
മനുഷ്യശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. ആ കണ്ണ് തന്നെ പലർക്കും പല നിറത്തിലാണുള്ളത്. ലെൻസ് വച്ച് ആകർഷകമാക്കുന്ന കാര്യമല്ല പറയുന്നത്. പക്കാ ഒറിജിനൽ!
ഐറിസിന്റെ നിറംമാറുന്നതിനെയാണ് പൊതുവെ കണ്ണിന്റെ നിറംമാറ്റമായി കണക്കാക്കുന്നത്. മെലാനിന്റെ അളവ് അനുസരിച്ചാണ് കണ്ണിന്റെ നിറം മാറുന്നത്. ഒട്ടുമിക്ക ആളുകളുടെയും കണ്ണുകൾ ആറ് നിറത്തിലാണ് കാണപ്പെടുന്നത്. ബ്രൗൺ, ആംബർ, ഗ്രേ, നീല, പച്ച, ഹേസൽ. ചിലപ്പോൾ ഇവയുടെ ഷെയ്ഡുകളുമുണ്ടാകാം.


ഐറിസിൽ ഏറ്റവും കൂടുതൽ മെലാനിൽ പിഗ്‌മെന്റ് ഉണ്ടെങ്കിൽ ബ്രൗൺ കണ്ണുകളായിരിക്കും. ഏറ്റവും കുറവ് മെലാനിൻ പിഗ്‌മെന്റുള്ള കണ്ണ് നീലനിറത്തിലായിരിക്കും. ശരീരത്തിലെ മെലാനിന്റെ അളവും ഐറിസിലെ മെലാനിനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഉദാഹരണത്തിന് ആഫ്രിക്കയിലെ ആളുകൾ കറുത്ത നിറത്തിലാണെങ്കിലും (ശരീരത്തിൽ മെലാനിൻ്റെ അളവ് കൂടുതൽ) അവരിൽ ചിലരുടെ കണ്ണുകൾ നീലനിറത്തിലാണ്.(ഐറിസിൽ മെലാനിൻ്റെ അളവ് കുറവ്)
ലോകത്ത് 55 മുതൽ 79 ശതമാനം ആളുകളിലും കാണപ്പെടുന്ന നിറമാണ് ബ്രൗൺ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ മനുഷ്യർക്കാണ് കൂടുതലും ബ്രൗൺ കണ്ണുകളുള്ളത്.


8–10 ശതമാനം ആളുകൾക്ക് നീല കണ്ണുകളുണ്ട്. ഇത്തരം നിറങ്ങൾ ഉണ്ടാകാൻ ഡിഎൻഎയും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഒരാൾക്ക് ബ്രൗൺ ഐറിസ് ആണെങ്കിലും ഇവരുടെ പൂർവികർക്ക് നീല കണ്ണുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ കണ്ണ് നീലനിറമാകാൻ സാധ്യതയുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും മകൾ റാഹ. രൺബീറിന്റെ മുത്തശ്ശന്റെയും ആലിയയുടെ മുത്തശ്ശിയുടെയും കണ്ണുകൾ നീലയായിരുന്നു. കരീഷ്മ കപൂർ, ഐശ്വര്യ റായ്, ഹിമാൻഷി ഖുറാന തുടങ്ങിയവരുടെ കണ്ണുകൾ നീലയും പച്ചയും കലർന്നതാണ്.
ഏകദേശം 5 ശതമാനം ആളുകളിൽ ഹേസൽ കണ്ണുകൾ കാണാനാകും. ഇളം ബ്രൗൺ നിറവും ഗോൾഡൻ നിറവും ചേർന്നതാണ്. നെതർലൻഡ്സിലും യുകെയിലുമാണ് കൂടുതലും ഹേസൽ കണ്ണുകൾ കാണപ്പെടുന്നത്. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കണ്ണ് പച്ച കലർന്ന ഹേസൽ നിറത്തിലാണ്. കമൽഹാസന്റെ രണ്ടാമത്തെ മകൾ അക്ഷര ഹാസന്റെ കണ്ണും ഹേസൽ നിറത്തിലാണ്.


ഇതുകൂടാതെ 3 ശതമാനം ആളുകളിൽ ഗ്രേ നിറത്തിലും 2 ശതമാനം ആളുകൾക്ക് പച്ച നിറത്തിലും കണ്ണുകൾ കാണാനാകും. അൽജീരിയ ഷാവ്യ ജനങ്ങൾക്കിടയിലും കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഗ്രേ കണ്ണുകൾ കാണാനാകും. ഗ്രീക്ക് ദൈവമായ ഏഥന്റെ കണ്ണുകൾ ഗ്രേ നിറത്തിലാണെന്ന് പറയപ്പെടുന്നു.
വളരെ അപൂർവമാണ് പച്ചകണ്ണുകള്‍. ഐസ്‌ലാൻഡ്, നെതർലൻഡ്, സ്കോട്ട്‌ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലെ ആളുകൾക്കാണ് കൂടുതലും പച്ചനിറത്തിലുള്ള കണ്ണുകൾ ഉള്ളത്. ഹോളിവുഡ് താരങ്ങളായ എമ്മ സ്റ്റോൺ, സ്കാർലറ്റ് ജോൺസൺ, അമാൻഡ സെഫ്രഡ്, ക്രിസ്റ്റൻ സ്റ്റീവാർട്ട് എന്നിവരുടെ കണ്ണുകൾ പച്ചനിറത്തിലാണ്.


എന്നാൽ ഭൂമിയിലെ ഒരു ശതമാനത്തിൽ താഴെയുള്ള ആളുകൾക്ക് മാത്രമേ ആംബർ നിറത്തിലുള്ള കണ്ണ് കാണാനാകൂ. മഞ്ഞയും കോപ്പർ നിറവും ചേർന്നുള്ള കണ്ണുകളാണ് ഇവ. യൂറോപ്പിലുള്ളവർക്കാണ് ആംബർ കണ്ണുകൾ കൂടുതൽ കാണപ്പെട്ടത്.
ഇതിനേക്കാൾ അപൂര്‍വമാണ് ഹെട്രോക്രോമിയ. രണ്ട് കണ്ണിലും രണ്ട് വ്യത്യസ്ത നിറമുള്ളവരായിരിക്കും ഇവർ.


ഇതിലും അപൂർവമാണ് ചുവന്ന കണ്ണുകളും വയലറ്റ് നിറത്തിലുള്ള കണ്ണുകളും. ബ്രിട്ടീഷ് –അമേരിക്കൻ നടിയായ എലിസബത്ത് ടെയ്‌ലറിന്റെ കണ്ണുകൾ വയലറ്റും നീലയും കലർന്നതായിരുന്നു. നടിയെ മറ്റുള്ള നടിമാരിൽ നിന്നും വ്യത്യസ്തയാക്കിയത് ആ കണ്ണുകൾ തന്നെയായിരുന്നു.
കണ്ണിന്റെ നിറം മാറ്റാം

കെരാറ്റോപിഗ്മെന്റേഷൻ
കോർണിയൽ ടാറ്റൂ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റുമുള്ള കാഴ്ചയെ ബാധിക്കാത്ത ഭാഗങ്ങളിൽ മഷി ഉപയോഗിച്ച് ടാറ്റൂ ചെയ്യാനാകും. താൽക്കാലികമായും സ്ഥിരമായും ടാറ്റൂ ചെയ്യാനാകും. ഇതിലൂടെ അലർജിയുണ്ടായാൽ കണ്ണിന്റെ കാഴ്ച വരെ നഷ്ടമായേക്കാം.

ലേസർ ഡീപ് പിഗ്മെന്റേഷൻ
ശരീരത്തിൽ മെലാനിൻ അടിഞ്ഞുകൂടുമ്പോഴാണ് അവിടെ കറുത്ത നിറം ഉണ്ടാകുന്നത്. ഇത് ലേസർ ട്രീറ്റ്മെൻ്റിലൂടെ മാറ്റാനാകും. അതുപോലെ തന്നെയാണ് കണ്ണിന്റെ കാര്യവും. ബ്രൗൺ നിറത്തിലുള്ള കണ്ണ് ലേസർ ഉപയോഗിച്ച് ആ നിറം ഇല്ലാതാക്കുന്നു. പിന്നീട് അതിനുപിന്നിലുള്ള നീല അല്ലെങ്കിൽ മറ്റ് നിറങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നു. നിരവധി സ്റ്റേജുകളിലൂടെയാണ് ഈ ട്രീറ്റ്മെന്റ് നടക്കുന്നത്. ശ്രദ്ധാപൂർവം ചെയ്തില്ലെങ്കിൽ കണ്ണിന്റെ കാഴ്ച തന്നെ ഇല്ലാതായേക്കാം.

ഐറിസ് ഇംപ്ലാൻ്റ് സർജറി
1956ലാണ് ഈ സര്ജറി കണ്ടെത്തിയത്. അപകടങ്ങളിൽപ്പെട്ടവരുടെ ഐറിസിന്റെ തകരാർ പരിഹരിക്കാനാണ് ആദ്യമായി ഈ സർജറി പരീക്ഷിച്ചത്. കൃഷ്ണമണിയുടെ അടുത്തുള്ള വെളുത്ത ഭാഗത്ത് ചെറിയ കീറലുണ്ടാക്കി, അതുവഴി ആർട്ടിഫിഷ്യൽ ഐറിസ് കടത്തിവിട്ട് കൃഷ്ണമണിക്ക് ചുറ്റും സ്ഥാപിക്കുന്നു. ഏറ്റവും അപകടകരമായ പ്രക്രിയയാണിത്.

കോൺടാക്ട് ലെൻസ്
കണ്ണിന്റെ നിറംമാറ്റാൻ ഏറ്റവും എളുപ്പവും അപകടസാധ്യത കുറവുമുള്ള ഒന്നാണ് കോൺടാക്ട് ലെൻസ്. ഏത് നിറത്തിലുള്ള ലെൻസ് വേണമെങ്കിലും ഉപയോഗിക്കാനാകും. കാഴ്ചക്കുറവുള്ളവർക്ക് കണ്ണടയ്ക്ക് പകരം ലെൻസ് ഉപയോഗിക്കാവുന്നതാണ്. കൈ വൃത്തിയാക്കിയ ശേഷം മാത്രമേ കണ്ണിലേക്ക് ലെൻസ് വയ്ക്കാവൂ. ലെൻസ് വച്ച് ഉറങ്ങരുത്, അലർജിയുണ്ടാക്കും.
