Labubu
120
Views

ലോകമെമ്പാടുമുള്ള കളിപ്പാട്ട വിപണിയിൽ തരംഗമായ ഒന്നാണ് ‘ലബുബു’ പാവകൾ. എന്നാൽ, ഇന്ന് വിപണി കീഴടക്കുന്നത് ഇവയുടെ വ്യാജന്മാരാണെന്നും ഈ വ്യജന്മാർ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ, സംഭവം സത്യമാണ്. ലബുബുവിനോടുള്ള സാദൃശ്യം മുതലെടുത്ത് ‘ലഫുഫു’ എന്ന പേരിലിറങ്ങുന്ന പാവകൾ കുട്ടികൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഇംഗ്ലണ്ടിലെ ട്രേഡിങ് സ്റ്റാൻഡേർഡ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

‘അഗ്ലി-ക്യൂട്ട്’ ആയ ലബുബു

കാണുമ്പോൾ അല്പം ഭയപ്പെടുത്തുന്ന മുഖഭാവവും ഉന്തിയ പല്ലുകളുമുള്ള ഒരുതരം പാവകൾ. ചിലർ സ്നേഹത്തോടെ ‘അഗ്ലി-ക്യൂട്ട്’ എന്ന് വിളിക്കുന്ന, വിടർന്ന കണ്ണുകളുള്ള ഈ വിചിത്ര പാവ പക്ഷേ ചില്ലറക്കാരനല്ല. ഹാൻഡ്‌ബാഗുകളിലും വീടുകളിൽ ഷോപീസായും ഇവ ഉപയോഗിക്കുന്നത് ഇപ്പോൾ വലിയ ട്രെൻഡാണ്. സാധാരണക്കാർ മുതൽ സെലെബ്രിറ്റികൾ വരെ ഇവയുടെ ആരാധകരാണ്. ‘ലബുബു’വിനെ വിറ്റ് അതിന്റെ നിർമാതാവായ പോപ്പ് മാർട്ട് ഇന്റർനാഷനൽ ഗ്രൂപ്പിന്റെ സിഇഒ ആയ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരിൽ ഒരാളായി മാറി. 2015-ലാണ് ലബുബു ആദ്യമായി വിപണിയിലെത്തുന്നതെങ്കിലും, ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ പാവകൾ വിപണിയിൽ തരംഗമായത്. അന്ന് മുതൽ ഇന്ന് വരെ ലബുബുവിന്റെ ഫാൻ ബേസിന് ഒരു ഇളക്കവും തട്ടിയിട്ടില്ല.

Labubu Toys
Image Credit: Facebook/popmartglobal

ജെൻ സീ-ക്ക് ഒരു ‘സർപ്രൈസ്’

പ്ലഷ് കളിപ്പാട്ടങ്ങൾ, വിനൈൽ രൂപങ്ങൾ, ബ്ലൈൻഡ് ബോക്സ് നിഗൂഢത എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഇവ ലഭ്യമാണ്. ഹോങ്കോങ് കലാകാരനായ കാസിങ് ലങ് രൂപകൽപ്പന ചെയ്ത ലബുബു കളിപ്പാട്ടങ്ങൾ ഒരു ‘ബ്ലൈൻഡ് ബോക്സി’ലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ബോക്സ് തുറക്കുന്നത് വരെ ഉപഭോക്താക്കൾക്ക് ഏത് രൂപം ലഭിക്കുമെന്ന് സാധാരണയായി അറിയില്ല. അതായത് കടയിൽ കയറി ഇഷ്ടപ്പെടുന്ന ലബുബു തിരഞ്ഞെടുത്ത് വാങ്ങാൻ കഴിയില്ല എന്ന് സാരം. ഒരു ഭാഗ്യപരീക്ഷണം കൂടിയാണ് ഈ പർച്ചേസ് എന്ന് നിസംശയം പറയാം. ഈ ‘സർപ്രൈസ്’ സ്വഭാവം ജെൻ സീ, മില്ലേനിയൽ ഉപഭോക്താക്കളെ ആകർഷിച്ചു. നിഗൂഢത, ഭാഗ്യം എന്നിവയാണ് ലബുബുവിനെ കൂടുതൽ ജനപ്രിയമാക്കിയത്.

റിയാന മുതൽ അനന്യ പാണ്ഡെ വരെ

ഏഷ്യയിലുടനീളമുള്ള പോപ്പ് മാർട്ട് സ്റ്റോറുകളിലും ഓൺലൈൻ വെബ്സൈറ്റുകളിലും ലബുബു പാവകൾ പലപ്പോഴും മിനിറ്റുകൾക്കുള്ളിലാണ് വിറ്റുതീരുന്നത്. ഇവിടെ റീസെയിൽ വില യഥാർഥ വിലയേക്കാൾ രണ്ടോ മൂന്നോ ഇരട്ടി വരെ വർധിക്കാറുമുണ്ട്. ചില ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ ലക്ഷങ്ങൾക്കാണ് വിൽക്കുന്നത്. റിയാന, ദുവ ലീപ, ബ്ലാക്ക്പിങ്കിലെ ലിസ എന്നിവർ ലബുബുവിന്റെ അറിയപ്പെടുന്ന ആരാധകരാണ്. ഇന്ത്യൻ ബോളിവുഡ് താരം അനന്യ പാണ്ഡെയും ലബുബുവിന്റെ ആരാധകരിൽ ഒരാളാണ്.

Keychain and plush toy
Image Credit:Octavio Parra/Istockphoto.com

ലഫുഫു: ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം

ലബുബുവിന്റെ ആഗോള ജനപ്രീതി മുതലെടുത്താണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാജന്മാർ വിപണിയിൽ സജീവമാകുന്നത്. യഥാർഥ ലബുബു പാവകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് ലഫുഫു വിൽക്കപ്പെടുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണെങ്കിലും ഇവയുടെ നിർമാണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്ന് നോർത്ത് ഈസ്റ്റ് ലിങ്കൺഷെയറിലെ ട്രേഡിങ് സ്റ്റാൻഡേർഡ്സ് ഓഫിസർമാർ കണ്ടെത്തി.

Labubu
Image Credit: Facebook/popmartglobal

ലഫുഫു പാവയുടെ പല ഭാഗങ്ങളും പെട്ടെന്ന് അടർന്നുപോകുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ ഇവ വിഴുങ്ങാൻ സാധ്യതയുള്ളതിനാൽ ഇത് ശ്വാസംമുട്ടൽ പോലുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കാം. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട സിഇ, യുകെസിഎ തുടങ്ങിയ സുരക്ഷാ മാർക്കുകൾ ഒന്നുംതന്നെ ഈ വ്യാജ പാവകളിൽ ഇല്ല. നിർമാതാവിന്റെ പേരോ വിലാസമോ മറ്റ് വിവരങ്ങളോ പായ്ക്കറ്റുകളിൽ ലഭ്യമല്ല. ഇത് ഉപഭോക്താക്കൾക്ക് പരാതി നൽകാനോ ഗുണനിലവാരം പരിശോധിക്കാനോ തടസ്സമാകുന്നു.

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പാവയുടെ ഭാഗങ്ങൾ ഇളകി വരുന്നതായി നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യഥാർഥ ലബുബു പാവകൾ കർശനമായ പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുന്നത്. എന്നാൽ, വിലക്കുറവ് കണ്ട് വ്യാജനെ വാങ്ങുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാൽ, കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ബ്രാൻഡും സുരക്ഷാ മുദ്രകളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

Article Tags:
·
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading