Modi and Youth
225
Views

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കാലത്ത് അദ്ദേഹത്തിന്റെ ആശയവിനിമയത്തിന്റെ മുഖമായിരുന്നു റേ‍ഡിയോയിലൂടെയുള്ള ‘മൻ കീ ബാത്’. ‘മേരേ പ്യാരേ ദേശ്‌വാസിയോം’ എന്ന അഭിസംബോധന മാത്രം പോരാ എന്ന് മനസ്സിലാക്കി, പിന്നീട് ഇൻസ്റ്റഗ്രാം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ യുവാക്കളിലേക്ക് ഇറങ്ങി ചെല്ലാനും മോദി ശ്രമിക്കുന്നുണ്ട്. ‘Hai Friends’ എന്ന “ജെന്‍ സി” ഭാഷയിലുള്ള സംസാരം കേവലം വാക്കുകളുടെ മാറ്റമല്ല. ഒരു രാഷ്ട്രീയ ബ്രാൻഡ് പുതിയ തലമുറയോട് സംസാരിക്കാൻ സ്വീകരിക്കുന്ന പുതിയ ഭാഷയാണത്.

മാധ്യമങ്ങളോട് അകലം, യുവാക്കളോട് അടുപ്പം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ആശയവിനിമയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, പരമ്പരാഗത വാർത്താ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന സമീപനമാണ്. വാർത്താസമ്മേളനങ്ങളിലൂടെ നേരിട്ട് ചോദ്യങ്ങൾ നേരിട്ടിരുന്ന മുൻ പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിൽ നിന്ന് മാറി, തിരഞ്ഞെടുക്കപ്പെട്ട പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങളിലേക്ക് നേരിട്ട് സന്ദേശങ്ങളെത്തിക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിന് പുറമേ, സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഫാൻ പേജുകളും വളരെ സജീവമാണ്.

ലോകം ആരാധിക്കുന്ന ‘വിശ്വഗുരു’വിനെ 30 ലേറെ രാജ്യങ്ങളാണ് പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ചത്. എല്ലാവർക്കും ആരാധ്യനാണെന്നും നരേന്ദ്ര മോദിക്ക് തെളിയിക്കാനായി. ഏത് രാജ്യത്തെത്തിയാലും അവിടെ നൽകുന്ന സ്വീകരണവും യുവാക്കളുടെ പങ്കാളിത്തവും മോദി ബ്രാൻഡിന്റെ കുതിപ്പിന് കാരണമായി.

അധികാരത്തിലേറിയതു മുതൽ രാജ്യത്തെ യുവാക്കളാണ് വികസിത ഇന്ത്യയുടെ ആണിക്കല്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു. ‘സ്റ്റാർട്ടപ്പ് ഇന്ത്യ’, ‘മേയ്ക്ക് ഇൻ ഇന്ത്യ’, ‘ഡിജിറ്റൽ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനുള്ള വേദി ഒരുക്കി. ടെക്-സാവിയായ തലമുറയെ സർക്കാരിലേക്ക് അടുപ്പിക്കുന്നതിലും ബിജെപി വിജയിച്ചു. സ്വന്തമായി ജോലി അന്വേഷിക്കുന്ന യുവാവിനെ മാത്രമല്ല, മറ്റുള്ളവർക്ക് ജോലി നൽകുന്ന സംരംഭകനെയും സൃഷ്ടിക്കണമെന്ന ആശയവും രാഷ്ട്രീയ സന്ദേശത്തിന്റെ ഭാഗമായിരുന്നു.

സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും യുവാക്കളോട് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാവ്, സാങ്കേതികവിദ്യയെയും പുത്തൻ രീതികളെയും സ്വാഗതം ചെയ്യുന്ന രാഷ്ട്രീയ വ്യക്തിത്വം– മോദിയുടെ രാഷ്ട്രീയ ബ്രാൻഡിങ്ങിൽ ‘യുവമുഖത്തിന്’ വലിയ മൈലേജായിരുന്നു. സോഷ്യൽ മീഡിയയിലെ ‘ട്രെൻഡുകൾ’ ഒരു പരിധി വരെ ഇതിനു കരുത്ത് പകർന്നെന്ന് പറയാം. കാരണം രാഷ്ട്രീയ നേതാവിന് ജനങ്ങളുടെ മനസറിയാൻ ഇന്ന് സോഷ്യൽ മീഡിയയേക്കാൾ മറ്റൊരു മികച്ച വഴിയില്ലല്ലോ.

മോദി ബ്രാന്‍ഡിന്റെ വാല്യൂ ഇടിഞ്ഞതിന് പിന്നിൽ

ജെൻസികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളും റീലുകളും മീമുകളും ഒരോ രാഷ്ട്രീയ സംഭാഷണത്തിന്റെ ഭാഗമാണ്. രാജ്യത്തെ പല സംഭവവികാസങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും യുവാക്കൾ എതിർ അഭിപ്രായം രേഖപ്പെടുത്തുകയും പിന്നീട് പ്രതിഷേധങ്ങളിലേക്കു വരെ എത്തുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമവും കർഷക സമരവും മണിപ്പുർ വിഷയവുമൊക്കെ മോദിയുടെ വില ഇടിയാൻ കാരണമായി.

ഏറെ കോളിളക്കം സ‍ൃഷ്ടിച്ച ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതും വനിതാ താരങ്ങൾ ലൈംഗിക പീഡ‍ന പരാതി നൽകിയതിനു പിന്നാലെ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ സംരക്ഷിച്ചതും യുവാക്കളിൽ രോഷം അലയടിക്കാൻ കാരണമായി. ഇതും‌‌ മോദി ബ്രാൻഡിന്റെ മാർക്കറ്റ് വാല്യൂ ഇടിയാനിടയാക്കി.

എന്നിട്ടും വലിയ കുഴപ്പങ്ങളില്ലാതെ കാര്യങ്ങൾ ‘സ്മൂത്തായി’ പോകുമ്പോഴാണ് മോദി സർക്കാരിന് ഇടിവെട്ടേറ്റത്. കേവലമൊരു പരിഹാസത്തിന് പിന്നാലെ രൂപമെടുത്ത കോക്രോച്ച് ജനതാ പാർട്ടിയും ഡല്‍ഹി സമരവും അഭിജിത്ത് ദീപ്കെയുമൊക്കെ യുവതലമുറയുടെ രാഷ്ട്രീയ സംഭാഷണങ്ങളുടെ ഓരോ ഏടുകളാണ്. ചില ‘പീക്കിരി പിള്ളേര് കിടന്ന് ചാടിയാൽ എന്താകാനാ…’ എന്നു ചോദിച്ചവർ വായടക്കേണ്ടി വന്നു.

‘കൂറകൾ’ പറന്നിറങ്ങിയതോടെ ഗത്യന്തരമില്ലാതെയാണ് സർക്കാർ മുട്ടുമടക്കിയത്. കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ ഒതുങ്ങില്ലെന്നു തിരിച്ചറിഞ്ഞതോടെ പ്രധാനമന്ത്രി മീഡിയവും സ്റ്റൈലുമൊക്കെ അങ്ങ് സ്വിച്ച് ചെയ്തു. നീട്ടിപിടിച്ച പ്രസംഗങ്ങൾക്കു പകരം ‘സെൽഫി’ റീലുകളിലൂടെ മോദി ഇന്‍സ്റ്റയിൽ പ്രത്യക്ഷപ്പെട്ടു. ദീർഘമായ വിശദീകരണവും കടുകട്ടി ഭാഷയും ഉപേക്ഷിച്ച് ഫ്രണ്ട്ലി ടോൺ പിടിച്ചതും ശ്രദ്ധയാകർഷിച്ചു.

ജെൻ സിയെ കൂൾ ഡൗൺ ചെയ്യിക്കുകയായിരുന്നു വിശ്വഗുരുവിന്റെ ലക്ഷ്യം. അങ്ങനെ കൂളിങ്ങിനിടെ മോദിയുടെ ഭാഷയും അവതരണവും മാറി. നാടോടുമ്പോൾ നടുവേ ഓടണമെന്ന പഴ‍ഞ്ചൊല്ല് പുതിയ കാലത്തും എത്ര അർഥവത്താണ്! ഒരു പതിറ്റാണ്ട് മുൻപ് ‘മേരെ പ്യാരേ ദേശ്‍വാസിയോം’ എന്നുവിളിച്ചിരുന്ന പ്രധാനമന്ത്രി, ഇൻസ്റ്റഗ്രാം റീലിലൂടെ ‘Hai Friends’ എന്ന് വിളിച്ചു (വിളിക്കേണ്ടി വന്നു).

നിർണായകമാകുന്ന ജെൻ സി

കുറച്ച് ചെറുപ്പക്കാരെ പേടിച്ച് നരേന്ദ്ര മോദി എന്തുകൊണ്ടാകും അടിമുടി മാറിയതെന്ന് ഒരുപക്ഷേ പലരും ചിന്തിച്ചിട്ടുണ്ടാകും. ഇന്ത്യയുടെ ജനസംഖ്യാ ഘടനയാണ് അതിനുള്ള ഉത്തരം. 2029 ആകുന്നതോടെ രാജ്യത്ത് 18നും 32നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 380 ദശലക്ഷത്തിലെത്തുമെന്നാണ് യുഎന്നിന്റെ വേൾഡ് പോപ്പുലേഷൻ പ്രൊസ്പെക്ട്സ് 2024 (World Population Prospects 2024) റിപ്പോർട്ടിൽ പറയുന്നത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജെൻ സി വലിയ ശക്തിയായി മാറുമെന്ന് കണക്കുകളിൽ വ്യക്തം. ഈ അപകടം മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയും ‘ടെക്കിയും’ ‘പൂക്കി’യുമൊക്കെ ആയി മാറുന്നത്. രാജ്യത്തെ യുവാക്കളെ വെറുപ്പിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞാണ് മോദി അവരുടെ വൈബ് പിടിക്കുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സ്വപ്നങ്ങളും വലിയ പദ്ധതികളും കാട്ടി യുവാക്കളെ ഒപ്പം നിർത്തിയ ‘മോദി ബ്രാൻഡ്’, 2026 ജൂലൈയ്ക്ക് ശേഷം കൂടുതൽ പ്രായോഗികമായ ‘റിസൾട്ട്’ നൽകേണ്ട അവസ്ഥയിലാണ്. മുൻപത്തെ പോലെ മുദ്രാവാക്യങ്ങൾ കേട്ടാൽ ചോര തിളയ്ക്കുന്ന യുവത്വം അവസാനിച്ചെന്നും ഭാവിക്കും തൊഴിൽ സുരക്ഷയ്ക്കും മുറവിളി കൂട്ടുന്ന യുവ തലമുറയാണ് ഇപ്പോഴുള്ളതെന്നും ഭരണകൂടങ്ങൾ മനസ്സിലാക്കണം. പുതിയ കാലഘട്ടത്തിന്റെ രീതികളും സാങ്കേതികവിദ്യകളും ട്രെൻഡുകളും ആയുധമാക്കുന്ന പ്രധാനമന്ത്രിയുടെ തന്ത്രം വിജയിക്കുമോയെന്ന് വരുന്ന തിരഞ്ഞെടുപ്പുകളിൽ അറിയാം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Swap Mode · Whats Happening Around

Leave your thought