ആഴ്ചയിൽ ഏഴ് ദിവസങ്ങൾ. അതിൽ തന്നെ അഞ്ചും ആറും ദിവസങ്ങൾ ക്ലാസ്സോ ജോലിയോ ഒക്കെ ആയി പോകും. അങ്ങനെ ആഴ്ച മുഴുവൻ പഠിച്ചും പണിയെടുത്തും ക്ഷീണിച്ച യുവ തലമുറയ്ക്ക് അവരുടെ ഊർജം തിരിച്ചു പിടിക്കാനും അവർക്കായി കുറച്ചു സമയം ചിലവഴിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ലഭിക്കുന്ന ഏതാനും മണിക്കൂറുകളാണ് വീക്കെൻഡ്.
വീക്കെൻഡായാൽ പിന്നെ പല വൈബാണ് കേരളത്തിലെ ആളുകൾ തിരഞ്ഞെടുക്കുന്നത്. കുറേ ആളുകൾ കാലങ്ങളായി ചെയ്തു വരുന്നതുപോലെ സിനിമ, ഹോട്ടൽ ഭക്ഷണം, നടപ്പ്, ജിം എന്നിവയിൽ ഒതുങ്ങുമ്പോൾ മറ്റൊരു കൂട്ടം ആളുകൾ ശരീരവും മനസ്സും ഒരുപോലെ ഉണർത്തുന്ന വ്യത്യസ്ത അനുഭവങ്ങൾക്കായാണ് സമയം ചിലവഴിക്കുന്നത്. ഇതിൽ തന്നെ ലാഫിങ് ക്ലബ്, ഏറോബിക്സ്, യോഗ, സൈക്കിളിംഗ് എന്നിവയ്ക്കെല്ലാം പുറമേ പുതിയ കുറേ ഓപ്ഷനുകളുണ്ട് ഇന്നത്തെ തലമുറയ്ക്ക്.

ആനന്ദം കണ്ടെത്തുന്നതിനൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാനും കൂട്ടുകൂടാനും ഇഷ്ടപ്പെടുന്ന ഇവര്‍ ഇന്ന് തിരയുന്നത് വ്യത്യസ്തവും ക്രിയാത്മകവുമായ ആക്റ്റിവിറ്റികളാണ്. ന്യൂ ജെന്നിന്റെ ഇത്തരം എൻഗേജിംഗ് പ്രവർത്തനങ്ങൾക്കായി കൊച്ചു കൊച്ചു കൂട്ടായ്മകളായി നഗരത്തിന്റെ കോണുകളിലും മൈതാനങ്ങളിലും പാർക്കുകളിലും കെട്ടിടങ്ങളുടെ ടെറസ്സുകളിലും പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോകളിലുമായി വാരാന്ത്യങ്ങളില്‍ ഒത്തുകൂടുന്നു.
ചലനം, നിയന്ത്രണം, വ്യായാമം…

ഏകാഗ്രതയോടെയും ശരീരം ആകെ ബാലൻസ് ചെയ്തുകൊണ്ട് വലിച്ച് കെട്ടിയ ഇലാസ്റ്റിക് ഫ്ലാറ്റ് ബാന്‍ഡിലൂടെ നടക്കുന്ന സ്ലാക്ക്‌ലൈനിങ്ങ് (Slacklining) ഇല്ലേ… ഇന്നത്തെ യുവാക്കൾക്ക് ഏറെ ആകർഷകമായ ഒരു ആക്റ്റിവിറ്റിയാണത്. 1980-കളിൽ യോസെമൈറ്റിൽ രണ്ട് റോക്ക് ക്ലൈമ്പർമാർ ട്രെയിനിങ്ങിനായി കണ്ടുപിടിച്ച സ്ലാക്ക്‌ലൈനിങ്ങ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഒരു ജനപ്രിയ ഫിറ്റ്നസ് മുറയായി മാറുകയായിരുന്നു. കേരളത്തിന്റെ പലയിടങ്ങളിലും ഇന്ന് സ്ലാക്ക്‌ലൈനിങ്ങ് ട്രെയിനിങ്ങുകൾ നൽകിവരുന്നുണ്ട്.

ചിലർക്കെങ്കിലും ബോറിങ്ങായി തോന്നുന്ന ദൈനംദിന ജിം റൂട്ടീനുകളിൽനിന്ന് വ്യത്യസ്തവും രസകരവുമാണ് ഇത്തരം കാര്യങ്ങൾ. ഇതോടൊപ്പം ബോൾ ബാലൻസിങ്ങ് (Ball balancing), ബോർഡ് ബാലൻസിങ്ങ് (Board balancing), കോൺടാക്ട് ജഗ്ലിംഗ് (Contact juggling) തുടങ്ങിയ വേറെയും ബാലൻസിങ്ങ് ആക്റ്റിവിറ്റികളുണ്ട്.
മറ്റൊരു കൂട്ടർ പരീക്ഷിക്കുന്ന രസകരവും അതി സാഹസികവുമായ ആക്റ്റിവിറ്റിയാണ് പാർകൗർ (Parkour). സിനിമകളിലൊക്കെ കണ്ടിട്ടുണ്ടാകും. മതിലുകളും തടസ്സങ്ങളും മറികടന്ന് കെട്ടിടങ്ങൾക്കിടയിലൂടെയെല്ലാം ചാടി ഓടി ചലിക്കുന്ന ഈ പരിശീലനം ശരീരസാമർത്ഥ്യവും ആത്മവിശ്വാസവും കൂട്ടുന്നുതാണ്. ആയോധന കലയുടെയും മിലിറ്ററി ഒബ്സ്റ്റക്കിൾ കോഴ്സ് പരിശീനങ്ങളുടെയും ഭാഗമായി ഫ്രാൻസിലായിരുന്നു പാർകൗറിന്റെ ഉത്ഭവം. സ്റ്റാമിന, ബാലൻസ്, ഫോകസ് എല്ലാം വേണമിതിന്.
റോളർ സ്കേറ്റ്സും സ്കേറ്റിങ്ങ് ബോർഡിലെ സാഹസങ്ങളും (Skating) പരീക്ഷിക്കാൻ ഇഷ്ടമുള്ള വിഭാഗവുമുണ്ട്.


ചരടിന്റെ അറ്റങ്ങളിൽ കെട്ടിയ വെയിറ്റോ 8-16 കോണുകളുള്ള, കട്ടിയും ഭാരവുമുള്ള തുണി താളത്തിൽ കറക്കിയെറിഞ്ഞും തിരികെ പിടിച്ചുമുള്ള പ്രകടനങ്ങളാണ് മറ്റൊന്ന്. പോയ് സ്പിന്നിംഗ് (Poi spinning) അഥവ ഡാപോസ്റ്റാർ സ്പിന്നിംഗ് (Dapostar spinning) എന്നെല്ലാമാണ് ഇവയ്ക്ക് പേര്. മാവോരികളുടെയടുത്ത് നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും എത്തിയ ഇത് ശരീര നിയന്ത്രണവും കരങ്ങളുടെ ശക്തിയും കലാപരമായ പ്രകടനശേഷിയും വര്‍ധിപ്പിക്കുന്നതാണ്.
നൃത്തവും അഭ്യാസവും…
ഏതുകാലത്തെയും യുവതലമുറയെ ആകർഷിക്കുന്ന ഒന്നാണ് നൃത്തം. ഇന്നത്തെ തലമുറയ്ക്ക് ഇതിൽ ഒന്നോ രണ്ടോ അല്ല, നിരവധി ശൈലികൾ ഇന്നത്തെ തലമുറ പരീക്ഷിക്കാറുണ്ട്. കണ്ടംപററി (Contemporary), ഹിപ് ഹോപ് (Hip Hop), പോപിംഗ് (Popping), ലോക്കിംഗ് (Locking), വാക്കിംഗ് (Wacking) എന്നീ ശൈലികൾക്കും ആഫ്രോ (Afro), ട്രൈബൽ (Tribal), ഏരിയൽ യോഗ (Aerial), എക്സ്റ്റാറ്റിക് (Ecstatic) മൂവുകള്‍ക്കും ബച്ചാത്ത (Bachata), ബെല്ലി ഡാൻസ് (Belly Dance) പോലുള്ള നൃത്ത രൂപങ്ങള്‍ക്കും ന്യൂ ജനറേഷന്റെ ഇടയിൽ പ്രചാരമേറുന്നുണ്ട്. ഇവയല്ലാതെ കഥക്കും (Kathak) ഒഡീസിയും (Odissi) പഠിക്കാൻ വാരാന്ത്യങ്ങൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്.


ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും പ്രവർത്തനക്ഷമമാക്കുന്ന വ്യായാമമാണ് മൃഗങ്ങളുടെ ചലനശൈലികളെ അടിസ്ഥാനമാക്കിയുള്ള ആനിമൽ ഫ്ലോ (Animal Flow). 2010ൽ ഒരു അമേരിക്കൻ ഫിറ്റ്നസ് എജ്യുക്കേറ്റർ തയ്യാറാക്കിയെടുത്ത ഒരു സിസ്റ്റമാണിത്. ജിമ്മിലെ യന്ത്രാധിഷ്ഠിത പരിശീലനങ്ങളെക്കാൾ സ്വതന്ത്ര അനുഭവം നൽകുന്ന ഇത് മെയ്‌വഴക്കത്തിനും കോർ സ്ട്രെങ്തിനും ഏറെ സഹായകമാണ്.
സെൽഫ് ഡിഫൻസിനോടും പ്രിയമുണ്ട് ന്യൂ ജനറേഷനും. പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റും (Kalaripayattu) പിന്നെ ക്രൗവ് മാഗ (Krav Maga), ഖുറാഷ് (Khurash) പോലുള്ളവയിലും പരിശീലനം നൽകുന്ന നിരവധി ഇടങ്ങൾ ഇന്നുണ്ട്.
പ്രകൃതിയിലേക്ക്…

സാഹസികതയും പ്രകൃതിയുമായി ചേർന്ന അനുഭവങ്ങൾക്കുമായി കയാക്കിംഗും (Kayaking) സ്റ്റാൻഡ് അപ് പാഡ്ലിങ്ങും (Stand Up Paddling) പ്രചാരത്തിലുണ്ട്. കടലിനെയും തിരകളെയും പ്രണയിക്കുന്നവർക്ക് ഇന്ന് സർഫിംഗ് (Surfing) ഒരു വലിയ ആവേശമായി മാറുന്നുണ്ട്. ഇതിന്റെ പരിശീലനം സ്വീകരിക്കാനും വീക്കെൻഡുകൾ പ്രയോജനപ്പെടുത്താറുണ്ട് ആളുകൾ.
ചെറിയ യാത്രകൾ, ട്രെക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയ അനുഭവങ്ങൾ തേടുന്നവരും ഇന്നത്തെ തലമുറയിൽ വിരളമല്ല.
കായിക പ്രകടനങ്ങൾക്കില്ല…
കായിക വിനോദങ്ങളൊന്നുമല്ല താൽപര്യമെങ്കിൽ റിലാക്സേഷനായി ക്ലേ മോഡലിങ്ങിനും (Clay modelling) ആർട്ട് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനും ഓപ്ഷനുണ്ട്. മണ്ണിൽ കളിക്കാൻ ഫാമിങ്ങ് (Farming) ആക്റ്റിവിറ്റികളും തിരഞ്ഞെടുക്കാം.

ബൗദ്ധിക വളർച്ചക്ക് പ്രധാന്യം നൽകുന്ന തലമുറയെ റീഡിംഗ് ക്ലബുകള്‍ (Reading Clubs) വഴി പുസ്തകങ്ങൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതായി വാരാന്ത്യങ്ങളിൽ കാണാൻ സാധിക്കും. ഇനിയുമുണ്ട് വ്യത്യസ്തമായവ. സംഗീതാസ്വാദനവും പരീക്ഷണങ്ങളും ജാമിങ് സെഷനുകളുമുള്ള
Movement, concentration and focus, core strengthening, fun, relaxation, creativity— ഇവയെല്ലാം ഒന്നിച്ചുചേരുന്നതാണ് പുതിയ തലമുറയുടെ വീക്കെൻഡ് ജീവിതം. ഇന്നത്തെ വാരാന്ത്യങ്ങൾ വെറും വിശ്രമത്തിനുള്ള സമയം മാത്രമല്ല, അത് അവനവനെ തന്നെ മനസ്സിലാക്കുന്ന, സെൽഫ് സ്ട്രെങ്തണിങ്ങ് അനുഭവങ്ങളുടെയും കൂടിയാണ്.
ലക്ഷ്യം: സന്തോഷത്തോടെ ജീവിക്കുക, ആരോഗ്യത്തോടെ മുന്നേറുക, അനുഭവങ്ങളിലൂടെ വളരുക. ഇന്നത്തെ യുവത്വം അതിന് പുതിയ വഴികൾ കണ്ടെത്തിക്കൊണ്ടേ ഇരിക്കുന്നു.




