ബെൽജിയത്തിനെതിരെയുള്ള ആവേശപ്പോരാട്ടത്തിൽ വിജയം വരിച്ച് സ്‌പെയിൻ 2026 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ നിമിഷം. സ്റ്റേഡിയം മുഴുവൻ വിജയഹാരാവത്തിൽ അമർന്നിരിക്കുകയാണ്. ക്യാമറക്കണ്ണുകൾ പെട്ടെന്ന് തിരിഞ്ഞത് ഗാലറിയിലെ വിഐപി സ്റ്റാൻഡിലേക്കാണ്. അവിടെ ഭീമാകാരമായ സ്‌ക്രീനിൽ ഒരു മൂന്ന് വയസ്സുകാരൻ നാവ് നീട്ടി, മുഖത്ത് വികൃതി കാട്ടി സ്പാനിഷ് വിജയം ആഘോഷിക്കുന്നത് തെളിഞ്ഞു കണ്ട് കാണികൾ ആർത്തുവിളിച്ചു. മൈതാനത്ത് നിന്ന് ഇത് കണ്ട സ്പെയിനിന്റെ വണ്ടർ കിഡ് ലാമിൻ യമാലിന്റെ മുഖത്ത് വിരിഞ്ഞത് ലോകത്തിലെ ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു.
ഈ ലോകകപ്പിൽ സ്‌പെയിനിന്റെ കളി കാണാൻ എത്തുന്നവർക്ക് ഇപ്പോൾ ഒരു പ്രധാന ആകർഷണമുണ്ട് – അത് ലാമിൻ യമാലിന്റെ കുട്ടി അനിയനായ കെയ്ൻ ആണ്! 2026 ലോകകപ്പിലെ ഏറ്റവും വലിയ അപ്രതീക്ഷിത സെൻസേഷനാണ് ഈ കൊച്ചുമിടുക്കൻ.
കളിക്കളത്തിന് പുറത്തെ ‘വലിയ താരം’
സ്പെയിനിലും രാജ്യാന്തര മാധ്യമങ്ങളിലും ഇപ്പോൾ കെയ്‌നെക്കുറിച്ചുള്ള ചർച്ചകളാണ്. “ഇത്തവണ ടൂർണമെന്റിലെ ഏറ്റവും വലിയ തരംഗം ഒരു അത്‌ലറ്റോ, ഗോളുകളോ, ട്രോഫിയോ പോലുമല്ല. അത് ലാമിൻ യമാലിന്റെ മൂന്ന് വയസ്സുള്ള സഹോദരൻ കെയ്ൻ ആണ്. തന്റെ നിഷ്കളങ്കവും രസകരവുമായ നിമിഷങ്ങളിലൂടെ അവൻ ഈ ടൂർണമെന്റിനെ കൊടുങ്കാറ്റായി കീഴടക്കുകയാണ്”, സ്‌പെയിനിന്റെ പ്രമുഖ മാഗസിനായ ‘ഹോല’ കെയ്നെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഗാലറിയിലിരുന്ന് ഫ്ലയിങ് കിസ്സുകൾ നൽകിയും, സ്പാനിഷ് ടീമിനെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ചും കെയ്ൻ ഇതിനകം സമൂഹമാധ്യമത്തിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിക്കഴിഞ്ഞു. പ്രമുഖ ഡിജിറ്റൽ മാധ്യമമായ ‘സ്‌പോർട്‌ബൈബിൾ’ കുറിച്ചതുപോലെ, ‘ഇത് കെയ്‌നിന്റെ ലോകമാണ്, നമ്മളൊക്കെ അതിൽ ജീവിക്കുന്നു എന്ന് മാത്രം!’



കെയ്ൻ: ഗാലറികളിലെ പരിചിത മുഖം
കെയ്ൻ ആദ്യമായല്ല ക്യാമറകൾക്ക് മുന്നിൽ വരുന്നത്. സ്പെയിൻകാർക്ക് അവൻ വളരെക്കാലമായി പ്രിയപ്പെട്ടവനാണ്. 2024ൽ സ്‌പെയിൻ തങ്ങളുടെ നാലാമത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പ് കിരീടം നേടിയപ്പോൾ, ജ്യേഷ്ഠൻ യമാലിനൊപ്പം ഈ കൊച്ചുമിടുക്കൻ കളിക്കളത്തിലുണ്ടായിരുന്നു. കൂടാതെ, പാരിസിൽ നടന്ന ലോകപ്രശസ്തമായ ബാലൺ ഡി ഓർ ചടങ്ങിൽ ഒരു കൊച്ചു കറുത്ത സ്യൂട്ടും സ്‌നീക്കേഴ്‌സും ധരിച്ച് റെഡ് കാർപെറ്റിലൂടെ നടന്ന് കെയ്ൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
യമാലിന്റെയും അമ്മ ഷീല എബാനയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലെ സ്ഥിരം സാന്നിധ്യമാണ് കെയ്ൻ. ടിക് ടോക്കിൽ മാത്രം 50 ദശലക്ഷത്തിലധികം ആളുകളാണ് ഈ കുരുന്നിന്റെ വിഡിയോകൾ കണ്ട് ആസ്വദിക്കുന്നത്.
‘അവൻ എനിക്ക് അനിയനല്ല, മകനെപ്പോലെയാണ്…’



19 വയസ്സുകാരനായ ലാമിൻ യമാലിന് കെയ്‌നുമായുള്ള ബന്ധം വെറുമൊരു സഹോദരബന്ധത്തിനപ്പുറമാണ്. “എന്റെ ചെറിയ സഹോദരൻ എനിക്ക് എല്ലാമാണ്. ഞാൻ അവനെ അത്രയധികം സ്നേഹിക്കുന്നു; അവൻ എന്റെ സ്വന്തം മകനാണെന്ന് എനിക്ക് തോന്നാറുണ്ട്,” യമാൽ പറഞ്ഞു.
ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിൻ റൗണ്ട് ഓഫ് 16 ലേക്ക് മുന്നേറിയപ്പോൾ, ഗാലറിയിലിരുന്ന് കുഞ്ഞു കെയ്ൻ കൈകൾ വായുവിലേക്ക് വീശി ‘വാമോസ്’, എന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. യുകെയിലെ സ്‌പെയിൻ എംബസി പോലും ഈ ചിത്രം ‘വിവ എസ്പാന!’ (സ്‌പെയിൻ വാഴട്ടെ!) എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചത്.
കളിയിലെ സമ്മർദവും കുടുംബത്തിന്റെ കരുത്തും
ഒരു സ്കൂൾ കുട്ടിയുടെ പ്രായത്തിൽ നിന്ന് ആഗോള ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയർന്നപ്പോഴും യമാൽ തന്റെ കുടുംബത്തിന് നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. കഴിഞ്ഞ വർഷം ബാർസിലോനയുമായി തന്റെ പുതിയ ക്ലബ് കരാർ ഒപ്പിടുന്ന ഔദ്യോഗിക ഫോട്ടോഷൂട്ട് പോലും തന്റെ മുത്തശ്ശിക്ക് പങ്കെടുക്കാൻ വേണ്ടി യമാൽ വൈകിപ്പിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ താരങ്ങളിൽ ഒരാളാകുമ്പോഴുണ്ടാകുന്ന സമ്മർദത്തെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് യമാൽ നൽകിയ മറുപടി ഏതൊരാളെയും ചിന്തിപ്പിക്കുന്നതാണ്, “‘”എന്റെ അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. അതാണ് യഥാർഥ സമ്മർദം. എന്റെ അച്ഛന് ഞങ്ങൾക്ക് ഭക്ഷണം വാങ്ങാൻ തെരുവുകളിൽ ആക്രി കച്ചവടം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതാണ് യഥാർഥ സമ്മർദം. എനിക്ക് ഇപ്പോൾ ചെയ്യേണ്ടത് നന്നായി കളിക്കുക, സ്പാനിഷ് ആരാധകരെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ്. അതിലപ്പുറം എനിക്ക് വലിയ സമ്മർദവുമില്ല.”
കളിക്കളത്തിലെ നേട്ടങ്ങളേക്കാൾ, തന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറ്റാൻ കഴിഞ്ഞതിലാണ് യമാൽ ഇന്ന് ഏറ്റവും കൂടുതൽ സംതൃപ്തി കണ്ടെത്തുന്നത്. പ്രത്യേകിച്ച് അനിയൻ കെയ്‌നിന്റെ കാര്യത്തിൽ.
“കിടപ്പുമുറിയും അടുക്കളയും ഒരേ മുറിയിലായിരുന്ന ഒരു ചെറിയ അപ്പാർട്മെന്റിൽ നിന്നാണ് ഞാൻ വരുന്നത്. എന്നാൽ, ഇന്ന് എന്റെ അമ്മ സന്തോഷവതിയാണ്. ഞാൻ ആഗ്രഹിച്ചതുപോലെയുള്ള മനോഹരമായ ഒരു കുട്ടിക്കാലം എന്റെ അനിയൻ കെയ്‌ന് ലഭിക്കുന്നുണ്ട്. അത് കാണുന്നതാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്.”
2026 ലോകകപ്പിൽ സ്‌പെയിൻ കിരീടത്തിലേക്ക് കുതിക്കുമ്പോൾ, കളിക്കളത്തിൽ ലാമിൻ യമാൽ ഗോളുകൾ കൊണ്ട് വിസ്മയം തീർക്കുകയാണ്. ഗാലറിയിൽ കെയ്ൻ തന്റെ നിഷ്കളങ്കമായ പുഞ്ചിരികൊണ്ട് ലോകം കീഴടക്കുകയാണ്!
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports & games, and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




