“ആരുഷി…. എനിക്കൊരു കാര്യം പറയാനുണ്ട്.”
“എന്താടാ, പറഞ്ഞോ”
“അതു പിന്നെ, എനിക്ക്… എനിക്ക് നിന്നെ ഇഷ്ടമാണ്.”
“ഹേ… അതിന് എനിക്ക് അങ്ങനെയൊന്നും ഇല്ല.”
“അതിന് നീ ഇപ്പോ പറയണ്ട. അലോചിച്ചിട്ട് പറഞ്ഞാമതി…“
ഹാ! കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്, ഈ ഡയലോഗൊക്കെ മിക്കവരുടെയും സ്കൂൾ ജീവിതത്തിലും കോളേജ് ജീവിതത്തിലും കേട്ടതായിരിക്കും. ഇങ്ങനെ കേട്ടാൽ ചിലർ ഉടനെ റിജക്ട് ചെയ്യും. എന്നാൽ, ചിലരോ വീട്ടിൽ വന്ന് തലപുകഞ്ഞ് ആലോചിക്കും. എന്നാൽ, മറ്റു ചിലരുണ്ട് ഒരാൾ വന്ന് പറയുന്നതുവരെ ഇത്തരത്തിലുള്ള ഇഷ്ടമൊന്നും ഉണ്ടാവില്ല എന്നാൽ പിന്നീടങ്ങോട്ട് കൂട്ടുകാരുടെ അനാവശ്യമായ സപ്പോർട്ട്, അവന് അല്ലെങ്കിൽ അവൾക്ക് നിന്നോട് എന്തോ ഉണ്ടെന്ന് മുറുമുറുപ്പ് അങ്ങനെ എല്ലാം തലയിൽ കയറും. പിന്നെ അവരുടെയുള്ളിലും ഒരിഷ്ടം മൊട്ടിടും.

ഈ പറഞ്ഞത് കൂടുതലും സംഭവിച്ചത് 1980കളിൽ വരെയൊക്കെ ജനിച്ചവരിലാണ്. അതിനു ശേഷമുള്ള തലമുറയിൽ ഇല്ലെന്നല്ല, എന്നാലും താരതമ്യേന കുറവായിരുന്നു. പക്ഷേ, ജെൻ സിയുടെ കേസിൽ സീൻ മാറി. ഇവിടെ അധികം ആലോചിച്ച് തല പുകയ്ക്കില്ല മറിച്ച് ഡേറ്റിങ് ചെയ്യും. അതേ, ഡേറ്റിങ് ചെയ്യുമ്പോൾ ഒരുപരിധി വരെ ആളെ മനസ്സിലാക്കാലോ? ഇന്ന് ആദ്യ കാഴ്ച്ചയിൽ ഒരിഷ്ടം തോന്നിയാലും അത് ഉടനെ പ്രൊസീഡ് ചെയ്യില്ല പരസ്പരം അടുത്തറിയാൻ ഡേറ്റ് ചെയ്യും. ചിലപ്പോൾ അത് വർക്ക്ഔട്ടാകും അല്ലെങ്കിൽ അവിടെ തന്നെ കുഴിച്ചുമൂടും. എന്നാൽ, വിദേശ രാജ്യങ്ങളിൽ നമുക്കും മുന്നേ ഡേറ്റിങ് ഒക്കെ ഉണ്ട്, കൂടാതെ ഓൺലൈൻ സൈറ്റുകളും ഉണ്ടായിരുന്നു. ഇന്ത്യയിലും എന്തിന് കേരളത്തിൽ വരെ ഈ ഒരു രീതിയും ഓൺലൈൻ സൈറ്റുകളുടെ ഉപയോഗവുമൊക്കെ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് നടക്കുന്നത്. ഇന്നിപ്പോ നേരിൽ കണ്ടില്ലെങ്കിലും ഡേറ്റിങ് ഓൺലൈനിൽ തുടരാം ഇപ്പോൾ ഡേറ്റിങ് ചെയ്താണ് പുതു തലമുറയിലെ പല ആളുകളും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത്.
എന്നാൽ എല്ലാ കാലത്തും ഇങ്ങനെ തന്നെ ആയിരിക്കുമോ? ഒരിക്കലുമല്ല. മാറും. വിവിധ പഠനങ്ങൾ പ്രകാരം 2030 ഓടെ കൂടുതൽ സ്ത്രീകളും സിംഗിൾ ആയിരിക്കുമെന്നാണ് പറയുന്നത്.

ഡേറ്റിംഗ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്താൻ ഇന്ന് എളുപ്പമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ വ്യക്തമായ ഒരു ലക്ഷ്യം വന്നതിന് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. മില്ലേനിയലുകളെ പോലെ പ്രണയബന്ധങ്ങളിൽ ആശയക്കുഴപ്പം നിലനിർത്താതെ, ഇഷ്ടപ്പെട്ടാൽ ഉടൻ തന്നെ ആ ബന്ധം സീരിയസ് ആയി മുന്നോട്ട് കൊണ്ടുപോകാനാണ് ജെൻ സി (Gen Z) താല്പര്യപ്പെടുന്നത്. ഇനി അധികം വൈകാതെ തന്നെ ഭാവിയിൽ, ഒരുപക്ഷേ നിങ്ങളുടെ ആദ്യത്തെ ഡേറ്റിംഗ് നടക്കുന്നത് ലോകത്തിന്റെ മറുഭാഗത്തുള്ള ഒരാളോടൊപ്പം കാപ്പി കുടിച്ചുകൊണ്ടായിരിക്കാം. വെർച്വലായാകും കണ്ടുമുട്ടലുകൾ. ഒരാൾ ചിലപ്പോ മുറിക്കുള്ളിലായിരിക്കാം മറ്റേ ആൾ ചിലപ്പോ കോഫി ഷോപ്പിലായിരിക്കും.

ഇനി എങ്ങനെ?
2030-ഓടെ പ്രണയബന്ധങ്ങൾ എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴിയുള്ള മാച്ച് മേക്കിംഗ്, വിർച്വൽ റിയാലിറ്റി (VR) അനുഭവങ്ങൾ എന്നിവയാൽ നിയന്ത്രിക്കപ്പെടാം. വെറും വിനോദത്തിന് വേണ്ടിയുള്ള ബന്ധങ്ങൾക്ക് പകരം, കൂടുതൽ അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതുമായ ബന്ധങ്ങൾക്കായിരിക്കും പ്രാധാന്യം എന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ ലോകവും യഥാർത്ഥ ലോകവും തമ്മിലുള്ള അതിർവരമ്പുകൾ മായുകയും ഡിഎൻഎ (DNA) പരിശോധന, ബയോമെട്രിക് ഡാറ്റ എന്നിവ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമാവുകയും ചെയ്യുമെന്നെല്ലാമാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഭാവി + ട്രെൻഡ്
AI-യും ഡാറ്റാധിഷ്ഠിത പ്രണയവും: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു പേഴ്സണൽ ഡേറ്റിംഗ് കോച്ചായി പ്രവർത്തിക്കും. ഡേറ്റിംഗ് സമയത്ത് തത്സമയ നിർദ്ദേശങ്ങൾ നൽകാനും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് ചേരുന്ന പങ്കാളിയെ കണ്ടെത്താനും AI സഹായിക്കും.
വിർച്വൽ റിയാലിറ്റി (VR) ഡേറ്റിംഗ്: ലോകത്തിന്റെ ഏത് ഭാഗത്തുള്ളവരുമായും വെർച്വൽ ലോകത്ത് നേരിട്ട് കാണുന്ന അനുഭവം VR നൽകും. അഞ്ച് ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വെർച്വൽ ഡേറ്റുകൾ അന്ന് സാധ്യമാകും.
ലക്ഷ്യബോധം + ഡേറ്റിംഗ്: വേഗത്തിലുള്ള ‘ഹുക്കപ്പ്’ (Hookup) സംസ്കാരം മാറുകയും വൈകാരികമായ പൊരുത്തത്തിനും മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ‘സ്ലോ ഡേറ്റിംഗ്’ രീതി നിലവിൽ വരികയും ചെയ്യും.
ഒറ്റയ്ക്കുള്ള ജീവിതം (Singlehood): 2030-ഓടെ ചില വിഭാഗങ്ങളിലെ 45% സ്ത്രീകളും അവിവാഹിതരായി തുടരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിർബന്ധിതമല്ലാത്ത, സ്വതന്ത്രമായ ജീവിതശൈലിക്ക് അന്ന് കൂടുതൽ സ്വീകാര്യത ലഭിക്കും.
കമ്മ്യൂണിറ്റി ബന്ധങ്ങൾ: ഡിജിറ്റൽ ലോകത്തെ ഒറ്റപ്പെടൽ ഒഴിവാക്കാൻ, സമാന താല്പര്യങ്ങളുള്ള കൂട്ടായ്മകളിലൂടെയും ഓഫ്ലൈൻ ഒത്തുചേരലുകളിലൂടെയും പങ്കാളികളെ കണ്ടെത്താൻ ആളുകൾ ശ്രമിക്കും.
പ്രീമിയം സേവനങ്ങൾ: 32% ഉപയോക്താക്കളെങ്കിലും കൂടുതൽ മെച്ചപ്പെട്ട മാച്ച് മേക്കിംഗ് സേവനങ്ങൾക്കായി പണം നൽകാൻ തയ്യാറാകുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതായത്, 2030 മുതൽ അങ്ങോട്ട് ഡേറ്റിംഗ് എന്നത് സാങ്കേതികവിദ്യയെ ഒരു ഉപകരണമാക്കി മാറ്റി കൂടുതൽ ആഴത്തിലുള്ളതും സത്യസന്ധവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒന്നായി മാറും.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




