58
Views

ഉയരം പേടിയായിരുന്നിട്ടും കൈയും കാലും വിറയ്ക്കുമ്പോഴും കൊടുത്ത വാക്കിന്റെ പേരിൽ ബംഗീ ജംപിങ് ചെയ്യുന്ന ‘ആനന്ദ’ത്തിലെ ആകാശിനെ ഓർമയില്ലേ? തനിക്ക് ചുറ്റും പേടികൊണ്ട് സ്വയം കൽപ്പിച്ചുവച്ച വേലികൾ പൊളിച്ചുള്ള ആ ചാട്ടം പേടിയില്ലാമയ്കളുടെ വലിയ സ്വാതന്ത്ര്യമുള്ള ലോകത്തേക്കാണ് ആകാശിനെ കൊണ്ടുചെന്നെത്തിക്കുന്നത്. ആ കാഴ്ച കണ്ടിട്ടുള്ള നമ്മളിൽ പലരും ബംഗീ ജംപിങ് ചെയ്യണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. ചിലപ്പോഴൊക്കെ അത്തരത്തിലുള്ള പേടികളെ ഇല്ലാതാക്കാനും ജീവിതത്തിൽ പുതിയൊരു ആവേശം ഉണ്ടാക്കാനും സാഹസികമായ എന്തെങ്കിലും ചെയ്യുന്നത് നല്ലതാണ്. ബംഗീ ജംപിങ് മാത്രമല്ല സ്കൈ ഡൈവിംഗ്, കൈറ്റ് സർഫിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങി സാഹസിക വിനോദങ്ങളുടെ നിര വളരെ വലുതാണ്.

ജീവിതത്തിലൊരിക്കലെങ്കിലും ചെയ്തിരിക്കേണ്ട ചില സാഹസിക വിനോദങ്ങളെ കുറിച്ച് നോക്കാം.

ബംഗീ ജംപിംഗ്

A woman joyfully bungee jumping from a bridge, with her arms raised, over a green river surrounded by trees and mountains.
Representative Image | AI Image Generator

ഇന്ന് ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള സാഹസിക വിനോദങ്ങളിലൊന്നാണ് ബംഗീ ജംപിംഗ്. ഉയരമുള്ള പ്ലാറ്റ്ഫോമിൽ നിന്നു ഒരു ഇലാസ്റ്റിക് കയറിന്റെ മാത്രം ബലത്തിൽ താഴേക്ക് ചാടുന്നതിനെയാണ് ബംഗീ ജംപിംഗ് എന്ന് പറയുന്നത്. കെട്ടിടങ്ങൾ, പാലം, ക്രെയിൻ, ഹെലികോപ്ടർ എന്നിവയെല്ലാം ബംഗീ ജംപിംഗ് പ്ലാറ്റ്ഫോമുകളായി ഉപയോഗിക്കാം. ഉയരത്തിൽ നിന്നു ചാടുമ്പോഴും ഭൂമിയിൽ പതിക്കുമെന്ന് തോന്നുന്നതിന്റെ അടുത്ത നിമിഷം വായുവിൽ തങ്ങി നിൽക്കുന്നതും വലിയ അഡ്രിനാലിൻ റഷ് ഉണ്ടാക്കുന്നതാണ്. 

ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ ‘വാനുവാടു’വിലെ ‘വൈൻ ജംപിംഗ്’ എന്ന ആചാരത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡെയ്ഞ്ചറസ് സ്പോർട്സ് ക്ലബ് ആണ് ഇന്ന് കാണുന്ന ബംഗീ ജംപിംഗിന് രൂപം നൽകുന്നത്. 1979 ൽ ബ്രിസ്റ്റോളിലെ ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ നിന്നാണ് ആദ്യമായി ബംഗീ ജംപിംഗ് ചെയ്യുന്നത്. 1990കളിലാണ് ഇന്ത്യയിൽ ബംഗീ ജംപിംഗ് ആരംഭിക്കുന്നത്.

റിഷികേശ്, ഡൽഹി, ബംഗളൂരു തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന് ബംഗി ജംപിംഗ് ഉണ്ട്. ബംഗി ജംപിംഗ് ചെയ്യാൻ ഇവിടെ വരെ പോകണമെന്നില്ല. കേരളത്തിലും ബംഗി ജംപിംഗ് ചെയ്യാൻ സാധിക്കും. വയനാട്ടിലെ അൾട്രാ പാർക്കിലെത്തിയാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജംപിംഗ് ആസ്വദിക്കാൻ കഴിയും.

സ്കൈ ഡൈവിംഗ്

A smiling woman skydiving above fluffy white clouds against a bright blue sky, wearing a helmet with a camera and a parachute harness.
Representative Image | AI Image Generator

പതിനായിരത്തിലേറെ അടി ഉയരത്തിലേക്ക് വിമാനത്തിൽ പറന്നുയർന്ന് അവിടെനിന്ന് താഴേക്ക് പാരച്യൂട്ടിന്‍റെ സഹായത്തോടെ ചാടുക. എന്നിട്ട്, പക്ഷികളെപ്പോലെ വായുവിൽ പറന്നുല്ലസിക്കുക. ചിറകുണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ചെയ്ത് നോക്കേണ്ട വിനോദമാണ് സ്കൈ ഡൈവിംഗ്. രണ്ട് രീതിയിലാണ് സ്കൈ ഡൈവിംഗ് ചെയ്യുന്നത്. ഇന്‍സ്ട്രക്ടറുടെ കൂടെയുളള ഡൈവിംഗ് ടാന്‍റം ജംപാണ് ഒന്ന്. മറ്റൊന്ന് സ്വതന്ത്രമായി ഇന്‍സ്ട്രക്ടറുടെ സഹായമില്ലാതെയുള്ള ലൈസന്‍സ്ഡ് ജംപ്. ഫ്ളൈറ്റില്‍ അല്ലെങ്കില്‍ എയർ ക്രാഫ്റ്റില്‍ ഉയർന്ന് പറന്ന് നിശ്ചിത ഉയരത്തിലെത്തിയാൽ താഴേക്ക് ചാടും. ഒരു നിശ്ചിത ദൂരം പാരച്യൂട്ടിന്‍റെ സഹായമില്ലാതെ ആകാശത്ത് ശരീരം തുലനം ചെയ്ത് പറക്കും. പിന്നീട് പാരച്യൂട്ട് ഉപയോഗിച്ച് പറന്ന് ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങും.

13,000 അടിവരെ ഉയരത്തിലാണ് സ്കൈ ഡൈവ് ചെയ്യുന്നത്. പരിശീലകരുടെയോ മറ്റു സാധനസാമഗ്രികളുടേയോ സഹായമില്ലാതെ പറക്കുന്നതിന് കൃത്യമായ പരിശീലനവും ലൈസന്‍സും വേണം. 25 ചാട്ടങ്ങളും യുഎസ് പിഎ (യുണൈറ്റഡ് സ്റ്റേറ്റ്സ് പാരച്യൂട്ട്സ് അസോസിയേഷന്‍) എഴുത്തുപരീക്ഷയും ഒപ്പം മറ്റ് മാനദണ്ഡങ്ങളും പൂർത്തിയാക്കിയാൽ മാത്രമാണ് പ്രാഥമിക ലൈസന്‍സായ ‘എ ലൈസന്‍സ്’ ലഭിക്കുകയുളളൂ. ചാട്ടങ്ങളുടെ എണ്ണവും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ബി, സി, ഡി ലൈസന്‍സുകളുമുണ്ട്. ഇവ നേടിയെടുക്കുക എന്നത് വലിയ പണച്ചെലവുള്ള കാര്യമാണ്. സാഹസികതയ്ക്കൊപ്പം ഏറെ പണച്ചെലവുള്ള വിനോദമാണ് സ്കൈഡൈവിംഗ് എന്ന് പറയാം.

ഹിമാചൽ പ്രദേശിലെ ബീർ ബില്ലിങ്, അലിഗഡ്, മൈസൂർ, ദീസ, പോണ്ടിചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യയിൽ സ്കൈ ഡൈവിംഗ് ഉള്ളത്. 

സർഫിംഗ്

A female surfer riding a wave on her surfboard, wearing a helmet with a camera mounted on it, against a backdrop of ocean and shoreline.
Representative Image | AI Image Generator

തിരമാലകള്‍ക്കു മുകളിലൂടെ ഓളത്തിന് അനുസരിച്ച് പ്രത്യേക ബോര്‍ഡ് ഉപയോഗിച്ച് നീന്തി നടക്കുന്നതാണ് സർഫിംഗ്. തിരകളുടെ ഓരോ ഉയര്‍ച്ചയെയും താഴ്ചയെയും മെയ്‌വഴക്കംകൊണ്ട് തോൽപ്പിക്കുക എന്നതാണ് സർഫിംഗ് ഉയർത്തുന്ന വെല്ലുവിളി. സർഫിംഗ് ചെയ്യാൻ സാധിക്കാത്തവർക്ക് കൈറ്റ് സർഫിംഗ് പരീക്ഷിക്കാം. സർഫ് ബോർഡിൽ നിൽക്കുകയും കാറ്റിന്റെ സഹായത്താൽ സർഫ് ബോർഡിനോട് ബന്ധിപ്പിച്ചിരിക്കുന്ന പട്ടത്തിന്റെ ദിശക്കനുസരിച്ച് നീങ്ങുകയും ചെയ്യുന്നതാണ് കൈറ്റ് സർഫിംഗ്.

ശാരീരിക ക്ഷമതയും ഏകാഗ്രതയും സർഫിങ്ങിന് ആവശ്യമാണ്. എത്ര കണ്ടാലും മതിവരാത്ത രീതിയിൽ കടൽ നിങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ സർഫിംഗ് ചെയ്യാവുന്നതാണ്. കടലിനെ കൂടുതൽ അറിയാനും പ്രത്യേക ആത്മബന്ധം ഉണ്ടാക്കാനും സർഫിംഗ് സഹായിക്കും. 

റോക്ക് ക്ലൈമ്പിങ് അഥവ പർവ്വതാരോഹണം

A female rock climber scaling a steep cliffside, smiling and gripping the rock. She is wearing a helmet and climbing gear, with a vibrant background of a river and trees in a scenic landscape.
Representative Image | AI Image Generator

പർവ്വതങ്ങളുടെ മുകളിലേക്ക് നടന്നു കയറുന്നതിനെയാണ് പർവ്വതാരോഹണം എന്ന് പറയുന്നത്. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും വലിയ ശാരീരികക്ഷമത ആവശ്യമായ ഒന്നാണിത്. മാത്രമല്ല, ഏകാഗ്രതയും സഹിഷ്ണുതയും ഒപ്പം എല്ലാ പരിധികളും ഭയങ്ങളും മറികടക്കാനുള്ള സന്നദ്ധതയും വേണം. വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര വൈവിധ്യമാർന്ന അനുഭവമാണ് സമ്മാനിക്കുക.

പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവർക്ക് അതുപോലെ തന്നെ ആസ്വദിക്കാൻ കഴിയുന്ന സാഹസികതയാണ് റോക്ക് ക്ലൈമ്പിങ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ യോസെമൈറ്റ് നാഷണൽ പാർക്ക്, സ്പെയിനിലെ എൽ ചോറോ, തായ്‌ലൻഡിലെ റൈലേ ബീച്ച് എന്നിവ ലോകപ്രശസ്തമായ റോക്ക് ക്ലൈമ്പിങ് സ്പോട്ടുകളാണ്. 

സ്കൂബ ഡൈവിംഗ്

A scuba diver smiling and swimming near vibrant coral reefs, surrounded by colorful fish in clear blue water.
Representative Image | AI Image Generator

നീലക്കടലാഴങ്ങൾ നിങ്ങളെ മോഹിപ്പിക്കാറുണ്ടെങ്കിൽ, കടലിനടിയിൽ ഒളിച്ചിരിക്കുന്നതൊക്കെ കാണാൻ ആഗ്രമുണ്ടെങ്കിൽ സ്കൂബ ഡൈവിംഗ് ചെയ്യാം. സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയായി കടലാഴങ്ങളിലേക്കുള്ള യാത്രയാണ് സ്കൂബ ഡൈവിങ്. പരിശീലകരുടെ സാന്നിധ്യത്തിലായിരിക്കും സ്കൂബ ഡൈവിങ് ചെയ്യുക. നീന്തൽ അറിയില്ലെങ്കിലും സ്കൂബ ഡൈവിംഗ് ചെയ്യാം. 10 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കടലില്‍ ഡൈവിംഗ് ചെയ്യാനാകും. പരമാവധി 12 മീറ്റര്‍ ആഴത്തില്‍ വരെയാണ് ഡൈവിങ്ങിനിടെ കൊണ്ടുപോവുക. ഓരോ ഡൈവും പരമാവധി 30 മിനുറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും. ശ്വാസമെടുക്കാനും കടലിനടിയിലേക്ക് പോകാനും സഹായിക്കുന്ന ഉപകരണങ്ങള്‍ ഇന്‍സ്ട്രക്ടറുടെ സഹായത്തില്‍ ശരിയായി ഉപയോഗിച്ചാല്‍ ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് പോലും സ്‌കൂബ ഡൈവിംഗ് സാധ്യമാണ്.

പോണ്ടിച്ചേരി, ലക്ഷദ്വീപ്, ഗോവ തുടങ്ങി വിവിധ ഇടങ്ങളിൽ സ്കൂബ ഡൈവ് ചെയ്യാം. കേരളത്തിൽ കോവളത്തും കൊച്ചിയിലും സ്കൂബ ഡൈവ് ചെയ്യാൻ സാധിക്കും. ശുദ്ധ ജലത്തിലൂടെയുള്ള സ്‌കൂബാ ഡൈവിംഗ് ആണ് കൊച്ചി വാഗ്ദാനം ചെയ്യുന്നത്.

Article Categories:
ArtFlix · Swap Mode

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading