തിരഞ്ഞെടുപ്പു കഴിഞ്ഞു, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിച്ചത് കോൺഗ്രസ്. പക്ഷേ, മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോൾ അത് മറ്റൊരു പാർട്ടിയില്‍നിന്ന്!
ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന ചർച്ച ഡല്‍ഹിയിൽ കൊടുമ്പിരി കൊള്ളുമ്പോൾ ഇങ്ങനെയൊരു വാർത്ത കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. പക്ഷേ, കേരളത്തിൽ അതും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴല്ല, ആറു പതിറ്റാണ്ട് മുൻപ്! കോൺഗ്രസിനുള്ള ഒരു വലിയ ഓര്‍മപ്പെടുത്തൽ കൂടിയാവുകയാണ് ആ ചരിത്രം. എന്താണ് അന്നു സംഭവിച്ചത്?
102 സീറ്റുകൾ യുഡിഎഫിനും കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകളും നൽകി ചരിത്ര വിജയമാണ് കേരള ജനത 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മാനിച്ചത്. ചരിത്ര വിജയം എന്ന് പറയുമ്പോൾ, ചരിത്രം കോൺഗ്രസിനെ ഓർമിപ്പിക്കാനുള്ള വിജയം എന്നുകൂടി അർത്ഥമാക്കാം. ഇതിനു മുൻപും കോൺഗ്രസിന് 63 സീറ്റുകൾ നൽകി കേരളം വിജയിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റക്കക്ഷിയായി സംസ്ഥാനം ഭരിച്ചിട്ടുമുണ്ട്. ഒറ്റത്തവണ, ഒരേയൊരു തവണ.
വർഷം 1960. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട് 6 മാസത്തിനു ശേഷം, 1960 ഫെബ്രുവരി 1ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), സിപിഐ, അഖിലേന്ത്യാ ഭാരതീയ ജനസംഘ് (ബിജെഎസ്), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി), മുസ്‌ലിം ലീഗ് എന്നിവരാണു മത്സര രംഗത്ത്. 113 ജനറൽ സീറ്റുകളും ഒരു സംവരണ സീറ്റുമടക്കം 114 സീറ്റുകളുണ്ടായിരുന്നു. ദ്വയാംഗ മണ്ഡലം (ചില മണ്ഡലത്തിനു രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതിയും അന്നുണ്ടായിരുന്നു) അടക്കം 116 നിയമസഭാംഗങ്ങൾ. കോൺഗ്രസും പിഎസ്പിയും ലീഗും മുന്നണിയായാണ് മത്സരിച്ചത്. ‘മുക്കൂട്ട് മുന്നണി’ എന്നാണ് ഈ മുന്നണി അറിയപ്പെട്ടത്.
ബാലറ്റു പേപ്പറിൽ മുദ്രകുത്തി വോട്ടിടുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് ഈ തിരഞ്ഞെടുപ്പിലാണ്. 85.72 ശതമാനമായിരുന്നു പോളിങ്. ഫലം വന്നപ്പോൾ മുക്കൂട്ട് മുന്നണിക്ക് 126ൽ 94 സീറ്റുകൾ ലഭിച്ചു. 80 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 63 സീറ്റുകൾ ലഭിച്ചു. 33 സീറ്റുകളിൽ മത്സരിച്ച പിഎസ്പി 20 സീറ്റുകളും 12 സീറ്റുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് 11 സീറ്റുകളും നേടി. കമ്യൂണിസ്റ്റ് പാർട്ടി അന്ന് 29 സീറ്റുകളിലൊതുങ്ങി.
63 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും മുഖ്യമന്ത്രിയായി കോൺഗ്രസുകാരനല്ല അവരോഹിതനായത്. തിരഞ്ഞെടുപ്പിന് മുൻപേ ഉറപ്പിച്ച ധാരണ പ്രകാരം പിഎസ്പിക്കായിരുന്നു മുഖ്യമന്ത്രി സ്ഥാനം. അങ്ങനെയാണ് പിഎസ്പി നേതാവ് പട്ടം താണുപിള്ള കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായത്.

വെറുതേയങ്ങ് ആവുകയായിരുന്നില്ല കേട്ടോ, ഫലപ്രഖ്യാപനത്തിന് ശേഷം മൂന്നാഴ്ചയാണ് ‘ചർച്ച’ നടന്നത്. ഒടുവിൽ, ഫെബ്രുവരി 22ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായും കോൺഗ്രസ് നേതാവ് ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു.
എന്നാൽ, പട്ടം താണുപിള്ളയുടെ മുഖ്യമന്ത്രിപദത്തിന് അധികം ആയുസ്സുണ്ടായില്ല. പിഎസ്പിയിലെയും കോൺഗ്രസിലെയും പ്രശ്നങ്ങൾ തന്നെയാണ് പട്ടത്തിന്റെ രാജിയിലേക്ക് എത്തിയത്. സ്വന്തം മുന്നണിയിലെ കോൺഗ്രസ് തനിക്കെതിരെ തിരിഞ്ഞപ്പോൾ, 1962 സെപ്റ്റംബർ 24ന്, ‘I Hereby Tender My Resignation’ എന്ന ഒറ്റവാക്കിൽ അദ്ദേഹം കാര്യങ്ങൾ അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസം പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി അധികാരമേറ്റു.
ഇനി 63 സീറ്റ് നേടിയ കോൺഗ്രസിന്റെ വരവാണ്. പട്ടം താണുപിള്ള ഗവർണറായി അധികാരമേറ്റതിന്റെ പിറ്റേ ദിവസം, സെപ്റ്റംബർ 26ന് കോൺഗ്രസ് നേതാവ് ആർ. ശങ്കർ കേരള സംസ്ഥാനത്തിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി. എന്നാൽ, ശങ്കർ മന്ത്രിസഭയ്ക്കും അൽപായുസ്സായിരുന്നു. കോൺഗ്രസിലെതന്നെ പടലപ്പിണക്കവും പിളർപ്പുമാണ് ശങ്കറിനും വിനയായത്.

കോൺഗ്രസ് നേതാവ് പി.ടി. ചാക്കോയുമായി കടുത്ത എതിർപ്പിലും തർക്കത്തിലുമായിരുന്നു മുഖ്യമന്ത്രി ആർ. ശങ്കർ. ചാക്കോയുടെ മരണ ശേഷം അദ്ദേഹത്തിന്റെ അനുയായികൾ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിടാൻ തീരുമാനിക്കുകയായിരുന്നു. 1964 സെപ്റ്റംബർ 1ന് നിയമസഭാ സമ്മേളനത്തിന് തൊട്ടുമുൻപ് കെ.എം. ജോർജിന്റെ നേതൃത്വത്തിൽ ചില അംഗങ്ങൾ ഗവർണറെ കണ്ട് ശങ്കർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുകയാണെന്നും നിയമസഭയിൽ പ്രത്യേക കക്ഷിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. അടുത്ത ദിവസം പതിനഞ്ച് എംഎൽഎമാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. ഈ നീക്കമാണ് പിന്നീട് കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസായി രൂപീകരിക്കുന്നതിലേക്കു നയിച്ചത്.
കെ.എം. ജോർജും കൂട്ടരും പിന്തുണ പിൻവലിച്ചതോടെ സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പ്രമേയം വോട്ടിനിട്ടപ്പോൾ 73 പേർ അനുകൂലിച്ചും 50 പേർ പ്രതികൂലിച്ചും വോട്ട് ചെയ്തു. 23 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവിശ്വാസപ്രമേയം പാസായി. അതോടെ 1964 സെപ്റ്റംബർ 10ന് ആർ. ശങ്കർ രാജിവച്ചു. സെപ്റ്റംബർ 10ന് നിയമസഭ പിരിച്ചുവിട്ടു. കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.
കോൺഗ്രസ്സിന്റെ അന്നത്തെ ഒറ്റകക്ഷി ഭരണത്തിന് മുൻപും ശേഷവും കേരളത്തിൽ ഇന്നുവരെ ഒരു പാർട്ടിയും ഒറ്റയ്ക്ക് ഭരിച്ചിട്ടില്ല എന്നത് മറ്റൊരു കൗതുകം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: വി.ഡി. സതീശൻ: കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുന്ന പതിമൂന്നാമത്തെ വ്യക്തി | V.D. Satheesan: 13th person to be Kerala's CM | Super