Adult man hand hold smartphone and use social media
83
Views

രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം സ്‌‌ക്രോൾ ചെയ്യുമ്പോൾ ഫ്രണ്ട്സ് എല്ലാവരും കൂടിച്ചേർന്ന് ഒരു ട്രിപ്പ് പോയ പോസ്റ്റ് കാണുന്നു; “ശ്ശോ, ഞാൻ മാത്രം ഇതൊന്നും അറിഞ്ഞില്ലല്ലോ!” എന്ന് പെട്ടെന്ന് ഒരു വിഷമം തോന്നുന്നു.

മറുവശത്ത്, ഒരു ആപ്പ് വഴി ഓൺലൈനായി ഡ്രസ്സ് വാങ്ങാൻ നോക്കുമ്പോൾ 50 നല്ല ഓപ്ഷനുകൾ മുന്നിൽ കിടക്കുന്നു. പക്ഷേ “ഇതിലും നല്ലത് വേറെ ഏതെങ്കിലും കാണുമോ?” എന്ന് പേടിച്ച് ഒന്നുപോലും ഓർഡർ ചെയ്യാൻ പറ്റാതെ മണിക്കൂറുകൾ വെറുതെ കളയുന്നു.

ഇതേ തോന്നലുകളിലൂടെ കടന്നുപോകുന്നവരാകും നമ്മളിൽ മിക്കയാളുകളും. എന്നാൽ അറിയുക, ഇവ വെറുമൊരു സാധാരണ തോന്നലുകളോ ചിന്തകളോ അല്ല! ഡിജിറ്റൽ യുഗത്തിൽ, പ്രത്യേകിച്ച് ജെൻ സി  തലമുറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന രണ്ട് പ്രധാന പ്രതിഭാസങ്ങളാണ് FOMO-യും FOBO-യും.

എന്താണ് FOMO? 

Fomo
Representative image- Worried Woman Looking at her phone Lying in Bed | Shutterstock/Nicoleta Ionescu

മറ്റുള്ളവർ അനുഭവിക്കുന്നതോ ആസ്വദിക്കുന്നതോ ആയ എന്തെങ്കിലും തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് FOMO. “എല്ലാവരും ഇതിന്റെ ഭാഗമാണ്, ഞാൻ മാത്രം പുറത്താണോ?” എന്ന തോന്നലാണ് ഇതിന്റെ കാതൽ.

സോഷ്യൽ മീഡിയയാണ് FOMO കൂടുതൽ ശക്തമാക്കുന്ന പ്രധാന ഇടങ്ങളിലൊന്ന്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സുഹൃത്തുക്കളുടെ യാത്രകളും പാർട്ടികളും ആഘോഷങ്ങളും പുതിയ വാഹനം വാങ്ങുന്നതും കരിയർ നേട്ടങ്ങളുമെല്ലാം കാണുമ്പോൾ, സ്വന്തം ജീവിതവുമായി അവയെ താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണ്. ഉദാഹരണത്തിന്, ഒരു സുഹൃത്ത് വിദേശത്ത് പോയതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. മറ്റൊരാൾ പുതിയ ജോലി കിട്ടിയ കാര്യം പങ്കുവയ്ക്കുന്നു. മറ്റൊരാൾ പുതിയ കാർ വാങ്ങുന്നു. മറ്റൊരാൾ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ ഇടുന്നു. ഇവയെല്ലാം തുടർച്ചയായി കാണുമ്പോൾ “എന്റെ ജീവിതത്തിൽ മാത്രം ഒന്നും നടക്കുന്നില്ലേ?” എന്ന തോന്നൽ ഉണ്ടാകാം.

അതുമാത്രമല്ല പുതിയൊരു ട്രെൻഡ് വന്നാൽ അതിന്റെ ഭാഗമാകണം, എല്ലാവരും കാണുന്ന വെബ് സീരീസ് താനും കാണണം, പുതിയ റെസ്റ്ററന്റിൽ പോയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നണം, ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ താൽപര്യമില്ലാത്ത പരിപാടികളിൽ പോലും പങ്കെടുക്കണം — ഇതെല്ലാം FOMOയുടെ വ്യത്യസ്ത രൂപങ്ങളാണ്.

ഫോണിൽ നിരന്തരം നോട്ടിഫിക്കേഷനുകൾ പരിശോധിക്കുന്നതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. “ഇതിനിടെ എന്തെങ്കിലും മിസ് ആയോ?” എന്ന ചിന്ത നമ്മളെ വീണ്ടും വീണ്ടും സോഷ്യൽ മീഡിയയിലേക്ക് എത്തിക്കുന്നു.

എന്താണ് FOBO? 

FOBO
Representative image- Woman Getting Negative Reactions on Social Media | Shutterstock/Nicoleta Ionescu

FOMO നമ്മളെ മറ്റുള്ളവരുടെ പിന്നാലെ ഓടിക്കുന്നുവെങ്കിൽ, FOBO — Fear Of Better Options നമ്മളെ ഒരു തീരുമാനത്തിലെത്താതെ നിർത്തുന്നു.  ഇതിലും മികച്ച മറ്റൊരു ഓപ്ഷൻ ലഭിക്കുമോ എന്ന ഭയമാണ് FOBOയുടെ അടിസ്ഥാനം.

മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടാകുമ്പോഴാണ് ഇത് കൂടുതൽ പ്രകടമാകുന്നത്. ഉദാഹരണത്തിന്, ഒരു ഓൺലൈൻ ഷോപ്പിങ് ആപ്പിൽ 50 ഡ്രസുകൾ കണ്ടാൽ ഒരെണ്ണം തിരഞ്ഞെടുക്കുന്നത് തന്നെ വലിയ ജോലിയായി മാറാം. ഒന്നെടുത്ത ശേഷം “ഇതിലും നല്ലത് മറ്റൊന്ന് ഉണ്ടായിരുന്നെങ്കിലോ?” എന്ന ചിന്ത വരും.

കരിയർ തിരഞ്ഞെടുപ്പിലും ഇതുണ്ടാകാം. ഒരു ജോലി ലഭിച്ചിട്ടും മറ്റൊരു കമ്പനിയിൽ ഇതിലും നല്ല അവസരം കിട്ടിയേക്കുമെന്ന ചിന്തയിൽ ഇപ്പോഴുള്ള ജോലി സ്വീകരിക്കാതെ നിൽക്കുക. ഡേറ്റിങ് ആപ്പിൽ ഒരാളെ ഇഷ്ടപ്പെട്ടാലും “ഇതിലും അനുയോജ്യമായ ഒരാൾ പിന്നീട് വന്നാലോ?” എന്ന ചിന്തയിൽ ബന്ധത്തിലേക്ക് കടക്കാതിരിക്കുക. സുഹൃത്തുക്കളോടൊപ്പം പോകാനുള്ള പ്ലാൻ അവസാന നിമിഷം വരെ കൺഫേം ചെയ്യാതിരിക്കുക — ഇതെല്ലാം FOBOയുടെ ഉദാഹരണങ്ങളാണ്.

ഇവിടെ പ്രശ്നം ഓപ്ഷനുകളുടെ കുറവല്ല, മറിച്ച് ഓപ്ഷനുകളുടെ അമിതമായ ലഭ്യത തന്നെയാണ്. തിരഞ്ഞെടുക്കാനുള്ള സാധ്യതകൾ കൂടുന്തോറും തെറ്റായ തീരുമാനം എടുക്കുമോ എന്ന പേടിയും കൂടാം.

JOMO ശീലമാക്കുക (Joy of Missing Out)

എല്ലാ ട്രെൻഡുകളുടെയും ഭാഗമാകണമെന്നില്ല. എല്ലാവരും പോകുന്ന സ്ഥലത്ത് പോകണമെന്നില്ല. എല്ലാവരും കാണുന്ന സിനിമ താൻ കണ്ടിരിക്കണമെന്നുമില്ല. ചില കാര്യങ്ങൾ നഷ്ടപ്പെടുന്നതിലും സന്തോഷം കണ്ടെത്തുക എന്നതാണ് JOMO. ഫോൺ മാറ്റിവെച്ച് തനിച്ചിരിക്കുന്ന സമയം, പുസ്തകം വായിക്കുന്നത്, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത്, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നത് എന്നിവയ്ക്ക് പ്രാധാന്യം നൽകാം.

‘Satisficing’ രീതി പിന്തുടരുക 

എല്ലാ കാര്യത്തിലും ഏറ്റവും മികച്ച ഓപ്ഷൻ കണ്ടെത്തണമെന്നില്ല. സ്വന്തം ആവശ്യങ്ങൾക്ക് അനുയോജ്യമായ “മതിയായും നല്ലതുമായ” ഒരു ഓപ്ഷൻ ലഭിച്ചാൽ അതിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുകയാണ് Satisficing. ഒരു ഡ്രസ് വാങ്ങുമ്പോൾ 100 ഓപ്ഷനുകളും പരിശോധിക്കണമെന്നില്ല. ഇഷ്ടപ്പെടുന്ന, ബജറ്റിനുള്ളിൽ വരുന്ന, ആവശ്യത്തിന് അനുയോജ്യമായ ഒരു ഡ്രസ് കിട്ടിയാൽ അത് തിരഞ്ഞെടുക്കാം.

ഡിജിറ്റൽ Detox

ദിവസത്തിൽ കുറച്ച് സമയമെങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് FOMO കുറയ്ക്കാൻ സഹായിക്കും. നിരന്തരം മറ്റുള്ളവരുടെ ജീവിതം കാണുന്നതിലൂടെ ഉണ്ടാകുന്ന താരതമ്യങ്ങളും ഒഴിവാക്കാം. നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക, ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗം കുറയ്ക്കുക, ഭക്ഷണം കഴിക്കുമ്പോഴും സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴും ഫോൺ മാറ്റിവയ്ക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾ പോലും സഹായകരമാണ്.

സ്വന്തം മുൻഗണനകൾ തിരിച്ചറിയുക

എല്ലാവർക്കും ഒരേ ജീവിതമല്ല. മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷം നൽകുന്ന കാര്യം തനിക്ക് ആവശ്യമുള്ളതായിരിക്കണമെന്നില്ല. അതുകൊണ്ട് “മറ്റുള്ളവർ എന്താണ് ചെയ്യുന്നത്?” എന്നതിന് പകരം “എനിക്ക് യഥാർഥത്തിൽ എന്താണ് വേണ്ടത്?” എന്ന് സ്വയം ചോദിക്കുന്നത് പ്രധാനമാണ്. ഒടുവിൽ, FOMO നമ്മളെ  എല്ലാവരുടെയും പിന്നാലെ ഓടിക്കുമ്പോൾ, FOBO ഒരു തീരുമാനത്തിലെത്താതെ ഒരിടത്ത് നിർത്തുന്നു.

സോഷ്യൽ മീഡിയയും അനന്തമായ ഓപ്ഷനുകളും നിറഞ്ഞ ഇന്നത്തെ ലോകത്ത് ഇവ രണ്ടും പൂർണമായും ഒഴിവാക്കുക എളുപ്പമല്ല. എന്നാൽ അവ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ അതിന്റെ നിയന്ത്രണം കുറച്ചെങ്കിലും നമ്മുടെ കൈകളിലേക്ക് തിരിച്ചുകൊണ്ടുവരാം.എല്ലാം അറിയേണ്ടതില്ല. എല്ലാത്തിലും പങ്കെടുക്കേണ്ടതില്ല. എല്ലാത്തിലും ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കേണ്ടതുമില്ല. ചിലത് മിസ് ചെയ്യാനും, ലഭിച്ചതിൽ സംതൃപ്തരാകാനും പഠിക്കുന്നത് തന്നെയാകാം ഡിജിറ്റൽ കാലത്തെ യഥാർഥ മനസ്സമാധാനം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading