116
Views

ആയിരത്തിലധികം വർഷങ്ങൾക്ക് മുൻപ് തന്നെ റോമാക്കാരും അറബികളും പേർഷ്യക്കാരും ഏഷ്യക്കാരും ഒരുപോലെ ഉപയോഗിച്ചിരുന്ന ഒന്നാണ് സുഗന്ധദ്രവ്യങ്ങൾ (Perfume). മതപരമായ ആചാരങ്ങൾ, സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് പുറമെ പ്രഭുത്വത്തിന്റെ പ്രതീകം കൂടിയായിരുന്നു.  ഇന്ന് എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പെർഫ്യൂം എങ്ങനെ മാറി?

ആദ്യം നിർമിച്ചത് തപ്പുതി

ബാബിലോണിയൻ സംസ്കാര കാലഘട്ടത്തിൽ മെസൊപ്പൊട്ടാമിയൻ രാജകൊട്ടാരത്തിലെ മേൽനോട്ടക്കാരിയായിരുന്ന തപ്പുതി എന്ന സ്ത്രീയാണ് ആദ്യമായി സുഗന്ധദ്രവ്യങ്ങൾ നിർമിച്ചതെന്ന് പറയപ്പെടുന്നു. പൂക്കളും എണ്ണകളും വയമ്പും ഉപയോഗിച്ചാണ് ഇവർ സുഗന്ധദ്രവ്യം നിർമിച്ചത്. ലോകത്തിലെ ആദ്യത്തെ രസതന്ത്രജ്ഞ ഇവരാണ്. ലോകത്തിലെ ആദ്യത്തെ രസതന്ത്രജ്ഞ ഇവരാണെന്ന് കരുതപ്പെടുന്നു. ബി.സി.ഇ 1200ലേതെന്ന് കണ്ടെത്തിയ കളിമൺ ഫലകങ്ങളിൽ ഇവരുടെ കൂട്ടുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്.

അത്തർ നിർമാണം

സിന്ധു നദീതട സംസ്കാരം മുതൽ പുരാതന ഇന്ത്യൻ, ചൈനീസ് സംസ്കാരങ്ങളുമായി സുഗന്ധദ്രവ്യത്തിന് അടുത്ത ബന്ധമാണുള്ളത്. അത്തർ നിർമാണത്തെക്കുറിച്ച് (ഇത്തർ, ഓത്തർ എന്നും അറിയപ്പെടുന്നു) പുരാതന ആയുർവേദ ഗ്രന്ഥങ്ങളായ സുശ്രുത സംഹിതയിലും ചരക സംഹിതയിലും പരാമർശിച്ചിട്ടുണ്ട്. അക്കാലത്ത്, സുഗന്ധദ്രവ്യങ്ങൾ നിർമിച്ചിരുന്നത് രാജകുടുംബത്തിൽപ്പെട്ടവർക്ക് വേണ്ടിയായിരുന്നു.

2010-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഈ സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം രാജകുടുംബാംഗങ്ങൾ, പണ്ഡിതർ, ഉദ്യോഗസ്ഥർ തുടങ്ങിയ ഉന്നതർക്കിടയിൽ പരിമിതമായിരുന്നുവെന്ന് പറയുന്നു. ദിവസവും മുറികൾ ശുദ്ധീകരിക്കാനും വസ്ത്രങ്ങൾക്ക് മണം നൽകാനും പകർച്ചവ്യാധികളെ തടയാനും അവർ ഈ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു.

ദൈന്യംദിന ജീവിതത്തിലേക്ക്

മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തോടെ, മുസ്ലീം ചക്രവർത്തിമാർ അത്തർ നിർമാണം വ്യാപകമാക്കി. നാചുറൽ പെർഫ്യൂം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ജനങ്ങളോട് വളർത്താൻ ആവശ്യപ്പെട്ടു. മതപരമായ ആചാരങ്ങളിലും ദൈനംദിന ജീവിതത്തിലും അവർ അത്തർ ഉപയോഗിച്ചു തുടങ്ങി. ചൈനയിൽ വിശുദ്ധി വർധിപ്പിക്കാനും രോഗമുക്തി നേടാനും പെർഫ്യൂം സഹായിക്കുമെന്ന് വിശ്വസിച്ചു. തുടർന്ന് ആരാധനാലയങ്ങളിലും വീടുകളിലും അവർ സുഗന്ധദ്രവ്യ നിർമാണം വർധിപ്പിച്ചു.

സുഗന്ധ തൈലങ്ങൾ

പുരാതന റോമൻ സംസ്കാരത്തിന്റെ ചരിത്രത്തിൽ സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം ഉണ്ടായിരുന്നതായി പറയുന്നു. വെസ്പേഷ്യൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ആദ്യകാല റോമൻ സാമ്രാജ്യത്തിലെ ഒരു സൈനിക മേധാവിയായിരുന്ന പ്ലിനി ദി എൽഡർ എഴുതിയ ‘നാച്ചുറാലിസ് ഹിസ്റ്റോറിയ’ എന്ന പുസ്തകത്തിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയത്. പുരാതന റോമാക്കാർ മുടിക്കും ചർമത്തിനുമായി സുഗന്ധമുള്ള എണ്ണകൾ, തൈലങ്ങൾ എന്നിവ നിർമിക്കുന്നതിനായി മീറയും (myrrh) കുന്തിരിക്കവും (frankincense) വ്യാപകമായി ഉപയോഗിച്ചിരുന്നു. പൊതു കുളിപ്പുരകളിലെ വെള്ളത്തിൽ സുഗന്ധം പകരാനായും വലിയതോതിൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു.

മതാചാരങ്ങളിൽ പ്രധാനി

സുഗന്ധദ്രവ്യങ്ങളുടെയും (perfumes) സുഗന്ധദ്രവ്യ നിർമാണത്തിന്റെയും (perfumery) വികസനത്തിൽ ഇസ്‌ലാമിക സംസ്കാരങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. വികാസത്തിൽ ഇസ്‌ലാമിക സംസ്കാരങ്ങൾ ഒരു വലിയ പങ്ക് വഹിച്ചു. മധ്യപൂർവേഷ്യൻ രാജ്യങ്ങളായ ഈജിപ്ത്, പേർഷ്യ (ഇപ്പോഴത്തെ ഇറാൻ), അറേബ്യൻ ഉപദ്വീപ് എന്നിവിടങ്ങളിലെ മുസ്ലീം സമുദായം സുഗന്ധദ്രവ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഔഷധങ്ങളിൽ പ്രകൃതിദത്ത സത്തുകൾ ഉപയോഗിക്കുന്നതിനും ശ്രമിച്ചിരുന്നു. ആൽക്കഹോൾ ചേർക്കാത്ത പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങളായ അത്തറുകൾ, ഇസ്ലാം മതാചാരങ്ങളിൽ പ്രധാനഭാഗമായി. ആറാം നൂറ്റാണ്ടിൽ തന്നെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ) സുഗന്ധങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നു. കൂടാതെ, വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ പലയിടങ്ങളിലും സുഗന്ധദ്രവ്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

അറേബ്യൻ രാജ്യങ്ങളിലെ ഒട്ടുമിക്കവരും വ്യാപാരികളായിരുന്നു. വിലയേറിയ മരങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, റെസിനുകൾ (മരക്കറകൾ) എന്നിവയുടെയും അംബർഗ്രിസ്, കസ്തൂരി തുടങ്ങി മൃഗങ്ങളിൽ നിന്നുള്ള സുഗന്ധ പദാർത്ഥങ്ങളുടെയും വിശാലമായ ശ്രേണിയിലേക്ക് പ്രയാസമില്ലാതെ ഇവർക്ക് കടന്നുപോകാനായി. ഇതുകൂടാതെ, മുല്ല, റോസ് തുടങ്ങിയ പല പൂക്കളും ഔഷധസസ്യങ്ങളും മധ്യപൂർവേഷ്യയിൽ മാത്രം കാണപ്പെട്ടിരുന്നവയാണ്. ഇന്നും ഇവ പെർഫ്യൂം നിർമാണത്തിലെ പ്രധാന ചേരുവകളാണ്.

റോസ് വാട്ടറിന്റെ തുടക്കം

‘അറബ് തത്ത്വചിന്തയുടെ പിതാവ്’ എന്നറിയപ്പെടുന്ന അൽ-കിന്ദി (c. 801-873) Book of the Chemistry of Perfume and Distillations എന്ന പുസ്തകത്തിൽ പെർഫ്യൂം, സുഗന്ധതൈലങ്ങൾ, ലേപനങ്ങൾ, സുഗന്ധ എണ്ണകൾ എന്നിവ എങ്ങനെ നിർമിക്കാമെന്ന 100ലധികം കുറിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ‘അവിസെന്ന’ എന്നറിയപ്പെടുന്ന പേർഷ്യൻ രസതന്ത്രജ്ഞനും ഫിസിഷ്യനുമായ അബു അലി ഇബ്നു സീനയാണ് പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്ന് ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെ സുഗന്ധ എണ്ണ വാറ്റിയെടുക്കുന്നത് ആദ്യമായി കണ്ടെത്തിയത്. റോസ് വാട്ടർ (പനിനീർ) ആദ്യമായി അവതരിപ്പിക്കുകയും റോസാപ്പൂവിന്റെ സത്തുകൾ ഉപയോഗിച്ച് 60ലധികം ഔഷധങ്ങൾ തയ്യാറാക്കുകയും ചെയ്തു.

യൂറോപ്പിലേക്ക്…

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് വ്യാപാരത്തിലൂടെ അറേബ്യയിൽ നിന്ന് പുഷ്പ സുഗന്ധങ്ങളും ഡിസ്റ്റിലേഷൻ വിദ്യകളും യൂറോപ്പിലെത്തുന്നത്. പതിനാറാം നൂറ്റാണ്ടിൽ കാതറീന ഡി മെഡിസിയാണ് യൂറോപ്പിൽ ആദ്യമായി പെർഫ്യൂം വ്യവസായത്തിന് തുടക്കമിട്ടത്. കിരീടാവകാശിയായിരുന്ന ഹെൻറി രണ്ടാമനെ വിവാഹം ചെയ്യാനായി ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്ക് വന്നപ്പോഴായിരുന്നു അത്.

കസ്റ്റം പെർഫ്യൂം

ഇന്ന് പെർഫ്യൂം നിർമാണ വ്യവസായത്തിന്റെ വ്യാപ്തി വലുതാണ്. വ്യാവസായികവൽക്കരണവും വൻതോതിലുള്ള ഉല്‍പാദനവും (പ്രകൃതിദത്തവും കൃത്രിമവും) പെർഫ്യൂമുകളുടെ വില കുറയ്ക്കുകയും കൂടുതൽ ആളുകൾക്ക് അവ ലഭ്യമാക്കുകയും ചെയ്തു. സാധാരണക്കാർക്ക് കുറഞ്ഞ വിലയിലും സമ്പന്നരെ ലക്ഷ്യമാക്കി ലക്ഷങ്ങൾ വിലയുള്ള പെർഫ്യൂമും വിവിധ ബ്രാൻഡുകൾ പുറത്തിറക്കുന്നുണ്ട്.

നിങ്ങൾക്ക് മാത്രമായി, മറ്റാർക്കും ഉപയോഗിക്കാൻ കഴിയാത്ത, ഒരു സവിശേഷമായ ‘സിഗ്നേച്ചർ സുഗന്ധം’ (signature scent) കസ്റ്റമൈസ് ചെയ്യാനാകും. കസ്റ്റം പെർഫ്യൂം വിപണി അതിവേഗം വളർന്നുവരികയാണ്. ആധുനിക യുഗത്തിൽ എല്ലാവർക്കും ലഭ്യമാകുന്ന, പ്രൗഢിയുടെ അനുഭൂതി നൽകുന്ന ഒന്നാണ് പെർഫ്യൂം എന്നത് സംശയമില്ല.

പെർഫ്യൂം ചേരുവകൾ ലബോറട്ടറികളിൽ കൃത്രിമമായി നിർമിക്കുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. ഇത് ശരീരത്തിനും പ്രകൃതിക്കും തിരിച്ചടിയാകുന്നു. എങ്കിലും പലരും പ്രകൃതിദത്ത ചേരുവകൾ ചേർത്തുള്ള പെർഫ്യൂമിലേക്ക് മാറുന്നുവെന്നത് ആശ്വാസം നൽകുന്നുണ്ട്.

Article Tags:
· ·
Article Categories:
Prime Time

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading