വിജയ്‌യുടെ തന്നെ മാസ്സ് സിനിമകളെ അനുസ്മരിപ്പിക്കും വിധമുള്ള സീനുകളാണ് തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ തമിഴ് നാട്ടിൽ അരങ്ങേറിയത്. രണ്ടുവർഷം മാത്രം പ്രായമുള്ള, വിമർശകരുടെ ഭാഷയിൽ പറഞ്ഞാൽ ഇന്നലെ പെയ്ത മഴയത്ത് പൊട്ടിമുളച്ച ടിവികെ പാർട്ടിയും വിജയ് എന്ന രാഷ്ട്രീയ നേതാവും ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നു.
ടിവികെ പാർട്ടിയിലൂടെ ഓട്ടോ ഡ്രൈവറും ഇറച്ചിക്കടക്കാരനും ആക്റ്റിവിസ്റ്റുകളുമൊക്കെ തമിഴ്നാടിന്റെ അധികാര തലപ്പത്ത് കസേര വലിച്ചിട്ട് ഇരിക്കുന്നു എന്ന് പറയുമ്പോൾ അത് സിനിമ സ്റ്റൈലിൽ കുറഞ്ഞതൊന്നുമല്ല! വിജയ്‌യുടെ ഈ വിജയം മാസ്സ് ബിജിഎമ്മുകളുടെ അകമ്പടിയോടെ ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങളും.
108 സീറ്റുകളാണ് വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിക്ക് ലഭിച്ചത്. 234 നിയമസഭാ സീറ്റുകളുള്ള തമിഴ്നാട്ടിൽ വിജയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാൻ 118 സീറ്റുകൾ വേണം ((234÷2) +1). നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 5 സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ടിവികെയ്ക്ക് ആറുപേരുടെ പിന്തുണ കൂടി വേണം. എങ്കിലും വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം! എങ്ങനെയെന്നല്ലേ…?
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ആരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം എന്നത് ഗവർണറുടെ വിവേചനാധികാരമാണ് (Discretionary power). സാധാരണയായി ഏറ്റവും കൂടുതൽ സീറ്റുള്ള സഖ്യത്തിനെയാണ് ഗവർണർ ക്ഷണിക്കുക, അതാണ് ജനാധിപത്യ മര്യാദ.
ഇവിടെ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യാം. എന്നാൽ, ഗവർണർ പറയുന്ന നിശ്ചിത സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം. അതായത് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം 118 പേരുടെ അംഗ ബലം ഉറപ്പിച്ചാൽ മതിയാകും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പ് ജയിക്കുക എന്നതാണ് കടമ്പ. ഇനി ഗവർണർ നിഷ്കർശിച്ച സമയത്ത് വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ സർക്കാർ രാജി വയ്ക്കേണ്ടി വരും.
ഇത്തരത്തിൽ അധികാരമേറ്റ് രാജിവയ്ക്കേണ്ടി വന്ന ഏതെങ്കിലും സർക്കാരുകളുണ്ടോ? ഇതിന് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന് 1996ൽ കേന്ദ്രത്തിൽ അധികാരമേറ്റ വാജ്‌പേയി സർക്കാരിന്റേതാണ്. 1996ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിനെത്തുടർന്ന് അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ അടൽ ബിഹാരി വാജ്‌പേയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിയായി.
എന്നാൽ 1996 മേയ് 16 മുതൽ 1996 ജൂൺ 1 വരെ വെറും 13 ദിവസം മാത്രമായിരുന്നു ഈ മന്ത്രിസഭയുടെ ആയുസ്സ്. ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുൻപ് വാജ്‌പേയി പ്രധാനമന്ത്രിപദം രാജിവച്ചു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള സർക്കാരുകളിൽ ഒന്നായും ഇതു മാറി.
1991ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാൽ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനാൽ അധികാരത്തിൽ തുടരാനായെന്നതാണ് മറ്റൊരു കൗതുകം. അന്ന് പ്രതിപക്ഷത്തായിരുന്ന ജനതാദളിലെ ഒരു വിഭാഗം വിശ്വാസവോട്ടെടുപ്പു സമയത്ത് വിട്ടുനിന്നതും തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികള്‍ പിന്തുണച്ചതുമാണ് റാവു സർക്കാരിനു ഗുണമായത്.
എന്നാൽ സർക്കാർ വീഴാതിരിക്കാൻ വിശ്വാസവോട്ട് സമയത്ത് ജാർഖണ്ഡ് മുക്തി മോർച്ച, ജനതാദൾ എംപിമാരുടെ വോട്ട് പണം നല്‍കി വാങ്ങാൻ ശ്രമിച്ചെന്ന ആരോപണം, പിൽക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ നിയമപോരാട്ടത്തിലേക്കും രാഷ്ട്രീയ വിവാദത്തിലേക്കുമാണ് നയിച്ചത്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




