Bengal election women candidates 2026
98
Views

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് – ഇത് ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെയും അടിച്ചമർത്തലുകളെയും സമൂഹം കണ്ടില്ലെന്ന് നടിക്കില്ലെന്നതിന്റെ നേർസാക്ഷ്യം. അധികാരത്തിനുമേൽ സാധാരണക്കാരായ മനുഷ്യർ നേടിയ ധാർമ്മിക വിജയം.

രേഖ പത്ര, രത്‌ന ദേബ്നാഥ്, കലിത മാജി… ബംഗാളിന്റെ മണ്ണിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവർ. രാഷ്ട്രീയത്തിനപ്പുറം സമത്വവും സ്ത്രീസുരക്ഷയും ചർച്ചയാകുന്ന കേരളത്തിൽ എന്തുകൊണ്ട് ഇവരുടെ പേരും ഉയർന്നുകേൾക്കുന്നു??

കാരണം ഇവർ വെറും സ്ഥാനാർഥികളായിരുന്നില്ല; അവർ അതിജീവനത്തിന്റെ അടയാളങ്ങളാണ്.

രേഖ പത്ര: അതിജീവനത്തിൽ നിന്ന് ജനപ്രതിനിധിയിലേക്ക്

Bengal election women candidates 2026
Rekha Patra | Myneta.info

2024ൽ സന്ദേശ്ഖലിയിലെ ദുരിതം രാജ്യം അറിഞ്ഞത് ഒരു ഞെട്ടലോടെയായിരുന്നു. അധികാരത്തിന്റെ തണലിൽ അവിടുത്തെ സ്ത്രീകൾ വേട്ടയാടപ്പെട്ട ദുരന്തങ്ങൾ പുറംലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച ‘സാധാരണക്കാരി’യായ ധീരവനിതയാണ് രേഖ പത്ര.

ഇതിനു പിന്നിലെ ടിഎംസി (തൃണമൂൽ കോൺഗ്രസ്) എംഎൽഎമാരായ ഷെയ്ഖ് ഷാജഹാൻ, ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവരുടെ ക്രൂരതകൾക്കെതിരെ പൊലീസിൽ പരാതി നൽകി രേഖ പത്ര പോരാടി. സന്ദേശ്ഖലിയിലെ അതിജീവിതമാരുടെ മുഖമായി മാറി മുപ്പത്തിരണ്ടുകാരിയായ രേഖ പത്ര.

ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ക്രൂരതകളെ അതിജീവിച്ച വ്യക്തി എന്ന നിലയിൽ നിന്നും ഇന്നവര്‍ ഒരു നിയമസഭാംഗമായി ഉയർന്നു. നിലവിലുള്ള പ്രതിനിധിയെ 5,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി നേടിയ വിജയം, ആ നൂറുകണക്കിനു സ്ത്രീകൾക്ക് ശക്തി പകരുന്നതാണ്. സന്ദേശ്ഖലിയിൽ കണ്ണീരൊഴുക്കിയ നൂറുകണക്കിന് സ്ത്രീകളുടെ കൂടി വിജയമാണിത്.

രത്‌ന ദേബ്നാഥ്: നീതിക്കായുള്ള ജനവിധി

Bengal election women candidates 2026
Ratna Debnath | Myneta.info

2024ൽ ആർ.ജി.കർ മെഡിക്കൽ കോളേജിൽ ദാരുണമായി കൊല്ലപ്പെട്ട ആ ഡോക്ടർ പെൺകുട്ടിയേ ഓർമയില്ലേ? അവരുടെ അമ്മ ഇന്ന് ബംഗാൾ നിയമസഭയിലെ ശബ്ദമാണ്. നീതിക്കു വേണ്ടി പോരാടുന്നവർക്ക് ഒരു പ്രചോദനമാണ്.

തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് രാഷ്ട്രീയത്തിൽ മുൻപരിചയമൊന്നുമില്ലാത്ത രത്ന ദേബ്നാഥ് പിടിച്ചെടുത്തത്. പനിഹാട്ടി എന്ന ടിഎംസി കോട്ടയിൽ നിന്നും 28,836 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രത്ന ദേബ്നാഥ് വിജയിച്ചത്. നീതിക്കുവേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടം എന്നാണ് ബിജെപി രത്ന ദേബ്നാഥിന്റെ സ്ഥാനാർഥിത്വത്തെ വിശേഷിപ്പിച്ചത്. അവരുടെ സ്ഥാനാർഥിത്വം ബംഗാളിൽ വൈകാരികമായ ഒരു വികാരം ഉണർത്തിയിരുന്നു.

കലിത മാജി: അധ്വാനവർഗ്ഗത്തിന്റെ വിജയം

Bengal election women candidates 2026
Kalitha Maji | Myneta.info

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ രാജ്യശ്രദ്ധയാകർഷിക്കുന്ന വിജയമാണ് ഓസ്ഗ്രാം മണ്ഡലത്തിലെ കലിത മാജിയുടേത്. രാഷ്ട്രീയ ക്രിമിനലുകളുടെ ഭീഷണികളെയും ദാരിദ്ര്യത്തെയും അതിജീവിച്ചാണ് മാസം 4,500 രൂപ വരുമാനമുള്ള വീട്ടുജോലിക്കാരിയായ കലിത മാജിയുടെ രാഷ്ട്രീയ പ്രവേശനം.

തൃണമൂല്‍ കോൺഗ്രസിന്‍റെ സ്ഥാനാര്‍ഥിയെ 2,535 വോട്ടിനാണ് കലിത പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോഴും രണ്ടു വീടുകളില്‍ കലിത വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു.

ബംഗാളിലെ ഈ വിജയം രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ഒരു പാഠമാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നത് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടിയാണ്.

പീഡനങ്ങൾ ഏറ്റുവാങ്ങിയവരും, നീതിക്കായി കാത്തിരുന്നവരും, പട്ടിണിയോട് പൊരുതുന്നവരും നിയമനിർമ്മാണസഭയിലേക്ക് എത്തുമ്പോൾ അവിടെ പുതിയൊരു ജനാധിപത്യമാണ് ജനിക്കുന്നത്.

Article Categories:
Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading