119
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപ്പെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് ഞാൻ ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 5

ഇടുങ്ങിയ ഗല്ലിയിലൂടെ ഓട്ടോ നീങ്ങി. ചെറിയ തണുപ്പും പൂജ സാധനങ്ങളുടെ ഗന്ധവും അതിപുരാതനമായ കെട്ടിടങ്ങളും എന്നെ സ്വാഗതം ചെയ്തു. ഇതിനുമുൻപ് ഒരിക്കൽ പോലും ഈ നഗരത്തെക്കുറിച്ച് ഞാൻ ആരോടും അന്വേഷിച്ചിട്ടില്ല, ഒരു പുസ്തകത്തിലും വായിച്ചിട്ടില്ല. യാതൊരു വിധ മുൻധാരണയും കൂടാതെ, യാതൊരു വിധ പ്രതീക്ഷയും കൂടാതെ ഒഴിഞ്ഞ മനസും കനമേറിയ ബാഗുമായി ഞാൻ ആ നഗരത്തിലേക്ക് ഊളിയിട്ടു. അതിരാവിലെ എഴുന്നേറ്റ് ബുക്ക് ചെയ്ത ഡോർമെറ്ററിയാണ് ലക്ഷ്യം. വളരെ വീതി കുറഞ്ഞ വഴിയായിരുന്നിട്ട് പോലും താമസസ്ഥലം കണ്ടുപിടിക്കാൻ അധിക സമയമെടുത്തില്ല. എനിക്കായി ആ ബിൽഡിങ്ങിൽ ഒരു മുറി തുറക്കപ്പെട്ടു. ആരുമില്ല, ഡോർമെറ്ററി കാലിയാണ്. എനിക്ക് സന്തോഷവും സമാധാനവും തോന്നി. പുതിയ മനുഷ്യരെ പരിചയപ്പെടാനോ സംസാരിക്കാനോ പറ്റിയ മൂഡിലായിരുന്നില്ല ഞാൻ. എനിക്ക് നന്നായി കുളിക്കണമെന്നും ഒരുപാട് നേരെ കിടന്നുറങ്ങണമെന്നും തോന്നി. എന്റെ ശരീരം നന്നേ തളർന്നിരുന്നു.

ഉറങ്ങി എഴുന്നേറ്റപ്പോൾ സമയം വൈകുന്നേരമായിരുന്നു. യാത്ര തുടങ്ങിയിട്ട് ഒന്നും ചെയ്യാതിരുന്ന, എവിടെയും പോകാതിരുന്ന ആദ്യ ദിവസമാണിന്ന്. സാധാരണ എനിക്ക് തോന്നാറുള്ള ഒരു അനാവശ്യ കുറ്റബോധം ഇന്നുണ്ടായില്ല. ഉറങ്ങിയെഴുന്നേറ്റതും ഞാൻ പുറത്തേക്കിറങ്ങി. രാവിലെ കണ്ടതുപോലെയുള്ള ഒരു അന്തരീക്ഷമേയല്ല, ആളും തിരക്കും ബഹളവും അമ്പലത്തിൽ നിന്ന് ഉയർന്ന കേൾക്കുന്ന ഭക്തിഗാനങ്ങളുടെ ശബ്ദവും ആ തെരുവ് മൊത്തത്തിൽ മാറിയതുപോലെ. ഞാൻ വെറുതെയിറങ്ങി നടന്നു. ഭംഗിയായി അലങ്കരിച്ച കഫേകൾ, തുണിക്കടകൾ, മസാജ് പാർലർ അങ്ങനെ നീളുന്നു ആ തെരുവിന്റെ വഴികൾ. വിദേശികളെ ആകർഷിക്കാൻ തയ്യാറായിനിൽക്കുന്ന ഇടമായിരുന്നു അത്. ആ മഞ്ഞവെളിച്ചം കത്തുന്ന വഴിയിലൂടെ ഞാൻ നടന്നെത്തിയത് ഒരു തടാകത്തിനടുത്തേക്കായിരുന്നു, ‘ലേക്ക് ഓഫ് പിച്ചോള’. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ തടാകം. ഒഴുകുന്ന വെള്ളത്തിൽ മഞ്ഞ വെളിച്ചം വിതറികിടക്കുന്നു. അതിനാറിൽ ഇരുന്നു ഞാൻ കണ്ട സൂര്യാസ്തമയമാണെന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച. വൈകുന്നേരങ്ങളിലെ ഉദയ്‌പുർ ഓരോ ദിവസവും നമ്മളെ ഭ്രമിപ്പിക്കും. എത്ര സമയം അവിടെയിരുന്നെന്നോ… എന്ത് ചെയ്തെന്നോ എനിക്ക് ഓർമയില്ല. പക്ഷെ അവിടെയിരുന്നപ്പോൾ മനസിന് ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. ആ തടാകത്തിന് മുകളിലൂടെ ചിറകിട്ടടിക്കുന്ന പ്രാവിന്റെ പറക്കലിന്റെ അത്രയും ഭാരക്കുറവ്.

രാത്രിയാവാറായപ്പോൾ ഞാൻ തിരിച്ചു നടന്നു, ഒരു നല്ല മസാല ചായ മുടിച്ചു. ഭക്ഷണം കഴിക്കാനായി കടകൾ തിരഞ്ഞിറങ്ങി. അപ്പോഴേക്കും ആളും ബഹളവും നിറഞ്ഞ് അവിടെ തിരക്കായി കഴിഞ്ഞിരുന്നു. കുറച്ചധികം നടന്നപ്പോൾ ഒരു കുഞ്ഞു കട, അവിടെ ഭക്ഷണം പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന വയസായ ദമ്പതികൾ, ചുരുക്കി പറഞ്ഞാൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും. ഞാൻ അവരുടെ കുഞ്ഞു കടയിലിരുന്നു. ആലൂ പറാത്ത ഓഡർ ചെയ്തു. ആദ്യമായല്ല ഞാൻ ആലൂ പാറാത്ത കഴിക്കുന്നത്, പക്ഷെ ആദ്യമായി കഴിക്കുന്നത് പോലെയൊരു രുചി. ഓരോ ബൈറ്റ് എടുക്കുമ്പോഴും വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചി. കൂടെ നല്ല തണുത്ത തൈരും. ഭക്ഷണം കഴിച്ച് ഞാൻ ഇറങ്ങി എന്റെ മുറിയിലേക്ക് നടന്നു. അഞ്ച് നിലയിലുള്ള കെട്ടിടത്തിന്റെ ടെറസിലേക്ക് ഞാൻ കയറിച്ചെന്നു. അവിടെ പകുതി പണി കഴിഞ്ഞ ഒരു കഫേയായിരുന്നു. ഇരിക്കാൻ സോഫ, നേരെ നോക്കുമ്പോൾ ആ നഗരം കൂടുതൽ ഭംഗിയായി കാണപ്പെട്ടു. ഇരുട്ടിൽ നക്ഷത്ര പൊട്ടുകൾ പോൽ കെട്ടിടങ്ങൾ…ദൂരെ മഞ്ഞ നിറത്തിൽ മിന്നുന്ന ബൾബുകൾ. ഞാൻ തിരിച്ചിറങ്ങി. ആ കോണിപ്പടിയിൽ വെച്ച് ഞാൻ ഹോട്ടലിന്റെ ഉടമയായ പയ്യനെ കണ്ടു. അവനു 26 വയസ്, പേര് ഷാരൂഖ്. ഞങ്ങൾ ഒരുപാട് നേരം ആ വരാന്തയിലിരുന്ന് സംസാരിച്ചു.

ആ നീണ്ട സംസാരത്തിനൊടുവിൽ നാളെ രാവിലെ അടുത്തുള്ള ഒരു മല ട്രെക്ക് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അത് വെറുമൊരു വാക്ക് മാത്രമാണെന്ന് കരുതി ഞാൻ ഉറങ്ങാൻ കിടന്നു. എന്നാൽ കൃത്യം 5 മണിക്ക് അവൻ എന്റെ വാതിലിൽ വന്നു മുട്ടി. ഞാൻ വേഗം തന്നെ ഒരുങ്ങിയിറങ്ങി. അവൻ സ്‌കൂട്ടിയുമായാണ് വന്നത്, കുറച്ചധികം സമയം ഞങ്ങൾ സഞ്ചരിച്ചു. എനിക്ക് പേരറിയാത്ത ഏതെല്ലാമോ തടാകങ്ങളും കാടുകളും കടന്ന് ഞങ്ങൾ ഒരു മലയുടെ താഴെയെത്തി, ബാഹുബലി വ്യൂ പോയിന്റ്. ആളുകളുടെ തിരക്കുണ്ട്. ഈ യാത്രയിലെ ആദ്യ ട്രക്കിങ്. ഞാൻ എക്സൈറ്റഡ് ആയി. കുറച്ചധികം ദൂരം കയറിയപ്പോഴേക്കും കിതച്ചു കിതച്ചു എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു. പക്ഷെ മല മുഴുവൻ കയറി അറ്റമെത്തിയപ്പോൾ മനസ് നിറഞ്ഞു. താഴേക്കുള്ള കാഴ്ച അതിമനോഹരം.

തിരിച്ച് റൂമിലേക്കുള്ള വഴിയിൽ മഞ്ഞു മാറിയതിന്റെ വെളിച്ചം. സൂര്യന്റെ ഉതിപ്പ് ഇത്രയേറെ കൗതുകകരമായി തോന്നുന്നത് ഇതാദ്യമായാണ്. തടാകത്തിനരികിലൂടെയുള്ള വഴിയിലൂടെയുള്ള ആ റൈഡ് എനിക്ക് ആവേശകരമായി തോന്നി, റൂമിലെത്തി. ഇന്നെനിക്ക് കൂടുതൽ എനർജി അനുഭവപ്പെട്ടു. പാചകം ചെയ്യാൻ കൊതി കേറി. ഞാൻ തൊട്ടടുത്തുള്ള പലചരക്ക് കടയിലേക്ക് നടന്നു. രണ്ട ഉരുള കിഴങ്ങും ഒരു ഉള്ളിയും കുറച്ച് അരിയും വാങ്ങി ഞാൻ തിരിച്ചു നടന്നു. ഇളം വെയിൽ അടിക്കുന്നുണ്ടായിരുന്നു. ഞാൻ ആദ്യമേ പറഞ്ഞപോലെ ഇത് സഞ്ചാരികളുടെ കേന്ദ്രമായതുകൊണ്ട് തന്നെ എല്ലായ്പ്പോഴും തിരക്കാണ്. തിരിച്ചുള്ള വഴിയിൽ രണ്ട് ഭാഗത്തുമായി കുഞ്ഞു കുഞ്ഞു കടമുറികൾ, അവിടെയിരുന്നു മരപ്പണി ചെയ്യുന്നവരും പെയിന്റിങ് ചെയ്യുന്നവരും മാർബിൾ ഉപയോഗിച്ച് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നവരും അനേകം. ഞാൻ ആദ്യം കണ്ട ഒരു കടയിൽ കയറി. ഏതോ പഴയ ഹിന്ദി പാട്ട് ബാക്ക്ഗ്രൗണ്ടിൽ മുഴങ്ങുന്നു. വളരെ നേർത്ത, കൺപീലിയുടെ അത്രയും നേർത്ത ഒരു കുഞ്ഞു ബ്രഷ് ഉപയോഗിച്ച് ഒരു ഭയ്യ പെയിന്റിങ് ചെയ്യുന്നു. നിരത്തിവെച്ച നിറങ്ങൾക്കും ബ്രഷുകൾക്കുമിടയിൽ നീല ടിഷർട്ട് ധരിച്ച് നാല്പതിനോട് പ്രായം തോന്നുന്ന ആ ഭയ്യാ സൂക്ഷമതയിൽ ചിത്രം വരാക്കുന്നു. അതിൽ ഹരം തോന്നി ഞാൻ ഒരുപാട് നേരം അവിടെയിരുന്നു. അദ്ദേഹത്തിന് യാതൊരുവിധ ശല്യവുമാവാതെ, ഒച്ചയുണ്ടാക്കാതെ അനുസരണയുള്ള ഒരു പൂച്ചകുട്ടിയെ പോലെ ഞാൻ അവിടെ പമ്മിയിരുന്നു. ലോകേന്ദ്ര എന്നാണ് അദ്ദേഹത്തിന്റെ പേര്. ഭയ്യാ ചെയ്ത ഒരുപാട് ചിത്രങ്ങൾ എനിക്ക് കാണിച്ചു തന്നു. വളരെ നേർത്ത, മെലിഞ്ഞ വരകളും, സൂക്ഷിച്ചു നോക്കിയാൽ കാണുന്ന കുത്തുകളും, അതിമനോഹരമായ നിറങ്ങളുംകൊണ്ട് സമ്പന്നമായ ഓരോ ചിത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഇടതുകൈയിലെ സാധനങ്ങളുടെ കവർ താഴെ വെച്ച് ഓരോ ചിത്രങ്ങളും ഞാൻ നടന്നു കണ്ടു. ‘മീനിയേച്ചർ പെയിന്റിങ്’ എന്നാണ് ഈ ചിത്രം വരയുടെ പേര്. ഇതിനായി ഉപയോഗിക്കുന്നത് വൺ ഹെയർ ബ്രഷ്. രാജസ്ഥാന്റെ പാരമ്പര്യവും സംസ്ക്കാരവും വിളിച്ചോതുന്ന ഈ കുഞ്ഞു ചിത്രങ്ങൾ വരക്കാൻ രണ്ടിൽ കൂടുതൽ ദിവസങ്ങൾ ആവശ്യമായി വരും. 2000 മുതലാണ് വില തുടങ്ങുന്നത്. അവിടെ നിന്ന് ഇറങ്ങിയതിനുശേഷം ഞാൻ കയറിയത് മരത്തിൽ കൊത്തുപണി ചെയ്യുന്ന ഒരു ഭയ്യയുടെ കടയിലേക്കാണ്. മരത്തടിയിൽ വ്യത്യസ്തമായ രൂപങ്ങൾ ഉണ്ടാക്കുന്ന അവരുടെ കഴിവ് ഓരോ നിമിഷവും എന്നിൽ കൗതുകമുണ്ടാക്കി. ആനയും, ദൈവരൂപങ്ങളും, കെട്ടിടങ്ങളും അനായാസം അവർ കൊത്തിയുണ്ടാക്കി . നിലം മുഴുവൻ മരപ്പൊടികളും കഷ്ണങ്ങളും നിറഞ്ഞ ആ മുറിവിട്ട് ഞാൻ പുറത്തിറങ്ങി.

കുറച്ച് ദൂരമേയുള്ളൂ മുറിയിലേക്ക്. റൂം നിൽക്കുന്ന ആകെട്ടിടത്തിന് മുന്നിലെത്തിയതും അപ്രതീക്ഷിതമായി ഒരാൾ എന്റെ മുന്നിലെത്തി. ഞാൻ താമസിക്കുന്ന ഡോർമെറ്ററിയുടെ ഉടമയുടെ സുഹൃത്താണ്. ഞാൻ സൗത്ത് ഇന്ത്യാനാണെന്നറിഞ്ഞ് പരിചയപ്പെടാനെത്തിയതാണ് . അതിന് പിന്നിൽ മറ്റൊരു ഇദ്ദേശ്യം കൂടിയുണ്ടായിരുന്നു. അയാൾ അവിടെ ഒരു ഹോട്ടൽ നടത്തുകയാണ്, കഴിഞ്ഞ മാസം അവിടെ താമസിക്കാനെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കപ്പിൾ തീപ്പെട്ടി കൂടിനു പിന്നിൽ തമിഴിൽ എന്തോ എഴുതി അവിടെ മറന്നുവെച്ചിട്ടു പോയി. ആ തീപ്പട്ടിക്ക് പിന്നിൽ എഴുതിയ വാക്കിന് പിന്നാലെയായിരുന്നു കുറെ നാളുകളായി അയാൾ. എന്നെ കണ്ടതും അയാൾ അവിടെ ചെന്ന് ആ തീപ്പട്ടി കൂടുമായി വന്നു. പക്ഷെ എനിക്ക് തമിഴ് വായിക്കാനറിയില്ലെന്നും ഞാൻ മലയാളിയാണെന്നും പറഞ്ഞപ്പോൾ അയാളിലെവിടെയോ നിരാശയുടെ ചെറിയ ഒരു ഭാരം എനിക്ക് അനുഭവപെട്ടു. അത് ഫോട്ടോയെടുത്ത് ഞാൻ ഗൂഗിളിൽ തിരഞ്ഞു, അയാൾ ഇതിനുമുൻപ് തന്നെ ഈ തിരച്ചിൽ നടത്തിയിരുന്നു. കാര്യമൊന്നും ഉണ്ടായില്ല. ഞാൻ എന്റെ തമിഴ് അറിയുന്ന ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവൾ ആ വാക്കിന്റെ അർത്ഥം പറഞ്ഞു തന്നു. കടലിൽ കാണാതെ പോയ ചൂണ്ടക്കൊളുത്ത് തിരിച്ചുകിട്ടിയ മീൻകാരന്റെ സന്തോഷം പോലെ അയാളുടെ മുഖവും വിരിഞ്ഞു.

പാചകം ചെയ്യാനുള്ള തയ്യാറെടുപ്പിലായി ഞാൻ. മുകളിൽ ഇതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ ചോറും ഉരുളകിഴങ്ങ് ഫ്രെയ്‌യും ഉണ്ടാക്കി. കഴിക്കാൻ എടുത്തപ്പോൾ അതിഭീകര എരിവ്, സഹിക്കാവുന്നതിലും അപ്പുറം. ഇവിടെത്തെ മസാലക്ക് നമ്മുടെ അളവല്ലെന്ന് തിരിച്ചറിവിൽ ഞാൻ ഭക്ഷണം കഴിച്ചു. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം പൊടിയാൻ തുടങ്ങി, വയർ എരിയുന്ന പോലെ. ഞാൻ വേഗത്തിൽ താഴേക്ക് ഇറങ്ങി ചെന്ന് എന്തോ മധുര പലഹാരം കഴിച്ചു. അപ്പോഴാണ് എന്റെ മുറിക്ക് നേരെ എതിരെയുള്ള ആ കട ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്. അതൊരു ചായക്കടയായിരുന്നു, പക്ഷെ പതിവ് രീതിയിലല്ല ചായയുണ്ടാക്കുന്നത്. ചായയുണ്ടാക്കാനും മെഷിനോ ?

ഉദയ്‌പൂരിലെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…

Article Tags:
·
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading