വെള്ള സാരി ഉടുത്ത, പ്രതികാര ദാഹിയായ, വെറ്റിലയും അടക്കയും ചവക്കുന്ന പ്രേതസങ്കൽപ്പത്തെ പൊളിച്ച് ഒരു മലയാളി പ്രേതം കടന്നുവരുന്നു. പ്രേക്ഷകർ ഒന്നടങ്കം പറയുന്നു’കൊള്ളാല്ലോ… ഈ ജെൻസി പ്രേതം’! മലയാള സിനിമയിലെ പ്രേതങ്ങൾ പിന്തുടരുന്ന സ്ഥിരം ശൈലിക്ക് വിപരീതമാണ് ‘സർവം മായ’ യിലെ ഡേലേലു. മായാ അഥവാ ഡേലേലു ആയി നിവിൻ പോളിക്കൊപ്പം എത്തിയ റിയ ഷിബുവിന്റെ സ്വാഗും എനർജിയും കാണികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയമാണ്. എന്നാൽ ഡേലേലു ആണോ മലയാള സിനിമയിലെ ആദ്യത്തെ ചിൽ വൈബുള്ള, സൂപ്പർ കൂൾ പ്രേതം? അല്ല , ഉപദ്രവകാരികളല്ലാത്ത ചില പ്രേതങ്ങളെ കുറിച്ച്…
ക്ളീഷേ പൊളിച്ച പപ്പൻ പ്രേതം
സിദ്ധിക്ക് ലാലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഡയറക്റ്റ് ചെയ്ത ചിത്രമാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ. ഗായകനായ പപ്പൻ വാഹനാപകടത്തിൽ മരിക്കുകയും എന്നാൽ പപ്പന് കുറച്ചുനാളത്തെ ആയുസ്സ് കൂടെ ബാക്കിയുണ്ടെന്ന് അറിഞ്ഞ് മരിച്ചവരുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കാനുള്ള അനുമതി യമൻ നൽകുന്നതുമാണ് സിനിമയുടെ കഥ. വാഹപകടത്തിൽ മരണപ്പെട്ട പപ്പൻ ആദ്യം കയറുന്നത് പണക്കാരനായ ഒരു വൃദ്ധന്റെ ശരീരത്തിലാണ്. പിന്നെ ഒരു കള്ളന്റെ ശരീരത്തിലും. അവസാനം പോലീസുകാരനായ ദേവദാസിന്റെ ബോഡിയിൽ കയറി കാമുകിയോട് പപ്പൻ മരിച്ച കാര്യവും ജീവിതത്തിൽ പുതിയ ഒരാളെ കണ്ടെത്തണമെന്നും പറയുന്നു. ഇതിൽ പപ്പനായി അഭിനയിച്ചത് റഹ്മാൻ ആയിരുന്നു. യമന്റെ കഥാപാത്രം ചെയ്തത് തിലകനും. പപ്പൻ പ്രിയപ്പെട്ട പപ്പനിലെ പ്രേതം അല്പം വെറൈറ്റിയാണ്.
ജയറാമിന്റെ പാവം പ്രേതം
കമൽ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആയുഷ്കാലം. മുകേഷിന്റെ ബാലകൃഷ്ണൻ എന്ന കഥാപാത്രം ഹൃദയം മാറ്റിവെക്കുന്നതും അതിനെ തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ജയറാം ചെയ്ത എബി മാത്യു എന്ന കഥപാത്രത്തിന്റെ ഹൃദയമാണ് മുകേഷിന് നൽകിയത്. തുടർന്ന് എബി യുടെ പ്രേതം മുകേഷിനെ പിന്തുടരുന്നതും മുകേഷിന് മാത്രം ആ പ്രേതത്തെ കാണാൻ സാധിക്കുന്നതും അത് അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ. ജയറാമിന്റെ കഥാപാത്രത്തിന്റെ അത്രയും നിഷ്കളങ്കനായ, പാവം പ്രേതം അതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. പിന്നീട് അവർ ഒന്നിച്ചു എബിയുടെ വീട്ടിൽ അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കാണുന്ന രംഗങ്ങൾ അല്പം വൈകാരികമാണെങ്കിലും സിനിമ കോമഡി ജോണറിലാണ് മിക്കപ്പോഴും നീങ്ങുന്നത്. ഹൃദയം മാറ്റിവെക്കലിലൂടെ വന്ന പ്രേതം വെറൈറ്റി തന്നെ.
പാട്ട് പാടി, നൃത്തം ചെയ്യുന്ന ആത്മാവ്
ഫാസിൽ സംവിധാനം ചെയ്ത് 2004 ഇൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് വിസ്മയ തുമ്പത്ത്. മോഹൻ ലാൽ, മുകേഷ്, നയൻതാര, ഹരിശ്രീ അശോകൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. പ്രേതം എന്ന് കൃത്യമായി പറയാൻ പറ്റില്ലെങ്കിലും നയൻതാര യുടെ ആത്മാവ് ശരീരം വിട്ട് ഇറങ്ങി നടക്കുന്ന സിനിമ ആളുകളിൽ കൗതുകം ഉണ്ടാക്കിയിരുന്നു. റീത്ത എന്ന നയൻതാര യുടെ കഥാപാത്രത്തെ ഗണേഷ് കുമാറിന്റെ കഥാപാത്രം ഉപദ്രവിക്കുന്നതു കാരണം റീത്ത കോമ സ്റ്റേജിലാവുന്നു. പിന്നീട് മോഹൻ ലാലിന്റെ കാരക്റ്റർക്കു മാത്രം റീത്തയുടെ ആത്മാവിനെ കാണുന്നതും അവളുടെ ശരീരം തിരഞ്ഞ് നടക്കുന്നതുമാണ് കഥ. ഒരാൾക്കു മാത്രം കാണാൻ കഴിയുന്ന ആത്മാവും അവളുടെ തന്നെ ശരീരം കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമ.
‘വല്ലാത്ത വിശപ്പ്’ ഉള്ള പ്രേതം
അഞ്ജലി മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കൂടെ സിനിമയിലെ പ്രേതം ഡേലേലുവുമായി എവിടെയൊക്കെ ചില സാമ്യങ്ങളുള്ള പ്രേതമാണ്. പ്രിത്വിരാജ്, നസ്രിയ, പാർവതി, റോഷൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലളെ അവതരിപ്പിച്ചിരിക്കുന്നത്.
മരിച്ചു പോയ അനിയത്തിയെ കാണാൻ ചേട്ടനായ ജോഷ്യ വരുന്നതും അതിനെ തുടർന്ന് നടക്കുന്ന കഥകളുമാണ് സിനിമ. നസ്രിയ ചെയ്ത അനിയത്തിയുടെ കഥാപാത്രം മരിച്ചതിനു ശേഷം പ്രേതമായി വരികയും പ്രിത്വിരാജുമായി ഉണ്ടാവുന്ന സംസാരവുമാണ് സിനിമയുടെ പ്രധാന ആകർഷണം. പുട്ടും കടലയും കഴിക്കുന്ന, ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന പ്രേതം പുതിയ കാഴ്ചയായിരുന്നു.
വെറൈറ്റി പ്രേതങ്ങളുടെ യൂണിവേഴ്‌സ്
ഒരുപാട് വേറെറ്റി പ്രേതങ്ങൾ ഒന്നിച്ച സിനിമ ആയിരുന്നു ഇബിലിസ്. രോഹിത് വി എസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആസിഫ് അലി, മഡോണ, ലാൽ, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. മാജിക്കൽ റിയലിസത്തിന്റെ ട്രാക്കിൽ മുന്നോട്ട് പോകുന്ന സിനിമയാണിത്. മരിച്ചവരൊന്നും ഈ ഭൂമി വിട്ട് പോകുന്നില്ലെന്നും അവർ ഇവിടെ ജീവിച്ചിരിക്കുന്നവർക്കൊപ്പം ഉണ്ടന്നും പറയുന്ന തരത്തിലുള്ള ഒരു ഫാന്റസി മൂഡ് സിനിമയാണിത്. ആസിഫ് അലി മരിച്ചതിനുശേഷം മഡോണക്ക് ചുറ്റും കറങ്ങി നടക്കുന്നതും അവസാനം ഒന്നിക്കാനായി നായിക ആത്മഹത്യ ചെയ്യുന്നതുമാണ് സിനിമയുടെ കഥ.
ഇത്തരത്തിൽ വ്യത്യസ്തമായ പ്രേതങ്ങൾക്കൊണ്ട് സമ്പന്നമാണ് മലയാള സിനിമ.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




