മഞ്ഞുമൂടിയ മലനിരകളും പച്ചപ്പും നിറഞ്ഞ പാതകളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. എന്നാൽ, മനോഹരമായ ഒരു ട്രെക്കിംഗ് അനുഭവം പെട്ടെന്ന് ദുഷ്കരമായ ഒന്നായി മാറാൻ വലിയ സമയം ഒന്നും വേണ്ട. ഒരു ചെറിയ മഴയോ അപ്രതീക്ഷിതമായ തണുപ്പോ മതി നമ്മുടെ പ്ലാനുകൾ അവതാളത്തിലാക്കാൻ.
ട്രെക്കിംഗിനിടയിൽ പലപ്പോഴും നമ്മൾ ചെയ്യുന്ന ഒരു വലിയ തെറ്റാണ് അത്യാവശ്യ സാധനങ്ങൾ ബാക്ക്‌പാക്കിന്റെ ഏറ്റവും അടിയിൽ പാക്ക് ചെയ്യുക എന്നത്. പെട്ടെന്ന് ഒരു മഴ പെയ്യുമ്പോഴോ, വിശപ്പ് തോന്നുമ്പോഴോ ബാഗ് മുഴുവൻ കുത്തിത്തുറന്ന് സാധനങ്ങൾ തിരയുന്നത് സമയനഷ്ടം മാത്രമല്ല, നിങ്ങളുടെ ട്രെക്കിംഗിന്റെ താളം തെറ്റിക്കുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ തപ്പിത്തടയാതെ, ബാക്ക്‌പാക്കിന്റെ സിപ്പ് ഒന്ന് തുറന്നാലുടൻ കൈയ്യിൽ കിട്ടേണ്ട 12 അവശ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.
റെയിൻവെയർ
ട്രെക്കിംഗിൽ കാലാവസ്ഥ എപ്പോഴും പ്രവചനാതീതമാണ്. പെട്ടെന്ന് പെയ്യുന്ന മഴയിൽ നനയാതിരിക്കാൻ റെയിൻകോട്ട് കരുതാം. ഇത് നിങ്ങളെയും നിങ്ങളുടെ ബാഗിനെയും ഒരേപോലെ സംരക്ഷിക്കും. ബാക്ക്‌പാക്കിന്റെ സൈഡ് പോക്കറ്റിലായി ഇത് സൂക്ഷിക്കാം. ഇത് വേഗത്തിൽ പുറത്തെടുക്കാനും, നനഞ്ഞാൽ തിരികെ വെക്കുമ്പോൾ ബാഗിനുള്ളിലെ മറ്റ് സാധനങ്ങൾ നനയാതിരിക്കാനും സഹായിക്കും.

Image Credit: Representative image created using AI Image Generator
ബാക്ക്‌പാക്ക് റെയിൻ കവർ
ഉയർന്ന മലനിരകളിൽ എപ്പോൾ മഞ്ഞോ മഴയോ പെയ്യുമെന്ന് പറയാനാകില്ല. ബാഗിനുള്ളിലെ ഉണങ്ങിയ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സുരക്ഷിതമായിരിക്കാൻ ബാക്ക്‌പാക്ക് റെയിൻ കവർ അനിവാര്യമാണ്. സാധാരണയായി ബാക്ക്‌പാക്കിന്റെ അടിയിലുള്ള ചെറിയ പൗച്ചിൽ ഇത് ഉണ്ടാകും. അതില്ലെങ്കിൽ റെയിൻകോട്ട് വെക്കുന്ന അതേ സൈഡ് പോക്കറ്റിൽ ഇത് സൂക്ഷിക്കാം.
ജാക്കറ്റ്
നടക്കുമ്പോൾ ശരീരം ചൂടാകുമെങ്കിലും വിശ്രമ വേളകളിൽ വിയർപ്പ് ഉണങ്ങുമ്പോൾ പെട്ടെന്ന് തണുപ്പ് അടിക്കാൻ സാധ്യതയുണ്ട്. ഇത് പനി വരാൻ കാരണമാകും. അതിനാൽ ഒരു ജാക്കറ്റ് കരുതിയിരിക്കണം. ബാക്ക്‌പാക്കിന്റെ പ്രധാന കമ്പാർട്ടുമെന്റിൽ ഏറ്റവും മുകളിലായി ജാക്കറ്റ് സൂക്ഷിക്കുക. ഒരു സിപ്പ് തുറന്നാൽ ഉടൻ ഇത് ലഭ്യമാകണം.
വാട്ടർ ബോട്ടിൽ
വെള്ളം കുപ്പി ബാഗിനുള്ളിൽ വെച്ചാൽ നമ്മൾ പലപ്പോഴും വെള്ളം കുടിക്കാൻ മടിക്കും. ഉയർന്ന ഉയരത്തിൽ നിർജ്ജലീകരണം (Dehydration) ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ബാഗിന്റെ പുറത്തുള്ള സൈഡ് പൗച്ചുകളിൽ ഒന്നിൽ ഇത് വെക്കുക.
ഹെഡ്‌ലാമ്പ്
രാത്രികാലങ്ങളിൽ ക്യാമ്പ് സൈറ്റിൽ നടക്കാനും മറ്റും ഹെഡ്‌ലാമ്പ് അത്യാവശ്യമാണ്. ടോർച്ചിനേക്കാൾ നല്ലത് ഹെഡ്‌ലാമ്പ് ആണ്, കാരണം ഇത് നിങ്ങളുടെ കൈകൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ബാക്ക്‌പാക്കിന്റെ മുകളിലെ ഫ്ലാപ്പിലായി ഹെഡ്‌ലാമ്പ് സൂക്ഷിക്കുക. ഇരുട്ടായാൽ തപ്പിയെടുക്കാൻ എളുപ്പമുള്ള സ്ഥലമായിരിക്കണം ഇത്.

Image Credit: Representative image created using AI Image Generator
മെഡിക്കൽ കിറ്റ്
അടിയന്തര സാഹചര്യങ്ങളിൽ, ഒരു ചെറിയ പോറലോ ഉളുക്കോ ഉണ്ടായാൽ ഉടൻ ചികിത്സിക്കാൻ മെഡിക്കൽ കിറ്റ് കൈയ്യിൽ ഉണ്ടായിരിക്കണം. ബാക്ക്‌പാക്കിന്റെ അകത്തെ അറയിലോ മുന്നിലെ ചെറിയ പോക്കറ്റിലോ വെക്കാം. കിറ്റ് എവിടെയാണെന്ന് നിങ്ങളുടെ സഹയാത്രികർക്കും അറിവുണ്ടായിരിക്കണം.
സൺ ക്യാപ്പും കമ്പിളി തൊപ്പിയും
പകൽ സമയത്ത് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകാൻ സൺ ക്യാപ്പും, വൈകുന്നേരങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളി കൊണ്ടുണ്ടാക്കിയ തൊപ്പിയും ഉപയോഗിക്കുക. ഹെഡ്‌ലാമ്പിനൊപ്പം മുകളിലെ അറയിൽ തന്നെ ഇത് സൂക്ഷിക്കുക.
ഗ്ലൗസുകൾ
സൂര്യാസ്തമയത്തിന് ശേഷം താപനില വേഗത്തിൽ കുറയും. കൈകൾ മരവിക്കുന്നത് ഒഴിവാക്കാൻ ഒരു ജോഡി ലൈറ്റ് ഗ്ലൗസുകൾ എപ്പോഴും കരുതുക. ബാഗിന്റെ മുകളിലെ അറയിലോ ജാക്കറ്റ് പോക്കറ്റിലോ ഇവ സൂക്ഷിക്കാം.
ടോയ്‌ലറ്റ് റോൾ
ടോയ്‌ലറ്റ് റോൾ ഒരു വ്യക്തിഗത ആവശ്യമാണെങ്കിലും, പലപ്പോഴും ബാഗിന്റെ ഏറ്റവും അടിയിൽ വച്ച് മറന്നുപോകുന്ന ഒന്നാണിത്. മുഴുവൻ റോളും കൊണ്ടുപോകുന്നതിന് പകരം ആവശ്യമായ പേപ്പറുകൾ മാത്രം മടക്കി സൂക്ഷിക്കുന്നത് സ്ഥലം ലാഭിക്കാൻ സഹായിക്കും. ബാഗിന്റെ സൈഡ് പൗച്ചിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
ഫോൺ
ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനും മനോഹരമായ കാഴ്ചകൾ പകർത്താനും ഫോൺ വേണം, പക്ഷേ, കയ്യിൽ പിടിച്ചു നടക്കുന്നത് അപകടകരമാണ്. ട്രെക്കിംഗ് പാന്റിലെ സിപ്പർ പോക്കറ്റുകൾ അല്ലെങ്കിൽ ബാക്ക്‌പാക്കിന്റെ ഹിപ് ബെൽറ്റിലുള്ള ചെറിയ പൗച്ചുകളിൽ ഇവ സൂക്ഷിക്കുക.

Image Credit: Representative image created using AI Image Generator
പോക്കറ്റ് സ്‌നാക്‌സ്
നടക്കുമ്പോൾ ഊർജ്ജം നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, അല്ലെങ്കിൽ ചോക്ലേറ്റ് എന്നിവ സഹായിക്കും. ധരിച്ചിരിക്കുന്ന പാന്റിന്റെയോ ജാക്കറ്റിന്റെയോ പോക്കറ്റിൽ എവിടെ സൂക്ഷിക്കുന്നതാണ് നല്ലത്. വിശപ്പ് തോന്നുമ്പോൾ ബാഗ് തുറക്കാതെ തന്നെ ഇവ കഴിക്കാം.
വാസ്‌ലിൻ
തണുപ്പും കാറ്റും കാരണം ചുണ്ടുകളും ചർമ്മവും വിണ്ടുകീറാൻ സാധ്യതയുണ്ട്. ഇത് തടയാൻ വാസ്‌ലിൻ അല്ലെങ്കിൽ പെട്രോളിയം ജെല്ലി ഉപയോഗിക്കുക. ഏറ്റവും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഏതെങ്കിലും ചെറിയ പോക്കറ്റിൽ വേണം ഇവ സൂക്ഷിക്കാൻ. യാത്രകൾക്കായി ബാക്ക്‌പാക്ക് പാക്ക് ചെയ്യുമ്പോൾ, ഏറ്റവും അവസാനം ആവശ്യമുള്ള സാധനങ്ങൾ അടിയിലും, ഇടയ്ക്കിടെ ആവശ്യമുള്ളവ മുകളിലും വശങ്ങളിലുമായി വെക്കാൻ ശ്രദ്ധിക്കുക.




