്ന ക്യാപ്റ്റൻമാരുടെ മികവും വീഴ്ചയും ഈ സീസണിന്റെ വിധി നിർണ്ണയിക്കുന്ന ഘടകമായി മാറിയിരിക്കുന്നു.

നായകത്വത്തിന്റെ പുതിയ മുഖം

ഫീൽഡിങ് ക്രമീകരിക്കുകയോ ബൗളർമാരെ മാറ്റുകയോ ചെയ്യുന്നതിലുപരി, പതറുന്ന സാഹചര്യങ്ങളിൽ ടീമിനെ ചേർത്തുപിടിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥ ക്യാപ്റ്റൻ. എന്നാൽ, 2026-ലെ ഐപിഎൽ മത്സരങ്ങൾ പരിശോധിക്കുമ്പോൾ, പത്ത് ടീമുകളെയും ഇന്ത്യൻ താരങ്ങളാണ് നയിക്കുന്നത് എന്ന സവിശേഷതയുണ്ടെങ്കിലും പകുതിയിലധികം പേരും സ്വന്തം ഉത്തരവാദിത്തങ്ങളിൽ പരാജയപ്പെടുന്നതായാണ് കാണുന്നത്. പലപ്പോഴും ക്യാപ്റ്റന്റെ സ്വതന്ത്രമായ ബുദ്ധിയേക്കാൾ ഡഗ് ഔട്ടിലിരിക്കുന്ന അനലിസ്റ്റുകൾ നൽകുന്ന ‘ടാക്റ്റിക്കൽ മാച്ച്-അപ്പുകൾ’ കളി നിയന്ത്രിക്കുന്ന കാഴ്ച ഇവരെ വെറും നോക്കുക്കുത്തികളാക്കി മാറ്റുന്നു.

വിജയതന്ത്രങ്ങൾ മെനഞ്ഞവർ

ഈ സീസണിൽ പഞ്ചാബ് കിങ്‌സിനെ നയിക്കുന്ന ശ്രേയസ് അയ്യർ വേറിട്ടുനിൽക്കുന്നത് തന്റെ തീരുമാനങ്ങളിലെ വ്യക്തത കൊണ്ടാണ്. ബാറ്റിംഗിൽ 182.46 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റ് നിലനിർത്തിക്കൊണ്ട് അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിക്കുകയും ചെയ്തു. സമാനമായ രീതിയിൽ, സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ആർസിബിയെ നയിക്കുന്ന രജത് പാട്ടിദാറും, പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്‌സിനെ വിജയവഴിയിൽ നിലനിർത്തുന്ന ഇഷാൻ കിഷനും നായകത്വത്തിന്റെ മികച്ച മാതൃകകളായി മാറുന്നു. ഇവർ സാഹചര്യങ്ങളെ മുൻകൂട്ടി കാണുകയും ഡാറ്റയ്ക്കപ്പുറം സ്വന്തം കഴിവിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്.

പാളിച്ചകളും ആശയക്കുഴപ്പങ്ങളും

മറുഭാഗത്ത്, മുംബൈ ഇന്ത്യൻസിന്റെ അവസ്ഥ ദയനീയമാണ്. ഹാർദിക് പാണ്ഡ്യയുടെ കീഴിൽ മുംബൈ കാഴ്ചവയ്ക്കുന്ന പ്രകടനം നായകത്വത്തിലെ ആശയക്കുഴപ്പത്തിന്റെ തെളിവാണ്. ജസ്പ്രീത് ബുമ്രയെപ്പോലെയുള്ള ലോകോത്തര ബൗളറെ ഫലപ്രദമായി ഉപയോഗിക്കുന്നതിലോ, കൃത്യമായ ബാറ്റിങ് ഓർഡർ നിശ്ചയിക്കുന്നതിലോ ഹാർദിക് പരാജയപ്പെട്ടു. ഋഷഭ് പന്തിന്റെയും അജിങ്ക്യ രഹാനെയുടെയും പല തീരുമാനങ്ങളും മത്സരത്തിന്റെ ആവേശം കെടുത്തുന്ന തരത്തിലായിരുന്നു. ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേൽ നിർണായക സമയങ്ങളിൽ പന്തെറിയാൻ മടിക്കുന്നത് ടീമിന്റെ ആത്മവീര്യത്തെത്തന്നെ ബാധിക്കുന്നുണ്ട്. ഋതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ് തുടങ്ങിയ യുവനായകർ പലപ്പോഴും സാഹചര്യത്തിനനുസരിച്ച് നീങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അറിഞ്ഞുകൊണ്ട് വരുത്തിവച്ച പിഴവുകൾ അവർക്ക് തിരിച്ചടിയാകുന്നു. സിഎസ്കെയുടെ ടീം സെലക്ഷനിലെ പിഴവുകളും ഗുജറാത്തിന്റെ ഡിആർഎസ് തീരുമാനങ്ങളിലെ കാലതാമസവും നായകന്മാരുടെ പക്വതയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്.

ആധുനിക ക്രിക്കറ്റിൽ ഡാറ്റയ്ക്കും അനലിസ്റ്റുകൾക്കും വലിയ പ്രാധാന്യമുണ്ടെങ്കിലും അത് ക്യാപ്റ്റന്റെ തന്ത്രങ്ങൾക്കും ബുദ്ധിക്കും പകരമാകില്ല. ഒരു നായകന്റെ വിജയം എന്നത് കളിക്കളത്തിലെ ഓരോ നിമിഷത്തെയും സാഹചര്യം വിലയിരുത്തി സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിലാണ്. ഐപിഎൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ, ഡഗ് ഔട്ടിലെ ലാപ്ടോപ്പുകൾക്ക് അപ്പുറം ചിന്തിക്കാനും ടീമിനെ മുന്നിൽ നിന്ന് നയിക്കാനും കഴിയുന്നവർക്ക് മാത്രമേ ഈ ടൂർണമെന്റിൽ ‍വിജയശ്രീ ലാളിതരായി മടങ്ങാൻ സാധിക്കൂ.

മികച്ച പ്രകടനം നടത്തുന്നവർ

  1. ശ്രേയസ് അയ്യർ (പഞ്ചാബ് കിംഗ്സ്) – 9/10
    പഞ്ചാബ് കിങ്സിനെ അനായാസമായി നയിക്കുന്ന ശ്രേയസാണ് ഈ സീസണിലെ താരം. കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ബാറ്റിങ്ങിലും (182.46 സ്ട്രൈക്ക് റേറ്റ്) ക്യാപ്റ്റൻസിയിലും അദ്ദേഹം ഒരുപോലെ തിളങ്ങുന്നു.

Matches: 7
Runs: 208
Average: 52.00
Strike Rate: 182.46

  1. രജത് പാട്ടിദാർ (ആർസിബി) – 7.5/10
    കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ആർസിബിയെ മികച്ച രീതിയിലാണ് ഈ സീസണിലും രജത് പാട്ടിദാർ മുന്നോട്ട് നയിക്കുന്നത്. പോയിന്റ് പട്ടികയിൽ ടീം നിലവിൽ രണ്ടാം സ്ഥാനത്താണ്. സാഹചര്യത്തിനനുസരിച്ച് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശ്രദ്ധേയമാണ്.

Matches: 7
Runs: 238
Batting Average: 39.67
Strike Rate: 210.62

  1. ഇഷാൻ കിഷൻ (സൺറൈസേഴ്സ് ഹൈദരാബാദ്) – 7/10
    പരുക്കേറ്റ പാറ്റ് കമ്മിൻസിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഇഷാൻ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. യുവ ബൗളർമാരിൽ വിശ്വാസമർപ്പിച്ച ഇഷാന്റെ തന്ത്രങ്ങൾ ടീമിന് തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ചു. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് ടി20 ലോകകപ്പിലൂടെ മടങ്ങിയെത്തിയ ഇഷാൻ ഐപിഎല്ലിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

Matches: 7
Runs: 238
Batting Average: 34.00
Strike Rate: 188.88

ശരാശരി പ്രകടനം നടത്തുന്നവർ

  1. ശുഭ്മൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്) – 5/10
    ബാറ്റിംഗിൽ മികച്ച ഫോമിലാണെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ നിറം മങ്ങി. ബൗളിംഗ് റോട്ടേഷനിലും ഡിആർഎസ് (DRS) തീരുമാനം എടുക്കുന്നതിലും ക്യാപ്റ്റൻ വൈകുന്നത് ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടിയാകുന്നു.

Matches: 6
Runs: 297
Batting Average: 49.50
Strike Rate: 149.25

  1. റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്) – 5/10
    ബാറ്റർമാരുടെ കരുത്തിലാണ് രാജസ്ഥാൻ ജയിക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ പരാഗ് എടുത്ത പലതീരുമാനങ്ങളും വിമർശനത്തിന് ഇടയാക്കി. സീനിയർ താരം രവീന്ദ്ര ജഡേജയെ കൃത്യമായി ഉപയോഗിക്കാത്തത് പല ഘട്ടത്തിലും ടീമിന് തലവേദനയായി മാറിയിരുന്നു.

Matches: 7
Runs: 81
Batting Average: 13.50
Strike Rate: 117.39
Wickets Taken 2

  1. അക്ഷർ പട്ടേൽ (ഡൽഹി ക്യാപിറ്റൽസ്) – 4/10
    ബാറ്റിങ്ങിലും ബൗളിങ്ങിലും പലപ്പോഴും ഇന്ത്യൻ ടീമിന്റെ രക്ഷകനായി മാറിയ അക്ഷർ പട്ടേൽ ഈ സീസണിൽ താളംകണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. നിർണായക ഘട്ടങ്ങളിൽ താരം ബൗളിങ്ങിനിറങ്ങാൻ മടിക്കുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്.

Matches: 7
Runs: 31
Batting Average: 7.75
Strike Rate: 110.71
Wickets Taken: 7

നിറം മങ്ങിയവർ

ഋതുരാജ് ഗെയ്‌ക്‌വാദ് (സിഎസ്കെ) – 4/10
തുടർച്ചയായ തോൽവികൾക്ക് ശേഷം മുംബൈയ്‌ക്കെതിരെ നേടിയ വലിയ വിജയം ഋതുരാജ് ഗെയ്വാദിനും സംഘത്തിനും ആത്മവിശ്വാസം . എങ്കിലും ബാറ്റിംഗിലെ മോശം ഫോമും ടീം സെലക്ഷനിലെ പിഴവുകളും വെല്ലുവിളിയാണ്.

Matches: 7
Runs: 104
Batting Average: 14.86
Strike Rate: 119.54

ഋഷഭ് പന്ത് (ലക്നൗ സൂപ്പർ ജയന്റ്സ്) – 1/10
ലക്നൗ ടീമിൽ പന്തിന്റെ തീരുമാനങ്ങൾ പലപ്പോഴും പാളുന്നു. മികച്ച ഫോമിലായിരുന്ന ബാറ്റിങ് ഓർഡർ തകിടം മറിച്ചത് ടീമിന്റെ താളം തെറ്റിച്ചു.

Matches: 7
Runs: 147
Batting Average: 24.50
Strike Rate: 132.43

അജിങ്ക്യ രഹാനെ (കെകെആർ) – 1/10
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ വലിയ പ്രതിസന്ധിയിലാണ്. സാഹചര്യങ്ങൾ മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുന്നതിൽ രഹാനെ പരാജയപ്പെടുന്നു എന്നാണ് വിലയിരുത്തൽ. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ മോശം ഫോമും ടീമിന് തലവേദനയാണ്.

Matches: 7
Runs: 152
Batting Average: 25.33
Strike Rate: 144.76

ഹാർദിക് പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്) – 0/10
ഐപിഎൽ 19–ാമത് സീസണിൽ ദയനീയമായ പ്രകടനമാണ് മുംബൈ ഇന്ത്യൻ‍സ് കാഴ്ചവയ്ക്കുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങൾ അമ്പേ പരാജയപ്പെടുന്നു. ജസ്പ്രീത് ബുമ്രയെ കൃത്യമായി ഉപയോഗിക്കാത്തതും ഫീൽഡിങ്ങിലും ബാറ്റിങ് ഓർഡറിലുമുള്ള ആശയക്കുഴപ്പങ്ങളും മുംബൈയെ പോയിന്റ് പട്ടികയിൽ പിന്നിലാക്കി.

Matches: 6 (Missed 1 due to illness)
Runs: 97
Batting Average: 19.40
Strike Rate: 140.58
Wickets Taken: 3


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Sports

All Comments

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading