ഒരു കുഞ്ഞു മുറി കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? എങ്ങനെയാകും അതിനെ മനോഹരമാക്കുന്നത്? ഇനി ആ കുഞ്ഞു മുറിയെ ഒരു വീട് തന്നെ ആക്കി മാറ്റിയാലോ? കിച്ചണും ബെഡ്റൂമും ലിവിങ് റൂമും എല്ലാം ഒറ്റ മുറിക്കുള്ളില്‍! ഇങ്ങനെയാണ് സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റുകള്‍ ഉണ്ടായി വരുന്നത്.
ഇന്ന് വിദേശത്ത് പോയി പഠിക്കുന്നവരുടെയും ജോലിയെടുക്കുന്നവരുടെയും സംഖ്യ ഏറെ വര്‍ധിച്ചിട്ടുണ്ട്. അവരില്‍ പലരും റെന്റ് ചുരുക്കാനും പ്രൈവസിക്കുമൊക്കെയായി സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റുകളാണ് തിരഞ്ഞെടുക്കാറ്. ഇന്ന് യുവാക്കള്‍ക്കിടയില്‍ ഇത്തരം റൂമുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

എന്നാല്‍ ചില ആളുകള്‍ക്ക് ഇപ്പോഴും എങ്ങനെയാണ് ഒരു സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് നന്നായി സെറ്റ് ചെയ്യേണ്ടതെന്ന് അറിയില്ല. രണ്ടാമതൊരാള്‍ അയാളുടെ മുറിയിലേക്ക് ഒന്ന് കയറി ചെന്നാല്‍ വളരെ മെസ്സി ആയി തോന്നും. എന്തൊരു അലങ്കോലമായാണ് കിടക്കുന്നത് എന്നൊരു ഫീല്‍ വന്നേക്കാം.
ബെഡും, തലയണയും, ടേബിളും, പാത്രവും കസേരയും തുടങ്ങി സകലമാന സാധനങ്ങളും ലക്ഷ്യമില്ലാതെ കിടക്കുമ്പോള്‍ ആ മുറിയില്‍ കേറുന്ന ആര്‍ക്കും മുഷിഞ്ഞ് ഇരിക്കാനോ അലസനായി ഇരിക്കാനോ തോന്നാം.
എന്നാല്‍ നമുക്ക് അങ്ങനൊരു റൂമിനെ കുളിപ്പിച്ച് കുട്ടപ്പനാക്കിയാലോ…ഇവിടെയാണ് നമ്മുടെ ക്രിയേറ്റീവ് മൈന്‍ഡ് വര്‍ക്ക് ചെയ്യേണ്ടത്. ഒരു സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് വളരെ സ്റ്റൈലിഷും സ്പേസ് ലാഭിക്കുന്ന രീതിയിലും സെറ്റ് ചെയ്യാന്‍ ചില ഈസി ട്രിക്കുകള്‍ നോക്കിയാലോ?
സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് അടിപൊളിയാക്കാം
സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് ഡിസൈന്‍ ചെയ്യുമ്പോള്‍, സ്ഥലം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതാണ് ശ്രദ്ധിക്കേണ്ടത്. സ്മാര്‍ട്ട് ലേഔട്ടും ശരിയായ ഫര്‍ണിച്ചറുകളും ലൈറ്റിങും കളറും മുറിയെ ഗംഭീരമാക്കാന്‍ സഹായിക്കും.
സോണുകള്‍ തിരിക്കാം; ചുവരുകളില്ലാതെ എങ്ങനെ സ്ഥലം വേര്‍തിരിക്കാമെന്ന് നോക്കാം
റൂമിനെ ചുവരുകൊണ്ടുതന്നെ പാര്‍ട്ടിഷന്‍ ചെയ്യണമെന്നില്ല. പകരം ലളിതമായ ചെറിയ പൊടിക്കൈകളിലൂടെ വിഷ്വല്‍, ഡെക്കറേറ്റീവ് ടൂളുകള്‍ ഉപയോഗിച്ച് ലിവിങ്, സ്ലീപ്പിങ്, കുക്കിങ്, ബാത്തിങ് ഏരിയകള്‍ വേര്‍തിരിക്കാനാകും.
റൂം ഡിവൈഡറുകള്‍ – മോഡേണ്‍, ക്ലാസിക്, ആന്റിക് ഡിസൈനുകളില്‍ റൂം ഡിവൈഡറുകള്‍ ലഭിക്കും. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം.

പുസ്തകങ്ങളും ചെടികളും വെക്കാവുന്ന ഓപ്പണ്‍ റാക്കുകളും റൂം ഡിവൈഡറായി ഉപയോഗിക്കാവുന്നതാണ്. ഇത് ലിവിങ് സ്‌പേസിനെ സ്ലീപ്പിങ് സ്‌പേസില്‍ നിന്ന് വേര്‍തിരിക്കാനും സഹായിക്കും. ഇത് ഓപ്പണ്‍ ആയതുകൊണ്ടു തന്നെ രണ്ട് ഏരിയയിലേക്കും ആവശ്യമായ വെളിച്ചം കടന്നുപോകാനും ബുദ്ധിമുട്ടുണ്ടാകില്ല.
കര്‍ട്ടനുകള്‍ – ബെഡിന് ചുറ്റും ലൈറ്റ് കളര്‍ കര്‍ട്ടനുകള്‍ ഇടാം. ആവശ്യമുള്ളപ്പോള്‍ മാത്രം അത് ഉപയോഗപ്പെടുത്താം. അതല്ലെങ്കില്‍ അടുക്കളയില്‍ നിന്ന് സ്ലീപ്പിങ് ഏരിയയിലേക്ക് വേര്‍തിരിക്കാന്‍ അവ ഉപയോഗപ്പെടുത്താം.
കാര്‍പെറ്റുകള്‍ – ലിവിങ് ഏരിയയിലും ബെഡിനടിയിലും വ്യത്യസ്ത മാറ്റുകള്‍ വിരിക്കുന്നതിലൂടെ ആ ഭാഗങ്ങളെ വേറിട്ടുനില്‍ക്കുന്നതായി കാണിക്കാം.
മള്‍ട്ടി-പര്‍പ്പസ് ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുക
സ്ഥലം ലാഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഒന്നിലധികം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുക എന്നുള്ളത്. മള്‍ട്ടി-ഫങ്ഷണല്‍ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ സ്ഥലത്തിന്റെ ഓരോ ഇഞ്ചും പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായിക്കും. അതുവഴി സാധനങ്ങള്‍ കുന്നുകൂടാതെ വൃത്തിയായി സൂക്ഷിക്കാനും കഴിയും.
സ്റ്റോറേജ് ഉള്ള സോഫ ബെഡുകള്‍ – പകല്‍ സമയത്ത് സോഫയായും രാത്രിയില്‍ ബെഡായും ഉപയോഗിക്കാം. കൂടാതെ, അടിയില്‍ ബോക്സ് സ്റ്റോറേജ് ഉള്ള ബെഡുകള്‍ ആകുമ്പോള്‍ സീസണല്‍ വസ്ത്രങ്ങളോ കിടക്കവിരികളോ പുസ്തകങ്ങളോ അടുക്കിവെക്കാം.

ഫോള്‍ഡിങ് ടേബിള്‍ – ചുമരില്‍ ഘടിപ്പിക്കാവുന്നതും ഉപയോഗിക്കാതിരിക്കുമ്പോള്‍ മടക്കി വെക്കാവുന്നതുമായ ഡൈനിങ് അല്ലെങ്കില്‍ വര്‍ക്ക് ടേബിളുകള്‍ ഉപയോഗിക്കാം. വര്‍ക്ക് ചെയ്യുമ്പോള്‍ മാത്രം തുറന്ന് ലാപ്‌ടോപ്പോ പുസ്തകമോ വെച്ച് പഠിക്കാം.
മാത്രമല്ല, കിച്ചണുകള്‍ക്കുള്ള പ്രായോഗിക പരിഹാരമാണ് ഈ ടേബിളുകള്‍. ഭക്ഷണം തയ്യാറാക്കാനോ കഴിക്കാനോ സ്ഥലം ആവശ്യമായി വരുമ്പോള്‍ ഇവ പുറത്തേക്ക് വലിച്ചെടുക്കാം. ജോലി കഴിഞ്ഞാല്‍, സ്ഥലം ലാഭിക്കുന്നതിനായി ഇവ വീണ്ടും പഴയപോലെ മടക്കിവെക്കാം.
സ്മാര്‍ട്ട് വെര്‍ട്ടിക്കല്‍ സ്റ്റോറേജ് ആശയങ്ങള്‍
നിലത്ത് സാധനങ്ങള്‍ കൂട്ടിയിടാതിരിക്കുകയാണ് നല്ലത്. നേരത്തെ പറഞ്ഞതുപോലെ റൂം വളരെ മെസ്സിയായി തോന്നും. അതിനാല്‍ ചുമരിലെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്താം.
ഉയരമുള്ള ഷെല്‍ഫുകള്‍ – പുസ്തകങ്ങള്‍, ചെടികള്‍ അല്ലെങ്കില്‍ അടുക്കള ഉപകരണങ്ങള്‍ എല്ലാം സൂക്ഷിക്കുന്നതിനായി ഫ്‌ലോര്‍ മുതല്‍ സീലിങ് വരെയുള്ള സ്റ്റോറേജാണ് നല്ലത്. ഇത് മുറിക്ക് ഒരു പ്രത്യേക ഭംഗിയും നല്‍കും.

ചുമരില്‍ ഘടിപ്പിച്ച കാബിനറ്റുകള്‍ – തുറന്നിരിക്കുന്നതും അടച്ചതുമായ അറകളുള്ള കാബിനറ്റുകള്‍ കിച്ചണുകൾക്കും ബാത്ത്റൂമുകള്‍ക്കും ലിവിങ് ഏരിയകള്‍ക്കും അനുയോജ്യമാണ്.
ഹുക്കുകള്‍ – ടവലുകള്‍, കോട്ടുകള്‍ അല്ലെങ്കില്‍ ബാഗുകള്‍ എന്നിവ വെക്കാനായി ഹുക്കുകള്‍ ഉപയോഗിക്കാം.
കളര്‍ കോമ്പിനേഷനുകള്‍ മികച്ചതാക്കാം

നിങ്ങളുടെ ബെഡ്‌റൂം എവിടെ അവസാനിക്കുന്നു, ലിവിങ് സ്‌പേസ് എവിടെ തുടങ്ങുന്നു, എന്ന് കാണിക്കാന്‍ വീടിന്റെ ഭാഗങ്ങള്‍ വ്യത്യസ്ത കളര്‍ സ്‌കീമുകളിലോ വാള്‍പേപ്പറിന്റെ ടെക്‌സ്ചറുകളിലോ പെയിന്റ് ചെയ്യാം.
ലൈറ്റ് കളറുകള്‍ – ചുവരുകള്‍ക്ക് ലൈറ്റ് കളര്‍ നല്‍കുന്നതാണ് നല്ലത്. വെള്ള, ഓഫ്-വൈറ്റ്, ലൈറ്റ് ഗ്രേ തുടങ്ങിയ നിറങ്ങള്‍ നല്‍കിയാല്‍ മുറിക്ക് വലിപ്പം തോന്നും.
കണ്ണാടികള്‍ – റൂമില്‍ വലിയൊരു കണ്ണാടി വെക്കുന്നത് വെളിച്ചം പ്രതിഫലിപ്പിക്കാനും മുറിക്ക് ഇരട്ടി വലിപ്പം തോന്നിക്കാനും സഹായിക്കും.
ഒപ്പം നിങ്ങളുടെ ഫര്‍ണിച്ചറുകളും ആക്സസറികളും ഉപയോഗിച്ച് മറ്റ് നിറങ്ങള്‍ കൂടെ ചേര്‍ക്കുന്നതാണ് കാണാന്‍ ഭംഗി നല്‍കുക.
വ്യത്യസ്ത നിറങ്ങളിലുള്ള പ്ലെയിന്‍, പ്രിന്റഡ് മെറ്റീരിയലുകളുടെ തലയിണകള്‍, മാറ്റുകള്‍, കര്‍ട്ടനുകള്‍ എന്നിവ തിരഞ്ഞെടുക്കുക.

അതേസമയം ഇന്ന് എസ്തറ്റിക്ക് ലുക്കിനു പിറകെ പോകുന്നവര്‍ വെള്ള നിറത്തിലുള്ള മുറിയും അതില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളും മറ്റ് സാധനങ്ങളും വെള്ള നിറം തന്നെയാകാന് ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് അതേ നിറം മനസില്‍ വെച്ചുകൊണ്ട് ഈ പറയുന്നതെല്ലാം അതിനനുസരിച്ച് ഒരുക്കാവുന്നതാണ്.
ഇന്‍ഡോര്‍ ചെടികള്‍ – മണി പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, അല്ലെങ്കില്‍ ചെറിയ സക്യൂലന്റുകള്‍ എന്നിവ പോലുള്ള ഇന്‍ഡോര്‍ ചെടികള്‍ റൂമില്‍ വെക്കുന്നത് പോസിറ്റീവ് എനര്‍ജി കിട്ടാനും റൂമിനെ ഭംഗിയാക്കാനും സഹായിക്കും.
വ്യത്യസ്ത ഏരിയകള്‍ ഹൈലൈറ്റ് ചെയ്യാന്‍ ലൈറ്റിങ് ഉപയോഗിക്കാം
അപാര്‍ട്ട്‌മെന്റിന്റെ സോണുകള്‍ തിരിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ലൈറ്റിങ് ഉപയോഗിക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ വായിക്കാനോ ജോലി ചെയ്യാനോ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ആക്‌സന്റ് ലൈറ്റിങ്, ടേബിളിലോ ഫ്‌ലോറിലോ ആയി വെക്കുകയാണെങ്കില്‍ നല്ലതാണ്. അതേസമയം ഉറങ്ങുന്ന സ്ഥലത്ത് ഡിഫ്യൂസ്ഡ് ലൈറ്റാണെങ്കില്‍ വിശ്രമിക്കാന്‍ സഹായിക്കും.

പെന്‍ഡന്റ് ലൈറ്റുകള്‍: ഡൈനിംഗ് ടേബിള്‍ പോലുള്ള സ്ഥലത്തേയ്ക്ക് വെളിച്ചം നല്‍കാന്‍ ഇത് നല്ല ചോയ്‌സാണ്.
എല്‍ഇഡി സ്ട്രിപ്പുകള്‍: വ്യത്യസ്ത കളര്‍ മാറ്റാന്‍ കഴിയുന്ന എല്‍ഇഡി സ്ട്രിപ്പുകള്‍ ഷെല്‍ഫുകള്‍ക്കും കിച്ചണ്‍ കാബിനറ്റുകള്‍ക്കും അടിയിലോ കിടക്കയ്ക്ക് ചുറ്റുമോ സ്ഥാപിക്കുന്നത് കൂടുതല്‍ ഭംഗി നല്‍കും.
സ്ലീപിങ് ഏരിയ എങ്ങനെ സെറ്റ് ചെയ്യാം?
നേരത്തെ പറഞ്ഞതുപോലെത്തന്നെ നിങ്ങള്‍ കിടക്കുന്ന ബെഡിനെ ബാക്കി ലിവിങ് സ്‌പേസില്‍ നിന്ന് വേര്‍തിരിക്കാന്‍ റൂം ഡിവൈഡറോ കര്‍ട്ടനുകളോ ഉപയോഗിക്കാം. ഒപ്പം ഉറങ്ങുന്ന സ്ഥലം മറയ്ക്കാന്‍ ഒരു രണ്ട് വശങ്ങളുള്ള ഷെല്‍ഫിങ് യൂണിറ്റും വെക്കുന്നത് പ്രൈവസി നല്‍കുന്ന ഫീല്‍ കിട്ടും.

ഉയര്‍ന്ന സീലിങ്ങുള്ള മുറിയാണെങ്കില്‍ നിങ്ങളുടെ ലിവിങ് ഏരിയയ്ക്ക് മുകളിലായി ഉയര്‍ത്തിയ ഒരു ലോഫ്റ്റ് ബെഡ് പരിഗണിക്കാവുന്നതാണ്.
ഹോം ഓഫിസ് ഉള്‍പ്പെടുത്താം
വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥലം ഉണ്ടാകുന്നത് പ്രധാനമാണ്. നല്ല വായു സഞ്ചാരമുള്ളതും നാച്ചുറല്‍ വെളിച്ചം കിട്ടുന്നതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

മടക്കിവെക്കാവുന്ന ഡെസ്‌കുള്ള ഷെല്‍ഫിംഗ് യൂണിറ്റ് അല്ലെങ്കില്‍ ഒരു കബോര്‍ഡില്‍ ഒളിപ്പിച്ചിരിക്കുന്ന ഡെസ്‌ക് പോലുള്ള മള്‍ട്ടിഫങ്ഷണല്‍ ഫര്‍ണിച്ചറുകള്‍ ഇതിനായി ഉപയോഗിക്കാം.
ഹോം ഫീല്‍ നല്‍കാന്‍ എന്ത് ചെയ്യാം
നിങ്ങളുടെ സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റ് ഡിസൈനിലെ അവസാന ഘട്ടം എന്നുപറയുന്നത് ഒരുപക്ഷേ നിങ്ങള്‍ക്ക് പ്രിയപ്പെട്ട വ്യക്തിഗത ഇനങ്ങളാണ്.
ഇത് ഒരുപക്ഷേ ഫോട്ടോ ഫ്രെയിമുകളോ, ആര്‍ട്ട് വര്‍ക്കുകളോ, പുസ്തകങ്ങളോ ചെടികളോ അങ്ങനെ എന്തുമാകാം. ഒരുപക്ഷേ ഇതൊക്കെയാകാം ഈ ചെറിയ ഇടത്തെ നിങ്ങളുടെ വീടാക്കി മാറ്റുന്നത്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on all things life—from relationships and health to psychology and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഡ്രൈവിങ് സ്കൂളുകളുടെ മുഖമായിരുന്ന ട്രെക്കർ | The Hindustan Trekker: Kerala's Forgotten Workhorse and Driving School Icon | Hindustan Trekker | Hindustan Trekker Kerala | Tr