48 ടീമുകളും മൂന്ന് ആതിഥേയ രാജ്യങ്ങളുമായി, ഫുട്ബോൾ ലോകം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാമാങ്കമായിരിക്കും 2026-ലെ ഫിഫ ലോകകപ്പ്. ആവേശം കൊടുമുടിയിൽ നിൽക്കുമ്പോഴും, ഫുട്ബോളിലെ ചില വമ്പൻ ടീമുകളുടെ അഭാവം ഈ ടൂർണമെന്റിലുണ്ടാകും. ഫുട്ബോൾ പാരമ്പര്യം പേറുന്ന രാജ്യാന്തര തലത്തിൽ വൻ ആരാധകവൃത്തമുള്ള ആറ് വമ്പൻ ടീമുകൾക്ക് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാനായില്ല…ആ ടീമുകൾ ഏതൊക്കെയെന്ന് നോക്കാം..പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയായതോടെ ഫുട്‌ബോൾ ലോകകപ്പ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. 48 ടീമുകൾ 12 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ഒരു ഗ്രൂപ്പിൽ നാല് ടീം. ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാംസ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.

∙ ഡെന്മാർക്ക്
യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ നിന്ന് അപ്രതീക്ഷിതമായാണ് ഡെന്മാർക്ക് പുറത്തായത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ പ്ലേ ഓഫ് ഫൈനലിൽ അധികസമയത്തിന് ശേഷവും സ്കോർ 2-2 എന്ന നിലയിലായതിനെത്തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ചെക്ക് റിപ്പബ്ലിക്കിനോടു പരാജയപ്പെട്ടാണ് ഡെന്മാർക്ക് പുറത്തായത്.
∙ കാമറൂൺ
2026ലെ കാമറൂണിന്റെ ലോകകപ്പ് പ്രതീക്ഷകൾ പാതിവഴിയിൽ അവസാനിച്ചു. യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് ഡി-യിൽ കേപ് വെർഡെ ആധിപത്യം ഉറപ്പിച്ചതോടെ, കാമറൂണിന്റെ പോയിന്റ് നിലയിലും ആ വ്യത്യാസം പ്രകടമായി. രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ, 19 പോയിന്റുള്ള കേപ് വെർഡെയ്ക്ക് പിന്നിൽ 15 പോയിന്റുമായി രണ്ടാമതായിരുന്നു ‘ഇൻഡോമിറ്റബിൾ ലയൺസ്’. എന്നാൽ ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാൻ മുന്നോട്ടുള്ള മത്സരഫലങ്ങൾ കൂടി കാമറൂണിന് അനുകൂലമാകണമായിരുന്നു. എന്നാൽ ഭാഗ്യം അവരെ തുണച്ചില്ല. വിജയസാധ്യതകൾ കുറഞ്ഞുവന്നപ്പോൾ, മുൻ മത്സരങ്ങളിലെ പ്രകടനത്തിലെ അസ്ഥിരത അവർക്ക് തിരിച്ചടിയായി. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോഴേക്കും നേരിട്ടുള്ള യോഗ്യതയും, റണ്ണേഴ്‌സ് അപ്പ് സ്ഥാനത്തിലൂടെ തിരിച്ചുവരാനുള്ള അവസരവും കാമറൂണിന് പൂർണ്ണമായും നഷ്ടമായിരുന്നു.
∙ പോളണ്ട്
പോളണ്ടിന്റെ പോരാട്ടം അതിദാരുണമായാണ് അവസാനിച്ചത്. സ്വീഡനെതിരെയുള്ള പ്ലേ ഓഫ് ഫൈനൽ അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ചിരിക്കെയാണ്, 88-ാം മിനിറ്റിൽ വിക്ടർ ഗ്യോക്കറസ് നേടിയ ഗോൾ പോളണ്ടിന്റെ പ്രതീക്ഷകൾ തകർത്തത്. പ്രധാനമായും റോബർട്ട് ലെവൻഡോവ്സ്കിയെ ആശ്രയിച്ചിരുന്ന പോളണ്ട്, യോഗ്യതാ മത്സരങ്ങളിലുടനീളം അസ്ഥിരമായ പ്രകടനമാണ് കാഴ്ചവെച്ചത്.
∙ നൈജീരിയ
2026-ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ നൈജീരിയയും പരാജയപ്പെട്ടു. റബാത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്ന്, സി.എ.എഫ് (CAF) പ്ലേ ഓഫ് ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് ഡി.ആർ കോംഗോയോട് തോറ്റാണ് നൈജീരിയ പുറത്തായത്.
പിഴവുകളും, അസ്ഥിരമായ തന്ത്രങ്ങളും, കളിക്ക് പുറത്തെ അനാവശ്യ വിവാദങ്ങളും അവർക്ക് തിരിച്ചടിയായി. ഇതിനുപുറമെ, പുറത്തായതിന് പിന്നാലെ ഫിഫയ്ക്ക് നൽകിയ അപ്പീൽ തള്ളിയതും ആഫ്രിക്കൻ കരുത്തരുടെ തകർച്ചയുടെ ആഴം വർദ്ധിപ്പിച്ചു.
∙ ചിലി
യോഗ്യതാ മത്സരങ്ങളിൽ ബൊളീവിയയോട് 0-2 ന് പരാജയപ്പെട്ടതോടെ, ചിലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് നഷ്ടമാകും. ലോകകപ്പുകളിൽ സ്ഥിരസാന്നിധ്യമായിരുന്ന ഒരു രാജ്യത്തിന് ഇത് കനത്ത തിരിച്ചടിയാണ്. 2015-ലും 2016-ലും കോപ്പ അമേരിക്ക കിരീടങ്ങൾ നേടിയ ചരിത്രമുണ്ടായിട്ടും, ചിലിയുടെ പുതിയ തലമുറയ്ക്ക് ഇത്തവണത്തെ ലോകകപ്പിൽ മത്സരിക്കാനാവില്ല.
∙ ഇറ്റലി
നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി ഇപ്പോൾ തുടർച്ചയായി മൂന്ന് ലോകകപ്പുകൾക്കാണ് യോഗ്യത നേടാനാകാതെ പുറത്താകുന്നത്. യൂറോപ്യൻ യോഗ്യത പ്ലേ ഓഫിൽ 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) ബോസ്നിയയോട് ഇറ്റലി ദയനീയമായി പരാജയപ്പെട്ടു. ഇറ്റലിക്ക്, 2014 ന് ശേഷം ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല. 1934, 1938, 1982, 2006 വർഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായിട്ടുളളത്. പങ്കെടുത്ത ആദ്യ ലോകകപ്പിൽ തന്നെ കിരീടം നേടിയായിരുന്നു ഇറ്റലിയുടെ തുടക്കം. 1934 ലെ രണ്ടാം ലോകകപ്പിൽ തന്നെ കിരീടം നേടി. പിന്നാലെ 1938 ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യൻമാരായി. 1958 ൽ ലോകകപ്പിന് യോഗ്യതനേടാതെ പുറത്തായതൊഴിച്ചാൽ മിക്ക ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 1982 ൽ ജേതാക്കളായ ടീം 1970,1994 വർഷങ്ങളിൽ ഫൈനൽ വരെയെത്തിയെങ്കിലും കപ്പ് നേടാനായില്ല. 2006 ൽ ഇറ്റലി തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കി. പിന്നീട് ഇറ്റലിയുടെ പതനമാണ് ഫുട്‌ബോൾ ലോകം കണ്ടത്. 2010, 2014 ലോകകപ്പുകളിൽ ഗ്രൂപ്പ് സ്റ്റേജുകളിൽ തന്നെ പുറത്താകുകയും പിന്നീടുള്ള ലോകകപ്പുകൾക്ക് യോഗ്യത നേടാൻ സാധിക്കാതെ വരികയും ചെയ്തു.




