154
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപ്പെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് ഞാൻ ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് ഒൻപത് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 8

ചുറ്റിലും ചുവന്ന വസ്ത്രമണിഞ്ഞ്, പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട് നടക്കുന്ന മനുഷ്യരാണ്. അവരെ പിന്തുടർന്ന് ഞാൻ എത്തിയത് ദലൈലാമ ടെമ്പിൾ. സത്യത്തിൽ പുറമെ നിന്ന് കാണുന്ന ധാർമശാലയുടെ യാതൊരു സൂചനയും ഈ അമ്പലത്തിനകത്തില്ല. മനുഷ്യർ ശാന്തിയും സമാധാനവും തേടിയെത്തിയ ആത്മീയതുടെ തുരുത്തായാണ് എനിക്ക് ഈ അമ്പലം അനുഭവപ്പെട്ടത്. ഏതെല്ലാമോ രാജ്യത്ത് നിന്നും ഏതെല്ലാമോ സംസ്കാരവും പേറി വന്നവർ ഒരു അരുവി പോലെ ആത്മീയതുടെ സാധ്യതകൾ ആഘോഷിക്കുകയാണ്.

ഇവിടെ വൈവിധ്യം നിറഞ്ഞ മനുഷ്യരാണ്, കാണാനെത്തിയവരും പ്രാർത്ഥന തുടരുന്നവരും നിശബ്ദമായി ആ അന്തരീക്ഷം സുന്ദരമാക്കുന്നു. ചായയും ഭക്ഷണവും സൗജന്യമായി ലഭിക്കുന്നതുകൊണ്ട് തന്നെ പലരും ഇവിടെ സ്ഥിര താമസമാണ്. ഞാൻ ദൈവ വിശ്വാസിയല്ല, ഇതിലൊന്നും എനിക്ക് വലിയ സന്തോഷവും തരാറില്ല. എന്നിരുന്നാലും അവർ ഏത് വിഗ്രഹത്തിന് മുന്നിലിരുന്നാണ് പ്രാർത്ഥിക്കുന്നതെന്നറിയാനുള്ള കൗതുകത്തിൽ ഞാൻ ഉള്ളിലേക്ക് പാളി നോക്കി. ബുദ്ധനാണ് പ്രതിഷ്ഠ.

എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ അവരുടെ പ്രാർത്ഥനയെ ഒരു ചലനം കൊണ്ടുപോലും ബുദ്ധിമുട്ടിക്കാതെ പുറത്തേക്കിറങ്ങി. മുൻപൊരിക്കൽ പോണ്ടിച്ചേരിയിൽ പോയപ്പോൾ പരിചയപ്പെട്ട ഒരു സുഹൃത്തുണ്ടെനിക്ക്, അവന്റെ സുഹൃത്താണ് വിളിക്കുന്നത്. അവൻ ജാർഖണ്ഡിൽ പഠിക്കുകയാണ്. ധർമശാലയിൽ എത്തിയതെറിഞ്ഞ് അവൻ ഒരു സുഹൃത്തിനെ എനിക്ക് ഫോൺ വഴി പരിചയപ്പെടുത്തി. ആകാംഷ. അവളാണ് വിളിച്ചത്. അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. അടയാളമായി അവൾ അടുത്തുള്ള ഒരു കഫേയുടെ പേര് പറഞ്ഞു. ആ കഫേ കണ്ടുപിടിക്കാൻ ഞാനാണെങ്കിൽ ബുദ്ധിമുട്ടി. പക്ഷെ അവളോട് കാണാമെന്ന് വാക്ക് കൊടുത്തതിനാൽ ഞാൻ നിരസിക്കാൻ തോന്നിയില്ല. കുറച്ചധികം ബുദ്ധിമുട്ടിയാണെങ്കിലും ഞാൻ അവളെ കണ്ടെത്തി.

അവളെ കണ്ടു സംസാരിച്ച് മിനുറ്റുകൾക്കകം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. കൂട്ടുകാരികൾ എന്ന് പറഞ്ഞാൽ വളരെയധികം കാലമായി പരിചയമുള്ള സുഹൃത്തുക്കളെ പോലെ. എനിക്ക് അവളോട് സ്നേഹം തോന്നി. അവളുടെ വീടിനോട് ചേർന്ന് അവർ ഒരു ഹോം സ്റ്റേ നടത്തുന്നുണ്ട്. അവൾ എനിക്ക് ഭക്ഷണം പാചകം ചെയ്തു തന്നു. നല്ല ആലു പറാത്ത. അവളും ഞാനും ഒരുപാട് നേരം സംസാരിച്ചു. സ്നേഹത്തെക്കുറിച്ച്, പ്രേമത്തെ ക്കുറിച്ച്, അവളുടെ അമ്മയെ കുറിച്ച്, ആ കുടുംബത്തോട് അവൾക്കുള്ള സ്നേഹത്തെയും കടപ്പാടിനെയും കുറിച്ച്. 22 വയസു മാത്രം പ്രായമുള്ള ആ പെൺകുട്ടിയിൽ എനിക്ക് കൗതുകമുണ്ടായി. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകളിൽ എനിക്ക് തോന്നാറുള്ള ബഹുമാനം അവളോടും തോന്നി.

അവരുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നിറയെ ആപ്പിൾ തോട്ടങ്ങളാണ്. സീസൺ അല്ലാത്തതുകൊണ്ട് പക്ഷെ കായ്ച്ചിട്ടില്ല. എന്നാലും ആ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കുന്നത് തന്നെ അതിമനോഹരമായ കാഴ്ചയാണ്. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു, പോവാൻ നേരം അവളെന്നെ കെട്ടിപിടിച്ചു. ഒരുപാട് നേരം. ഒരു ഫോട്ടോപകർത്തി ജാർഖണ്ഡിലുള്ള എന്റെ സുഹൃത്തിന് അയച്ചുനൽകി ഞാൻ. ‘താങ്ക്യൂ’ എന്ന വാചകത്തോടെ.

മക്‌ലോഡ്‌ജ് ഗാംജ് എന്ന ഒരു ചെറിയ ടൗൺ ആയിരുന്നു. വിനോദ സഞ്ചാരികൾക്കായി രൂപപ്പെട്ട ഒരു ഇടമായി പലപ്പോഴും തോന്നി. അവിടെയുള്ള മനുഷ്യരുടെ ജീവിതവും ജീവിതരീതിയും വിനോദ സഞ്ചാരികളുടെ വരവിനനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇതല്പം ചെലവ് കൂടിയ സ്ഥലമാണ്. ഭക്ഷണത്തിന് സാധാരണ ഹിമാചൽ പ്രദേശിൽ നമ്മൾ ചെലവഴിക്കേണ്ട തുകയേക്കാൾ മുകളിലാണ് വില.

ആ തിരക്കുപിടിച്ച തെരുവിലൂടെ ഞാൻ എന്റെ റൂമിലേക്ക് നടന്നു. വഴികളത്രയും വണ്ടികളുടെയും തെരുവോരക്കച്ചവടക്കാരുടെയും ശബ്ദംകൊണ്ട് സമ്പന്നം. ഹിമാചലിൽ മാത്രം കാണപ്പെടുന്ന പ്രത്യേകതരം നായകൾ ആ തെരുവീഥികളിൽ ചുരുണ്ട് കിടക്കുന്നുണ്ടായിരുന്നു. റൂമിലെത്തിയതും റിസപ്‌ഷനിൽ ഇരിക്കുന്ന ഒരു പെൺകുട്ടി വർത്തമാനത്തിന്റെ ഒരു തുടക്കം എനിക്കായി കുറിച്ചു. ഞങ്ങൾ ഒരുപാട് സംസാരിച്ചു. അവൾ അവിടെ ഇന്റേൺഷിപ് ചെയ്യുകയാണ്. അപ്രതീക്ഷിതമെന്ന് പോലെ അന്നായിരുന്നു അവളുടെ പിറന്നാൾ.

അവളുടെ കാമുകൻ അവൾക്കായി അയച്ച കേക്ക് മേശപുറത്തിരിക്കുന്നു. മുറിക്കാനായി അവൾ എന്നെ ക്ഷണിച്ചു. ഒരു മിനുട്ട് സമയം ആവശ്യപ്പെട്ട് ഞാൻ പുറത്തേക്കിറങ്ങി അവൾക്കായി ചോക്ലേറ്റ് വാങ്ങി. ഞങ്ങൾ സന്തോഷത്തോടെ അപരിചതരായ മനുഷ്യർക്കൊപ്പം കേക്ക് മുറിച്ചു. അന്ന് അവിടെ താമസിക്കാനായെത്തിയ ഒരു വിദേശ വനിതയും ജപ്പാനിൽ നിന്നുള്ള ഒരു സഞ്ചാരിയും ബംഗാളിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്കുമൊപ്പം ആ നിമിഷം ഞനാണ് ആഘോഷിച്ചു.

പിറ്റേന്ന് രാവിലെയായപ്പോൾ ഞാൻ അടുത്തുള്ള വെള്ളച്ചാട്ടത്തെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞു. ഞാൻ നിക്കുന്ന സ്ഥലത്ത് നിന്നും 4 കിലോമീറ്റർ ദൂരത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മുഴുവൻ ദൂരവും ഞാൻ നടന്നു. നടന്ന് നടന്ന് ആ വെള്ളച്ചാട്ടത്തിനരികിൽ എത്തിയപ്പോൾ പെട്ടെന്ന് മഴ പെയ്തു. ഞാൻ ഒരു പാറക്കരികിലേക്ക് കയറിനിന്നു.

ആ വെള്ളച്ചാട്ടത്തിൽ കുളിക്കാനായി ചെന്ന എനിക്ക് നിരാശ മാത്രമായി ഫലം. അവിടെ മൊത്തം ആളുകളായിരുന്നു. പുരുഷന്മാരിൽ പലരും മദ്യപിക്കുന്നുണ്ടായിരുന്നു. മഴ തോർന്നതും ഞാൻ അവിടെ നിന്നും തിരിച്ചു നടന്നു. നടന്നെത്തിയത് ഒരു കാട്ടിലേക്കായിരുന്നു.വിജനമായ കാട്, ചുറ്റിലും ആരുമില്ല. എനിക്ക് ഉറക്കെ കൂകിവിളിക്കണമെന്നും നൃത്തം ചെയ്യണമെന്നും പാട്ടുകേട്ട് കിടക്കണമെന്നും തോന്നി. അവിടെ കുറെ നേരം ഇരുന്നു ഞാൻ. മനസ് നിറഞ്ഞതുപോലെയൊരു അനുഭവമുണ്ടായി എനിക്ക്.

തിരിച്ച് റൂമിലെത്താൻ നേരം ജാർഖണ്ഡിലെ സുഹൃത്ത് വീണ്ടും വിളിച്ചു. അവന്റെ മറ്റൊരു കൂട്ടുകാരി കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു. പതിവു പോലെ ഞാൻ സമ്മതം മൂളി. അവൾ വന്നു, ബാങ്കിലാണ് ജോലി. ഞങ്ങൾ നടന്ന രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള ഒരു പള്ളിലെത്തി. അത് ഒരു പ്രശസ്തമായ പള്ളിയായാണെന്നും കാണാൻ നല്ല ഭംഗിയാണെന്നും പറഞ്ഞാണ്പോയത്. പക്ഷെ ഞങ്ങൾ അവിടെയെത്തിയപ്പോൾ പള്ളി പൂട്ടികിടക്കുകയായിരുന്നു. ദേവദാരു മരണങ്ങകോണ്ട ചുറ്റപ്പെട്ട ആ പള്ളിയുടെ പുറം ഭാഗം കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു.

ഞാൻ തിരിച്ച് റൂമിലെത്തി. നാളെ ഞാൻ ഹിമാചലിലേക്ക് യാത്ര തിരിക്കും ഈ മക്‌ലോഡ്‌ജ് ഗാംജ് എന്ന ചെറു നഗരത്തിനോട് യാത്ര പറയും.

ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading