299
Views

പഴയകഥയാണ്. 1960കളിൽ. കൃത്യമായി പറഞ്ഞാൽ 1968ൽ രാജസ്ഥാനിലെ സവായ് മാൻ സിങ്ങ് മെഡിക്കൽ കോളജാണ് രംഗം. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള റാം ചന്ദ്രശർമ എന്ന കരകൗശലവിദഗ്ധൻ മെഡിക്കൽ കോളജിലെ അസ്ഥിരോഗവിദഗ്ധനുമായി അത്ര സാധാരണമല്ലാത്ത രീതിയിൽ ചങ്ങാത്തത്തിലാകുന്നു. ഡോ. സേഥിയെ കാണാൻ വരുന്ന രോഗികളിൽ പലർക്കും കൃത്രിമകാലുകൾ വേണ്ടവരായിരുന്നു. എന്നാൽ അന്ന് ലഭ്യമായിരുന്ന വിദേശ നിർമിതകാലുകളുടെ ചെലവ് ആ രോഗികൾക്ക് താങ്ങാൻ ആകുന്നതായിരുന്നില്ല.

മാസ്റ്റർജി എന്ന് അറിയപ്പെട്ടിരുന്ന റാം ചന്ദ്രശർമ പോളിയോ ബാധിതർക്ക് കരകൗശലം പഠിപ്പിക്കാൻ എത്തിയതായിരുന്നു. അസാമാന്യമായ കല കൈയിലുള്ള മാസ്റ്റർജി സൈക്കിൾ ഷോപ്പിൽ റബ്ബർ കൊണ്ട് ട്രക്ക് ടയറിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നത് ശ്രദ്ധിച്ചു. ആ വെളിച്ചത്തിൽ‍ ഒരാശയം മിന്നിയിരുന്നു. ഡോ.സേഥിക്കൊപ്പം മാസ്റ്റർജി ആ സൈക്കിൾ റിപ്പയർ കടയിൽ കാൽപാദമില്ലാത്ത ഒരാൾക്കൊപ്പം ചെല്ലുന്നു. റബ്ബറിൽ ആദ്യത്തെ കൃത്രിമക്കാലുണ്ടാക്കുന്നു. ജയ്പൂർ കാലുകൾ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്ന കാലുകളുടെ പിറവി ആ സൈക്കിൾ റിപ്പയർ കടയിൽ നിന്നായിരുന്നു. 2.5 ദശലക്ഷത്തോളം മനുഷ്യരോട് ‘നിൽക്കേണ്ട നടന്നോളൂ’ എന്ന് പറഞ്ഞ ജയ്പൂർ കാലുകളുെട കഥ.

അഫ്ഗാൻ യുദ്ധവും പച്ച തത്തകളും..

മുന്നോട്ട് ഒരു ചുവടിനിയില്ല എന്ന് പറഞ്ഞ് തളർന്നവരെ വീണ്ടും നടക്കാൻ പഠിപിച്ച ജയ്പൂർ ഫൂട്ടുകൾ തുടക്കകാലത്ത് ഒരു മെഡിക്കൽ എയ്ഡ് എന്ന നിലയിൽ വളരാൻ ഏറെ പണിപ്പെട്ടിരുന്നു. 1970ലെ അഫ്ഗാൻ സോവിയറ്റ് യുദ്ധത്തിനിടെ PFM 1 ഗ്രീൻ പാരറ്റുകളെന്ന കോഡ്നെയിമിൽ അറിയപ്പെട്ടിരുന്ന മൈനുകൾ കുട്ടികളടക്കം നിരവധിപേരുടെ ജീവിതമാണ് ഇല്ലാതാക്കിയത്. കളിപ്പാട്ടമാണെന്ന് തെറ്റ്ദ്ധരിച്ച് മൈനുകൾ എടുത്ത കുട്ടികളായിരുന്നു അതിന്റെ ഇരകളിൽ കൂടുതലും. കൈകൾ അറ്റുപോയ കുട്ടികൾക്ക്, കാലുകളില്ലാതെ ആയവർക്ക് എന്ത് പ്രതിവിധി നൽകുമെന്ന റെഡ്ക്രോസിന്റെ ആശങ്കയ്ക്ക് പരിഹാരമായത് ജയ്പൂർ കാലുകളാണ്. അതോടെ ജയ്പൂരിന് മാത്രമായിരുന്ന ജയ്പൂർ കാലുകളെക്കുറിച്ച് ലോകം അറിഞ്ഞുതുടങ്ങി. ഒപ്പം റെഡ്ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകൾ ജയ്പൂർ കാലുകളെക്കുറിച്ച് ലോകത്തെ അറിയിച്ചു.

എന്താണ് ഈ ജയ്പൂർ കാലുകൾ

മുട്ടിന് താഴേയ്ക്ക് വച്ചുപിടിപ്പിക്കാൻ കഴിയുന്ന കൃത്രിമക്കാലുകളാണ് ഇവ. മൈക്രോ സെല്ലുലാർ റബ്ബറാണ് പ്രധാന നിർമാണവസ്തു. റബ്ബറിനൊപ്പം മരവും ഹൈ ഡെൻസിറ്റി പൊളിഎത്തീലിൻ അഥവാ പ്ലാസ്റ്റികും സ്റ്റീൽ ബോൾട്ടുകളും ചേർന്നാണ് നിർമാണം. വെള്ളത്തെ പ്രതിരോധിക്കുന്നതും നടക്കാനും ഓടാനും നൃത്തം ചെയ്യാനും ദൈനംദിന പ്രവർത്തികൾക്കുമെല്ലാം സഹായകമാണ് ജയ്പൂർ കാലുകൾ. കുറഞ്ഞ ചെലവിൽ വാങ്ങാൻ സാധിക്കുമെന്നതാണ് ഇന്നും ഇത്രയും മെഡിക്കൽ രം​ഗം വളർന്നിട്ടും ജയ്പൂർ കാലുകളുടെ ശോഭ കെടുത്താത്തത്. കൃഷി ചെയ്യാനും കാലുകൾ മടക്കി ഇരിക്കാനും അങ്ങനെ ​ഗ്രാമീണ ജീവിതത്തിന്റെ ആവശ്യങ്ങൾ എല്ലാം മനസിലാക്കിയുള്ള ഒരു ഘടനയാണ് ഈ കാലുകൾക്ക് ഉള്ളത്. സുസ്ഥിരമായ ചെലവുകുറഞ്ഞ ഒരു മാതൃക, മനുഷ്യനോ ശാസ്ത്രമോ ആദ്യമെന്ന് ചോദിച്ചാൽ മനുഷ്യനെന്ന് തന്നെയാണ് ജയ്പൂര്‍ കാലുകളുടെ മാനവികത.

പേറ്റന്റ്‍ ചെയ്യാത്ത ജയ്പൂർ കാലുകൾ

ജയ്പൂർ കാലുകൾ ഇന്നും പേറ്റന്റ് ചെയ്യപ്പെട്ടിട്ടില്ല. എല്ലാവർക്കും ആശ്രയമാകുന്ന ഒരാശയത്തെ പേറ്റന്റ് യുദ്ധത്തിനിടയിൽ പെടുത്തരുത് എന്നാണ് ഡോ.സേഥിയുടെ നിലപാട്. അതിനാൽ ഇന്നും ജയ്പൂർ കാലുകൾ പേറ്റന്റില്ലാത്തതാണ്. മാസ്റ്റർജിയുടെയും ഡോ.സേഥിയുടെയും മാത്രം. മാ​ഗ്സെ അവാർഡും പദ്മശ്രീയും ഡോ.സേഥിയെ തേടിയെത്തിയെങ്കിലും ജയ്പൂർ കാലുകളുടെ യഥാര്‍ത്ഥ ശിൽപി പലർക്കും അ‍ജ്ഞാതനാണ്. മാസറ്റർജി എന്ന റാം ചന്ദ്രശർമയുടെ പുരസ്കാരം ആ കൃത്രിമക്കാലുകളിൽ ജീവിതത്തിൽ വീണ്ടും നടന്നുതുടങ്ങുന്നവരാണ്. മറ്റൊരു പുരസ്കാരത്തിനും ആ ചിരിയുടെ ശോഭ ബാക്കിയാക്കാൻ ആകില്ലത്രേ…

ജയ്പൂർ കാലുകളും ഇന്ത്യൻ നയതന്ത്രവും

അയല്‍പക്ക രാജ്യങ്ങളിൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായവുമായി എത്തുന്ന ഇന്ത്യൻ നയതന്ത്രത്തിൽ പോലും നിർണായക പങ്കുവഹിച്ചിട്ടുണ്ട് ജയ്പൂർ കാലുകൾ. ‘Neighborhood first policy’ യെന്ന ഇന്ത്യൻ നയതന്ത്ര ആശയത്തിന്റെ കാലാളായിട്ടുണ്ട്. 26ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ മാനവികതയുടെ മുഖമായി ജയ്പൂർ കാലുകൾ മാറിയത്. 26 രാജ്യങ്ങളിലായി അൻപതിലധികം ക്യാംപുകളാണ് ജയ്പൂർ കാലുകൾ നൽകാൻ ഇന്ത്യ സംഘടിപ്പിച്ചത്. യുദ്ധത്തിലെ നാശനഷ്ടങ്ങളിൽ ജീവഹാനിയേക്കാൾ ഭയാനകമാണ് യുദ്ധബാക്കിയായുള്ള ജീവിതം. ആ ഇടത്തേക്കാണ് സഹായവുമായി ഇന്ത്യ എത്തിയത്. ഒപ്പം ഭഗവാൻ മഹാവീർ വികലാംഗ സഹായ സമിതിയും.

2.5 മില്യൻ നടത്തങ്ങൾ

ജയ്പൂർ കാലുകളിൽ ഇരുപത് ലക്ഷത്തോളം പേർ നടന്നു കഴിഞ്ഞു. ഇന്ത്യക്കകത്തും പുറത്തുമായുള്ള ഏകദേശകണക്കാണത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, എന്നിവിടങ്ങളിലെല്ലാം ഈ പാദങ്ങളെത്തിയിട്ടുണ്ട്. ഭ​ഗവാൻ മഹാവീര‍ വികലാം​ഗ സഹായത സമിതി എന്ന സംഘടനയാണ് ജയ്പൂർ കാലുകളുടെ നിർമാണവും വിതരണവും നടത്തുന്നത്. 24 മണിക്കൂറിനകം കാലുകൾ നൽകി, നടത്തിച്ചിട്ടുണ്ട് ഈ സംഘടന. കൃത്യമായി അളവെടുത്ത് പാകപ്പിഴകളൊന്നുമില്ലാതെയാണ് ഇവ നിർമിച്ച് നൽകുന്നത്.

വിലകൂടിയ കാർബൺ പ്രോസ്തറ്റിക് കാലുകൾ ഇന്ന് മെഡിക്കൽ സയൻസിന് നൽകാൻ ആകുന്നുണ്ട്. എന്നാൽ മാനുഷികമായ പരി​ഗണനയോടെ മാനുഷികമായ എല്ലാ സാധ്യതകളും ഉൾക്കൊണ്ടാണ് ഈ കാലുകളുടെ നിർമാണം. ഏറെ ഒന്നും പരിപാലനച്ചെലവ് ഇല്ലാത്ത, ജീവിതശൈലിയോട് ചേർന്ന് പോകുന്ന കാലുകൾ, നിൽക്കാതെ തളർന്നിരിക്കാതെ നടക്കാൻ പ്രേരണയായത് ലക്ഷക്കണക്കിന് മനുഷ്യർക്കാണ്.
വെറുമൊരു നാലാം ക്ലാസുകാരന്റെ ബുദ്ധി, ജീവിതമായത് അനവധി മനുഷ്യർക്കാണ്. നിൽക്കാതെ നടക്കാൻ, ജീവിക്കാന്‍ പ്രേരണയായത് അനേക ലക്ഷം മനുഷ്യർക്കും.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading