kerala assembly
161
Views

കേരളം മറ്റൊരു തിരഞ്ഞെടുപ്പിന്റെ ചൂടിലൂടെ കടന്നുപോവുകയാണ്. പത്ത് വർഷം നീണ്ട എൽഡിഎഫ് ഭരണത്തിന് ശേഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രം കുറിക്കുകയോ തിരുത്തിക്കുറിക്കുകയോ ചെയ്യുമെന്ന് തീർച്ചയാണ്.

അനവധി ചരിത്ര സംഭവങ്ങളും അപൂർവതകളും നിറഞ്ഞതാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. ത്രില്ലർ സിനിമകളെ വെല്ലുന്ന പ്ലോട്ട് ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞ ഈ ചരിത്രത്തിലെ ഒരേട് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്, 1965 കേരള നിയമസഭാ തിരഞ്ഞെടുപ്പ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെയും തിര‍ഞ്ഞെടുപ്പ് ചരിത്രത്തിന്റെയും അധ്യായങ്ങളിൽ നിർണായക സംഭവങ്ങളുണ്ടായ കാലം. തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഒരു പാർ‌ട്ടിക്കും സർക്കാർ രൂപീകരിക്കാൻ കഴിയാതെപോയ തിരഞ്ഞെടുപ്പായിരുന്നു 1965ലേത്. എന്തുകൊണ്ട് പാർട്ടികൾക്കോ മുന്നണികൾക്കോ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ പോയി എന്ന് മനസ്സിലാകണമെങ്കിൽ രണ്ട് പിളർപ്പിന്റെ കഥ കൂടി അറിയണം. കേരളത്തിലെ പ്രബലമായ പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും പിളർപ്പായിരുന്നു അത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്

1950ന്റെ അവസാനം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളും ചേരിതിരിവുമെല്ലാം ചേർന്നാണ് പാർട്ടി പിളർപ്പിലേക്ക് നടന്നത്. 1964ൽ ആയിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചരിത്രപരമായ ആ പിളർപ്പ് ഉണ്ടായത്. പിളർപ്പോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (CPIM) എന്നിങ്ങനെ രണ്ട് പ്രധാന പാർട്ടികളായി വിഭജിക്കപ്പെട്ടു. ആഗോളതലത്തിൽ സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുണ്ടായ ഭിന്നത, ഇന്ത്യയിൽ കോൺഗ്രസിനോടുള്ള നിലപാടിനെ ചൊല്ലിയുള്ള തർക്കം, 1962ലെ ഇന്ത്യ-ചൈന യുദ്ധത്തോടുള്ള സമീപനം, പാർലമെന്ററി ജനാധിപത്യത്തിലൂടെയാണോ സായുധ വിപ്ലവത്തിലൂടെയാണോ സോഷ്യലിസം നടപ്പിലാക്കേണ്ടതെന്ന കാര്യത്തിലെ തർക്കം തുടങ്ങിയവയായിരുന്നു പിളർപ്പിന്റെ പ്രധാന കാരണങ്ങൾ.

1964 ഏപ്രിൽ 11-ന് ‍ഡ‍ൽഹിയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷ്ണൽ കൗൺസിലിൽ നിന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ, എ.വി. കുഞ്ഞമ്പു, സി.എച്ച്. കണാരൻ, ഇമ്പിച്ചി ബാവ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ തുടങ്ങി 32 നേതാക്കൾ ഇറങ്ങിപ്പോയി. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ നടന്ന ഏഴാം പാർട്ടി കോൺഗ്രസിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഔദ്യോഗികമായി രൂപീകരിച്ചത്.

പിളർന്നു വളർന്ന കോൺഗ്രസ്

കോൺഗ്രസ് നേതാവ് ആർ.ശങ്കർ മുഖ്യമന്ത്രിയായിരിക്കെ, 1964ലാണ് കോൺഗ്രസ് നേതാവ് കെ.എം. ജോർജ് പാർട്ടിയോട് കലഹിച്ച് പുതിയ പാർട്ടി രൂപീകരിക്കുന്നത്. 1964 സെപ്റ്റംബർ ഒന്നിന് കെ.എം. ജോർജിന്റെ നേതൃത്വത്തിൽ ചില അംഗങ്ങൾ ഗവർണറെ കണ്ടു. തങ്ങൾ ശങ്കർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുകയാണെന്നും നിയമസഭയിൽ പ്രത്യേക കക്ഷിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ ഗവർണറെ അറിയിച്ചു. ആർ. ബാലകൃഷ്ണപിള്ള, കെ. ആർ. സരസ്വതിയമ്മ, കുസുമം ജോസഫ്, സി.എം. മാത്യു തുടങ്ങിയ എം.എൽ.എമാരാണ് പ്രത്യേക ബ്ലോക്കായി ഇരുന്നത്. മൊത്തം പതിനഞ്ച് എം.എൽ.എമാർ ജോർജിനൊപ്പം നിലകൊണ്ടു. അവിശ്വാസ പ്രമേയം പാസായതോടെ കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായ ആർ. ശങ്കറിന് രാജിവച്ച് ഒഴിയേണ്ടി വന്നു.

1964 ഒക്ടോബർ ഒമ്പതിന് കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ വിമതരായി നിന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന യോഗത്തിലാണ് പുതിയ പാർട്ടി എന്ന നിർദേശം ഉയർന്നുവന്നത്. അന്ന് വൈകിട്ട് തിരുനക്കര മൈതാനിയിൽ ചേർന്ന പൊതുയോഗത്തിൽ എൻ.എസ്.എസ്. ആചാര്യൻ മന്നത്ത് പത്മനാഭൻ ‘കേരള കോൺഗ്രസ്’ എന്ന പുതിയ പാർട്ടി രൂപംകൊണ്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

1965ലെ തിരഞ്ഞെടുപ്പ്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും പിളർപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പാണ് 1965ലേത്. സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികൾ‌ക്കെല്ലാം ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. എല്ലാവർക്കും ഈ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കേണ്ടത് അനിവാര്യമായിരുന്നു.

തിരഞ്ഞെടുപ്പിനു മുമ്പ് പി.എസ്.പി പാർട്ടിയും ഡോ.റാം മനോഹർ ലോഹ്യ നേതാവായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും (എസ്.എസ്.പി.) രൂപീകരിച്ചിരുന്നു.

1965-kerala-assembly-election-history
Clipping from 28/02/1965 (പാലായിൽ നടന്ന കോൺഗ്രസ് പ്രചരണ സമ്മേളനത്തിൽ വി.കെ. കൃഷ്ണമേനോൻ പ്രസംഗിക്കുന്നു) | Malayala Manorama Archives with permission

തിരഞ്ഞെടുപ്പ് ദിനം

1965 മാർച്ച് 3, 4 തീയതികളിലായാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത്. 11 പട്ടികജാതി സംവരണവും രണ്ടു പട്ടികവർഗ സംവരണവുമടക്കം 133 മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 10 സ്ത്രീകളടക്കം 558 സ്ഥാനാർഥികളുണ്ടായിരുന്നു മത്സരരംഗത്ത്. 85,57,716 വോട്ടർമാരിൽ 64,28,937 പേർ വോട്ട് ചെയ്തു. 75.12 ശതമാനമായിരുന്നു പോളിങ്. 98,600 വോട്ടുകൾ അസാധുവായി.

ഫലം

PartyNumber of Seats
CPIM40
CONGRESS35
CPI3
KERALA CONGRESS23
SSP13
MUSLIM LEAGUE6
INDEPENDENT CANDIDATES12

രണ്ട് സ്ത്രീകൾ ഉൾപ്പെടെ 221 പേർക്ക് കെട്ടിവച്ച കാശ് നഷ്ടമായി. 10 സ്ത്രീകളിൽ മൂന്നുപേർ മാത്രമാണ് വിജയിച്ചത്. സിപിഎമ്മിന്റെ കെ.ആർ. ഗൗരിയമ്മ (അരൂർ), സുശീലാ ഗോപാലൻ (മാരാരിക്കുളം), കേരള കോൺഗ്രസ് സ്ഥാനാർഥി കെ.ആർ. സരസ്വതി അമ്മ (ചെങ്ങന്നൂർ) എന്നിവരാണ് വിജയിച്ച സ്ത്രീകൾ.

ഇടതുപക്ഷ പിന്തുണയോടെ നാട്ടികയിൽ മത്സരിച്ച സംവിധായകൻ രാമു കാര്യാട്ട് വിജയിച്ചു. അതേസമയം വി.എസ് അച്യുതാനന്ദൻ അമ്പലപ്പുഴയിൽ പരാജയപ്പെട്ടു. ഭൂരിപക്ഷം സീറ്റുകളിലും സി.പി.ഐയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി.

ഇ.എം.എസ് ഒഴിച്ചുള്ള സി.പി.എമ്മിന്റെ നേതാക്കളിൽ ഭൂരിഭാഗവും രാജ്യരക്ഷാ നിയമപ്രകാരം അക്കാലത്ത് ജയിലിലായിരുന്നു. ജയിലിൽ നിന്ന് മത്സരിച്ച 29 സിപിഎം സ്ഥാനാർത്ഥികളിൽ 28 പേരും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നത് അക്കാലത്ത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. വിജയിച്ച സ്ഥാനാർത്ഥികൾ ജയിലിലായതിനാൽ സിപിഎമ്മിനും മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കം നടത്താനായില്ല.

കേരള കോൺഗ്രസിനും സിപിഎമ്മിനും അവരവരുടെ ‘കുടുംബ ശത്രുക്കളോട്’ കരുത്ത് കാട്ടാനായി എന്നതൊഴിച്ചാൽ 1965 തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല.

1965-kerala-assembly-election-history
Clipping from 06/03/1965 (People waiting outside Malayala Manorama office on the election results day) | Malayala Manorama Archives with permission

തിരഞ്ഞെടുപ്പിനു ശേഷം എസ്.എസ്.പി. പാർലമെന്ററി കമ്മിറ്റി യോഗം ചേർന്ന് പി.ആർ. കുറുപ്പിനെ ചെയർമാനായി തിരഞ്ഞെടുത്തു. എസ്.എസ്.പിയിൽ ഒരു വിഭാഗം മന്ത്രിസഭ രൂപീകരിക്കാൻ ശ്രമവും നടത്തി. കോൺഗ്രസ്, ലീഗ്, എസ്.എസ്‌.പി, കേരള കോൺഗ്രസ് എന്നീ കക്ഷികളെ ചേർത്ത് കൂട്ടുമന്ത്രിസഭ രൂപീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. അണിയറയിൽ പല നീക്കവും നടന്നെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല.

ആരും സർക്കാർ രൂപീകരിക്കാൻ മുന്നോട്ടു വരാത്തതിനാൽ ആ തിരഞ്ഞെടുപ്പിലെ സഭ ഒരിക്കലും സമ്മേളിച്ചില്ല. മാർച്ച് 24-ന് ഗവർണർ വി.വി. ഗിരി നിയസഭ പിരിച്ചുവിട്ട് കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി.

1967 വരെ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു. പിന്നീട് 1967-ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി അധികാരത്തിൽ വന്നത്. നിരവധി സവിശേഷതകൾക്കും അപൂർവതകൾക്കുമൊപ്പം കേരളത്തിൽ സുസ്ഥിരമായ മുന്നണി രാഷ്ട്രീയത്തിന് അടിത്തറയിടാനും സപ്തകക്ഷി മുന്നണിക്കായി എന്നതും രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലെ മറ്റൊരു കൗതുകം.

Article Categories:
Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading