‘ഫൈനലിസിമ’യുടെ ആശങ്കകളുടെയും മാറ്റിവയ്ക്കലുകളുടെയും റദ്ദാക്കലുകളുടെയും ഒടുവിൽ കാലചക്രം കറങ്ങി ഒരു നിയോഗം പോലെ ലോകകപ്പ് പോരാട്ടം ആ രണ്ട് രാജ്യങ്ങളിലേക്ക് എത്തി നിൽക്കുന്നു. സ്പെയിൻ വേഴ്സസ് അർജന്റീന. 48 രാജ്യങ്ങളുമായി തുടങ്ങിയ ലോകകപ്പ് മത്സരത്തിൽ അധികമാരും പ്രവചിക്കാത്ത ഫൈനൽ. ഗുരുവും ശിഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നതു മുതൽ ബാഴ്സലോണയുടെ 10–ാം നമ്പർ തോളിലേറിയവൻ ബാഴ്സലോണയുടെ 10–ാം നമ്പർ പൂർണമാക്കിയവനുമായി നടത്തുന്ന പോരാട്ടം എന്നതു വരെ വലിയ പ്രത്യേകതകളുണ്ട് ഈ മത്സരത്തിന്.
ആശാനും ശിഷ്യനും തമ്മിലുള്ള പോര്
സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴിൽ തന്ത്രങ്ങൾ പഠിച്ച ശിഷ്യൻ, ലയണൽ സ്‌കലോനിയാണ് ലോകചാമ്പ്യന്മാരായ അർജന്റീനയുടെ അമരക്കാരൻ. 2017ൽ ആണ് യുഇഎഫ്എ പ്രോ ലൈസൻസ് നേടുന്നതിന് സ്കലോനി സ്പെയിനിലെ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അക്കാദമിയിലെത്തുന്നത്. അക്കാലത്ത് സ്കലോനിക്ക് പരിശീലനം നൽകിയവരിൽ ഒരാളായി ഫുവെന്റെയും ഉണ്ടായിരന്നു.
ഫുവെന്റെയിൽ നിന്നുകൂടി പഠിച്ച തന്ത്രങ്ങളുമായി 2018ലാണ് അർജന്റീന സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായി സ്കലോനി എത്തുന്നത്. തുടർന്ന്, സമാനതകളില്ലാത്ത തന്ത്രങ്ങളും പ്രകടനങ്ങളുമാണ് ലോകം കണ്ടത്. 2021, 2024 വർഷങ്ങളിൽ കോപ്പ അമേരിക്ക, 2022ൽ ഫൈനലിസിമയും ലോകകപ്പും ആ തന്ത്രങ്ങൾ വിജയം കണ്ട മത്സരങ്ങളാണ്.
സ്കലോനിയിൽ നിന്നു വ്യത്യസ്തമായി താഴെ തട്ടിൽ നിന്ന് ഉയർന്നു വന്ന പരിശീലകനാണ് ലൂയിസ് ഡി ലാ ഫുവെന്റെ. 2022ലെ ലോകകപ്പിനു ശേഷമാണ് ലൂയിസ് ഡി ലാ ഫുവെന്റെ സ്പാനിഷ് സീനിയർ ടീമിന്റെ പരിശീലകനായി എത്തുന്നത്. തുടർന്ന്, യുവേഫ നേഷൻസ് ലീഗും യൂറോ കപ്പും സ്വന്തമാക്കി. അനുഭവ സമ്പത്തുള്ള മെന്ററിന് ജൂനിയറായ ശിഷ്യന്റെ തന്ത്രങ്ങളെ മറികടന്ന് ലോകകപ്പ് സ്വന്തമാക്കാൻ കഴിയുമോ എന്നാണ് കാത്തിരിക്കാം.

യൂറോപ്പ് വേഴ്സസ് ലാറ്റിൻ അമേരിക്ക
ഫുട്ബോളിന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച രണ്ട് രാജ്യങ്ങൾ തമ്മിലാണ് ലോകകപ്പ് ഫൈനലിൽ മത്സരത്തിനിറങ്ങുന്നത്. ലോകകപ്പ് ചാമ്പ്യന്മാരും കോപ്പ അമേരിക്ക ജേതാക്കളുമായ അർജന്റീനയെ നേരിടാൻ യൂറോ കപ്പുമായാണ് സ്പെയിൻ എത്തുന്നത് എന്നത് ആ മത്സരത്തിന്റെ ഭംഗി കൂട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ അപൂർവ്വമായെ ഏറ്റുമുട്ടിയിട്ടുള്ളു എന്നതും പ്രത്യേകതയാണ്. 60 വർഷങ്ങൾക്ക് മുൻപാണ് യൂറോപ്യൻ ഫുട്ബോളിന്റെയും ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെയും വൻ ശക്തികൾ അവസാനമായി ലോകകപ്പിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. കൃത്യമായി പറഞ്ഞാൽ 1966ലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ. അന്ന് 2 ഗോളുകൾക്ക് അർജന്റീന സ്പെയിനിനെ തോൽപ്പിച്ചു. രാജ്യാന്തര തലത്തിൽ ആകെ 14 തവണയാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുള്ളത്. 6 തവണ വീതം ഇരു രാജ്യങ്ങളും ജയിച്ചു. 2 തവണ കളി സമനിലയിൽ അവസാനിച്ചു. 2018ൽ അവസാനമായി സ്പെയിനും മെസ്സിയില്ലാത്ത അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ 6–1ന് സ്പെയിൻ അർജന്റീനയെ തകർത്തെറിയുകയായിരുന്നു. എന്നാൽ മെസ്സിയുള്ള അർജന്റീന സ്പെയിനു മറ്റൊരു അനുഭവം ആയിരിക്കുമോ സമ്മാനിക്കുക എന്ന അറിയാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.
അന്ന് കയ്യിലെടുത്ത കുഞ്ഞുമായുള്ള പോരാട്ടം
വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ കയ്യിലെടുത്ത കുഞ്ഞു ലോകകപ്പ് ഫൈനലിൽ എതിരാളിയായി എത്തുന്ന അപൂർവ്വതയാണ് ലോകം ഇന്ന് ചർച്ച ചെയ്യുന്നത്. 2007ൽ ബാഴ്‌സലോണയുടെ ക്യാംപ് നൗവിൽ നടന്ന ചാരിറ്റി ഫോട്ടോഷൂട്ടിലാണ് യമാലും മെസ്സിയും കണ്ടുമുട്ടുന്ന അപൂർവ്വ നിമിഷം പിറക്കുന്നത്. പിന്നീട് അങ്ങോട്ട് മെസ്സിയുടെ പാത പിന്തുടർന്ന് ബാർസലോണയിലെത്തിയ ലമീൻ യമാലിന് മെസ്സിയുടെട 10–ാം നമ്പർ ജേഴ്സ് ലഭിച്ചതും അപൂർവ്വതയായി. മെസ്സിയെ പോലെ തന്നെ 18–ാം വയസ്സിലാണ് യമാലും ആദ്യ ലോകകപ്പ് ഗോൾ നേടുന്നത്. 2006ൽ ലയണൽ മെസ്സി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ പ്രായം 18 വയസ്സും 357 ദിവസവുമായിരുന്നു. സൗദി അറേബ്യക്കെതിരെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ യമാലിന്റെ കന്നി ഗോൾ പിറക്കുമ്പോൾ 18 വയസ്സും 343 ദിവസവുമാണ് പ്രായം.
ഗോൾ തന്ത്രത്തിലും വ്യത്യസ്തർ
ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീം ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമിനെയാണ് നേരിടാൻ ഇറങ്ങുന്നത്. അർജന്റീന ഇതുവരെ 19 ഗോളുകളാണ് അടിച്ചതെങ്കിൽ സ്പെയിൻ ആകെ വഴങ്ങിയിട്ടുള്ളത് ഒരു ഗോൾ മാത്രമാണ്. ഇത് കാണിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ നിരയും ഏറ്റവും ശക്തമായ ആക്രമണ നിരയും തമ്മിലുള്ള മത്സരം എന്നതാണ്. ഒരേ സമയം സമാനതകൾ തോന്നുന്നതും എന്നാൽ വ്യത്യസ്തമായതുമാണ് ഇരു രാജ്യങ്ങളുടെയും ശൈലി. അതുകൊണ്ട് വിജയം ആർക്കൊപ്പമായിരിക്കും എന്നത് പ്രവചനങ്ങൾക്ക് അതീതമാണ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഇനിയേസ്റ്റയ്ക്ക് ശേഷം ടോറസ്, എക്സ്ട്രാ ടൈമിലെ ഒരു ഗോൾ; സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ | Spain Win FIFA